കുറ്റാന്വേഷണത്തിന്റെ ഉൽഖനനങ്ങൾ

കോട്ടയം പുഷ്പനാഥിൻ്റെ അപസർപ്പകലോകത്തെക്കറിച്ചുള്ള ചിന്തകൾ

ഡോ. യാക്കോബ് തോമസ്
അസി. പ്രൊഫസർ. കെ.കെ.ടി.എം. ഗവ. കോളേജ്, പുല്ലൂറ്റ്

 പാലേരിമാണിക്യം മുൻനിർത്തി ചില വിചാരങ്ങൾ ഡോ. സജു മാത്യു അസിസ്റ്റന്റ് പ്രൊഫസർ മലയാളവിഭാഗം, യു.സി. കോളേജ്, ആലുവ പ്രബന്ധസംഗ്രഹം മലയാളത്തിലെ ആധുനികാനന്തരകുറ്റാന്വേഷണരചനകളുടെ മികച്ച മാതൃകയായ ടി.പി രാജീവൻ്റെ ‘പാലേരിമാണിക്യം ഒരു പാതിരാക്കൊ ലപാതകത്തിന്റെ കഥ’ എന്ന നോവലിൻ്റെ സൗന്ദര്യവും രാഷ്ട്രീയവും അപഗ്രഥിക്കുന്നതാണ് ഈ പ്രബന്ധം കുറ്റകൃത്യങ്ങളുടെ സാമൂഹികചരി രൂപശ്ചാത്തലത്തെ വിലയിരുത്തുവാൻ നോവലിസ്റ്റ് പിൻപറ്റിയിരിക്കുന്ന ഓർമകളുടെ രാഷ്ട്രീയത്തെ, വാമൊഴിചരിത്രത്തിൻ്റെ സാധ്യതകളിലൂടെ അന്വേഷിക്കുവാനാണ് ഇവിടെ ശ്രമിച്ചിരിക്കുന്നത്. കുറ്റകൃത്യത്തെ ഒരു ഭാഷാശാസ്ത്രപ്രശ്നമായി നോക്കിക്കാണുന്ന നോവലിസ്റ്റിൻ്റെ സമീപന ത്തെയും ഇതിൽ പ്രശ്ന‌വൽകരിക്കുന്നുണ്ട്. സ്വതന്വേഷണത്തിന്റെ വഴിയും പൊരുളുമായി കുറ്റാന്വേഷണത്തെ വികസിപ്പിക്കുന്ന ‘പാലേരിമാണിക്യം’ നോവലിനെ, വ്യത്യസ്തകാലങ്ങളിലൂടെയും പാരമ്പര്യത്തുടർച്ചയിലൂടെയും നിങ്ങുന്ന വ്യവഹാരമെന്ന നിലയ്ക്കാണ് ഇവിടെ പരിശോധിക്കുന്നത്. കുറ്റാ ന്വേഷണരംഗത്തെ നൂതനസാധ്യതകൾ തുറന്നീടുന്ന ‘പാലേരിമാണിക്യം’ കുറ്റാന്വേഷണവ്യവഹാരങ്ങളിലെ പെൺനോട്ടത്തെ ക്കൂടി ഉൾക്കൊള്ളുന്നു എന്ന് ഈ പ്രബന്ധം സാക്ഷ്യപ്പെടുത്തുന്നു. താക്കോൽവാക്കുകൾ വാമൊഴി ചരിത്രം (Oral History), അപഗ്രഥ നാത്മകകഥ (Analytical story) ആധുനികാനന്തര ക്രൈം നോവൽ (Post Modern Crime Novel), കൊളോണിയൽ ആധുനികത ( Colonial Modernity), രാഷ്ട്രീയരൂപകം (Political Metaphor)
 ടി.പി. രാജീവന്റെ ‘പാലേരിമാണിക്യം ഒരു പാതിരാക്കൊലപാത കത്തിന്റെ കഥ’ (2008) എന്ന നോവലിൽ കുറ്റാന്വേഷണസാഹിത്യത്തിന് നാന്ദികുറിച്ച അമേരിക്കൻ എഴുത്തുകാരനായ എഡ്‌ഗാർ അലൻ പോ (1809- 1849) യുടെ ഒരു പ്രസ്താവന കടന്നുവരുന്നുണ്ട്. ‘ലോകത്തിലെ ഏറ്റവും കൂടുതൽ കാവ്യാത്മകമായ പ്രമേയം സൗന്ദര്യവതിയായ ഒരു സ്ത്രീയുടെ മരണമാണ്. (“The Death, then of a beautiful women is, unquestionably, the most poetical topic in the world.”) എന്ന ഉദ്ധരണിയാണ് ഇത്. 1846-ൽ എഡ്‌ഗാർ അലൻ പോ (2015: 06) എഴുതിയ ‘The Philosophy of Composition’ എന്ന ലേഖനത്തിലെ നിരീക്ഷണമാണ് ടി.പി. രാജീവൻ്റെ കുറ്റാന്വേഷണനോവ ലിന്റെ പ്രത്യയശാസ്ത്രത്തെയും നിർണയിക്കുന്നത്. ലോകസാഹിത്യത്തിൽ ബഹുജനാഭിരുചികളും മനോലോകങ്ങളും കുറ്റാന്വേഷണപഥമായി സ്വീകരിച്ച് പുതിയ കഥാഖ്യാനമാർഗം തുറന്ന അലൻ പോ മലയാളത്തിലെ എക്കാല ത്തെയും കുറ്റാന്വേഷണനോവലിസ്റ്റുകളുടെ പ്രചോദനകേന്ദ്രമാണ്. ടി.പി. രാജീവനും ഈ വഴിയിൽനിന്ന് മാറിനടക്കുന്നില്ല. വായനക്കാരിൽ ഉദ്വേഗവും ജിജ്ഞാസയും ഉണർത്തുന്ന നോവൽശീർഷകത്തിൻ്റെ തിരഞ്ഞെടുപ്പിൽവരെ അലൻ പോയുടെ സ്വാധിനം കാണാം. അപഗ്രഥനാത്മകകഥയുടെ (Analytical Story) രീതിശാസ്ത്രം സ്വീകരി ച്ചിരിക്കുന്ന ‘പാലേരിമാണിക്യം’ മലയാളത്തിലെ കുറ്റാന്വേഷണവായനാഭാ വുകത്വത്തിൽ വിച്ഛേദം വരുത്തിയ രചനയാണ്. പരിഹരിക്കേണ്ട നിരവധി പ്രശ്ന‌ങ്ങൾ നിറഞ്ഞ കലുഷമായ ആഖ്യാനശരീരമുള്ള കഥയാണ് അപഗ്ര ഥനാത്മകകഥ എന്ന് പൊതുവേ വിമർശകർ വിലയിരുത്തിയിട്ടുണ്ട്. മലയാ ളത്തിലെ പതിവ് കുറ്റാന്വേഷണനോവലുകളിൽനിന്ന് വ്യത്യസ്തമായി വായന ക്കാരന്റെ ധൈഷണികജിജ്ഞാസയെ പ്രചോദിപ്പിക്കാനും നിഗൂഢതകൾക്ക് ചരിത്രപരമായ വിശദീകരണം നൽകാനും ഈ നോവൽ ശ്രദ്ധിച്ചിരിക്കുന്നു. സങ്കീർണമായ കഥാപാത്രസൃഷ്ടിയും ആഖ്യാനപരിസരവുമാണ് ‘പാലേരിമാ ണിക്യം’ തുറന്നിടുന്നത്. മലയാളത്തിലെ ആധുനികാനന്തര ക്രൈംനോവൽ (Post Modern Crime Novel)ചരിത്രത്തിലെ നാഴികക്കല്ലായി ഈ രചനയെ വിലയിരുത്താം. ആധുനികതയ്ക്ക് ശേഷമുള്ള കുറ്റാന്വേഷണനോവൽഗണത്തെ സൂചിപ്പിക്കുവാനാണ്, മേൽപറഞ്ഞ പരികല്പന ഉപയോഗിച്ചിരിക്കുന്നത്. ഉമ്പർട്ടൊ എക്കോ, ഇറ്റാലിനോ കാൽവിനോ, മരിയോ വർഗോ യോസ്, ഡാൻ ബ്രൗൺ തുടങ്ങിയവരുടെ നോവലുകൾ ഇതിന് ഉദാഹരണമാണ്. കവിയും നോവലിസ്റ്റുമായ ടി.പി. രാജീവൻ്റെ ‘പാലേരിമാണിക്യം
ഒരു പാതിരാക്കൊലപാതകത്തിൻ്റെ കഥ’ 2007-ൽ മാതൃഭൂമി ആഴ്ചപ്പതി പ്പിലൂടെ ഖണ്ഡശഃ പുറത്തുവന്നു. ‘ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ’ (‘A Midnight Murder Story”) എന്ന പേരിൽ അദ്ദേഹം എഴുതിയ ഇംഗ്ലീഷ് നോവലിൻ്റെ മലയാളരൂപമായിരുന്നു ഇത്. രണ്ടു ഭാഷകളിലും ഈ നോവലിന്റെ ഇതിവൃത്തം ഒന്നുതന്നെയാണെങ്കിലും ഈ നോവൽ അവതരി പ്പിക്കപ്പെട്ടത് വ്യത്യസ്തമായ രീതിയിലാണ്. സാമൂഹികരാഷ്ട്രീയപശ്ചാത്തലം വിവരിക്കുന്ന കാര്യമെടുത്താൽ, മലയാളത്തിലാണ് നോവലിസ്റ്റ് ധാരാളിത്തം കാണിച്ചിട്ടുള്ളത്. കേരളപ്പിറവിയുടെ അമ്പതാംവാർഷികത്തിൽ പുറത്തുവന്ന ഈ നോവൽ സ്ത്രീസുരക്ഷ സംബന്ധിച്ച ഭരണകൂടകാഴ്ചപ്പാടുകൾക്ക് വിയോ ജനക്കുറിപ്പ് എഴുതി. സാമൂഹിക/രാഷ്ട്രീയ പ്രസ്ഥാനങ്ങളും ജനാധിപത്യ/ നീതിന്യായ സ്ഥാപനങ്ങളും, സ്ത്രീപീഡന/കൊലപാതക പരമ്പരകളെ എങ്ങനെ അദൃശ്യമാക്കുന്നു എന്നതിനെക്കുറിച്ച് ഈ നോവൽ ഉൾക്കാഴ്ച നൽകുന്നുണ്ട്. ‘പാലേരിമാണിക്യം’ കേരളീയപൊതുസമൂഹത്തിൽ സൃഷ്ടിച്ച ചലനങ്ങളും വിവാദങ്ങളും ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. 2009-ൽ ഈ നോവൽ ഇതേപേരിൽ രഞ്ജിത്ത് സിനിമയാക്കിയിരുന്നു. ആഖ്യാനത്തിന്റെ ഇന്ദ്രജാലങ്ങൾ മലയാളിയുടെ ജനകീയവായനാമുന്നേറ്റത്തിന് കുറ്റാന്വേഷണനോവലുകൾ വഹിച്ച പങ്ക് നിർണായകമാണ്. ആദ്യകാലനോവലിൻ്റെ ഉത്ഭവത്തോടനു ബന്ധിച്ച് കുറ്റാന്വേഷണസ്വഭാവമുള്ള മലയാളനോവലുകളുടെയും ചരിത്രം തുടങ്ങുന്നു. ‘ടി.എം. അപ്പു നെടുങ്ങാടിയുടെ ‘കുന്ദലത’ എന്ന കൃതിയാണ് നോവൽസാഹിത്യത്തിൻ്റെ സാമാന്യസ്വരൂപത്തെ ആംഗലഭാഷാനഭിജ്ഞ രായ കേരളീയരെ ആദ്യം മനസ്സി ലാക്കിയത്’ എന്ന് എം.പി. പോൾ (1991: 113) നിരീക്ഷിച്ചിട്ടുണ്ട്. മലയാളത്തിലെ ആദ്യനോവൽ ‘കുന്ദലത’ (1887) തന്നെ കുറ്റാന്വേഷണസ്വഭാവമുള്ള രചനയായിരുന്നു എന്നത് യാദൃച്ഛിക മായി തോന്നാം. നോവലിൻ്റെ ചട്ടക്കൂടിനെ സ്വാംശീകരിച്ചതോടൊപ്പം പാശ്ചാത്യനോവലുകളിലെ പ്രമേയപരിസരങ്ങളെക്കൂടി ഉൾക്കൊണ്ടാണ് മലയാളത്തിലെ കുറ്റാന്വേഷണനോവലുകൾ സഞ്ചാരം തുടങ്ങിയത്. ആദ്യകാ ലനോവലിസ്റ്റുകളുടെ ശ്രേണിയിൽ ഉൾപ്പെടുന്ന അപ്പൻ തമ്പുരാന്റെ ‘ഭാസ്കരമേ നോൻ (1904) ആണ് മലയാളത്തിലെ ആദ്യത്തെ കുറ്റാന്വേഷണനോവലായി അംഗീകരിക്കപ്പെട്ടത്. കാരാട്ട് അച്യുതമേനോൻ്റെ ‘വിരുതൻ ശങ്കു’ (1912) ജനപ്രീതി നേടിയ കുറ്റാന്വേഷണ നോവലുകളിൽ ശ്രദ്ധേയമാണ്. എഴുപതു കൾക്കുശേഷമാണ്, കുറ്റാന്വേഷണനോവലുകളിൽ വലിയ കുതിച്ചുചാട്ടങ്ങൾ
മലയാളത്തിൽ സംഭവിക്കുന്നത്. നിലകണ്ഠൻ പരമാര, അനുജൻ തിരുവാ ങ്കുളം, ഒ.എം. ചെറിയാൻ, സി. മാധവൻപിള്ള, കോട്ടയം പുഷ്പനാഥ്, തോമസ് ടി. അമ്പാട്ട്, ബാറ്റൺ ബോസ് എന്നീ അപസർപ്പകനോവലിസ്റ്റുകളുടെ ഒരു നീണ്ട നിരതന്നെ വളർന്നുവന്നു. എൺപതുകളിൽ കുറ്റാന്വേഷണനോവലുകൾ ഖണ്ഡശഃ പ്രസിദ്ധീകരിച്ചുകൊണ്ടാണ് മലയാളത്തിലെ പല വാരികകളും ലക്ഷങ്ങളുടെ പ്രചാരം നേടിയെടുത്തത്. ലോകപ്രസിദ്ധങ്ങളായ കുറ്റാ ന്വേഷണ ക്ലാസിക് ഗ്രന്ഥങ്ങൾക്ക് മികച്ച പരിഭാഷകളും പുനരാഖ്യാനങ്ങളും മലയാളത്തിലുണ്ടായി. ഇതെല്ലാം കുറ്റാന്വേഷണ സാഹിത്യത്തെ ജനപ്രിയ സാഹിത്യത്തിന്റെ മുഖ്യജനുസ്സാക്കി വളർത്തി. മലയാളത്തിലെ മുഖ്യധാരാ എഴുത്തുകാരും കുറ്റാന്വേഷണനോവലിന്റെ വഴിയിൽ സഞ്ചരിച്ചിട്ടുണ്ട്. മലയാറ്റൂർ രാമകൃഷ്ണൻ, പോഞ്ഞിക്കര റാഫി, എം.ടി. വാസുദേവൻ നായർ, മേതിൽ രാധാകൃഷ്ണൻ എന്നിവർ ഇതിന് ഉദാഹരണ മാണ്. കുറ്റാന്വേഷണരൂപഘടനയുള്ള ഒരു നോവൽസാഹിത്യഭാവുകത്വത്തിൽ പരിവർത്തനം സൃഷ്ടിച്ചതിന് മേതിൽ രാധാകൃഷ്ണൻ്റെ ‘സൂര്യവംശം’ (1970) പ്രത്യേകം പരാമർശമർഹിക്കുന്നു. ‘കഥാകഥനരീതികൊണ്ട് ‘സൂര്യവംശം’ സാഹിത്യമേന്മയുള്ള ഒരു അപസർപ്പകകഥയായി നിലകൊള്ളുന്നു’ എന്ന് ഹമീദ് (2015: 307) വിലയിരുത്തുന്നത് കാണാം. കുറ്റാന്വേഷണഘടനയുള്ള ‘സൂര്യവംശം’ കഴിഞ്ഞ് മലയാളനോവലിൻ്റെ ഭാവുകത്വഗതിയിൽ നിർണായ കമായ രചന ‘പാലേരിമാണിക്യം’ തന്നെയാണ്. മലയാളത്തിലെ ആദ്യകാല നോവലിസ്റ്റുകൾമുതൽ ആധുനികർവരെ കുറ്റാന്വേഷണ നോവൽ രചനയിൽ പശ്ചാത്യരെ അനുകരിക്കുകയാണ് ചെയ്തിട്ടുള്ളത്. വ്യതിരിക്തതയുള്ള അപസർപ്പകനോവലുകൾ മലയാളത്തിന് സംഭാവനചെയ്യാൻ അപൂർവം ചിലർക്ക് മാത്രമേ കഴിഞ്ഞിട്ടുള്ളൂ കഥാഖ്യാനരീതിയിലും അപസർപ്പകത്തിൻ്റെ രീതിശാസ്ത്രത്തിലും പുതുമകൾ സൃഷ്ടിക്കുവാനാണ് ‘പാലേരിമാണിക്യം’ വഴി ടി.പി. രാജീവൻ ശ്രമിച്ചിട്ടുള്ളത്. അപ്പോഴും ലോകസാഹിത്യത്തിലെ പുത്തൻ പ്രവണതകളെ സ്വാംശീകരിക്കാനും സ്വതന്ത്രമായ ആവിഷ്‌കാരം നടത്താനും നോവലിസ്റ്റിന് കഴിഞ്ഞിട്ടുണ്ട്. പരമ്പരാഗത അപസർപ്പകനോവൽമാതൃകകൾ ഉപേക്ഷിച്ച് ലാറ്റിനമേരിക്കൻ നോവലുകളുടെ ആഖ്യാനതന്ത്രമാണ് അദ്ദേഹം പരീക്ഷിക്കു ന്നത്. ഉത്തരാധുനികചിന്തകനായ ലോത്യാറിൻ്റെ (Jean Francois Lyotard) ബൃഹദാഖ്യാനങ്ങളുടെ (Grand Narrations) തകർച്ചയിൽനിന്ന് ഉയർന്നുവരു ന്ന ലഘു ആഖ്യാനങ്ങളെകുറിച്ചുള്ള (Little Narrations) സങ്കല്പങ്ങളും ഇതിന്
 പശ്ചാത്തലമാകുന്നു. പ്രാദേശികതയിൽ ഊന്നിയുള്ള ടി.പി. രാജീവന്റെ കഥപറച്ചിൽ രീതി ഗബ്രിയേൽ ഗാർസിയ മാർക്വിസിൻ്റെ ‘പ്രവചിക്കപ്പെട്ട ഒരു മരണത്തിന്റെ പുരവൃത്തം’ (‘Chronicle of a Death Foretold 1981) എന്ന നോവലിനെ അനുസ്മരിപ്പിക്കുന്നതാണ്. ഇത് ജീവിതത്തെയും ദുര ന്തപൂർണമായ വിധിയെയും കോർത്തിണക്കി കുറ്റാന്വേഷണശൈലിയിൽ കഥപറയുന്ന നോവലാണ്. ഇരുപത്തിയേഴ് വർഷങ്ങൾക്കുമുമ്പ് സംഭവിച്ച ഒരു കൊലപാതകത്തിൻ്റെ ചുരുൾനിവർത്തുന്ന രീതിയിലാണ് ഈ നോവൽ മാർക്വിസ് സംവിധാനം ചെയ്തിരിക്കുന്നത്. ടി.പി. രാജീവന്റെ ‘പാലേരിമാ ണിക്യം’ നോവലിലും മാർക്വിസിൻ്റെ ആഖ്യാനകലയുടെ പിരിയൻഘടന ഒളിഞ്ഞിരിക്കുന്നു. കുറ്റകൃത്യങ്ങളുടെ ജ്യാമിതീയഘടന കുറ്റാന്വേഷണപ്രക്രിയയുടെ തത്വപരവും (Theoretical) പ്രയോഗപരവും (Practical) ആയ തലങ്ങൾ ചർച്ച ചെയ്യുന്ന ഒരു രചന എന്ന നിലയിലാണ് ‘പാലേരി മാണിക്യം’ മലയാളത്തിലെ ഇതര കുറ്റാന്വേഷണനോവലുകളിൽ നിന്ന് വ്യത്യസ്തമാകുന്നത്. നാല് പുസ്തകങ്ങളായി 40 അധ്യായങ്ങളിൽ ഈ നോവൽ രൂപകൽപന ചെയ്തിരിക്കുന്നു. കോഴിക്കോട് ജില്ലയിലെ പാലേരി എന്ന ഗ്രാമത്തിൽനടന്ന മാണിക്യം എന്ന യുവതിയുടെ കൊലപാതകവും തുടർന്നുള്ള അന്വേഷണവുമാണ് ഈ നോവലിൻ്റെ പശ്ചാത്തലം. 1957 മാർച്ച് മാസം മുപ്പതാംതിയതി നടന്ന കുറ്റകൃത്യമാണ് ഇത്. അഞ്ച് മാസം നീണ്ട കേസ് അന്വേഷണത്തിനും വിചാരണയ്ക്കും ഒടുവിൽ പാലേരിമാണിക്യം കൊലക്കേസിലെ എല്ലാ പ്രതികളെയും വെറുതെവിട്ടുകൊണ്ട് കോഴിക്കോട് സെഷൻസ് ജഡ്‌ജി ശ്രീമതി മേരി കുര്യാക്കോസ് ഉത്തരവിറക്കി. പ്രതികളായ കുന്നുംപുറത്ത് വേലായുധൻ, മുതുവന അഹമ്മദ്, എടത്തേത്തൊടി കുഞ്ഞിക്ക ണ്ണൻ എന്നിവരുടെ പേരിൽ പോലീസ് ചാർജ്ജുചെയ്ത ഭവനഭേദനം, സംഘം ചേർന്നുള്ള കൊല, ബലാൽസംഗം, കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല എന്നതിന്റെ അടിസ്ഥാനത്തിലാണ് പ്രസ്തുതവിധി. കേസന്വേഷണത്തിൽ പോലീസ് വീഴ്ചവരുത്തിയെന്നും വിധിന്യായത്തിൽ പ്രത്യേകം പരാമർശം ഉണ്ടായിരുന്നു. തേഞ്ഞുമാഞ്ഞുപോയ ഈ കേസിൻ്റെ അന്വേഷണത്തിനായി അമ്പത് വർഷ ങ്ങൾക്കുശേഷം നോവലിസ്റ്റും സഹായിയായ ക്രൈം അനലിസ്റ്റ് സരയുവും പാലേരിയിൽ എത്തുകയാണ്. തൻ്റെ മുത്തച്ഛനും കോൺഗ്രസ് പ്രവർത്ത കനുമായിരുന്ന രായപ്പൻനായരുടെ ഡയറിക്കുറിപ്പുകളാണ് ആഖ്യാതാവിനെ
 കേസ് അന്വേഷിക്കാൻ പ്രേരിപ്പിച്ചത്. സ്വകാര്യമായ താൽപര്യത്തിൽനിന്ന് ആരംഭിക്കുന്ന അന്വേഷണം കുറച്ച് കഴിയുമ്പോൾ കാലത്തിൻ്റെ അനിവാര്യ തയായി തിരിച്ചറിയപ്പെടുന്നുണ്ട്. സ്വതന്ത്രകുറ്റാന്വേഷകനായ വ്യക്തി കേന്ദ്രസ്ഥാനത്ത് വരുന്നത് ഇംഗ്ലീഷ് അമേരിക്കൻ അപസർപ്പകനോവലുകളുടെ മുഖമുദ്രയായിരുന്നു. ‘സ്വകാര്യ ഡിറ്റക്ടീവ് എന്ന പരികൽപന അമേരിക്കൻ സങ്കല്പവും സ്വത ന്ത്രവാദകാഴ്ചപ്പാടുമാണ്’ എന്ന് മാർട്ടിൻ പ്രിസ്റ്റ്മാൻ (2003:95) ചൂണ്ടിക്കാ ണിച്ചിട്ടുണ്ട്. കൊളോണിയൽ ആധുനികത (Colonial Modernity) യുടെ സവിശേഷമായ സാമൂഹികരാഷ്ട്രീയസാഹചര്യമാണ് മലയാളത്തിലും സ്വകാര്യഡിറ്റക്ടീവുകൾ കേന്ദ്രസ്ഥാനത്ത് അവരോധിക്കപ്പെടാൻ കാരണം. കോളനീകരണം ഭാരതം ഉൾപ്പെടെയുള്ള മൂന്നാം ലോകരാജ്യങ്ങളിൽ സൃഷ്ടിച്ച സാംസ്ക‌ാരിക ഉണർവിനെ കുറിക്കുവാൻ ഉപയോഗിക്കുന്ന പരികല്പനയാണ് കൊളോണിയൽ ആധുനികത. കേരളത്തെ സംബന്ധിച്ച് 19, 20 നൂറ്റാണ്ടുകൾ ഇത്തരമൊരു ഉണർവിൻ്റെ കാലമായിരുന്നു. ഈ ഘട്ടത്തിലാണ് മലയാ ളത്തിലും അപസർപ്പകനോവലുകളുടെ രംഗപ്രവേശത്തിന് വഴിതുറന്നത്. മലയാളനോവലിൻ്റെ പരിണാമഗതിയോട് ബന്ധപ്പെട്ട് സ്വകാര്യ ഡിറ്റക്ടീവ് എന്ന സങ്കല്പവും ശക്തിപ്പെട്ടു എന്ന് നിരീക്ഷിക്കാം. ഒരു സ്ത്രീയുടെ കൊലപാതകത്തെ പുരുഷവീക്ഷണത്തിലൂടെ അന്വേ ഷിക്കുമ്പോൾ സംഭവിക്കുന്ന പരിമിതികളെ മറികടക്കുവാനാണ് ‘പാലേരി മാണിക്യം’ നോവലിൽ സരയു ശർമ എന്ന കഥാപാത്രത്തെ ടി.പി. രാജീവൻ അവതരിപ്പിച്ചിരിക്കുന്നത്. ഡാൻ ബ്രൗണിൻ്റെയും ഉംബർട്ടോ എക്കോയുടെയും നോവലുകളിൽ കാണുന്ന യുഗ്മാന്വേഷണം (Dual Investigation) തന്നെ ഇവിടെയും ആവർത്തിക്കുന്നു. കുറ്റാന്വേഷകൻ്റെ അന്വേഷണത്തിന് പകരം ഒരു കേസന്വേഷണത്തിൻ്റെ നടപടി ക്രമങ്ങളും അനുബന്ധസംഭവങ്ങളും പിന്തുടരുന്ന നാടകീയമായ ആവിഷ്‌കാരമായിട്ടാണ് നോവൽ മുന്നോട്ടുനി ങ്ങുന്നത്. അന്വേഷകൻ ആദ്യം കാണുന്നത് ക്രൈം റെക്കോർഡ്‌സ് സംരക്ഷിക്കു ന്ന വൈ. മാധവൻ എന്ന ഉദ്യോഗസ്ഥനെയാണ്. സാഹിത്യതൽപരനായ അയാൾ പറയുന്നുണ്ട്: ‘എല്ലാം തിരിച്ചുപിടിക്കലാണ് ഒരു അന്വേഷണം. ഒരു ആഖ്യാനത്തിന്റെ പൊളിച്ചെഴുത്തും. അതേസമയം മറ്റൊരു ആഖ്യാനത്തിന്റെ നിർമാണവും’ (2008: 21). മാണിക്യത്തിൻ്റെ മരണത്തിന് പിന്നിലെ വ്യത്യസ്ത മായ സാധ്യതകളെയാണ് വൈ. മാധവൻ ചൂണ്ടിക്കാണിക്കുന്നത്. മരണം
നടന്ന രാത്രിയിലെ പൂജാരി ചന്തമ്മൻ്റെ തിരോധാനം, അന്ന് രാത്രിതന്നെ സംഭവിച്ച ധർമദത്തൻ നമ്പൂതിരിയുടെ അപകടമരണത്തിലെ അസ്വാ ഭാവികത, കേസുമായി ബന്ധപ്പെട്ട് ആരോപണവിധേയനായിട്ടും കേസ് രേഖകളിൽ ഉൾപ്പെടാതെ പോയ അഹമ്മദ് ഹാജി എന്ന വ്യക്തിയുടെ സാന്നിധ്യം എന്നിവ അയാൾ ഒരു ത്രികോണഘടനയിൽ വരച്ചിടുകയാണ്. കുറ്റകൃത്യത്തിന്റെ ഈ ജ്യാമിതീയഘടനയിൽ എവിടെയോ ആണ് സത്യം ഒളിഞ്ഞിരിക്കുന്നത് എന്നും അയാൾ പറയുന്നുണ്ട്. കുറ്റാന്വേഷണം ഒരു ആഖ്യാനത്തിന്റെ പൊളിച്ചെഴുത്താണ് എന്ന അപനിർമാണ കാഴ്ചപ്പാടാണ് ഈ നോവലിന്റെ പാഠത്തെയും പ്രത്യയശാസ്ത്രത്തെയും നിർണയിക്കുന്നത്. സമകാലികമായി പൊതുശ്രദ്ധ ലഭിച്ച കേരളത്തിലെ ചില കേസ് വിചാ രണകളുമായി മാണിക്യം കൊലക്കേസിനെ സാദൃശ്യപ്പെടുത്തുന്ന അപൂർ വസന്ദർഭങ്ങളും ഈ രചനയിൽ കടന്നുവരുന്നുണ്ട്. വർഗീസ് വധക്കേസ് (1970) സിസ്റ്റർ അഭയ കേസ് (1993) എന്നിവ ഇതിൽ പരാമർശിക്കപ്പെടുന്നു. ‘ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ സിസ്റ്റർ അഭയ കൊലക്കേസിലും നക്സൽ വർഗീസിനെ പോലീസ് വെടിവെച്ചുകൊന്നതായി പറയപ്പെടുന്ന കേസിലും ഉള്ള അന്വേഷണവുമായി ബന്ധപ്പെട്ട ചില വസ്തുതകൾക്ക് മാണിക്യം കൊലക്കേസുമായി നല്ല സാമ്യമുണ്ട്. അതിൽ പ്രധാനം രാസപരിശോധനാ റിപ്പോർട്ടാണ്. വർഗീസ് വധക്കേസിൽ എന്നപോലെ മാണിക്യം കേസിലും പോസ്റ്റുമോർട്ടം റിപ്പോർട്ട് രേഖകളിൽനിന്ന് നഷ്ടപ്പെട്ടിട്ടുണ്ട്.’ (2012:41). യഥാർഥ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ അട്ടിമറിയാണ് മാണിക്യംകേസിലെ പ്രതികൾ രക്ഷപ്പെടാൻ കാരണമെന്ന് അന്വേഷകനും സരയുവുംകൂടി കണ്ടെത്തുന്നു. അതിന് ഇടയാക്കിയ സൂക്ഷ്മമായ സാമൂഹികരാഷ്ട്രീയസാ ഹചര്യങ്ങളിലേക്കാണ് അന്വേഷകർ കടക്കുന്നത്. വിദൂരമായ തെളിവുകൾ അവർ ശേഖരിക്കുകയും നിർദ്ധാരണം ചെയ്യുകയും ചെയ്യുന്നു. കുറ്റകൃത്യത്തെ സംബന്ധിച്ച് പ്രാഥമികമായ അന്വേഷണത്തിൽ വിട്ടുപോയ പലതും അതി വിദഗ്‌ധമായ നിരീക്ഷണപാടവത്തോടെയാണ് കണ്ടെത്തുന്നത്. അങ്ങനെ ഇരുളിലാണ്ടുപോയ പല സംഭവങ്ങളും വസ്തുതകളും അനുക്രമമായി വെളിച്ചത്ത് വരുന്നു. ഓർമ്മകളുടെ രാഷ്ട്രീയം ആധുനികാനന്തരമലയാളനോവലിൻറെ ആഖ്യാനകലയിൽ ഓർമ ഒരു രാഷ്ട്രീയ രൂപകം (Political Metaphor) എന്ന നിലയിലാണ് പ്രാമുഖ്യം നേടുന്നത്. പ്രത്യ യശാസ്ത്രപരമായ ഉള്ളടക്കമുള്ള പ്രതികനിർമിതികളാണ് രാഷ്ട്രീയരൂപകമെന്ന്
പലരും നിരീക്ഷിച്ചിട്ടുണ്ട്. ജോർജ് ഓർവലിൻ്റെ ‘അനിമൽ ഫാം’ (1945) രാഷ്ട്രീയ രൂപകങ്ങളുടെ സവിശേഷപ്രയോഗങ്ങൾകൊണ്ട് ശ്രദ്ധേയമായ രചനയാണ്. മലയാളത്തിൽ ഡോ. സി.ആർ. പരമേശ്വരൻ്റെ ‘പ്രകൃതിനിയമം’ (1989) മുതൽ ഇ. സന്തോഷ്കുമാറിൻ്റെ ‘അന്ധകാരനഴി’ (2011) വരെയുള്ള നോവലുകളിൽ രാഷ്ട്രീയരൂപകങ്ങളുടെ സമൃദ്ധി കാണാം. ഓർമകളെ രാഷ്ട്രീയരൂപകമായി ഉപയോഗിക്കുന്ന നോവലുകളും ആധുനികാനന്തരകാലത്ത് കടന്നുവന്നിട്ടുണ്ട്. ഓർമകൾ ചരിത്രത്തിൻ്റെ അടരുകളാണ്. എല്ലാ ഏകാധിപത്യഭരണകൂടങ്ങ ളും ജനതയുടെ ഓർമകളെ തുടച്ചുനീക്കാനാണ് ശ്രമിച്ചിട്ടുള്ളത്. ഓർമകളെ വീണ്ടെടുക്കുക എന്നത് എല്ലാ രാഷ്ട്രീയസമരങ്ങളുടെയും പ്രാരംഭപ്രക്രിയയാണ്. “അധികാരത്തിനെതിരെയുള്ള മനുഷ്യൻ്റെ സമരം വിസ്തൃതിക്കെതിരെയുള്ള ഓർമയുടെ സമരമാണ്’ എന്ന് മിലാൻ കുന്ദേര യുടെ “ചിരിയുടെയും മറവിയുടെയും പുസ്തകം” (“The Book of Laughter and Forgetting”) എന്ന നോവലിലെ (2016:09) മിറേക്ക് എന്ന കഥാപാത്രം പറയുന്നുണ്ട്. മലയാളനോവലിൽ ഓർമകളെ ചരിത്രവൽകരിക്കുന്നതിന്റെ സമാനത കളില്ലാത്ത മാതൃകയാണ് ‘പാലേരിമാണിക്യം’ മുഖേന ടി.പി. രാജീവൻ കാഴ്ച വയ്ക്കുന്നത്. മാണിക്യത്തിൻ്റെ കൊലപാതകം നടന്നകാലത്ത് പാലേരിയിൽ ഉണ്ടായിരുന്ന, അമ്പത് വർഷങ്ങൾക്കുശേഷവും അവശേഷിക്കുന്നവരുടെ സ്മര ണകളിലൂടെ ഈ നോവലിൻ്റെ ആഖ്യാനം പൂർത്തിയാകുകയാണ്. ലിഖിതമായ തെളിവുകൾ ഉണ്ടെങ്കിലും വാമൊഴിചരിത്ര (Orlal History) ത്തിലെ രീതിശാസ്ത്രം ‘പാലേരിമാണിക്യം’ നോവലിലെ കുറ്റാന്വേഷണപ്രക്രിയയെ വേറിട്ടുനിർത്തുന്നു. കുറ്റാന്വേഷണത്തിന് വിധേയമാകുന്ന ചരിത്രപരിസരവും ഭൂമിശാസ്ത്രപരിസരവും ഇവിടെ ഏറെ പ്രസക്തമാണ്. ഇതിൽനിന്ന് വേർപെ ടുത്തി എടുക്കുന്നതോടെ കുറ്റാന്വേഷണത്തിന്റെ ഭാഗമായ കഥാപാത്രങ്ങളുടെ ജൈവികത നഷ്ടപ്പെടും. ഇതാണ് ‘പാലേരിമാണിക്യ’ത്തിലെ ആഖ്യാനത്തിൽ വാമൊഴിചരിത്രത്തിൻ്റെ വഴി പിൻതുടരാൻ നോവലിസ്റ്റിനെ പ്രേരിപ്പിക്കുന്ന ഘടകം. കുറ്റാന്വേഷണത്തിൽ വാമൊഴിചരിത്രം എത്രത്തോളം വിശ്വസനീയമാ യിരിക്കും എന്ന ചോദ്യം ഉയരുന്നുണ്ട്. ഒരേ സംഭവത്തെക്കുറിച്ചുതന്നെ പല കഥാപാത്രങ്ങൾപല കാര്യങ്ങൾ ഓർമിച്ചെടുത്ത് പറഞ്ഞാൽ അവയിൽനിന്ന് എങ്ങനെ ശരി കണ്ടെത്തും എന്ന സംശയം സാധാരണയായി ഉന്നയിക്കപ്പെ ടാറുണ്ട്. എന്നാൽ ഈ നോവലിൽ ആഖ്യാനത്തിന് ആധികാരികത പകരുന്ന ഘടകങ്ങളിലൊന്നായി വാമൊഴിചരിത്രത്തെ ഉപയോഗപ്പെടുത്തുന്നതിൽ
നോവലിസ്റ്റ് വിജയിച്ചിരിക്കുന്നു. ആധുനികകുറ്റാന്വേഷണത്തിലും വിധിന്യായ ങ്ങളിലും സാക്ഷിമൊഴികൾക്ക് നല്കിവരുന്ന പ്രാധാന്യത്തെയാണ് ഇവിടെ ഇപ്രകാരം ഉറപ്പിക്കുന്നത്. കേസ് അന്വേഷണത്തിൽ നഷ്ടപ്പെട്ടു പോയ കണ്ണികൾ പൂരിപ്പിക്കാൻ അതുവഴി കഴിയുന്നുണ്ട്. അമ്പത് വർഷങ്ങൾക്കു ശേഷവും പാലേരിയിൽ ജീവിച്ചിരിക്കുന്ന ബാർബർ കേശവൻ, എസ്.കെ. പള്ളിപ്പുറം, കെ.പി. ഹംസ, ആയേടത്ത് കുമാരൻ എന്നിവരുടെ ഓർമകളും കുറ്റസമ്മതങ്ങളും കേസിൻ്റെ പുനരന്വേഷണത്തെ ഉദ്വേഗഭരിതമാക്കുക യാണ്. ‘കുറ്റാന്വേഷണത്തിൻ്റെ വഴിയിൽ കുറ്റങ്ങളുടെ സാമൂഹികചരിത്രം തേടിപ്പോകുകയാണ് രാജീവൻ്റെ കൃതി’ എന്ന് ഷാജി ജേക്കബ് (2013:1953) നിരീക്ഷിക്കുന്നു. കഥാപാത്രങ്ങളുടെ ബഹുസ്വരമായ ആത്മാഖ്യാനങ്ങൾ സാമൂ ഹികജീവിതത്തിലെ അടികല്ലുകളുടെ മൂടുപടമാണ് അഴിക്കുന്നത്. ജാതീയത, മതസ്വത്വം, രാഷ്ട്രീയം, ലിംഗഭേദം, വംശീയത തുടങ്ങിയ സാമൂഹികജീവിത ത്തിന്റെ അടരുകൾ എങ്ങനെയാണ് കുറ്റാന്വേഷണത്തിന്റെ വഴികളിൽ പ്രതിബന്ധമാകുന്നതെന്നും ഈ കൃതി ചർച്ചചെയ്യുന്നു. മലയാളനോവലിന്റെ സഞ്ചാരപഥങ്ങളിൽ ഇതെല്ലാം പുതിയ തുടക്കങ്ങളാണെന്ന് കാണേണ്ടതുണ്ട്. കുറ്റാന്വേഷകൻ എന്ന പരിവേഷം സ്വീകരിക്കാതെ നോവൽ എഴു ത്തുകാരൻ എന്ന നിലയിലാണ് മാണിക്യംകേസുമായി ബന്ധപ്പെട്ട വ്യക്തി കളെ ആഖ്യാതാവ് സന്ദർശിക്കുന്നത്. ഒന്നാമത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ, രാഷ്ട്രീയനാടക പ്രസ്ഥാനം, വിമോചനസമരം, നക്‌സൽ മുന്നേറ്റം എന്നീ ചരിത്രസംഭവങ്ങളുടെ ഓർമകൾ പേറുന്ന കഥാപാത്രങ്ങളെ ആഖ്യാതാവിന് അഭിമുഖീകരിക്കേണ്ടി വരുന്നു. മാണിക്യം കൊലക്കേസിൻ്റെ സത്യം വെളി പ്പെടാൻ ഏറ്റവും ആഗ്രഹിച്ച ബാർബർ കേശവനെയാണ് അന്വേഷകൻ ആദ്യം സന്ദർശിക്കുന്നത്. പാലേരിയുടെ ബോധവും ചരിത്രവും ഓർമയുമാണ് കേശവൻ എന്ന് നോവലിൽ ഒന്നിലധികം തവണ പറയുന്നുണ്ട്. മാണിക്യം കേസ് അട്ടിമറിക്കാൻ നടന്ന രാഷ്ട്രീയഗൂഢാലോചനയുടെ ഏകസാക്ഷിയും അയാളാണ്. പാലേരിയിലെ കമ്യൂണിസ്റ്റ് നേതാവ് കെ.പി. ഹംസയുടെ വ്യക്തിദൗർബല്യങ്ങളെക്കുറിച്ചും കേശവൻ അന്വേഷകനോട് പറയുന്നുണ്ട്. പാലേരിയിലെ തണ്ടാരപ്പുര ഹൈസ്‌കൂൾ മാണിക്യത്തിൻ്റെ ജഡത്തിനുള്ള വിലയാണെന്നും അറിയിക്കുന്നു. കേസൊതുക്കാൻ അഹമ്മദ് ഹാജി നൽകിയ സ്ഥലത്താണ് പാലേരിയിലെ ആദ്യത്തെ ഹൈസ്കൂൾ ഉയർന്നുവന്നത് എന്നും അന്വേഷകൻ കണ്ടെത്തുന്നുണ്ട്. കമ്യൂണിസ്റ്റ് പാർട്ടി വിട്ട് നക്സലി സത്തിലേക്ക് നീങ്ങിയ കേശവൻ പാലേരിയിലെ കീഴാളജീവിതത്തിന്റെ
പരിച്ഛേദമാണ്. എന്നാൽ പറയാൻ തുടങ്ങിയ കാര്യങ്ങൾ പൂർത്തിയാക്കാതെ ബാർബർ കേശവന് ജീവിതത്തിൽനിന്ന് വിരമിക്കേണ്ടിവരുന്നു. വള്ളുവനാട് തീയേറ്റേഴ്സ് ഉടമയും നാടകകൃത്തുമായ എസ്.കെ. പള്ളിപ്പുറ ത്തിന്റെ ഭൂതകാലസ്മരണകളും മാണിക്യം കൊലക്കേസിലെ പുനരന്വേഷണ ത്തിൽ നിർണായകമാകുന്നുണ്ട്. 1959-ലെ വിമോചനസമരത്തിന് കാരണമായ രാഷ്ട്രീയസാംസ്‌കാരികസാഹചര്യങ്ങളോട് മാണിക്യം കൊലക്കേസിനെ കണ്ണിചേർക്കുന്നത് എസ്.കെ.യുടെ ഓർമകളാണ്. കേരളത്തിലെ ഒന്നാമ ത്തെ ഇടത് ഗവൺമെൻ്റിൻ്റെ പോലീസ്‌നയം സംബന്ധിച്ച വിവാദങ്ങൾ വിമോചനസമരത്തിനുള്ള പ്രധാനപ്പെട്ട കാരണങ്ങളിലൊന്നായിരുന്നു. സെൽഭരണം എന്നാണ് അത് കുപ്രസിദ്ധിനേടിയത്. പ്രത്യേകിച്ചും പോലീസ് ‌സ്റ്റേഷൻ ഭരണത്തിൽ അന്ന് കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകർ നടത്തിയ ഇടപെടലുകൾ വ്യാപകമായ പരാതികൾ ഉയർത്തിയിരുന്നു. കൈനിക്കര പത്മനാഭപിള്ളയുടെ ‘കമ്യൂണിസ്റ്റ് ഭരണം കേരളത്തിൽ’ (2010) എന്ന ഗ്രന്ഥ ത്തിൽ അതിന്റെ വിശദാംശങ്ങൾ നൽകുന്നുണ്ട്. ‘ഇരുപത്തിയെട്ട് മാസത്തെ കമ്യൂണിസ്റ്റ് ഭരണം നൽകിയ ശുഭപ്രതീക്ഷകൾ ശോകപര്യവസായിയായി. ആദർശസുന്ദരമായ ഒരു ഭരണം വാഗ്ദാനം ചെയ്തവർ ബഹുജനസമരങ്ങളെ ഇരുമ്പുമുഷ്ടി ഉപയോഗിച്ച് അടിച്ചമർത്തി.’ എന്ന് പത്മനാഭപിള്ള (2010:45) എഴുതുന്നു. സാംസ്ക‌ാരികരംഗത്തും കമ്യൂണിസ്റ്റ് പാർട്ടിയുടെ സങ്കുചിതനില പാടുകൾ പാർട്ടി അനുഭാവികളായ കലാകാരന്മാരെ ഈ കാലയളവിൽ പാർട്ടിവിരുദ്ധരാക്കി. കമ്യൂണിസ്റ്റ് ഭരണത്തെ വിമർശിച്ചുകൊണ്ട് സി.ജെ. തോമസിന്റെ ‘വിഷവൃക്ഷം’ (1959) എന്ന നാടകം പുറത്തുവന്നതിന്റെ പശ്ചാ ത്തലവും ഇതായിരുന്നു. ‘പാലേരിമാണിക്യം’ നോവലിലെ എസ്.കെ. എന്ന നാടകകൃത്തും തുടക്കത്തിൽ കമ്യൂണിസ്റ്റ് സഹയാത്രികനാണ്. മാണിക്യം കൊല്ലപ്പെട്ട രാത്രിയിൽ എസ്.കെ.യുടെ ‘തുന്നിക്കൂട്ടിയ സത്യം’ എന്ന നാടകം കുറ്റ്യാടിയിൽ കളിച്ചിരുന്നു. പാലേരിയിലെ ജനങ്ങളെ ആ രാത്രി ഗ്രാമത്തിൽനിന്ന് അകറ്റിനിർത്തുക എന്ന ലക്ഷ്യം അതിന്റെ സംഘാടകർക്ക് ഉണ്ടായിരുന്നു എന്ന് അന്വേഷകൻ കണ്ടെത്തുന്നുണ്ട്. അതിനുവേണ്ട സാമ്പ ത്തികസഹായം നൽകിയത് അഹമ്മദ് ഹാജി ആയിരുന്നുവെന്ന് എസ്.കെ. വെളിപ്പെടുത്തുന്നു. വിമോചനസമരകാലത്ത് എസ്.കെ. കമ്യൂണിസ്റ്റ് വിരുദ്ധ ചേരിയിലാണ് നിലയുറപ്പിച്ചത്. മാണിക്യം കൊലക്കേസ് പ്രമേയമാകുന്ന ‘അരിവാൾ ചുറ്റിക ലാത്തി’ എന്ന നാടകവും അയാൾ എഴുതി അവതരിപ്പിച്ചു. പ്രസ്തുത നാടകത്തിൻ്റെ ക്ലൈമാക്സിൽ പാർട്ടി സമ്മർദ്ദം കാരണം കേസ്
 അട്ടിമറിച്ചതിന്റെ മനോവേദന പേറുന്ന പോലീസ് ഉദ്യോഗസ്ഥന്റെ കുറ്റസ മതം ഉൾപ്പെടുത്തിയിരുന്നു. പാലേരിമാണിക്യം കേസ് ശരിയായ രീതിയിൽ അന്വേഷിച്ച കാർത്തികേയൻ എന്ന പൊലീസ് ഉദ്യോഗസ്ഥനെയാണ് എസ്. കെ. അവതരിപ്പിച്ചത് എന്നും അന്വേഷകൻ തിരിച്ചറിയുന്നുണ്ട്. എസ്.കെ. പള്ളിപ്പുറത്തിന്റെ തുറന്നുപറച്ചിലുകളും കുറ്റസമ്മതങ്ങളും കുറ്റകൃത്യങ്ങൾക്ക് മുന്നിൽ നിശബ്ദമാകുന്ന കേരളത്തിൻ്റെ സാംസ്‌കാരികലോകത്തിലേക്കാണ് വിരൽചൂണ്ടുന്നത്. പാലേരിയിൽ ജീവിച്ചിരിക്കുന്ന പഴയകാല കമ്യൂണിസ്റ്റ് നേതാവ് കെ.പി. ഹംസയെ കൂടി അന്വേഷകനും സരയുവും സന്ദർശിക്കുന്നുണ്ട്. അയാൾ ഇന്ന് പാർട്ടിക്ക് അനഭിമതനായി ശിഷ്ടകാലം ചെലവഴിക്കുകയാണ്. ‘അധികാര ത്തിന്റെ പടവുകളിൽ പിഴച്ചുപോയ ഒരു നേതാവിൻ്റെ ദയനീയരൂപം പോലെ തോന്നി അയാൾ. എന്നീട്ടും കഠിനമായ വഴികളിൽ രൂപപ്പെട്ട ആ പ്രതീക്ഷ യ്ക്ക് മാത്രം ഇല്ല മങ്ങൽ.’ (2012: 291) എന്ന് അന്വേഷകൻ വിലയിരുത്തുന്നുണ്ട്. ബാർബർ കേശവൻ്റെ തുറന്നുപറച്ചിലുകളെയും ആരോപണങ്ങളെയും ഹംസ തള്ളിക്കളയുകയാണ്. അഹമ്മദ് ഹാജിയോടുള്ള വ്യക്തിപരമായ വിരോധവും അപകർഷതാബോധവുമാണ് കേശവനെക്കൊണ്ട് ഇതെല്ലാം പറയിക്കുന്നത് എന്ന നിലപാടാണ് അയാൾ സ്വീകരിക്കുന്നത്. മാണിക്യം കേസിലെ രാസ പരിശോധനാ റിപ്പോർട്ട് ആർക്കുവേണ്ടിയാണ് തിരുത്തിയത് എന്ന സരയു വിന്റെ ചോദ്യത്തിന് മുന്നിൽ അയാൾക്ക് അടിതെറ്റുന്നു. നിരപരാധിയായ അഹമ്മദ് ഹാജിയെ രക്ഷിക്കാനായിരുന്നു എന്നാണ് അതിന് അയാൾ മറുപടി പറയുന്നത്. കെ.പി. ഹംസയുടെ കുറ്റസമ്മതത്തോടെ മാണിക്യംകേസ് അതിന്റെ ക്ലൈമാക്‌സിലേക്ക് എത്തുകയാണ്. സംഭവിച്ചതിന്റെ ദുരൂഹത മറനീക്കി അന്വേഷണം പൂർത്തീകരിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് അന്വേഷകർ കടക്കുന്നു. ആയേടത്ത് കുമാരൻ എന്ന ഭ്രാന്തൻ കുമാരൻ മാണിക്യം കേസിലെ ഒരു ദൃക്‌സാക്ഷിയായിരുന്നു. അന്വേഷകനും സരയുവുംകൂടി അയാളോട് സംസാരിക്കുന്നുണ്ട്. അലഞ്ഞുതിരിഞ്ഞ് നടക്കുന്ന അയാൾ പാലേരിയിലെ എല്ലാ സംഭവങ്ങളുടെയും മുകസാക്ഷിയാണ്. ‘പാലേരിയുടെ ബോധമായി രുന്നു ബാർബർ കേശവൻ എങ്കിൽ അബോധമാണ് ആയേടത്ത് കുമാരൻ. മറ്റാരും അറിയാത്ത പല വസ്തുതകളും അയാളിൽ അടിഞ്ഞുകിടക്കുന്നുണ്ട്.’ (2012: 257). മാണിക്യത്തിൻ്റെ കൊലപാതകത്തിനും ശാന്തി ധർമ്മദത്തൻ നമ്പൂതിരിയുടെ ആകസ്മികദുരന്തത്തിനും കുമാരൻ സാക്ഷിയായിരുന്നു. ഭ്രാന്തൻ
ആയതുകൊണ്ട് അയാളുടെ തുറന്നുപറച്ചിലുകൾ അധികാരി ഉൾപ്പെടെ ആരും വിശ്വസിച്ചില്ല. യാഥാർഥ്യം അറിയാവുന്ന അഹമ്മദ് ഹാജി കുമാരനെ ഭീഷണിപ്പെടുത്തിയതോടെ അയാൾ ഭ്രാന്ത് അഭിനയിച്ച് നടക്കാൻതുടങ്ങി. മാണിക്യത്തിന്റെ കൊലപാതകത്തിന് മറ്റൊരു ദൃക്‌സാക്ഷിയായ പൂജാരി ചന്തമ്മൻ അന്ന് രാത്രി പാലേരി വിട്ടുപോയെങ്കിൽ, കുമാരൻ അതിനുശേഷം ഭ്രാന്തിലേക്ക് കൂടുമാറുകയാണ് ചെയ്തത്. ഇടയ്ക്ക് അയാളുടെ തിരോധാനവും സംഭവിക്കുന്നു. മാണിക്യംകേസുമായി ബന്ധപ്പെട്ട് വൈ. മാധവൻ വരച്ചിട്ട ത്രികോണ ത്തിലെ ഒരഗ്രമായ അഹമ്മദ് ഹാജിയെ വലംവെച്ചാണ് കേസന്വേഷണം ഒടു വിലെത്തുന്നത്. കേസിൽ മുഖ്യസ്ഥാനത്ത് വരുന്നത്, അയാളുമായി ബന്ധപ്പെ ട്ടവർ തന്നെയാണ്. ഹാജിയുടെ വെപ്പാട്ടി ചിരു ഹാജിയുടെ സഹായികളായ വേലായുധൻ, കുഞ്ഞികണ്ണൻ എന്നിവർ എല്ലാം കേസിൻ്റെ കേന്ദ്രത്തിലേക്ക് പ്രതിഷ്ഠിക്കപ്പെടുന്നു. പലർ പറയുന്ന കഥകൾ, വ്യത്യസ്ത ആഖ്യാനസ്ഥാനങ്ങൾ എന്നിവയെല്ലാം മാണിക്യം കൊലക്കേസുമായി ഹാജിക്കുള്ള ബന്ധത്തെ യാണ് ഉറപ്പിക്കുന്നത്. ‘ഓർമകളുടെ ചരിത്രബന്ധങ്ങളിലൂടെയാണ് പാലേരിമാ ണിക്യത്തിന്റെ ജീവിതവും ദുരന്തവും ആഖ്യായികയിൽ പരിചരിക്കുന്നത്.’ എന്ന് പി.എസ്. രാധാകൃഷ്ണൻ (2017:50) നിരീക്ഷിച്ചിട്ടുണ്ട്. വേറിട്ട ചരിത്രസങ്കല്പങ്ങൾ പകരംവെയ്ക്കുന്നതിലൂടെയാണ് ഈ നോവൽ കാലികപ്രസക്തമാകുന്നത്. ഓർമകളെ മുൻനിർത്തിയുള്ള കുറ്റാന്വേഷണം രാഷ്ട്രീയവും ജാതീയവും സാമ്പ ത്തികവുമായ നിരവധി പാഠങ്ങളിലേക്ക് നോവലിനെ വഴിതിരിച്ചുവിടുവാൻ സഹായകരമാകുന്നു. കുറ്റകൃത്യങ്ങളുടെ ഭാഷാശാസ്ത്രപ്രഹേളിക സമകാലിക ലോകത്ത് കുറ്റകൃത്യങ്ങളുടെ വിശകലനത്തിന് ഉപയോഗി ക്കുന്ന നൂതന സാങ്കേതികസാധ്യതകളെല്ലാം മാണിക്യം കേസിന്റെ ചുരുളഴിക്കാൻ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഡാറ്റ മൈനിങ് ഉൾപ്പെടെയുള്ള സാങ്കേതിക സന്നാഹങ്ങൾ ഈ നോവലിൽ കടന്നുവരുന്നതിൻ്റെ പശ്ചാത്തലം ഇതാണ്. മാണിക്യത്തിന്റെ കൊലപാതകം നടന്ന ഭൂമിശാസ്ത്രപരിസരങ്ങളും കൃത്യനിർ വഹണത്തിന്റെ വിവരണങ്ങളും ദൃശ്യവൽകരണത്തിന് വിധേയമാക്കപ്പെ ടുന്നു. ക്രൈം അനലിസ്റ്റ് സരയുവാണ്, മാണിക്യം കേസിലെ മൗനത്തിന്റെ ഇടങ്ങൾ (Silent Spaces) പൂരിപ്പിക്കുന്നത്. പുനരന്വേഷണത്തിന്റെ അവസാ നഘട്ടങ്ങളിൽ നിർണായകമാകുന്നത് സരയുവിൻ്റെ അനുമാനങ്ങളാണ്. മാണിക്യം കേസിൽ നിഗൂഢതകൾ തേടിയുള്ള അന്വേഷണം സ്വന്തം
 സ്വത്വാന്വേഷണമായി അവൾ തിരിച്ചറിയുന്നുണ്ട്. സരയു അന്വേഷകനോട് പറയുന്നു: ‘എല്ലായിടത്തും എല്ലാക്കാലത്തും സ്ത്രീ കടന്നുപോയതും പോകുന്നതും ഒരേ അനുഭവത്തിലൂടെയാണ്. പുരുഷൻ്റെ സംശയത്തിനും സ്വാർഥതയ്ക്കും സ്വന്തമാക്കലിനും വിധേയമായി. ഇതിനിടയിൽ സ്വന്തം സ്വത്വം ഉയർത്തി പ്പിടിക്കാൻ ശ്രമിക്കുന്നവർ ഒന്നുകിൽ ഉപേക്ഷിക്കപ്പെടുന്നു അല്ലെങ്കിൽ കൊല്ലപ്പെടുന്നു.’ (2012: 110). സരയുവിൻ്റെ നിരീക്ഷണം മാണിക്യത്തിന്റെ ദാരുണമരണം സംബന്ധിച്ചും ഏറെ പ്രസക്തമാണ്. ജന്മിയായ അഹമ്മദ് ഹാജിയുടെ വെപ്പാട്ടി ചിരുവിൻ്റെ മരുമകളും പൊക്കന്റെ ഭാര്യയുമായി പാലേരിയിൽ എത്തുന്ന മാണിക്യത്തെ കാത്തിരു ന്നതും സ്ത്രീജീവിതത്തിൻ്റെ പതിവ് ദുർവിധിയായിരുന്നു. സമ്പത്തും പദവിയും ഇല്ലാത്ത സ്ത്രീജന്മങ്ങൾ ലോകത്ത് എല്ലായിടത്തും അഭിമുഖീകരിക്കുന്ന പ്രശ്ന ങ്ങളെയാണ് ആദ്യം ചിരുവും പിന്നീട് മാണിക്യവും ഏറ്റുവാങ്ങുന്നത്. ചിരുസാ ഹചര്യങ്ങൾക്ക് വഴങ്ങിയപ്പോൾ പുതുതലമുറയിൽപെട്ട മാണിക്യം അതിനെ ചെറുക്കുകയാണ്. അഹമ്മദ് ഹാജിയ്ക്ക് ആദ്യഭാര്യയിൽ ഉണ്ടായ മകൻ ഖാലിദിന്റെയും കൂട്ടുകാരുടെയും കാമകേളിക്ക് ഇരയായ മാണിക്യത്തിന്റെ നിലവിളി ഇരുട്ടിൽ മുഴങ്ങിക്കേട്ടിരുന്നു. ഇതേ പെണ്ണിനെ വഴക്കിയെടുക്കാൻ നടത്തിയ പദ്ധതികൾക്കൊടുവിൽ സംഭവിച്ചതൊന്നും അറിയാതെ മീത്തലെ ചാലിൽ അഹമ്മദ് ഹാജിയും എത്തുകയാണ്. എന്തുപറ്റി? ഹാജി ചീരുവിനോട് ചോദിക്കുന്നു. ”എന്തുപറ്റാൻ, ബാപ്പക്ക് വെച്ചത് മോൻ കൊണ്ടുപോയി’ ചിരു ആട്ടിത്തുപ്പി. (2012: 302). അവിടെ കരുത്തനായ അഹമ്മദ് ഹാജി തളരുന്നു. അപ്പോഴും മാണിക്യത്തിൻ്റെ നിലവിളികൾ നിലച്ചിരുന്നില്ല. ‘അഹമ്മദ് ഹാജി തന്റെ സഹായി കുന്നുംപുറത്ത് വേലായുധനോട് പറഞ്ഞു: ‘ഓളെ ഒന്നു മിണ്ടാ താക്കൂ.’ ഹാജി പറയുന്നതിനപ്പുറം കാണുന്ന കുന്നുംപുറത്ത് വേലായുധൻ ആ വാക്കിനെ പൊലിപ്പിച്ചു.’ (2012: 303). തുടർന്നാണ് മാണിക്യത്തിന്റെയും ധർമ്മദത്തൻ നമ്പൂതിരിയുടെയും കൊലപാതകങ്ങൾ പാലേരിയിൽ ആ രാത്രി അരങ്ങേറുന്നത്. കുറ്റകൃത്യം എന്നത് ഒരു ഭാഷാശാസ്ത്രപ്രശ്നമാണ് എന്ന കാഴ്ചപ്പാടാണ് ‘പാലേരിമാണിക്യം’ നോവലിലൂടെ ടി.പി. രാജീവൻ മുന്നോട്ടുവെയ്ക്കുന്നത്. ഭാഷയുടെ വിനിമയശേഷിയ്ക്കുള്ള പരിമിതികളിൽ ചിലപ്പോൾ ഒരു കുറ്റകൃത്യം ജനിക്കാം. ഫോറൻസിക് ലിംഗ്വിസ്റ്റിക്‌സ് ഉൾപ്പെടെയുള്ള നൂതന കുറ്റാ ന്വേഷണവ്യവഹാരങ്ങൾ സാക്ഷ്യപ്പെടുത്തുന്നത് ഇതാണ്. ക്രൈം അനലി സ്റ്റായ സരയു ഈ സത്യം വേഗം തിരിച്ചറിയുന്നുണ്ട്. പുനരന്വേഷണത്തിന്റെ
പശ്ചാത്തലത്തിലാണ് സരയുവിന് തൻ്റെ ഭർത്താവായ ഗൗതമിൽനിന്ന് വിവാഹമോചനം സംബന്ധിച്ച കത്ത് ലഭിക്കുന്നത്. സ്വന്തം വ്യക്തിജീവിത ത്തിലെ പദപ്രശ്‌നങ്ങളെ മാണിക്യം കൊലക്കേസിന്റെ അർഥവിരാമങ്ങ ളോട് ചേർത്തുവായിക്കാൻ സരയു ശ്രമിക്കുന്നുണ്ട്. ദാമ്പത്യത്തകർച്ചയുടെ വഴിത്തിരിവിൽ സരയു അന്വേഷകനായ സുഹൃത്തിനോട് ചോദിക്കുന്നു: ‘ഞാനെങ്ങോട്ട് പോകും?’ (2012:303). ഇത് കേൾക്കുന്ന സുഹൃത്ത് സ്വന്തം ഭാര്യ വനജയെ ഉപേക്ഷിച്ച് എൻ്റെ കൂടെമാത്രം ജീവിക്കാനാണ് സരയു ഉദ്ദേശിച്ചത് എന്ന് വിചാരിക്കുന്നു. ഇതുതന്നെയാണ് അഹമ്മദ് ഹാജിയുടെ നിർദ്ദേശം മനസ്സിലാക്കുന്നതിൽ വേലായുധന് സംഭവിച്ചതെന്ന് സരയു ബോധ്യപ്പെടു ത്തുകയാണ്. കുറ്റാന്വേഷണപ്രക്രിയയിലെ ഭാഷാശാസ്ത്രപരമായ വിടവുകളും പിളർപ്പുകളുമാണ് ഇവിടെ തുറന്നുകാണിക്കുന്നത്. മാണിക്യത്തിന്റെ 51 ആം ചരമദിനമായ 2008 മാർച്ച് 30-ന് അന്വേഷണം പൂർത്തിയാക്കി സരയുവും അന്വേഷകനും പാലേരിയിൽനിന്ന് രണ്ട് വഴിക്ക് പിരിയുന്നു. മലയാളത്തിലെ ഇതുവരെയുള്ള കുറ്റാന്വേഷണനോവലുകൾ പിന്തുട രാത്ത സൗന്ദര്യശാസ്ത്രസമീപനമാണ് ‘പാലേരിമാണിക്യം’ പിന്തുടരുന്നത്. കുറ്റാന്വേഷണപ്രക്രിയയെ സാങ്കേതികമായി കാണാതെ ചരിത്രം, രാഷ്ട്രീയം, ഭൂമിശാസ്ത്രം, സാമ്പത്തികശാസ്ത്രം എന്നിങ്ങനെ വിഭിന്നവ്യവഹാരങ്ങളോട് ബന്ധിപ്പിക്കാൻ ശ്രമിച്ചിരിക്കുന്നു. വാമൊഴിചരിത്രത്തെ നോവലിസ്റ്റ് സർഗാ ത്മകമായി പുനഃസൃഷ്ടിച്ച് തന്റെ കഥാപാത്രങ്ങൾക്ക് ജൈവികത നല്കിയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഔദ്യോഗികരേഖകളിലും ചരിത്രഗ്രന്ഥങ്ങളിലും ഇടംപിടിക്കാത്ത പല സംഭവങ്ങളുടെയും വിശദാംശങ്ങൾ അതുവഴി ഈ നോവലിൽ കൂട്ടിച്ചേർക്കുവാൻ ടി.പി. രാജീവന് കഴിഞ്ഞിട്ടുണ്ട്. ചരിത്രപരത നിലനിർത്തിക്കൊണ്ടുതന്നെ കുറ്റാന്വേഷണത്തെ ജീവിതത്തോട് അടുപ്പിച്ചു നിർത്തുന്നതിലും നാടകീയമാക്കുന്നതിലും ഈ നോവൽ വിജയിച്ചിരിക്കുന്നു. പ്രാദേശികസംസ്കാരത്തിൻ്റെ ബഹുവിധഭംഗികൾ നിറഞ്ഞ കുറ്റാന്വേഷണ നോവൽ എന്ന നിലയിലും ഇത് പ്രസക്തമാണ്. സ്ത്രീയായി ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുന്ന കേരളസ്ത്രീ യുടെ ഭൂത-വർത്തമാനങ്ങളിലേക്കും കുറ്റാന്വേഷണകഥയുടെ ചുവടുപിടിച്ചുള്ള ഈ നോവൽ വെളിച്ചം വീശുന്നുണ്ട്. ജീവിച്ചിരിക്കുന്നതിനേക്കാൾ കൊല്ലപ്പെടു ന്നതാണ് നല്ലതെന്ന് തോന്നുന്ന സാമൂഹിക ചുറ്റുപാടുകൾ അഭിമുഖീകരിക്കേണ്ടി വരുന്ന സ്ത്രീയുടെ അവസ്ഥയാണ് ഇത് അടയാളപ്പെടുത്തുന്നത്. കുറ്റകൃത്യങ്ങ ളുടെ നിർദ്ധാരണം മാത്രമല്ല അവയുടെ സാമൂഹികപശ്ചാത്തലത്തെക്കുറിച്ചുള്ള
 അന്വേഷണം കൂടിയാണ് യഥാർഥ കുറ്റാന്വേഷണനോവലുകളുടെ ലക്ഷ്യമെന്ന് ഇത് സ്ഥാപിക്കുന്നുണ്ട്. കുറ്റാന്വേഷണത്തെ സർഗാത്മകമാക്കുന്ന സൗന്ദര്യസ മീപനമാണ് ആധുനികാനന്തരനോവലിൽ ‘പാലേരിമാണിക്യം’ നോവലിനെ വേറിട്ടു നിർത്തുന്നത്. ഗ്രന്ഥസൂചി
1. കൈനിക്കര പത്മനാഭപിള്ള, ‘കമ്യൂണിസ്റ്റ് ഭരണം കേരളത്തിൽ’, 2010, പ്രിയദർശിനി പബ്ലിക്കേഷൻസ് സൊസൈറ്റി, തിരുവനന്തപുരം 2. ഗബ്രിയേൽ ഗാർസിയ മാർക്വിസ്, കൃഷ്ണദാസ് (വിവ.), ‘പ്രവചിക്കപ്പെട്ട ഒരു മരണത്തി ഒന്റെ പുരാവൃത്തം’, 2003, ഗ്രീൻ ബുക്സ്, തൃശൂർ. 3 പോൾ, എം.പി, ‘നോവൽസാഹിത്യം’, 1991, പൂർണ പബ്ലിക്കേഷൻ, കോഴിക്കോട് 4 മിലാൻ കുന്ദേര, കെ. ചന്ദ്രമോഹൻ (വിവ.), ‘ചിരിയുടെയും മറവിയുടെയും പുസ്തകം’, 2016, ഡി.സി. ബുക്സ്, കോട്ടയം. 5. രാജീവൻ, ടി.പി., ‘പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിൻ്റെ കഥ’, 2012, കറൻറ് ബുക്സ്, തൃശ്ശൂർ. 6. രാധാകൃഷ്ണൻ, പി.എസ്. (ലേഖകൻ), ‘ഓർത്തെഴുത്തിൻ്റെ അപസർപ്പക തൃഷ്ണകൾ’, ഭാഷാപോഷിണി, 2017 ജനുവരി, മലയാള മനോരമ പ്രസ്സ്, കോട്ടയം. 7 ഷാജി ജേക്കബ് (ഇഷ്യ എഡിറ്റർ), ‘നോവൽ വായനകൾ’, മലയാളം റിസർച്ച് ജേണൽ, വാല്യം 6 ലക്കം 2, 2013 ആഗസ്റ്റ്, ബെഞ്ചമിൻ ബെയിലി ഫൗണ്ടേഷൻ, കോട്ടയം. 8. ഹമീദ്, ‘അപസർപ്പകനോവലുകൾ മലയാളത്തിൽ’, 2015, കേരള സാഹിത്യ അക്കാദമി, തൃശ്ശൂർ 9. Edgar Allan Poe, “The Philosophy of Composition’, 2015, Createspace Independent, California. 10. Jean-Francois Lyotard, “The Post Modern Condition: A Report on Knowledge’, 1984, Mannchestor University Press, USA. 11. Martin Priestman, “The Cambridge Campanion to Crime Fiction’, 2003, Cambridge University Press, New York. 12. Thachom Poyil Rajeevan, ‘Undying Echoes of Silence’, 2013, Amaryllis, New Delhi.

Scroll to Top