അപസർപ്പകാഖ്യാനങ്ങളും ഗോഥിക് പാരമ്പര്യവും

തെരഞ്ഞെടുത്ത മലയാള നോവലുകളെ അടിസ്ഥാനമാക്കിയുള്ള പഠനം

ഡോ. രാജശ്രീ ആർ.
അസി. പ്രൊഫസർ, ബ്രണ്ണൻ കോളേജ്, തലശ്ശേരി

 പ്രബന്ധസംഗ്രഹം

കുറ്റാന്വേഷണങ്ങളുടെ കേന്ദ്രബിന്ദു കൊലപാതകമോ കൊലപാതക പരമ്പ രകളോ ആയിരിക്കുന്നത് സ്വാഭാവികമാണ്. ഈ സാഹിത്യ ഗണത്തിൽ രൂപപരമായും പ്രമേയപരമായും നടക്കാവുന്ന പരീക്ഷണങ്ങളെ ദുർബ ലമാക്കുന്ന ഒരു പരിമിതിയായി അത് മാറാറുണ്ട്. കുറ്റകൃത്യവും അതിനെ കേന്ദ്രീകരിച്ചു നടക്കുന്ന അന്വേഷണവും എന്ന സാമാന്യ നിർവചനത്തിൽ ഉൾക്കൊള്ളിക്കേണ്ടി വരുന്നുവെന്നത് അതിനൊരു കാരണമാണ്. വാസ്ത വത്തിൽ അപസർപ്പക സാഹിത്യം അതിൻ്റെ ഗോഥിക് പാരമ്പര്യത്തോട് സവിശേഷ ബന്ധം പുലർത്തുന്നുണ്ട്. ഗോഥിക് സാഹിത്യത്തിന്റെ സവിശേ ഷതകളെ പോസ്റ്റ് മോഡേൺ അടയാളങ്ങളായി വായിച്ചെടുക്കാവുന്നതാണ്. അവയെ എപ്രകാരമാണ് മലയാളത്തിലെ കുറ്റാന്വേഷണാഖ്യാനങ്ങൾ സ്വാംശീകരിക്കുന്നതെന്ന അന്വേഷണമാണ് ഈ പ്രബന്ധം.

കീലപദങ്ങൾ: ഹൊറർ (ഭയം), ടെറർ (ഭീതി), പോസ്റ്റ്‌മോഡേൺ. അൺകാനി

ആമുഖം

സാമാന്യജനങ്ങളുടെ മനസ്സിനെ നിഷ്ക്രിയമാക്കി നിയന്ത്രണത്തിൽ നിലനിർ ത്താൻ ഉപരിവർഗത്തെ സഹായിക്കുന്നതും വിലകുറഞ്ഞതുമായ ഒന്നായി ജനപ്രിയസംസ്കാരത്തെയും സാഹിത്യത്തെയും കണ്ട വിമർശകരുണ്ട്. അതേ സമയം തന്നെ അധിശവർഗ്ഗത്തിൻ്റെ സംസ്കാരത്തോടുള്ള ചെറുത്തുനില്ലാ യും അതിനെ വായിച്ചെടുത്തിട്ടുണ്ട്. മുഖ്യധാരാ സാഹിത്യവ്യവഹാരങ്ങൾക്ക് നേരിടേണ്ടി വന്നിട്ടില്ലാത്ത ഈ സന്ദിഗ്ദ്ധതയിലാണ് അപസർപ്പകാഖ്യാന ങ്ങൾ സ്ഥാപിക്കപ്പെടുന്നത്. ഒരു സാഹിത്യഗണം എന്ന നിലയ്ക്ക് അതിന് ചില പെരുമാറ്റച്ചട്ടങ്ങളുടെ ബാധ്യതകൾ വഹിക്കേണ്ടിവരുന്നുണ്ട്. അതേസമയം തന്നെ സാഹിത്യവ്യവഹാരം എന്ന നിലയ്ക്ക് ആ പരിമിതികളെ മറികടക്കാനുള്ള ശ്രമങ്ങളും ഉണ്ടാകുന്നുണ്ട്. എഴുത്തിലും വായനയിലുമുണ്ടായിക്കൊണ്ടിരിക്കുന്ന നവീന പ്രവണതകളുടെ വെളിച്ചത്തിലുള്ള വിലയിരുത്തൽ അപസർപ്പകാ ഖ്യാനങ്ങളും അർഹിക്കുന്നു. ഗോഥിക് സാഹിത്യത്തിൻ്റെ സവിശേഷതകൾ പലതും പോസ്റ്റ് മോഡേൺ സാഹിത്യകൃതികളിൽ കണ്ടെത്താവുന്നതാണ്. മലയാളത്തിലെ അപസർപ്പകാഖ്യാനങ്ങളിൽ അത് എപ്രകാരം ദൃശ്യമാകു ന്നുവെന്നതിനെപ്പറ്റിയുള്ള അന്വേഷണം പ്രസക്തമാകുന്നത് അങ്ങനെയാണ്. മലയാളത്തിൽ 2018 മുതൽ 2020 വരെ പ്രസിദ്ധീകരിക്കപ്പെടുകയും ജനപ്രിതി നേടുകയും ചെയ്ത കോഫി ഹൗസ് ഹൈഡ്രേഞ്ചിയ, റൂത്തിന്റെ ലോകും എന്നി നോവലുകളെ ഉദാഹരണമായെടുത്തു കൊണ്ടാണ് ഈ പഠനം നിർവഹി ക്കുന്നത്. നോവലുകളുടെ സവിശേഷപഠനം പ്രബന്ധത്തിന്റെ ലക്ഷ്യമല്ല. ചില നിരീക്ഷണങ്ങളെ സമർത്ഥിക്കാൻ അവയിലെ ചില സന്ദർഭങ്ങൾ ഉപയോഗിക്കുകയാണ് ചെയ്തിട്ടുള്ളത്.

കുറ്റകൃത്യം, സംശയത്തിൻ്റെ നിഴലിൽ നില്ക്കുന്ന വ്യക്തികളും സാഹച ര്യങ്ങളും, യഥാർത്ഥ സംഭവത്തിന്റെയും അതിനു പിന്നിലെ വ്യക്തികളുടെയും അനാവരണം എന്ന സാമാന്യഘടനയാണ് അപസർപ്പകാഖ്യാനങ്ങൾക്ക് ഉള്ളത്. ഒരർത്ഥത്തിൽ ഇത് ഒരു ചുരുക്കലാണ്. ആഖ്യാനത്തെ സംബന്ധി ച്ചിടത്തോളം പൂർവനിർണീതമായ ഈ ഘടന ഒരു വെല്ലുവിളിയാണ്. ഉദാത്ത സാഹിത്യ കൃതികളുടെ വിഭാഗത്തിൽ അവ പരിഗണിക്കപ്പെടാതിരുന്നതിന്റെ സാംസ്ക്കാരിക സാഹചര്യങ്ങൾ വിലയിരുത്തുമ്പോൾ സാഹിത്യഗണമെന്ന നിലയിൽ അഭിമുഖീകരിക്കേണ്ടി വരുന്ന പരിമിതികളോടൊപ്പം തന്നെ പ്ര സക്തമായ മറ്റൊരു വസ്തുതയുണ്ട്. ഉദാത്തമെന്നു വ്യവഹരിക്കപ്പെടുന്ന ഒരു സാഹിത്യ കൃതി വായനക്കാരിൽ ഉണ്ടാക്കിയെടുക്കേണ്ട അവബോധത്തെ ക്കുറിച്ചുള്ള പരമ്പരാഗത ധാരണകളോട് അപസർപ്പകാഖ്യാനങ്ങൾക്ക് മത്സരിക്കേണ്ടി വന്നുവെന്നതാണത്. ഉദാത്തകൃതികൾ സൃഷ്ടിക്കുന്നതെന്ന് കരുതപ്പെടുന്ന സൗന്ദര്യാത്മകതാവബോധവും (Aesthetic sense) അതിലൂടെ വായനക്കാർ എത്തിച്ചേരേണ്ട സൗന്ദര്യാത്മക വിധിനിർണ്ണയവും (Aesthetic judgements) അപസർപ്പകാഖ്യാനങ്ങളുടെ വായനയിൽ സംഭവിക്കുന്നില്ലെ ന്ന ധാരണയാണ് അവയുടെ താഴ്ന്ന നിലയ്ക്ക് കാരണമായത്. വികാരങ്ങളുടെ
 സംസ്കരണത്തിനു പകരം താഴ്ന്ന വികാരങ്ങളുടെ വേലിയേറ്റമാണ് അത്തരം കൃതികളുടെ വായനക്കാരിൽ സംഭവിക്കുന്നതെന്ന പണ്ഡിത വിശ്വാസങ്ങളാണ് ഇവയുടെ സാഹിത്യത്തിലെ സ്ഥാനീകരണത്തെ പ്രതികൂലമായി ബാധിച്ചത്. സാഹിത്യമൂല്യത്തിലുപരി ചികിത്സാമൂല്യമാണ് ഇവയ്ക്കുള്ളതെന്ന നിരീക്ഷണം ശ്രദ്ധേയമാണ് (Brewster, 2017: 62-67) ക്രൈം നോവലുകളുടെ, അവയിൽ ത്തന്നെ ഫോറൻസിക് ക്രൈം നോവലുകളുടെ ആഖ്യാനത്തിലെ ഇഴയടുപ്പവും കരുത്തും വിഷാദത്തെ ചെറുക്കാൻ ശക്തിയുള്ളതാണെന്ന് ബ്രൂസ്റ്റർ പറയുന്നു. വൈകാരിക ചികിത്സയെന്നാണ് ഇത്തരം നോവലുകളുടെ വായനയെ അദ്ദേഹം വിശേഷിപ്പിക്കുന്നത്. വികാരങ്ങളുടെ ഈ ശക്തിയെക്കുറിച്ച് ഗോഥിക് എഴുത്തുകാർക്ക് കൃത്യമായ ധാരണയുണ്ടായിരുന്നു. ഭയത്തെയും ഭീതിയെയും അവർ സമർത്ഥമായി ഉപയോഗിക്കുന്നുണ്ട്. Horror, Terror എന്നിവ പ്രാഥമികമായി ഭയത്തെ പ്രതിനിധീകരിക്കുന്നുണ്ടെങ്കിലും അവ തമ്മിലുള്ള വ്യത്യാസം സൂക്ഷ്മമായി ആവിഷ്കരിക്കപ്പെടുന്നുണ്ട്. ഭയപ്പെടുത്തുന്ന അനുഭവമോ യാഥാർത്ഥ്യമോ ആണ് ഹൊറർ, അതിലേക്ക് നയിക്കുന്ന ഭീതിയും ആകാംക്ഷയും നിറഞ്ഞ വികാരമാണ് ടെറർ (റാഡ് ക്ലിഫ്, 1826: 145 -152). ഭയാനകമായ സംഭവങ്ങൾക്കു മുമ്പുണ്ടാകുന്ന അവ്യക്തതയും അനിശ്ചി തത്വവുമാണ് ഭിതി. ഇത് മനസ്സിനെ സംസ്കരിക്കുകയും ഉദാത്തതയിലേക്കു യർത്തുകയും മാനസികമായ കഴിവുകളെ ഉണർത്തുകയും ചെയ്യുന്നു. ഭയം ഇവയെയെല്ലാം ഉന്മൂലനം ചെയ്യുകയാണ് ചെയ്യുന്നത് (രാജശ്രീ, 2018: 14-15).

റാഡ് ക്ലിഫ് അവതരിപ്പിച്ച ഭീതിയുടെ നിർവചനം സാഹിത്യത്തിന്റെ ഉദാത്തതാ സങ്കല്പത്തെയും അരിസ്റ്റോട്ടിലിയൻ വികാരവിമലീകരണത്തിലും സ്പർശിക്കുന്നുണ്ടെന്നു കാണാം. അതായത് ഭീതിയിൽ നിന്ന് ഭയത്തിലേക്കു ള്ള സ്ഥാനാന്തരത്തിലെവിടെയോ ആണ് അപസർപ്പകാഖ്യാനങ്ങളുടെ സാഹിത്യ മൂല്യം നഷ്ടമാകുന്നതെന്നു കാണാം. അമേരിക്കൻ കുറ്റാന്വേഷണ സാഹിത്യകാരനായ സ്റ്റീഫൻ എഡ്വിൻ കിംഗിൻ്റെ അഭിപ്രായം അതിനെ സാധുകരിക്കുന്നതാണ്. “ഭീതി (Terror ) എന്നതാണ് ഉദാത്തമായ വികാരം എന്നതിനാൽ ഞാൻ വായനക്കാരിൽ ഭീതിയുണർത്താൻ ശ്രമിക്കുന്നു അത് അസാദ്ധ്യമെന്നു കാണുമ്പോൾ അവരെ ഭയപ്പെടുത്താൻ ശ്രമിക്കുന്നു. അതും ഫലിക്കുന്നില്ലെന്നു കാണുമ്പോൾ അവരിൽ അറപ്പുളവാക്കി വിരക്തരാക്കാൻ നോക്കുന്നു–ഞാനൊട്ടും അഭിമാനിക്കുന്നില്ല” (ibid).

ഭീതി ഭയം  അർത്ഥത്തിലല്ല അദ്ദേഹം പ്രയോഗിച്ചത്. അറപ്പ് എന്ന സാമാന്യമായ അർത്ഥമാണ് ഉദ്ദേശിച്ചത്. സമീപകാലത്തെ അപസർപ്പകാഖ്യാനങ്ങളില ടക്കം കൊലപാതകരംഗങ്ങളുടെയും വയലൻസിൻ്റെയും ആവിഷ്കാരങ്ങളിൽ ഭയവും ഭീതിയുമൊഴിച്ചാൽ പിന്നീട് പ്രത്യക്ഷമാകുന്നത് വിരക്തിയാണ്. ഹൈഡ്രേഞ്ചിയയിലെയും റൂത്തിൻ്റെ ലോകത്തിലെയും വയലൻസ് രംഗ ങ്ങളിൽ അത് വ്യക്തമാണ്. പോസ്റ്റ്മോർട്ടത്തിൻ്റെയും ശവശരീരപരിശോ ധനയുടെയും വിശദവിവരങ്ങൾ ഭയത്തിനും ഭീതിക്കുമപ്പുറത്ത് എഡ്വിൻ കിംഗ് നിരീക്ഷിക്കുന്ന തരത്തിലുള്ള വിരക്തിക്ക് ഉദാഹരണമാണ്. ഗോഥിക് സാഹിത്യത്തിന്റെ ഈ സവിശേഷ പാരമ്പര്യം സമീപകാലത്ത് പ്രസിദ്ധീ കരിക്കപ്പെട്ട നോവലുകൾ പിന്തുടരുന്നതിൻ്റെ തെളിവാണത്. മുഖ്യധാരാ സാഹിത്യത്തിലാകട്ടെ, അകാരണങ്ങളും അവ്യാഖേയങ്ങളുമായ ഭീതിയുടെ വിവരണങ്ങൾ മനുഷ്യാസ്തിത്വത്തെക്കുറിച്ചുള്ള ദാർശനിക വിചാരങ്ങളുമായി ബന്ധപ്പെടുത്തിയാണ് വിശകലനം ചെയ്യാറുള്ളത്. അവിടെ അത്തരം ചിതറിച്ചകൾ പോസ്റ്റ് മോഡേൺ സാഹിത്യത്തിൻ്റെ സവിശേഷതകളായി പരിഗണിക്കപ്പെടുകയും ചെയ്യുന്നു.

ചുരുക്കത്തിൽ ഭയം, ഭീതി, വിരക്തി എന്നീ ബിന്ദുക്കളിലാണ് അപസർ പ്പകാഖ്യാനങ്ങൾ ബന്ധിക്കപ്പെട്ടിരിക്കുന്നത് എന്നു കാണാം. മരണമാണ് മനുഷ്യരുടെ ഏറ്റവും വലിയ ഭയം. അതിലേക്കു നയിക്കുന്ന എല്ലാ സാഹച ര്യങ്ങളും അവരിൽ ഭീതിയുണർത്തും, മരണവും മരണാനന്തര ജീവിത സങ്ക ല്പങ്ങളും സംഭവങ്ങളും അപസർപ്പകാഖ്യാനങ്ങളുടെ പ്രധാന ഭൂമികയായി മാറുന്നതിന്റെ പശ്ചാത്തലം ഇതാണ്. മരണത്തിൻ്റെ ദാർശനികതയല്ല ഭൗതികമായ പ്രത്യക്ഷമാണ് (appearance) അപസർപ്പകാഖ്യാനങ്ങൾ കൈകാര്യം ചെയ്യുന്നത്. ഭയഭീതികളെക്കുറിച്ച് ഗോഥിക് സാഹിത്യം മുന്നോ ട്ടുവച്ച സങ്കല്പങ്ങളാണ് ഇന്നും അവയെ നിയന്ത്രിക്കുന്നത്. ആഖ്യാനത്തിൽ നവീനമാർഗ്ഗങ്ങൾ പരീക്ഷിക്കപ്പെടുന്നുവെന്നു മാത്രം. കൊലപാതകങ്ങൾ ഭീതിജനകമായ കുറ്റകൃത്യങ്ങളാണ്. പരമ്പര ക്കൊലപാതകങ്ങൾ കുറ്റകൃത്യത്തിന്റെ ഗ്രാവിറ്റി വർദ്ധിപ്പിക്കുകയും ഉടനീളം ഭീതി നിലനിർത്തുകയും ചെയ്യുന്നുണ്ട്. അനിശ്ചിതത്വം ഭീതിയുടെ ഉൽപ്രേ രകമായാണ് പ്രവർത്തിക്കുക. വേണ്ടത്ര തെളിവുകൾ ലഭിക്കാതിരിക്കുക, കിട്ടിയവ പര്യാപ്തമല്ലാതിരിക്കുക, അവ തന്നെ കുറ്റകൃത്യത്തിന്റെ ഭാഗമായി അവശേഷിപ്പിച്ചതാവുക, കുറഞ്ഞ സമയപരിധിക്കുള്ളിൽ കുറ്റവാളിയെ പിടിക്കാനോ അടുത്ത കുറ്റകൃത്യം തടയാനോ സാധിക്കാതിരിക്കുക, അന്വേഷണത്തിനകത്തും പുറത്തും നില്ക്കുന്നവർ അപകടത്തിലാവുക എന്നി ങ്ങനെ ഭീതിയുടെ ആവിഷ്കരണോപാധികൾ കഥാ ശരീരത്തിന്റെ ഭാഗമായി പ്രവർത്തിക്കും.പ്രതിരോധങ്ങളെ മറികടന്നുകൊണ്ട് നടന്നു കഴിഞ്ഞതോ നടക്കാവുന്നതോ ആയ കൊലപാതകങ്ങളുടെ പരമ്പരകളാണ്.

കോഫി ഹൗസ്, ഹൈഡ്രേഞ്ചിയ, റുത്തിൻ്റെ ലോകം (ലാജോ ജോസ്, 2018-2019) എന്നീ മൂന്ന് നോവലുകളിൽ ഭയം ജനിപ്പിക്കുന്നത് കാണാം. മുപ്പതിൽപരം കൊലപാതകങ്ങളുടെയും അതിലക്കെത്തിയ രീതികളുടെയും വിശദാംശങ്ങളുണ്ട്. എന്നാൽ അത് പൂർണ്ണമായും പാരമ്പര്യാനുസാരിയല്ല എന്നു മാത്രം. ആധുനികതയുടെ സവിശേഷമുദ്രകളായ നാഗരികതയും യുക്തി ഭദ്രതയും സാർവലൗകികതയും നിയമസാധുതയും ചോദ്യം ചെയ്യപ്പെടുകയോ പുനഃസംഘടിപ്പിക്കപ്പെടുകയോ ചെയ്യുന്ന ചരിത്രപശ്ചാത്തലം അപസർപ്പ കാഖ്യാനങ്ങളെ സംബന്ധിച്ചിടത്തോളം കൂടുതൽ പ്രാധാന്യമർഹിക്കുന്നുണ്ട്. ചിഹ്നങ്ങൾക്കും സൂചനകൾക്കും അവ വഹിക്കുന്ന പ്രാഥമികാർത്ഥം മാത്രമല്ല അത്തരം ആഖ്യാനങ്ങളിലുണ്ടായിരിക്കുക. അന്തരീക്ഷസൃഷ്ടിക്കോ പാത്ര ചിത്രീകരണത്തിനോ മിഴിവേറ്റുകയെന്ന ധർമ്മത്തിനപ്പുറം അപസർപ്പകാഖ്യാ നങ്ങളിൽ കോഡുകളും ദൃശ്യങ്ങളും സംഭവങ്ങളുടെ ആവർത്തനങ്ങളും കഥയെ രൂപപ്പെടുത്തുകയും നിയന്ത്രിക്കുകയും ചെയ്യുന്ന തരത്തിൽ പരിണമിച്ചേക്കാം. ഉദാഹരണത്തിന്, ശക്തമായ കാറ്റിൽ മാത്രം വളഞ്ഞു നില്ക്കുന്ന മുളകളുടെ ദൃശ്യം, അതിലൂടെ കാണുന്ന അടുക്കള ജനലിലെ വെളിച്ചം എന്നീ സൂചനകൾ വളരെ യാദൃച്ഛികമായാണ് കോഫി ഹൗസ് കൊലപാതകപരമ്പരയിലെ യഥാർത്ഥ പ്രതിയിലേക്ക് അന്വേഷകയെ എത്തിക്കുന്നത്. ഏതെങ്കിലും വിധ ത്തിലുള്ള യാദൃച്ഛികസംഭവം കുറ്റാന്വേഷണത്തിന്റെ ഗതിയെ നിയന്ത്രിക്കരുതെ ന്ന് റൊണാൾഡ് അബു നോട്ട് നോക്സ് നിർദ്ദേശിക്കുന്നുണ്ട് (ജോൺ സാഗ്‌സ്, 2005: 15). കുറ്റാന്വേഷകരുടെ താരപരിവേഷം നഷ്ടപ്പെടുമെന്നതാണ് ഇതിനു കാരണം. പുതിയ അപസർപ്പകാഖ്യാനങ്ങൾ താരപരിവേഷ നഷ്ടത്തെക്കുറി ചുള്ള ഭയം പുലർത്താതെ യാദൃച്ഛികത യഥേഷ്ടം ഉപയോഗിക്കുന്നുണ്ട്. 2021 ൽ പുറത്തിറങ്ങിയ ‘ഒന്നാം ഫോറൻസിക് അദ്ധ്യായം’ (ഡോ. രജത് ആർ.) എന്ന നോവലിലെ അന്വേഷകൻ ഒരു മെഡിക്കൽ എക്സിബിഷനിൽ ഫോർ മലിനി ട്ടുവച്ച ശരീരഭാഗം യാദൃച്ഛികമായി കാണുന്നതുകൊണ്ടു മാത്രമാണ് കുറ്റവാളി പിടിയിലാവുന്നത്. കുറ്റാന്വേഷകൻ എന്ന നായകസങ്കല്പത്തിൽ സംഭവിക്കുന്ന ശക്തമായ വിച്ഛേദമായിത്തന്നെ ഇതിനെ കണക്കാക്കേണ്ടതാണ്.

 ഇതോടൊപ്പം പരിഗണിക്കേണ്ടതാണ് സ്ത്രീകളും വ്യതിരിക്ത ലിംഗസ്വഭാവം പുലർത്തുന്നവരും മാനസികമായി ശൈഥില്യം അനുഭവിക്കുന്നവരും മറ്റു തൊഴിൽ മേഖലകളിൽ പ്രവർത്തിക്കുന്നവരുമായ കുറ്റാന്വേഷകരുടെ രംഗപ്രവേശം. സ്ത്രീകളായ കുറ്റാന്വേഷകർ ഉണ്ടാകുന്നുവെന്നതിൽ പറയത്തക്ക പുതുമയില്ലെങ്കിലും നായക പദവിക്കേറ്റ ഇടിവ് അത് സൂചിപ്പിക്കുന്നുണ്ട്. കൊലപാതകം നടന്ന സ്ഥലത്ത് ഇരുട്ടത്തും മഴയത്തും ഭയന്നു വിറച്ചു നിന്ന് ഏറ്റവും പ്രധാനപ്പെട്ട ഒരു തെളിവിലേക്ക് ആകസ്മികകമായി എത്തുകയാണ് എസ്തർ. അവൾ തൊഴിൽ കൊണ്ട് പത്രപ്രവർത്തകയാണ്, താൻ കണ്ടെത്തിയ തെളിവുകൊണ്ട് അവൾക്ക് നിരപരാധിയായ ബഞ്ചമിനെ കൊലക്കയറിൽ നിന്നു രക്ഷിക്കാൻ സാധിക്കുന്നില്ല. വധശ്രമങ്ങളിൽനിന്ന് ഭാഗ്യം കൊണ്ടാണ് രക്ഷപ്പെടുന്നത്. പരാജിതയായ അവൾ തൻ്റെ കണ്ടെത്തലുകൾ ചേർത്ത് പുസ്തകം എഴുതുകയാണ് ചെയ്യുന്നതെന്നത് ശ്രദ്ധേയമാണ്. ‘ഇതു കൊണ്ട് (പുസ്തകം കൊണ്ട് ) എന്താണു പ്രയോജനം’ എന്ന ചോദ്യം അതിന്റെ എല്ലാ ദാർശനികഭാരത്തോടെയും നോവലിൻ്റെ അന്ത്യത്തിൽ ഉന്നയിക്കപ്പെടുന്നുണ്ട്. അപസർപ്പകാഖ്യാനത്തിൻ്റെ പ്രകൃതത്തിലായതുകൊണ്ടു മാത്രം അതിന്റെ ആഴം കുറയുന്നില്ല. ആ ചോദ്യം മേൽ സൂചിപ്പിച്ച സാഹിതീയമായ മുല്യങ്ങളുടെ പുന:സംഘാടനത്തിൻ്റെ ചരിത്രപശ്ചാത്തലത്തെ സൂചിപ്പിക്കുന്നുണ്ട്.

കോഫി ഹൗസിൽ നിന്ന് ഹൈഡ്രേഞ്ചിയയിലെത്തുമ്പോൾ എസ്തർ ഇമ്മാനുവൽ എന്ന കുറ്റാന്വേഷക ശാരീരികമായും മാനസികമായും കൂടുതൽ തകർന്നു പോകുന്ന വിധത്തിലാണ് ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്.” ഇങ്ങനെ യൊരാൾ ഈ ഭൂമിയിലുണ്ടോ? എടുത്ത തീരുമാനങ്ങൾ മുഴുവൻ പിഴച്ചു പോയ പമ്പരവിഡ്ഢി. എന്തിനിങ്ങനെയൊരു ജീവിതം? അവൾ സീലിംഗ് ഫാനിന്റെ കൊളുത്തിലേക്ക് നോക്കി (ലാജോ ജോസ്, 2018: 235). നോവലിന്റെ അന്ത്യ ത്തിൽ എസ്സർ അടക്കമുള്ള കുറ്റാന്വേഷകരായ സ്ത്രീകൾ കൊല്ലപ്പെടുന്നുണ്ട്. അപസർപ്പകാഖ്യാനങ്ങളുടെ പാരമ്പര്യവഴിയിൽ നിന്നുള്ള വേറിടലായിത്ത ന്നെയാണ് ഈ പരാജയങ്ങളും മരണങ്ങളും രേഖപ്പെടുക.

റൂത്തിന്റെ ലോകത്തിൽ റൂത്ത് റൊണാൾഡ് പ്രധാന കഥാപാത്രവും ആഖ്യാതാക്കളിൽ ഒരാളുമാണ്. ഓർമ്മ നഷ്ടത്തിൻ്റെ വിഹ്വലതകളിലാണ് റൂത്ത് ജീവിക്കുന്നത്. ഭൂതകാലം അവളുടെ ഓർമ്മയിലില്ല. വർത്തമാനകാലം രണ്ട് പാളികളായാണ് അവൾക്ക് അനുഭവപ്പെടുന്നത്. ഒന്ന് യഥാർത്ഥവും മറ്റേത് കല്പിതവുമാണ്. രണ്ട് പാളികളിലേക്കും നിരന്തരം സ്ഥാനാന്തരം സംഭവിക്കുന്ന മനസ്സാണ് അവളുടേത്. ടാബിലോ ഫോണിലോ ടൈപ്പ് ചെയ്ത
 ദൈനംദിന ജീവിതവൃത്തികളുടെ വിവരണത്തിലൂടെയാണ് അവൾ യഥാർത്ഥ വർത്തമാനകാലത്തെ അറിയുന്നത്. ചില സവിശേഷ ചിഹ്നങ്ങളിലൂടെയും ദൃശ്യങ്ങളിലൂടെയും സംഭവങ്ങളിലൂടെയും മാത്രമേ അവൾക്ക് സ്വന്തം അസ്തിത്വം തിരിച്ചറിയാനാവുന്നുള്ളൂ. കല്പിത വർത്തമാനകാലത്തിൽ അവൾക്ക് രണ്ട് കുട്ടികളും അവർക്ക് പേരുകളും സ്വന്തം മുറികളുണ്ട്. അവൾ ചിത്രങ്ങൾ വരയ്ക്കാറുണ്ട്. പക്ഷേ ആ കല്പിത വർത്തമാനകാലം ഒരു കുറ്റകൃത്യത്തിന്റെ സമർത്ഥമായ മറയാണെന്നും റൂത്ത് ചൂണ്ടയിലെ ഇര മാത്രമാണെന്നും ഒരു സമാന്തര ആഖ്യാനം കൂടി നോവലിലുൾച്ചേർന്നിട്ടുണ്ട്. ഏക കേന്ദ്രിതമായ ആഖ്യാനത്തിനു പകരം പ്രത്യക്ഷമാകുന്ന ചിതറിയ ആഖ്യാനങ്ങൾ പോസ്റ്റ് മോഡേൺ സ്വഭാവമാണ് പ്രദർശിപ്പിക്കുന്നത്. അപസർപ്പകാ ഖ്യാനങ്ങൾ യുക്തിഭദ്രതയുടെയും ആധികാരികതയുടെയും ചട്ടങ്ങൾ മറികടക്കുന്നതിന്റെ ഉദാഹരണമാണ് ഇത്. റൂത്തിൻ്റെ സ്വപ്നങ്ങളിലെത്തുന്ന എസ്റ്റേറ്റും അവളുടെ മനോ ലോകസഞ്ചാരവും യാഥാർത്ഥ്യത്തെ ഭാവനയെന്നും തിരിച്ചും വശാകുന്ന സന്ദിഗ്ദ്ധതകളും അൺ കാനിയുടെ (Uncanny) സാദ്ധ്യതകൾ ഉപയോഗപ്പെടു ത്തുണ്ട്. യക്ഷിക്കഥകളും മിത്തുകളും സൃഷ്ടിക്കുന്ന ഭ്രമാത്മകതയും ഫാന്റസിയും ഗോഫിക് സാഹിത്യത്തിൽ റാഡ് ക്ലിഫ് നിർദ്ദേശിക്കുന്ന ഭീതി (Terror) സൃഷ്ടിക്കാൻ ഉപയോഗപ്പെടുന്നുണ്ട്. ചവിട്ടുമ്പോൾ ഇളകുന്ന മരപ്പലകകളുള്ള വിജനമായ എസ്റേററ്റ് ബംഗ്ലാവ് ഭൂതബാധിതമാണെന്ന സംസാരത്തെ പ്പറ്റി നോവലിൽ സൂചനയുണ്ട്. ‘കോഫി ഹൗസി’ലെ കൂട്ടക്കൊലപാതകം നടന്ന കെട്ടിടം പ്രേതാവിഷ്ടമാണെന്ന് തോന്നത്തക്ക വിധത്തിലാണ് ആവിഷ്കാരം. അന്വേഷകയായ എസ്തർ തന്നെ അത് സൂചിപ്പിക്കുന്നുണ്ട്. ഇത്തരം ഇടങ്ങൾ ഗോഥിക് സാഹിത്യത്തിലെ പ്രധാന ഘടകമാണ്. ഇതൊക്കെയും യാഥാർത്ഥ്യത്തിൻ്റെ അപരപ്രത്യക്ഷങ്ങളോ കൃത്രിമമായി നിർമ്മിക്കപ്പെട്ടതോ ആയിരിക്കും. കാലദേശപരമായ ആ വിഹ്വലതയാണ് അൺകാനിയായി പ്രത്യക്ഷമാകുന്നത്. തൻ്റെ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്ന എസ്റ്റേറ്റ് ബംഗ്ലാവിലെ മരങ്ങൾ യഥാർത്ഥമാണെന്ന് റൂത്ത് ഒടുവിലാണ് തിരിച്ചറിയുന്നത്. താൻ ചിത്രങ്ങൾ വരയ്ക്കുമെന്ന യാഥാർത്ഥ്യം അവൾ മറന്നു പോയിരുന്നതാണ്. താൻ റൂത്ത് പോലുമല്ല എന്ന തിരിച്ചറിവിലേക്ക് അവൾ നോവലിന്റെ അന്ത്യത്തിൽ എത്തിച്ചേരുന്നുണ്ട്. വാസ്തവികതയും ഭ്രമാത്മ കതയും ചേർന്നു സൃഷ്ടിക്കുന്ന മനസ്സിൻ്റെ കലക്കങ്ങൾ അൺ കാനിയുടെ സങ്കേതങ്ങളുപയോഗിച്ചുള്ള വായനകൾക്ക് വഴങ്ങും.

ഏയ്‌ഞ്ചല കാർട്ടറിൻ്റെ ദ ഇൻ്റേണൽ ഡിസയർ മെഷീൻസ് ഓഫ് ഡോ. ഹോഫ്മാൻ (1972) എന്ന നോവൽ വാസ്തവികതയെയും ഫാൻറസിയെ യും ഇടകലർത്തി ഉപയോഗിക്കുന്നുണ്ട്. അൺ കാനിയുടെ ഫ്രോയ്‌ഡിയൻ വ്യാഖ്യാനമാണ് കാർട്ടർ സ്വീകരിക്കുന്നത്. ആഗ്രഹങ്ങളെ ലോകമെമ്പാടും വ്യാപിപ്പിച്ചുകൊണ്ട് നിലവിലുള്ള വ്യവസ്ഥകളെയും ഭൗതികമായ നിയമങ്ങ ളെയും നിഷ്ക്രിയമാക്കിത്തീർക്കുകയാണ് ഡോ. ഹോഫ്മാൻ. സമയത്തിന്റെ യും ഇടത്തിന്റെയും മാനങ്ങളെ അയാൾ വിശാലമാക്കുന്നുണ്ട്. ചിന്തയ്ക്ക് പകരമായി ആഗ്രഹങ്ങളെ സ്ഥാപിക്കുന്നു ( I desire, therefore I exist ). യുക്തിക്ക് അതീതമായ സംഭവങ്ങളുടെ ഭ്രമാത്മകാവിഷ്കാരമായ ഈ നോവൽ അൺകാനിയുടെ ആവിഷ്കാരത്തിന് മികച്ച ഉദാഹരണമാണ്.

വസ്തുക്കളുടെയും വസ്തുതകളുടെയും അസ്ഥിരത, സൂചകവും സൂചിതവുമാ യുള്ള ബന്ധമില്ലായ്മ, അതിന്ദ്രിയ ശക്തികളുടെ നിയന്ത്രണങ്ങൾ, വാസ്തവിക തയുമായുള്ള അകലം, നിരവധി വ്യാഖ്യാന സാദ്ധ്യതകൾ, സ്വത്വപ്രതിസന്ധി തുടങ്ങിയ അവസ്ഥാവിശേഷങ്ങൾ ഗോഥിക് സാഹിത്യത്തിൽ സ്വാഭാവി കമാണ്. സൂക്ഷ്മവിശകലനത്തിൽ ഇതൊക്കെയും പോസ്റ്റ് മോഡേൺ രചനകളുടെയും സവിശേഷതകളാണെന്നു മനസ്സിലാക്കാവുന്നതാണ്. കഥാപാത്രങ്ങളുടെ സങ്കീർണ്ണമായ മാനസിക ലോകത്തിന്റെ ആവിഷ്കാ രത്തിനു സമാന്തരമായി കാലദേശങ്ങൾ ഈ കൃതികൾ കൃത്യമായി രേഖ പ്പെടുത്തുന്നുണ്ട്. തെരഞ്ഞെടുത്ത മൂന്ന് നോവലുകളിലും പരാമർശിക്കപ്പെട്ട ഒന്നാം ഫോറൻസിക് അധ്യായം എന്ന നോവലിലും ചലച്ചിത്ര ഗാനങ്ങൾ, പുസ്തകങ്ങൾ, എഴുത്തുകാർ, സോഷ്യൽ മീഡിയ വ്യവഹാരങ്ങൾ, യഥാർത്ഥ വ്യക്തികളുടെ പേരുകൾ, സാഹിത്യോത്സവങ്ങൾ, ഭക്ഷണശാലകൾ, വിഭവങ്ങൾ, സ്ഥലനാമങ്ങൾ, വസ്തു ബ്രാൻഡുകൾ, സമീപകാലത്തുണ്ടായ യഥാർത്ഥ സംഭവങ്ങളുടെ സൂചനകൾ എന്നിവ കാണാം. വിശ്വാസ്യത, യാഥാർത്ഥ്യബോധം എന്നിവ അപസർപ്പകാഖ്യാനങ്ങളുടെ ലക്ഷ്യങ്ങളായി സങ്കല്പിക്കുമ്പോൾ ഇവയുടെ വിശദീകരണം എളുപ്പമാണ്. അത് പരമ്പരാഗത വഴിയുമാണ്. ദൈനംദിന ജീവിത വ്യവഹാരങ്ങളുടെ ചിത്രീകരണമെന്ന നിലയിൽ വിശകലനം ചെയ്യുമ്പോൾ സാഹിത്യത്തെ സാംസ്കാരികവിമർശന ത്തിലേക്ക് അടുപ്പിച്ചു നിർത്തുന്ന സവിശേഷതയായിക്കൂടി അതിനെ കാണേ ണ്ടതുണ്ട്. അപസർപ്പകാഖ്യാനങ്ങളുടെ ഗണപരമായ പദവി വ്യത്യാസം അതിന് തടസ്സമാകേണ്ടതില്ല.

രഹസ്യ വഴികൾ നിറഞ്ഞ കോട്ടകൾ, മന്ത്രത്തകിടുകൾ, ശിലാ രേഖകൾ, പൗരാണികമായ കയ്യെഴുത്തുപ്രതികൾ, പുസ്തകങ്ങൾ, രഹസ്യകോഡുകൾ
എന്നിവ അപസർപ്പകാഖ്യാനങ്ങളിലെ ഗോഥിക് മുദ്രകളായി വിലയിരുത്താ വുന്നതാണ്. അലൻ പാർക്കറിൻ്റെ ഏഞ്ചൽ ഹാർട്ട് എന്ന സിനിമയിൽ (1986) ഹാരി ഏഞ്ചൽ എന്ന കുറ്റാന്വേഷകനെ ഒരു കേസ് ഏല്പിക്കുന്നത് ലൂയിസ് സൈഫർ എന്ന ആളാണ്. സമാന്തരമായ ആഖ്യാനങ്ങളുടെ ലാബറിന്ത് ആണ് ഈ സിനിമ.കുറ്റാന്വേഷകൻ തന്നെത്തന്നെ കുറ്റവാളിയായി കണ്ടെത്തുന്നുമുണ്ട്. ലൂയിസ് സൈഫർ എന്ന പേരിൽ നിന്ന് ലൂസിഫർ എന്ന പേര് നിഷ്പാദിപ്പിക്കുന്ന പദലിലയ്ക്ക് ഈ സിനിമയിൽ പ്രധാന പങ്കുണ്ട്. അപസർപ്പക കഥകളിലും നോവലുകളിലും ത്രില്ലറുകളിലും കോഡിംഗ് -ഡീ കോഡിംഗ് സങ്കേതങ്ങൾ വ്യാപകമായി ഉപയോഗിക്കാറുണ്ട്. ഹൈഡ്രേഞ്ചിയയിൽ കുറ്റവാളിയിലേക്കെത്താനുപയോഗിക്കുന്ന കോഡ് CLOHIKR എന്നതാണ്. ഇരകളുടെ പേരിന്റെ ആദ്യാക്ഷരങ്ങൾ ചേർത്താണ് ഈ വാക്ക് ഉണ്ടാക്കിയിട്ടു ള്ളത്. ഇത്തരം പദലീലകൾ മുഖ്യധാരാസാഹിത്യത്തിൽ പരിചരിക്കപ്പെടുന്നതു പോലെയല്ല അപസർപ്പകാഖ്യാനങ്ങളിൽ സംഭവിക്കുകയെന്നു മാത്രം. ഭാഷ തന്നെയും കോഡുകളുടെയും ഡീകോഡിങിൻ്റെയും വ്യവഹാരമായിരിക്കെ അവ പ്രത്യക്ഷപ്പെടുന്ന സാഹിത്യഗണത്തിൻ്റെ പദവി വായനയെ പരിമിതപ്പെടുത്തേണ്ടതില്ല.

അപസർപ്പകാഖ്യാനങ്ങൾ ജനപ്രിയസാഹിത്യത്തിൻ്റെ പരിധിയിലാണ ല്ലോ ഉൾപ്പെട്ടിട്ടുള്ളത്. ലോകമെമ്പാടും വിനോദവിപണിയെ നിയന്ത്രിക്കുന്നത് പൊതുബോധമാണ്. ദാരിദ്ര്യവും രോഗവും ജാതിയും ലിംഗഭേദവും ഇന്ത്യൻ വിനോദവിപണിയിൽ കൈകാര്യം ചെയ്യപ്പെടുന്നതെങ്ങനെയാണെന്ന് പരി ശോധിക്കാവുന്നതാണ്. ഇവയൊക്കെയും മുജ്ജന്മ കർമ്മഫലമാണ് എന്നു വിശ്വസിക്കുന്ന മധ്യവർഗ്ഗത്തിൻ്റെ യുക്തികളാണ് ഇന്ത്യയിൽ ജനപ്രിയ സംസ്കാരത്തെയും സാഹിത്യത്തെയും കലയെയും നിയന്ത്രിക്കുന്നത് (പവൻ കെ. വർമ്മ, 1999: 173), അപസർപ്പകാഖ്യാനങ്ങളിൽ കുറ്റവാളി (കൾ) ഒഴി വാക്കാനാവാത്തതാണ്. രാഷ്ട്രീയ ശരികളെക്കുറിച്ചുള്ള സംവാദങ്ങളിൽ അതുണ്ടാക്കുന്ന ചില സന്ദിഗ്ദ്ധതകളെക്കുറിച്ചു കൂടി പരാമർശിക്കേണ്ടതുണ്ട്. സമൂഹത്തിന്റെ കോമൺസെൻസ് ഒരു കുറ്റവാളിയെ പ്രതീക്ഷിക്കുന്ന ഇടങ്ങ ളുണ്ട്. ചേരികളിലും ശാരീരികവും മാനസികവുമായ ഭിന്നശേഷികളുള്ള വ്യക്തി കൾക്കിടയിലും പൊതുബോധത്തിനു പുറത്തു നിർത്തപ്പെടുന്ന ജീവിതരീതികൾ പിന്തുടരുന്നവർക്കിടയിലും പ്രശ്നഭരിതമായ ലിംഗാവസ്ഥകളുള്ളവർക്കിടയിലും വ്യവസ്ഥാപിതമായ കടുംബഘടനയ്ക്ക് പുറത്തു നില്ക്കുന്നവർക്കിടയിലുമാണ് കുറ്റവാളികൾക്കായുള്ള അന്വേഷണം ഏറ്റവും സ്വാഭാവികമായി നടക്കുക. ഒരു കുറ്റവാളി രൂപംകൊള്ളുന്ന സാഹചര്യങ്ങളെക്കുറിച്ച് ഭരണകൂടത്തി നും നിയമവ്യവസ്ഥയ്ക്കുമടക്കം ചില മുൻധാരണകളുണ്ടായിരിക്കും. കുറ്റവാളി ഗോത്രങ്ങളെക്കുറിച്ചുള്ള സിദ്ധാന്തങ്ങൾ രൂപം കൊള്ളുന്നത് അങ്ങനെയാണ് (ഷെർമാൻ, 1989: 12).

കോഫി ഹൗസിലെ കൊലയാളി സാമ്പത്തികമായ അപകർഷത പുലർത്തിയിരുന്ന വ്യക്തിയാണ്. ഹൈഡ്രേഞ്ചിയയിൽ അത് ട്രാൻ സ്ജെൻഡർ വ്യക്തിത്വമാണ്. റൂത്തിൻ്റെ ലോകത്തിൽ കൊലയാളി സൈക്കോ പാത്താണ്, വ്യവസ്ഥാപിതമായ കുടുംബത്തിനു പുറത്തു വളർന്ന ബാല്യമായിരുന്നു അയാളുടേത്. പരിഗണിച്ച മൂന്നു നോവലുകളിലും ഹിംസാ ത്മകമായ ലൈംഗികത പൊതുഘടകമാണ്. അപസർപ്പകാഖ്യാനങ്ങളുടെ സോഫ്റ്റ്പോൺ സ്വഭാവം ലോകമെമ്പാടും അവയുടെ ജനപ്രീതിയെ നിർ ണ്ണയിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. കുറ്റകൃത്യത്തിന്റെ ഭാഗമായും അല്ലാതെയും അവയിൽ ലൈംഗികത ആവിഷ്കരിക്കപ്പെടാറുണ്ട്.

ഉപസംഹാരം

വിവിധ ചിന്താപദ്ധതികളിലൂടെ മുഖ്യധാരാ സാഹിത്യത്തിനൊപ്പം തന്നെ കടന്നു പോന്ന സാഹിത്യഗണമാണ് അപസർപ്പകാഖ്യാനങ്ങൾ. മുഖ്യധാരയ്ക്ക് സാധ്യമായ വിചാരമാതൃകകളിലെ പരിവർത്തനങ്ങളൊക്കെ അവയിലും സംഭവിക്കാവുന്നതാണ്. സൂക്ഷ്മമായ വായനകളിൽനിന്നും വിശകലനങ്ങളിൽ നിന്നും അപസർപ്പകാഖ്യാനങ്ങളെ അകറ്റി നിർത്താൻ പ്രധാനമായും മൂന്നുകാരണങ്ങളുണ്ട്. ഒന്ന്, ജനപ്രീതി എന്ന ഘടകത്തിന് അക്കാദമിക ലോകം കല്പിച്ച കിടവ്യത്യാസം. രണ്ട്, അപസർപ്പകാഖ്യാനങ്ങൾ ഗോഥിക് പാരമ്പര്യത്തോടു പുലർത്തുന്ന സവിശേഷ ബന്ധം. മൂന്ന്, അതു കാരണം അവ പാരമ്പര്യാനുസാരിയായതും പരീക്ഷണങ്ങൾ സാധ്യമല്ലാത്തതുമായ ഒരു സാഹിത്യഗണമാണെന്ന ധാരണ. പോസ്റ്റ് മോഡേൺ സാഹിത്യത്തെ വിശദീകരിക്കാനുതകുന്ന ചിന്താപദ്ധതികളിലേക്ക് അനായാസം കടന്നു നില്ലാൻ കെല്പുള്ളവയാണ് അപസർപ്പകാഖ്യാനങ്ങൾ. അവയ്ക്കുണ്ടെന്ന് നിരീ ക്ഷിക്കപ്പെടുന്ന ഘടനാപരവും ഗണപരവുമായ പരിമിതികളെ മറികടക്കാൻ അത്തരം സമീപനങ്ങൾക്ക് സാധിക്കും.

ഗ്രന്ഥസൂചി

1. പവൻ കെ. വർമ്മ, 1999: ഇന്ത്യൻ മദ്ധ്യവർഗ്ഗത്തിൻ്റെ പ്രതാപം, ഡി.സി ബുക്സ് കോട്ടയം.
2 രവീന്ദ്രൻ പി.പി., 1999 ആധുനികാനന്തരം, വിചാരം വായന, സാഹിത്യ പ്രവർത്തക
 സഹകരണ സംഘം, കോട്ടയം.
3. ജേത് ആർ, 2021 ഒന്നാം ഫോറൻസിക് അദ്ധ്യായം, ഗ്രീൻ ബുക്സ്, തൃശ്ശൂർ.
4 രാജശ്രീ ആർ., 2018: അപസർപ്പകാഖ്യാനങ്ങൾ: ഭാവനയും രാഷ്ട്രീയവും, ലോഗോസ് ബുക്സ്, പട്ടാമ്പി
5. ലാജോ ജോസ്, 2018: കോഫിഹൗസ്, ഗ്രീൻ ബുക്സ്, തൃശ്ശൂർ
6.—2019: ഹൈഡ്രേഞ്ചിയ, മാതൃഭൂമി ബുക്സ്, കോഴിക്കോട്.
7. – 2019: റുത്തിൻ്റെ ലോകം, ഡി.സി. ബുക്സ്, കോട്ടയം.
8. സുധാകരൻ സി.ബി., 2001: ഉത്തരാധുനികത മലയാള പാഠഭേദങ്ങൾ, ഡി.സി. ബുക്സ്, കോട്ടയം.
9. Cawelti, John, 1976: Adventure, Mystery and Romance Formula stories as Art and popular culture, University of Chicago Press.
10. John Scags, 2005: Crime Fiction, Routledge, Londan.
11. Knox, Ronald A., 1992: Detective story Decalogine, In the art of the mystery story: A collection of Critical Essays, Ed. Howard Haycraft, Newyork, Carroll & Graff
12. Maria Beville, 2009: Gothic-postmodernism: Voicing the Terrors of Postmodernity. Brill
13. Priestman, Martin, 1990: Detective Fiction and Literature, The figure on the carpet, Basingstoke, Macmillan.
14. Sherman, Lawrence, 1989: Hot Spots of crime and criminal careers of place, Routledge.
15. Stephen Edwinking, 1981: Danse Macabre, Everest House.
16. Van Dine, 1928: Twenty Rules for writing Detective Novels, The American Magazine.

Journals
Brewster, Liz (2017-03-01). “Murder by the book: using crime fiction as a bibliotherapeutic resource”. Medical Humanities. 43 (1): 62-67. doi:10.1136/medhum-2016-011069. ISSN 1468- 215X. PMID 27799411.

Online source
Nazrulla Mambrol, 2018: Post modern Gothic (https://literariness.org/2018/09/02/ postmodern-gothic/)

Scroll to Top