ആഖ്യാനത്തിന്റെ അപസർപ്പക (സമ) വാക്യങ്ങൾ



വിഷ്ണുകൃഷ്ണൻ ആർ.
ഗവേഷകൻ, കേരളപഠനവിഭാഗം, കേരളസർവകലാശാല

 പ്രബന്ധസംഗ്രഹം

കുറ്റാന്വേഷണ സാഹിത്യത്തിന്റെ രണ്ടാം ജന്മമായാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ കാണുന്നത്. രണ്ടായിരത്തിനുശേഷമാണ് പ്രമേയത്തിലും ആഖ്യാനരീതിയിലും പുതുമനിലനിർത്താൻ കഴിയുന്ന കുറ്റാന്വേഷണകൃതികൾ മലയാളത്തിലുണ്ടാകാൻ തുടങ്ങിയത്. ഉവേഗം എന്ന അനിവാര്യഘടകത്തെ നിർമ്മിക്കുകയും നോവലിലുടനീളം നിലനിർത്തുകയും പരിണാമഗുപ്തിയോടെ അവസാനിക്കുകയും ചെയ്യുന്ന തച്ചുശാസ്ത്രമാണ് കുറ്റാന്വേഷണ നോവലുക ളുടേത്. അപസർപ്പകസാഹിത്യനിർമ്മിതിക്കു പിന്നിൽ പ്രവർത്തിക്കുന്ന ഘടകങ്ങളെ വിലയിരുത്തുന്നതിനോടൊപ്പം മലയാളത്തിലെ അപസർപ്പക നോവലുകളെ അവയുടെ ആഖ്യാനസവിശേഷതകളുടെ അടിസ്ഥാനത്തിൽ പഠനവിധേയമാക്കുകയാണ് ഈ പഠനത്തിൽ.

താക്കോൽവാക്കുകൾ: പോപ്പുലർ ഫിക്‌ഷൻ, സ്റ്റൈ ത്രില്ലർ, ഫിക്ഷണൽ റിയലിസം, ഡി-മിത്തിഫിക്കേഷൻ

ആമുഖം

“മലയാളത്തിൽ കുറ്റാന്വേഷണ നോവലുകളായി അറിയപ്പെടുന്ന ഈ വിഭാഗത്തെ ഒരു സാഹിത്യവിഭാഗമെന്നു വിശേഷിപ്പിക്കാൻ പ്രയാസമുണ്ട്. എങ്കിലും അതൊരു യാഥാർത്ഥ്യമായിരിക്കുന്നു. മലയാളത്തിൽ അച്ചടിച്ചിറ ക്കിയിട്ടുള്ള കുറെ ഡിറ്റക്ടീവ് നോവലുകളുണ്ട്. അവയെക്കുറിച്ച് ഒരു വിലയിരു ത്തൽ നടത്തത്തക്കവിധം അവയ്ക്കുള്ളിൽ കാമ്പും കഴമ്പുമില്ലാത്തതാണതിനു കാരണം.”

1969-ൽ പ്രസിദ്ധീകരിച്ച മാധവപൈയുടെ “കഥാസാഹിത്യം -സാഹി ത്യസദസ്സിലെ പ്രബന്ധങ്ങളും പ്രസംഗങ്ങളും” എന്ന പുസ്തകത്തിലെ ‘ഡിറ്റ ക്ലീവ് നോവൽ’ എന്ന ലേഖനം ആരംഭിക്കുന്നത് ഇങ്ങനെയാണ്. ലേഖനം പ്രസിദ്ധീകരിച്ച് അൻപത്തി രണ്ടു വർഷങ്ങൾക്കിപ്പുറം നോവൽസാഹിത്യം അടിമുടി മാറി കാമ്പും കഴമ്പുമില്ലെന്ന് പറഞ്ഞിരുന്ന അപസർപ്പകസാഹിത്യം ഇന്ന് വളർച്ചയുടെ പടവുകൾ കയറിക്കൊണ്ടിരിക്കുകയാണ്. 2015 ന് ശേഷം മലയാളത്തിലിറങ്ങിയ ഭൂരിപക്ഷം നോവലുകളും അപസർപ്പകവിഭാഗത്തിൽ പ്പെടുന്നവയാണ്. ‘പുഷ്പനാഥ് ഫിക്‌ഷനിൽ’ നിന്നും പുതിയ അപസർപ്പക എഴുത്തുകാർ ഏറെ നടന്നുനിങ്ങിക്കഴിഞ്ഞിരിക്കുന്നു. രൂപത്തിലും പ്രമേയ ത്തിലും കഥാപാത്രനിർമ്മിതിയിലും പുതുപ്രതീക്ഷകളാണ് ഓരോ നോവലും.

ജനപ്രിയസംസ്കാരത്തിൻ്റെ ഭാഗമായ ജനപ്രിയസാഹിത്യം (popular fiction) നിരന്തരം പരീക്ഷണങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുക യാണ്. “അനേകം ആളുകൾക്ക് ഒരുപാട് ഇഷ്ടം തോന്നുന്നതാണ് ജനപ്രിയ സാഹിത്യം” എന്ന റെയ്മണ്ട് വില്യംസിൻ്റെ നിർവചനവുമായി ചേർത്തുവാ യിക്കുമ്പോൾ നോവലുകളിലെ പരീക്ഷണസ്വഭാവങ്ങൾക്ക് ഹേതു നോവൽ വായിക്കുന്ന വായനക്കാരുടെ താല്പര്യത്തിലും ആസ്വാദനമികവിലും അധി ഷ്ഠിതമാണെന്നു മനസ്സിലാക്കാം. പോപ്പുലർ ഫിക്‌ഷൻ്റെ നട്ടെല്ലായ ക്രൈം ത്രില്ലറുകളാണ് പുതിയകാലത്തിൻ്റെ ജനപ്രിയ സാഹിത്യമാധ്യമം എന്ന ഖ്യാതിനേടി മുന്നേറുന്നത്. അപ്പൻതമ്പുരാൻ്റെ ‘ഭാസ്കരമേനോനിൽ’ നിന്ന് തുടങ്ങുന്ന മലയാളനോവലിൻ്റെ അപസർപ്പകഭാവുകത്വം നിരവധി പരിണാമ ങ്ങളിലൂടെയാണ് രണ്ടായിരത്തി ഇരുപത്തിയൊന്നിൽ എത്തി നിൽക്കുന്നത്. പൂർവ്വമാതൃകകളെ അപനിർമ്മാണത്തിന് (de-construction) വിധേയമാ ക്കി കാലം ആവശ്യപ്പെടുന്ന മാറ്റങ്ങളോടെ ആറ്റിക്കുറുക്കിയെടുക്കുകയാണ് പുതുകാല അപസർപ്പകസാഹിത്യം. നോവൽ ഘടനയോട് നീതിപുലർത്തുന്ന ആഖ്യാനമാതൃകകളുടെ പിറവിക്ക് വഴിതെളിക്കുന്ന ഘടകങ്ങൾ ഏതെല്ലാമാ ണെന്ന് അക്കമിട്ടുനിരത്താം.

1. വിദേശസാഹിത്യത്തിലെ പോപ്പുലർ ഫിക്‌ഷന്റെ വ്യത്യസ്ത ജനുസ്സുകൾ (Genre)
2. അടിമുടി മാറിയ ‘കുറ്റാന്വേഷകൻ-കുറ്റവാളി’ രീതിശാസ്ത്രം.
3. അപസർപ്പകഘടനയുടെ പൊളിച്ചെഴുത്ത്.
4. അന്തർവൈജ്ഞാനിക മേഖലകളുമായുള്ള (Interdisciplinary)കൈകോർക്കൽ
5. ജ്ഞാനോല്പാദനത്തിൻ്റെ അലിഖിതമാതൃകകളാകുന്ന ആഖ്യാനവി ശേഷം.

ഒന്ന്

പാശ്ചാത്യനോവൽ സാഹിത്യത്തിലെ ജനപ്രിയ ജനുസ്സുകൾ (popular genre) മലയാളസാഹിത്യവും പിന്തുടരുന്നുണ്ട്. നോവൽ ജനുസ്സുകൾ ആവശ്യ പ്പെടുന്ന കഥാപശ്ചാത്തലവും ആഖ്യാനമാതൃകകളും കൃതിയുടെ മൊത്തത്തി ലുള്ള അപസർപ്പകഗൗരവവും മലയാളത്തിലേക്ക് പറിച്ചുനടാൻ പുതിയ എഴുത്തുകാർക്ക് നിഷ്പ്രയാസം കഴിയുന്നു. 2005-നു ശേഷം ക്രൈം ഫിക്ഷൻ വിഭാഗത്തിൽ കൃതികളെഴുതി തുടങ്ങിയ ഇരുപത്തിയഞ്ചോളം എഴുത്തുകാരുടെ അൻപതോളം കൃതികൾ വ്യത്യസ്ത അപസർപ്പകജനസ്സുകളിലെ ഉത്തമല ക്ഷണങ്ങൾ ആലേഖനം ചെയ്യുന്നവയാണ്. സ്പൈ ത്രില്ലർ, ക്രൈം ത്രില്ലർ, കോസി മർഡർ മിസ്റ്ററി, സൈക്കോളജിക്കൽ ത്രില്ലർ, മെഡിക്കോലീഗൽ ത്രില്ലർ, ലോക്കൽ ക്രൈം ത്രില്ലർ, ടെക്നോളജിക്കൽ ത്രില്ലർ, ഹിസ്റ്റോറിക്കൽ കാഖ്യാനങ്ങൾ. ത്രില്ലർ, മിസ്റ്റിക് ത്രില്ലർ എന്നിങ്ങനെ നീളുന്നു പുതുതലമുറയിലെ അപസർപ്പകാഖ്യാനങ്ങൾ.

പ്രധാനപ്പെട്ട ചില മാതൃകകൾ ഇവയാണ് (വിഭാഗം, കൃതി, എഴുത്തുകാരൻ എന്ന ക്രമത്തിൽ)

രണ്ട്‌

കുറ്റാന്വേഷണ നോവലിലെ പരീക്ഷണസ്വഭാവം ആഖ്യാനകലയിൽ നിന്ന് ആരംഭിക്കുന്നു. കുറ്റാന്വേഷകൻ-കുറ്റവാളി ദ്വന്ദങ്ങളിലെ പരമ്പരാഗത രീതിശാസ്ത്രങ്ങളെ അതിലംഘിക്കുന്ന പുതുഘടകങ്ങൾ ആഖ്യാനത്തിൽ പരീക്ഷിക്കപ്പെടുന്നു. കുറ്റാന്വേഷകനിർമ്മിതിയിൽ പ്രതിഫലിക്കുന്ന നവഭാ വുകത്വത്തെ താഴെപറയുന്നവിധത്തിൽ അടുക്കാം.
1. കുറ്റാന്വേഷണത്തിൽ കഷ്ടപ്പാടുകൾ സഹിക്കാതെ, വലിയ ബുദ്ധിമുട്ട് അനുഭവിക്കാതെ കുറ്റാന്വേഷണം പൂർത്തിയാക്കുന്നവർ. ഷെർല ക്ഹോംസ് പരിവേഷം ആവാഹിക്കപ്പെട്ട ഇത്തരം കുറ്റാന്വേഷകരുടെ നിരീക്ഷണപാടവം, ഏറെ ശ്രദ്ധേയമായിരിക്കും. ജി.ആർ.ഇന്ദുഗോപ ന്റെ ഡിറ്റക്ടീവ് പ്രഭാകരൻ അത്തരത്തിലുള്ള ഒരു കുറ്റാന്വേഷകനാണ്.

2. കുറ്റാന്വേഷണത്തിൽ യാതൊരു വിധ തെളിവുകളും ലഭിക്കാതെ, മാനസ്സികമായി സമ്മർദ്ദങ്ങൾ അനുഭവിക്കുന്ന, കുടുംബജീവിതത്തിൽ സംഘർഷങ്ങൾ നേരിടുന്ന കുറ്റാന്വേഷകർ. കുറ്റാന്വേഷണം വെല്ലവി ളിയായി മാറുന്ന പല സന്ദർഭങ്ങളും ഇവർക്ക് അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട്. ശ്രീപാർവ്വതിയുടെ ‘പൊയട്രികില്ലറിലെ’ ഡെറിക് ജോൺ, ആർ. ശ്രീലേഖയുടെ ട്രിലോജി സീരീസ്സിലെ (മരണദൂതൻ, കുഴലുത്ത കാരൻ, ജാഗരൂകൻ) റീത്താമേരി തുടങ്ങിയവർ ഉദാഹരണം.

3. കുറ്റാന്വേഷണം തൊഴിലായി സ്വീകരിക്കാതെ കുറ്റാന്വേഷണത്തിൽ പങ്കാളിയാകുന്നവർ. അനുമാനങ്ങളിലൂടെയാണ് അവരുടെ അന്വേ ഷണസഞ്ചാരം. കോളേജ് അധ്യാപകനിൽ തുടങ്ങി ഡി.റ്റി.പി. സെന്ററിലെ ജോലിക്കാരിവരെ കുറ്റാന്വേഷണം നടത്തുന്നുണ്ട്.

 കുറ്റാന്വേഷകർ-കൃതി-എഴുത്തുകാരൻ എന്ന ക്രമത്തിൽ

4. കുറ്റാന്വേഷണത്തിൽ പ്രതിയെ കണ്ടെത്തിയ ശേഷം കൊല്ലപ്പെടുന്ന കുറ്റാന്വേഷകൻ. ബി. മുരളി എഴുതിയ ‘നിൻ്റെ ചോരയിലെ വിഞ്ഞ്’ എന്ന നോവലിലെ കുറ്റാന്വേഷകൻ ഈ രീതിയിൽ കൊല്ലപ്പെടുന്നുണ്ട്.

പ്രധാനമായും മൂന്ന് രീതിയിൽ കുറ്റവാളികളുടെ കഥാപാത്രനിർമ്മിതി സാധ്യ മാക്കാം.

1. കൊലപാതകം കലയായി കാണുന്ന മാനസിക രോഗികൾ (സൈക്കോപാത്തുകൾ). ഓരോ കൊലപാതകം ചെയ്യുമ്പോഴും വീണ്ടും വീണ്ടും കൊലപാതകം ചെയ്യാനുള്ള ത്വര ഇത്തരക്കാരിൽ ഉണ്ടാകുന്നു. കുറ്റാന്വേഷകർക്ക് ഏറെ വെല്ലുവിളി ഉയർത്തുന്നതും സൈക്കോപാ ത്തുകളാണ്. കൊലപാതകങ്ങളിലെ ഇരകളുമായി നേരിട്ടുള്ള ഒരു ബന്ധവും കുറ്റവാളികൾക്ക് ഉണ്ടാകണമെന്നില്ല. കുട്ടിക്കാലത്തെ ദുരനുഭവങ്ങളും പാരമ്പര്യമായി കിട്ടിയ ചില ഘടകങ്ങളും ഇത്തരം കഥാപാത്രങ്ങളുടെ നിർമ്മിതിയിൽ പ്രകടമാണ്. ഹൈഡ്രേഞ്ചിയ, മരണദൂതൻ, റൂത്തിൻ്റെ ലോകം തുടങ്ങിയ നോവലുകളിൽ ഇത്തരത്തി ലുള്ള കുറ്റവാളികളെ കാണാം.

2. പ്രതികാരം വ്രതമായി അനുഷ്ഠിക്കുന്ന കുറ്റവാളികൾ. നീതിനിഷേധ ബോധം അവരിൽ പ്രകടമായി കാണാൻ കഴിയും. തനിക്കുണ്ടായ നഷ്ടത്തെ, അതുണ്ടാക്കിയവരുടെ മരണത്തിലൂടെ തിരികെപിടിക്കാൻ ശ്രമിക്കുന്ന കഥാപാത്രങ്ങളെ പ്രഥമദൃഷ്ട്യാ, റെസ്റ്റ് ഇൻപീസ്, പൊയട്രി ത്രില്ലർ തുടങ്ങിയ നോവലുകളിൽ കണ്ടെത്താം. പ്രതികാരത്തിലൂടെ ലഭിക്കുന്ന മാനസിക സംതൃപ്തിയാണ് ഇത്തരം കഥാപാത്രങ്ങളുടെ ലക്ഷ്യം.

3. അബദ്ധത്തിൽ ചെയ്ത കുറ്റകൃത്യം മറയ്ക്കാൻ ശ്രമിക്കുന്ന കുറ്റവാളികൾ. സൈക്കോപാത്തുകൾ തെളിവുകളോരോന്നും കുറ്റാന്വേഷകന്റെ മുന്നിൽ വെല്ലുവിളിയോടെ പ്രദർശിപ്പിക്കുമ്പോൾ അബദ്ധത്തിൽ കുറ്റം ചെയ്തവർ അത് മറയ്ക്കാനുള്ള ശ്രമം കഥയുടെ ഒടുവിൽ നടത്തി കൊണ്ടേയിരിക്കും.

മൂന്ന്

കുറ്റാന്വേഷണ സാഹിത്യഘടനയിൽ കൊലപാതകം (Crime), അന്വേഷണം (Investigation), വിധി (Judgement) എന്നീ മൂന്നുഘട്ടങ്ങൾ സജീവമായി പ്രവർത്തിക്കുന്നുണ്ട്. കഥ തുടങ്ങി അധികം കഴിയാതെ ഒരു കൊലപാതകം നടക്കുകയും അതിനെക്കുറിച്ചുള്ള കുറ്റാന്വേഷകൻ്റെ/കുറ്റാന്വേഷകരുടെ അന്വേ ഷണവും തുടർന്നുള്ള വിധിനിർണ്ണയവുമാണ് അപസർപ്പകസാഹിത്യത്തിന്റെ ഘടന. എഴുത്തുകാരനോടൊപ്പം വായനക്കാരും അതേ കൃത്യതയോടെ, വേഗതയോടെ സഞ്ചരിക്കാൻ ശ്രമിക്കുന്ന രചനാഭൂപടമാണ് കുറ്റാന്വേഷണ നോവലുകളുടേത്. വായനക്കാരിലേക്ക് ചില പ്രശ്നങ്ങൾ/സമസ്യകൾ അവതരിപ്പിച്ചുകൊണ്ടാണ് കുറ്റാന്വേഷണ നോവൽ ആരംഭിക്കുന്നത്. നിഖിലേഷ് മേനോൻ്റെ ‘അഗോചരം’ എന്ന നോവലിലെ പെൺകുട്ടികളുടെ തിരോധാനവും പ്രവീൺ ചന്ദ്രൻ്റെ ‘ഛായാമരണ’ത്തിലെ കഥാപാത്രമായ സിദ്ധാർത്ഥന് വെള്ളച്ചാട്ടത്തിൽ നിന്ന് ആകസ്മികമായി ലഭിക്കുന്ന ബട്ടണും വായനക്കാരെ പ്രശ്നവാതായനങ്ങളിലേക്ക് തള്ളിവിടുന്നുണ്ട്. പെൺകുട്ടികൾക്ക് എന്തുപറ്റി, എവിടെപ്പോയി എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരം എഴുത്തുകാരനോടൊപ്പം സഞ്ചരിച്ച് കണ്ടെത്തുക എന്ന ലക്ഷ്യം വായ നക്കാരിൽ ഉടലെടുക്കുന്നു. ഒരു പക്ഷെ എഴുത്തുകാരൻ കുറ്റവാളിയെ പ്രഖ്യാ പിക്കുന്നതിനു മുൻപ് തന്നെ തെളിവുകളുടെ അടിസ്ഥാനത്തിൽ വായനക്കാർ വിധികർത്താക്കളായി മാറിയേക്കാം. എഴുത്തുകാരൻ്റെ സ്ഥാനം ചിലപ്പോൾ വായനക്കാർ കൈയ്യേറിയെന്നു വരാം. ബാർത്തിൻ്റ ‘ഗ്രന്ഥകാരൻ്റമരണം” (Death of the Author) എന്ന സങ്കല്പവുമായി ഇതിനെ താരതമ്യപ്പെടുത്താം. എഴുത്തുകാരന്റെ വിധിപ്രഖ്യാപനവും കഥാവസാനവും ചിലപ്പോൾ അടുത്ത കഥയ്ക്കുള്ള സാധ്യതകൾവരെ വായനക്കാർ കണ്ടെത്തുന്നു. സമർത്ഥരായ കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നതിനോടൊപ്പം സമർത്ഥരായ വായനക്കാരെ തൃപ്തിപ്പെടുത്തുക എന്ന അധിക ബാധ്യത കൂടി എഴുത്തുകാരനിലേക്ക് എത്തുന്നു.

 നാല്

ഇതിവൃത്ത രൂപീകരണത്തിൽ ഒന്നിലധികം വിജ്ഞാനമേഖലകളുമായി കൈകോർക്കാൻ പുതുതലമുറ അപസർപ്പകകൃതികൾക്ക് കഴിയുന്നുണ്ട്. ക്രൈംത്രില്ലറിന്റെ കഥാപരിസരത്തിനോടൊപ്പം തന്നെ സയൻസ് ഫിക്ഷ ന്റെയും ടെക്നോളജിക്കൽ ത്രില്ലറിൻ്റെയും സാധ്യതകളെ സുഘടിതമായി വിന്യസിക്കാനും നോവലുകൾ മടികാട്ടുന്നില്ല. ഡി.സി. ബുക്സ് നടത്തിയ ക്രൈം ഫിക്ഷൻ മത്സരത്തിൽ സമ്മാനാർഹമായ ശിവൻ എടമനയുടെ ‘ന്യൂറോ ഏരിയ’ ഒരേ സമയം ക്രൈം ഫിക്‌ഷൻ്റെയും സയൻസ് ഫിക്‌ഷൻറെയും സങ്കരസ്വഭാവം പുലർത്തുന്നു. റോബോട്ടിക് സാങ്കേതികവിദ്യയുള്ള, സൈബർ സെക്യൂരിറ്റി സൗകര്യമുള്ള സതേൺ കെയർ എന്ന ഹോസ്പിറ്റലിനെ പശ്ചാ ത്തലമാക്കിയാണ് കഥ മുന്നേറുന്നത്. ഗണിത ശാസ്ത്രയുക്തികളെ പലപ്പോഴും ക്രൈം ത്രില്ലർ നോവലുകൾ മുറുകെ പിടിക്കുന്നുണ്ട്. ‘ന്യൂറോഏരിയ’യിലും പ്രശ്നനിർദ്ധാരണത്തിനായി ഗണിതശാസ്ത്രത്തെ ആശ്രയിക്കുന്ന പല സന്ദർ ഭങ്ങളുമുണ്ട്. ‘എന്തിനും ഒരു കണക്കുണ്ട്. ഒന്നും വെറുതെ സംഭവിക്കുന്നില്ല. എന്തിലും ഏതിലും പാറ്റേൺ കണ്ടെത്തുക’ എന്ന ഗണിതശാസ്ത്ര സമാനമായ
 യുക്തി നോവലിന്റെ ആഖ്യാനശാസ്ത്രമായി പരിണമിക്കുന്നു. ഫ്രഞ്ച് ദാർശനിക നും ഗണിതശാസ്ത്രവിജ്ഞാനിയുമായ റെനെഡെസ്കാട്ടിൻ്റെ ഗണിതചിന്തകളും ആവോളമുണ്ട് ന്യൂറോ ഏരിയയിൽ.

സിബി ജോണിന്റെ ‘മർഡോമെട്രി’ ഗണിതശാസ്ത്രസമസ്യകളെ പ്ര ശ്നവത്കരിക്കുന്ന നോവലാണ്. ഗ്രീക്ക് ഗണിതശാസ്ത്രജ്ഞനായ പൈത ഗോറസിന്റെ ഗണിതസിദ്ധാന്തങ്ങളുടെ അടിത്തറയിലാണ് മർഡോമെട്രി നിലനില്ക്കുന്നത്. ഹിസ്റ്റോറിക്കൽ ത്രില്ലർ വിഭാഗത്തിലെ പുത്തൻ ചുവടുവയ്പ്‌പു കളാണ് അനൂപ് ശശികുമാറിന്റെ ‘ഒൻപതാംവീട്’, ജയപ്രകാശ് പാനൂരിന്റെ ‘കിഷ്കിന്ധയുടെ മൗനം’. ഫിക്‌ഷണൽ റിയലിസത്തിൻ്റെ സങ്കേതങ്ങൾ ആഖ്യാ നഘടകങ്ങളായി രൂപാന്തരപ്പെടുന്ന സ്ഥിതിവിശേഷം നോവലിലുടനീളം പ്രക ടമാണ്. യഥാർത്ഥ സ്ഥലങ്ങളും ഭാവനാസ്ഥലങ്ങളും സംയോജിപ്പിച്ചുകൊണ്ട് സത്യം/മിഥ്യ എന്നീ ഘടകങ്ങളെ ചരിത്രത്തോടൊപ്പം കൂട്ടിക്കലർത്തിയും അവതരിപ്പിക്കുന്ന ഫിക്‌ഷണൽ റിയലിസം വായനക്കാരെ ഉദ്വേഗത്തന്റെ മുൾമുനയിൽ എത്തിക്കാൻ പര്യാപ്തമായ ആഖ്യാനതന്ത്രമാണ്. ഫിക്‌ഷണൽ റിയലസത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തിയ, അപസർപ്പകസ്വ ഭാവമുള്ള നോവലുകളാണ് ബെന്യാമൻ്റെ ‘മഞ്ഞവെയിൽ മരണങ്ങൾ’, ടി.ഡി. രാമകൃഷ്ണന്റെ ‘ഫ്രാൻസിസ് ഇട്ടിക്കോര’, വിപിൻദാസിൻ്റെ ‘അനാഹി’.

മിത്തുകളുടെ അപനിർമ്മാണം (Demythification) ആഖ്യാനകലയുമായി കൂടിച്ചേരുന്ന ശില്പതന്ത്രമാണ് വിപിൻദാസിൻ്റെ ‘അനാഹി’, മിസ്റ്റിക് ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന അനാഹിയിൽ ‘ലിലിത്ത് എന്ന ബൈബിൾമിത്തിനെ ഫിക്ഷണൽ റിയലിസത്തിൻ്റെ സഹായത്തോടെ അപനിർമ്മിക്കുന്നു. ദൈവം ആദ്യം സൃഷ്ടിച്ച സ്ത്രീയാണ് ലിലിത്ത്. പിന്നീട് ദൈവത്തിന്റെ അനി ഷ്ടത്തിന് വിധേയയായി ലിലിത്ത് സ്വർഗ്ഗത്തുനിന്നും പുറത്താക്കപ്പെടുന്നു. ദൈവചരിത്രത്തിലെ ആദ്യ അനീതി ലിലിത്തിൻ്റെ പുറത്താക്കലായിരുന്നു. സ്വർഗ്ഗത്തിൽനിന്നും ഭൂമിയിലെത്തിയ ലിലിത്ത് ദൈവത്തോട് പ്രതികാരം ചെയ്യുന്നതിനായി ഒരു കൂട്ടം മാലാഖമാരെ കണ്ടുപിടിക്കുകയും അവർക്കിടയിൽ ഒരു നിഗൂഢഭാഷ രൂപപ്പെടുത്തുകയും ചെയ്യുന്നു. ആ ഭാഷയിലെ അക്ഷരങ്ങൾ സഹ്യൻ എന്ന ചെറുപ്പക്കാരൻ്റെ ശരീരത്തിൽ പ്രത്യക്ഷപ്പെടുന്നതും തുടർന്ന് സഹ്യന്റെയും സുഹൃത്തായ ആരവല്ലിയുടെയും അന്വേഷണമാണ് അനാഹി യിലൂടെ വെളിപ്പെടുന്നത്.

അഞ്ച്

 അപസർപ്പകാഖ്യാനങ്ങൾ ഒറ്റവായനയുടെ സുഖം തരുന്നതാണെങ്കിൽ കൂടിയും അവയിലൂടെ വായനക്കാരന് ലഭിക്കുന്ന അറിവുകൾക്ക് പരിധിയി ല്ല. ഉദ്വേഗം നിലനിർത്തി വായനക്കാരെ ആസ്വദിപ്പിക്കുന്നതിനോടൊപ്പം അറിവിന്റെ ഖനികളായും നോവൽശില്പം മാറുന്നു. ആവേദകരിൽ നിന്നും മനസ്സിലാക്കിയതോ പുസ്തകങ്ങളിൽനിന്നു ലഭിക്കുന്നതോ ഇന്റർനെറ്റിന്റെ സഹായത്തോടെ അറിഞ്ഞതോ ആയ വിവരങ്ങളെ നോവലിൻ്റെ ആഖ്യാ നതന്ത്രങ്ങളിലേക്ക് വിളക്കിച്ചേർക്കുക വഴിയാണ് ജ്ഞാനോല്പാദന ഉറവിട ങ്ങളായി അപസർപ്പകാഖ്യാനങ്ങൾ മാറുന്നത്. ശിവൻ എടമനയുടെ ‘ന്യൂറോ ഏരിയ’യിൽ 2045 Initiative” എന്ന പ്രവർത്തനത്തെക്കുറിച്ചുള്ള അറിവുകൾ ആരെയും സ്തബ്ധരാക്കുന്നതാണ്. ബ്രെയിൻ മാപ്പിങ്ങ്/ഷിഫ്റ്റിങ്, ഫ്യൂച്ചറിസ്റ്റ് കോൺഗ്രസ് തുടങ്ങിയ സാങ്കേതിക പദ്ധതികളെക്കുറിച്ചുള്ള അറിവുകൾ നോവൽ ആസ്വാദനത്തിനിടയിൽ ലഭിക്കുന്ന ബോണസുകളായി കണക്കാ ക്കാം. അനൂപ് ശശികുമാറിൻ്റെ ‘ഒൻപതാം വീട്’ എന്ന നോവലിൽ ചരിത്ര സംഭവങ്ങളും പ്രക്ഷോഭങ്ങളും കഥാപാത്രങ്ങളും നമുക്കിടയിലേക്ക് ക്ഷണി ക്കാതെ എത്തപ്പെടുന്നുണ്ട്. 1750 കാലഘട്ടത്തിലേക്കുള്ള ഒരു ‘ടൈം ട്രാവൽ’ അനുഭവം ഒൻപതാവീട് വായനക്കാർക്ക് സമ്മാനിക്കുന്നു. എട്ടരയോഗം, മൂലഭദ്രിഭാഷ, കുളച്ചൽ യുദ്ധം, എട്ടുവീട്ടിൽ പിള്ളമാർ എന്നിങ്ങനെ നീളുന്നു ഒൻപതാംവീട്ടിലെ ചരിത്ര അറിവുകൾ.

ആദർശിന്റെ ‘ഡാർക്ക്നെറ്റ്’, നിഖിലേഷ് മേനോന്റെ ‘പ്രഥമദൃഷ്ട്യാ’, ‘അഗോചരം’ തുടങ്ങിയ നോവലുകളും മലയാളി വായനക്കാർക്ക് അത്ര പരിച യമില്ലാത്ത ബിറ്റ്കോയിൻ”, വെർച്വൽ മണി, ഇൻ്റർനെറ്റിലെ ഡാർക്ക് വെബ് എന്നിവയെപ്പറ്റിയുള്ള പ്രാഥമികമായ അറിവുകൾ നല്കുന്നുണ്ട്. ഫോറൻസിക് ശാസ്ത്രം, ഫിംഗർപ്രിന്റ്റ് ബ്യൂറോ, ക്രിമിനൽ സൈക്കോളജി എന്നിവയെ കുറ്റാ ന്വേഷണത്തിന്റെ ഭാഗമാക്കി മാറ്റാനും പുതുതലമുറ എഴുത്തുകാർ മടിക്കുന്നില്ല. നിരന്തരം പരീക്ഷണങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഭൂമികയായി അപസർപ്പക സാഹിത്യം മാറുന്നു. എഴുത്തുകാരൻ്റെ വളർച്ചയിൽ പ്രധാന പങ്കുവഹിക്കുന്ന ഒരു പ്ലാറ്റ്ഫോമായി ഇന്ന് സോഷ്യൽമീഡിയ മാറിയിരിക്കുന്നു. ഒരേ സമയം എഴുത്തുകാരനും വായനക്കാരനും സംവദിക്കാൻ കഴിയുന്ന സോഷ്യൽമീഡിയയിൽ നോവലുകളുടെ പരിചയപ്പെടുത്തലും വായനാനുഭവ ങ്ങളും പങ്കുവയ്ക്കപ്പെടുന്നു. മലയാളനോവൽ ചരിത്രത്തിൽ ഇതുവരെ പരീക്ഷിക്ക പ്പെടാത്ത ഒരു ദൃശ്യപ്രഭാവത്തിന് കൂടി കുറ്റാന്വേഷണ നോവലുകൾ സാക്ഷ്യം വഹിക്കുന്നുണ്ട്. സിനിമകൾക്ക് മാത്രം ഇറങ്ങുന്ന ടീസറുകളും ക്യാരക്ടർ പോസ്റ്റ റുകളും ഇന്ന് കുറ്റാന്വേഷണ നോവലുകളുടെ പ്രസാധനത്തിന് മുൻപ് തന്നെ സോഷ്യൽ മീഡിയയിൽ തരംഗമാകാറുണ്ട്. വൻസ്വീകാര്യതയാണ് ഇത്തരം പോസ്റ്ററുകൾക്കും ടീസറുകൾക്കും ലഭിക്കുന്നത്.

എഴുപതുകളിൽ ജനപ്രിയ സാഹിത്യത്തിന് ‘പൈങ്കിളിസാഹിത്യം’ എന്ന വട്ടപ്പേരുണ്ടായിരുന്നു. കാലഘട്ടം മാറി വരുമ്പോഴും വട്ടപ്പേര് മാറ്റ മില്ലാതെ തുടർന്നു. ജനപ്രിയവാരികകളിലെ താളുകളിൽ രക്തവും പകയും ഭയവും ചിതറിത്തെറിച്ചിരുന്ന കാലഘട്ടത്തിൽ അതേറ്റുവാങ്ങാൻ, അനുഭവി ക്കാൻ പൈങ്കിളിയല്ലാത്തൊരു സമൂഹം ഇവിടെയുണ്ടായിരുന്നു. അവരായിരു ന്നു രക്തം കട്ടപിടിപ്പിക്കുന്ന ഭാവനാകഥകൾ ആസ്വദിച്ചിരുന്നത്. എന്നാൽ സത്യാനന്തരകാലഘട്ടത്തിൽ ട്രെൻഡ്സെറ്ററായി മാറുന്ന സാഹിത്യമേഖ ലയായി കുറ്റാന്വേഷണസാഹിത്യം മാറി. എഴുത്തിൻ്റെ വേളയിൽ എഴുത്തുകാ രനും വായനാവേളയിൽ വായനക്കാരനും ഒരുപോലെ ബൗദ്ധികവ്യായാമം (Intellectual Exercise) പ്രദാനം ചെയ്യുന്ന ആഖ്യാനവിശേഷമായി അപസർപ്പ കസാഹിത്യം പരിവർത്തനപ്പെട്ടു. കുറ്റം കുറ്റാന്വേഷണം-കുറ്റവാളി ഘടനയുടെ പൊളിച്ചെഴുത്തും സൈബർസ്പേസ്, ഡിജിറ്റൽ അധോലോകം പോലെയുള്ള പുതിയ പ്രമേയങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ട് യുക്തിക്കും ഭാവനയ്ക്കുമൊപ്പം നടന്നുനീങ്ങുന്ന മുഖ്യധാരാസാഹിത്യപ്രസ്ഥാനമായി കുറ്റാന്വേഷണനോവ ലുകൾ മാറുന്നു എന്നതിൽ അതിശയിക്കേണ്ടതില്ല.

കുറിപ്പുകൾ

1. വായനക്കാരനെ സർവപ്രധാനനായി അവരോധിക്കുന്ന റൊളാങ്ബാർത്തിൻ്റെ ഗ്രന്ഥ കാരന്റെ മരണത്തിലൂടെ കൃതിയുടെ കർത്താവായ ഗ്രന്ഥകാരൻ്റെ പ്രധാന്യമില്ലായ്മയെ ചോദ്യം ചെയ്യുന്നു. കുറ്റാന്വേഷണ സാഹിത്യത്തിൽ പലഘട്ടങ്ങളിലും എഴുത്തുകാരന്റെ ഭാവനയൊപ്പമെത്താനും വിധിനിർണ്ണയത്തിൽ എഴുത്തുകാരനേക്കാൾ ഒരു പടികടണ ന്ന് കുറ്റവാളിയെ കണ്ടെത്താനും വായനക്കാർക്ക് കഴിയുന്നുണ്ട്.

2 ഫ്രഞ്ച് ദാർശനികനും ഗണിതശാസ്ത്രജ്ഞനുമായ റെനെഡെസ്കാട്ടിൻ്റെ ഗണിതചിന്തകൾ ഏറെ പ്രശസ്തമാണ്. പ്രപഞ്ചത്തിലെ എല്ലാ സമസ്യകളെയും ഗണിതസമവാക്യങ്ങളാ ക്കി മാറ്റാമെന്ന് സ്വപ്നം കണ്ടയാൾ കൂടിയാണ് റെനെഡെസ്കാട്ട്.

 3. നോവലിലാണ് ലിലിത്ത് എന്ന മിത്ത് പൂർണ്ണത നേടുന്നത്. യഹൂദപുരാണത്തിൽ പൈശാചിക ദേവതയായിട്ടാണഅ ലിലിത്തിനെ കണ്ടിരിക്കുന്നത്. ഗൂഡഭാഷയുണ്ടാ മിയ ലിലിത്തിനെ ദൈവം ഭൂമിയിൽ ജീവനോടെ അടക്കം ചെയ്തു എന്നുള്ള വസ്തുതകൾ എഴുത്തുകാരന്റെ ഭാവനാസൃഷ്ടിയാണ്.

4.ദിമിത്രി ഇറ്റ്സ്കോവിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച ഒരു പ്രൊജക്റ്റ് വർക്കാണ് 2045 Initiative മനുഷ്യചിന്തകളെ കമ്പ്യൂട്ടറിൻ്റെ സഹായത്തോടെ പ്രോഗ്രാമുകളാക്കി മാറ്റുന്ന പ്രവർത്തനങ്ങളാണ് ഈ പ്രൊജക്റ്റിൽ നടക്കുന്നത്. Artificial brain എന്ന സങ്കല്പത്തിന്റെ പ്രത്യക്ഷവത്കരണമാണ് ഈ പ്രൊജക്ട് ലക്ഷ്യമിടുന്നത്.

5.പണമിടപാടുകൾക്കായുള്ള നവീനമായ പദ്ധതിയാണ് ബിറ്റ്കോയിൽ ഇത്തരത്തിലു ള്ള കറൻസിയെ നിയന്ത്രിക്കാൻ നിയമിക്കപ്പെട്ട ഒരു ഭരണസ്ഥാപനവുമില്ല. ബിറ്റ്കോയിൽ ഒരു ഡിജിറ്റൽ കറൻസിയാണ് (Decentralised, virtual currency that provided secure global Transactions very quickly and without any Third party manipulations)

ഗ്രന്ഥസൂചി

1. തരകൻ, കെ.എം. മലയാളനോവൽ സാഹിത്യചരിത്രം, കേരളസാഹിത്യ അക്കാദമി, തൃശ്ശൂർ, 1978.
2. ബഷീർ, എം.എം, മലയാള ചെറുകഥാസാഹിത്യചരിത്രം, കേരളസാഹിത്യ അക്കാദമി, തൃശ്ശൂർ, 2002
3. മാധവ പൈ, കഥാസാഹിത്യം, ശ്രീനരസിംഹവിലാസം ബുക്ക് ഡിപ്പോ, തുറവൂർ, 1969.
4 രവിന്ദ്രൻ, പി.പി, ആധുനികാനന്തരം വിചാരം വായന, സാഹിത്യപ്രവർത്തകസഹകര ണസംഘം, കോട്ടയം, 1999.
5.രാജശേഖരൻ, പി.കെ., ബുക്സ്റ്റാൾജിയ, മാതൃഭൂമി ബുക്സ്, കോഴിക്കോട്
6.രാധാകൃഷ്ണൻനായർ, ഡി, ആഖ്യാനവിജ്ഞാനം, കേരളഭാഷാഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്ത , 2000
7. ശ്രീകുമാർ, എം.ജി, ജനപ്രിയസാഹിത്യം മലയാളത്തിൽ, സാഹിത്യപ്രവർത്തക സഹക രണസംഘം.
8.ഷാജിജേക്കബ്, ജനപ്രിയസംസ്കാരം ചരിത്രവും സിദ്ധാന്തവും, മാതൃഭൂമി, കോഴിക്കോട്, 2009.
9. ഹമീദ്, അപസർപ്പകനോവലുകൾ മലയാളത്തിൽ, കേരളസാഹിത്യ അക്കാദമി, തൃശ്ശൂർ, 2015.

Scroll to Top