അന്വേഷണം, പരീക്ഷണം, നിരീക്ഷണം:

'ഭാസ്കരമേനോനി'ലെ ശാസ്ത്രാവബോധത്തിൻ്റെ സഞ്ചാരവഴികൾ

ഡോ. ഷിമി പോൾ ബേബി
അസി. പ്രൊഫസർ, മലയാളവിഭാഗം, യൂ. സി. കോളേജ്, ആലുവ

 പ്രബന്ധസംഗ്രഹം:

ആഖ്യാനപാടവം കൊണ്ടും ആവിഷ്കരണതന്ത്രംകൊണ്ടും സാമ്പ്രദായിക സങ്കല്പങ്ങളെ വിനിർമ്മിതിയ്ക്ക് വിധേയമാക്കിയ കുറ്റാന്വേഷണസാഹിത്യം പുനർവായന ആവശ്യപ്പെടുന്ന മേഖലയാണ്. ശാസ്ത്രത്തെ സംബന്ധിച്ച ധാരണകളെ മലയാളിയുടെ ഭാവനാമണ്ഡലവുമായി ചേർത്തിണക്കുന്ന തിൽ അപ്പൻ തമ്പുരാൻ്റെ അപസർപ്പകനോവലായ ‘ഭാസ്കരമേനോൻ’ മാതൃകയാകുന്നു. ആധുനികമായ ലോകക്രമത്തിൻ്റെ രൂപപ്പെടലിൽ ശാസ്ത്രം പ്രാമാണ്യജ്ഞാനത്തിൻ്റെ മറുവാക്കായി സ്വീകരിച്ചുകൊണ്ട് ദേശരാഷ്ട്രങ്ങളുടെ അതിർത്തികളെ ഭേദിച്ച് മനുഷ്യൻ പര്യവേക്ഷണങ്ങൾ ആരംഭിക്കുകയും സ്ഥിരചൂഷണവ്യഗ്രത നിലനിർത്തുകയും ചെയ്തതോടെ ആധുനികതയുടെ യൂറോപ്യൻ മാതൃക കോളനി നാടുകളിലും വ്യാപിച്ചു. തദ്ദേശീയവും ആധുനികവുമായ സാഹചര്യങ്ങൾ പ്രധാനമായി കണ്ട് കേരളീയാധുനികതയിലേക്കുള്ള ചുവടുമാറ്റം ഇതിന്റെ തുടർച്ചയാണ്. പരമ്പരാഗതമായ അന്വേഷണരീതിയിൽ നിന്നും വേറിട്ട് കാര്യകാരണയു ക്തിയിലുറച്ച അന്വേഷണരീതിശാസ്ത്രം മലയാളസാഹിത്യത്തിൽ അവതരി പ്പിച്ചുകൊണ്ട് അഭ്യസ്തവിദ്യരും ശാസ്ത്രതല്പരരുമായ വായനാസമൂഹത്തിന്റെ രൂപപ്പെടലിനെ സാധ്യമാക്കിയ അപ്പൻതമ്പുരാൻ്റെ ‘ഭാസ്കരമേനോ’നിലെ ശാസ്ത്രസഞ്ചാരപഥങ്ങളെ വിശദീകരിക്കുകയും കേരളീയാധുനികതയുടെ പുതുഭാവുകത്വത്തെ രൂപപ്പെടുത്തുന്നതിൽ കുറ്റാന്വേഷണസാഹിത്യങ്ങൾ ക്കുള്ള പങ്ക് വ്യക്തമാക്കുകയുമാണ് പ്രബന്ധത്തിൽ.
താക്കോൽ വാക്കുകൾ: കൊളോണിയൽ ആധുനികത, കേരളീയാധു നികത, ആധുനികതാവ്യവഹാരങ്ങൾ, ലിംഗപദവി, ശരീരചേഷ്ട.

സാഹിത്യസങ്കല്പങ്ങളിലും ഭാഷാവ്യവഹാരങ്ങളിലും ചലനാത്മകമായ മാറ്റം അടയാളപ്പെടുത്തിക്കൊണ്ട് വായനാഭിരുചിയെ പോഷിപ്പിച്ച ഗദ്യമാതൃക എന്ന നിലയിൽ ആദ്യകാല അപസർപ്പകകൃതികൾ മലയാളസാഹിത്യത്തിൽ ശ്രദ്ധേയമാകുന്നുണ്ട്. കൊളോണിയൽ ആധുനികതയുടെ ഭാഗമായി വളർന്നു വന്ന ഗദ്യഭാവനയാണ് കുറ്റാന്വേഷണസാഹിത്യത്തെയും അതിൽത്തന്നെ ശാസ്ത്രത്തിന്റെ ഇടപെടലുകളെയും കൊണ്ട് സമ്പന്നമാക്കിയത്. ആസൂത്രിത മായി നടത്തിയ കൊലപാതകത്തിന് ശാസ്ത്രയുക്തിയുടെ പിൻബലത്താൽ തെളിവുണ്ടാക്കുന്ന അന്വേഷണരീതി മലയാളസാഹിത്യ കുറ്റാന്വേഷണ മേഖലയിൽ ആദ്യമായി സ്വീകരിച്ചത് രാമവർമ്മ അപ്പൻ തമ്പുരാനാണ്. രസികരഞ്ജിനി മാസികയിൽ 1078-മുതൽ 1079 വരെ ഇരുപത്തൊന്നു ലക്ക ങ്ങളിലായി അപ്പൻ തമ്പുരാൻ രചിച്ച നോവലാണ് ‘ഭാസ്കരമേനോൻ’. ‘ഒരു ദുർമരണം’ എന്ന ആദ്യപേര് ഒഴിവാക്കി പുസ്തകരൂപത്തിൽ നോവൽ അച്ചടിച്ചപ്പോൾ അതിന് ‘ഭാസ്കരമേനോൻ’ എന്ന ശീർഷകം നല്കുകയായി രുന്നു. വായനക്കാരൻ്റെ ലോജിക്കിനെ ചോദ്യം ചെയ്യാത്ത കഥാഗതിയും സംഭവങ്ങളും അന്വേഷണ മാതൃകകളുമാണ് നോവലിൽ സ്വീകരിച്ചിരിക്കുന്നത്. ശാസ്ത്രബോധ്യങ്ങൾ മലയാളിയിൽ അത്രതന്നെ പരിചിതമാകാതിരുന്ന കാലയളവിൽ യുക്തിയുടെയും ചിന്തയുടെയും തലങ്ങളിൽ ശാസ്ത്രത്തിന്റെ പങ്കുകൊള്ളൽ കൊണ്ടുണ്ടാകുന്ന ബൌദ്ധിക ഉന്മേഷത്തെ അടയാളപ്പെടു ത്തിയ സാഹിത്യകൃതി എന്ന നിലയിൽ ഭാസ്കരമേനോൻ അത് പുറത്തിറങ്ങിയ കാലയളവിലെ ചരിത്രപരമായ ദൌത്യം കൂടി നിറവേറ്റുന്നുണ്ട്.

ആധുനികതയുടെ ശാസ്ത്രവഴികൾ

യൂറോപ്യൻ ജ്ഞാനോദയത്തോടെ വികസിച്ചുവന്ന ശാസ്ത്രാധിഷ്ഠിതചിന്ത ആധുനികതയുടെ സവിശേഷതയാണ്. പ്രബുദ്ധത, യുക്തി, പുരോഗതിയിലും ശാസ്ത്രത്തിലുമുള്ള വിശ്വാസം, പാരമ്പര്യത്തെയും മതപരമായ അനുഷ്ഠാനങ്ങ ളെയും വിമർശനാത്മകമായും ശാസ്ത്രീയമായും പരിശോധിക്കുന്ന സമീപനം, മാനവികതയിലുള്ള വിശ്വാസം മുതലായവയാണ് ആധുനികതയുടെ പ്രത്യേക തകളായി വിമർശകർ ചൂണ്ടിക്കാട്ടുന്നത് (swingewood, 1998:138). നിരന്തരം പുതുക്കുകയും തുടർച്ചയുണ്ടാവുകയും ചെയ്യുന്ന ജ്ഞാനമേഖല എന്ന നിലയിൽ ശാസ്ത്രത്തിനെ പൊതുസമൂഹം പലമട്ടിൽ നോക്കിക്കാണുന്നുണ്ട്. പുതിയ ഉത്തരങ്ങൾ കിട്ടുമ്പോൾ പഴയതു പലതും തിരുത്തപ്പെടും. പരിശോധിക്കാനും നിരീക്ഷിക്കുവാനും കഴിയുന്നവ ആകണം എന്ന് മാത്രമല്ല അവ കർക്കശമായി ഉത്തരം നല്കുകയും ചെയ്യുന്നിടത്താണ് ശാസ്ത്രജ്ഞാനത്തിന് നിലനില്പുള്ളത്. തെളിവുകളുടെ അടിസ്ഥാനത്തിൽ തിരുത്തലുകൾ വരുത്താനുള്ള സാധ്യത യാണ് ഇത് മുന്നോട്ടുവെയ്ക്കുന്നത്.

ഭാസ്കരമേനോൻ എന്ന കുറ്റാന്വേഷണ നോവൽ പുറത്തിറങ്ങുന്നത് 1905- ലാണ്. ആധുനികതയുടെ ശാസ്താഭിമുഖ്യം മലയാളിയുടെ സർഗ്ഗാത്മകതയിൽ ചെലുത്തിയ സ്വാധീനത്തിൻ്റെ പ്രത്യക്ഷമാതൃകയാണ് ഭാസ്കരമേനോൻ. മലയാളിയുടെ ഭാവനാപരവും വൈകാരികവുമായ വ്യവഹാരങ്ങൾ ശാസ്ത്ര ജ്ഞാനബോധ്യങ്ങൾ കൂടി കലർന്നതാകുന്നതിൻ്റെ കൌതുകം ഭാസ്കരമേ നോനിൽ കാണാം. പുളിങ്ങോട്ട് എന്ന പ്രസിദ്ധമായ കുടുംബത്തിൽ നടക്കുന്ന കൊലപാതകത്തിൻ്റെ അന്വേഷണവഴികളാണ് നോവലിന്റെ കഥാഗതിയ്ക്ക് അടിസ്ഥാനം. പുളിങ്ങോട്ടുബംഗ്ലാവിലെ കാരണവരും ഉദരരോഗിയുമായ കിട്ടുണ്ണിമേനവൻ മരിച്ചുകിടക്കുന്നതു കണ്ട് അന്ധാളിച്ചു നില്ക്കുന്ന കുഞ്ഞിരാമൻ നായരുടെ ഭാവപകർച്ചയിൽ നിന്നാണ് നോവൽ ആരംഭിക്കുന്നത്. തന്റെ പ്രാണസ്നേഹിതനായ കിട്ടുണ്ണിമേനവനുണ്ടായ അത്യാപത്തിൽ വികാരഭേദം സംഭവിച്ച കുഞ്ഞിരാമൻ നായർ ബംഗ്ലാവിലെ പണിക്കാരനായ ഗോവിന്ദനെ വൈദ്യരുടെ വീട്ടിലേക്ക് പറഞ്ഞയയ്ക്കുന്നു. അപ്പാത്തിക്കരി ബംഗ്ലാവിൽ എത്തുകയും മരണം സ്ഥിരീകരിക്കുകയും ചെയ്യുന്നു. പ്രാഥമിക അന്വേഷണ ത്തിൽത്തന്നെ കൊലപാതകമാണെന്ന് അപ്പാത്തിക്കരിയ്ക്കും അന്വേഷണ ഉദ്യോഗസ്ഥർക്കും ബോധ്യപ്പെടുന്നു. കിട്ടുണ്ണിമേനവൻ കൊല്ലപ്പെടുവാനുള്ള സാഹചര്യങ്ങളിലേക്ക് നോവൽ വഴിമാറുന്നിടത്താണ് ശാസ്ത്രത്തിന്റെയും ആധുനികതയുടെയും കടന്നുവരവിൻ്റെ ഭാഗമായി കൈവന്ന യുക്തിയുടെ പ്രാ മുഖ്യത്തെ അടിവരയിടുന്ന അന്വേഷണവഴികളിലേക്ക് നോവൽ കടക്കുന്നത്.

ശാസ്ത്രാവബോധത്തോടെയുള്ള കേസന്വേഷണവും ഊഹാപോഹങ്ങ ളുടെ സാധ്യതകളെ മുൻനിർത്തിയുള്ള അന്വേഷണത്തിൻറെ യുക്തിയില്ലായ്മയും ഒരേസമയം നോവലിൽ കടന്നുവരുന്നുണ്ട്. ഇൻസ്പെക്ടർ കുണ്ടുണ്ണി നായരാണ് ഊഹാപോഹങ്ങളിലൂടെ കേസന്വേഷണം നടത്തുന്നത്. സ്റ്റേഷനാപ്പീസർ ഭാസ്കരമേനോനാവട്ടെ ശാസ്ത്രാവബോധത്തിൻ്റെയും സഹജമായ അന്വേഷണ പാടവത്തിന്റെയും നിരീക്ഷണത്തിൻ്റെയും അടിസ്ഥാനത്തിൽ തെളിവുകൾ ശേഖരിക്കുന്നു. ശാസ്ത്രബോധം മനുഷ്യനിലുളവാക്കുന്ന ആത്മവിശ്വാസത്തി ന്റെയും വസ്തുനിഷ്ഠതയുടെയും ആകെത്തുകയാണ് ഭാസ്കരമേനോൻ. കാര്യകാ രണയുക്തിയിലധിഷ്ഠിതമായ ശാസ്ത്രയുക്തി കാരണങ്ങളെ കണ്ടെത്തുകതന്നെ ചെയ്യും എന്ന പക്ഷക്കാരനാണ് അദ്ദേഹം. നിരന്തരമായ പരിശോധന കളും ശ്രമങ്ങളും പരീക്ഷണങ്ങളുമാണ് ഭാസ്കരമേനോൻ മുന്നോട്ടുവെയ്ക്കുന്ന അന്വേഷണമാതൃക. കൊലയാളി ഉപേക്ഷിച്ചുപോയ അഥവാ ബാക്കിയാ ക്കിയ തെളിവുകൾ കണ്ടെത്തുകയാണ് പ്രധാനം. കൊലനടന്ന വീടും പരി സരങ്ങളും അദ്ദേഹം നിരീക്ഷിക്കുന്നത് പറ്റത്തിലൊരാളുടെ ബോധ്യത്തിൽ നിന്നല്ല. ശാസ്ത്രം ഉല്പാദിപ്പിക്കുന്ന അറിവുകളുടെ കൃത്യതയ്ക്കായി അവിടെയുള്ള വസ്തുക്കളുടെ നിറം, രൂപം, മണം, ആകൃതി, നീളം, വിരലടയാളം എന്നീ ങ്ങനെയുള്ള തെളിവുകൾ തനിച്ച് ശേഖരിക്കുന്നു. കൊലപാതകം നടന്ന ബംഗ്ലാവിന്റെ പരിശോധനയിൽ തന്നെ കുറ്റാന്വേഷണ രീതിശാസ്ത്രം അദ്ദേഹം വ്യക്തമാകുന്നുണ്ട്. …സ്റ്റേഷനാപ്സർ അകത്തേയ്ക്ക് കടന്നു. അവിടെ എല്ലാടവും നല്ലവണ്ണം പരശോധിച്ചു. കാര്യസ്ഥൻ്റെ എഴുത്ത് അവിടെയെങ്ങു കണ്ടില്ല. കട്ടിലിന്റെ അടുത്തും വടക്കുഭാഗത്തു തലക്കലായിട്ട് ഒരു ചെറിയ വട്ടമേശ കിടക്കുന്നുണ്ട്. അതിൻ്റെ മുകളിൽ ഒരു വിളക്കും ഒരു മരുന്നു കുപ്പിയും ഒരു ഔൺസ് ഗ്ലാസ്സും ഒരു ഘടികാരവും ഒരു കിണ്ടിയും ഇരിപ്പുണ്ട്. ചുവട്ടിൽ ഒരു ഇലച്ചിന്തും കിടന്നിരുന്നു. കിണ്ടിയിൽ ഒരു തുള്ളി വെള്ളം പോലും ഇല്ലെന്നു മാത്രമല്ല അതിന്റെ പലഭാഗങ്ങളിലും ഉപ്പു വിളഞ്ഞമാതിരി ചില പാടുകളും കാണ്മാനുണ്ട്. വലിച്ചിഴച്ചിട്ടോ എന്നു തോന്നുമാറ് ഉലഞ്ഞും കീറിയും കിടക്കുന്ന കിടക്കവിരി കിട്ടുണ്ണിമേനവൻ്റെ ചരമകാലത്തെ പ്രാണവേദനയെ നല്ലവണ്ണം പ്രത്യക്ഷമാക്കുന്നുണ്ട്. അകത്തുള്ള വിലപിടിച്ച സകല സാമാനങ്ങളും അതാതു സ്ഥാനങ്ങളിൽ തന്നെ ഇരുന്നിരുന്നതുകൊണ്ടു കൊലപാതകക്കാരൻ കേവലം കൊള്ളമോഹിച്ചുവരുന്ന കള്ളന്മാരിൽ ആരുമല്ലെന്നു സ്റ്റേഷനാ പ്ലർക്ക് ധാരാളം ഊഹിക്കുവാൻ വഴിയായിരുന്നു. നിലത്തു പതിഞ്ഞുകാണുന്ന കാലടികൾ സൂക്ഷിച്ചുനോക്കിക്കൊണ്ട് അകത്തുനിന്നും ഭാസ്കരമേനോൻ ഓവറയിലേക്കു കടന്നപ്പോൾ അവിടെയും ഉമ്മറപ്പടിയിന്മേലും കിണ്ടിയിൽ കണ്ടതുപോലെയുള്ള ചില വെളുത്തപാടുകളും അതുകളുടെ മീതെയുള്ള ചില പാദപാതങ്ങളും സ്റ്റേഷനാപ്സറുടെ ശ്രദ്ധയെ ആകർഷിച്ചു. ഓവറയുടെ പടിഞ്ഞാറെ ഭാഗത്തുള്ള വാതിലിനോട് അടുക്കുന്തോറും അവയ്ക്ക് ക്രമേണ തെളിവു കുറഞ്ഞും കാണുന്നു. ഓവറയുടെ വടക്കെ ചുവരിന്മേൽ അകത്തേയ്ക്കു കടക്കുന്ന വാതിലിൻ്റെ അടത്തു പുറത്തായിട്ട് തോർത്തുമുണ്ടു തൂക്കുവാൻ തുളച്ചുകൊള്ളിച്ചിരുന്ന ഒരു കോല് താഴെ വീണു കിടന്നിരുന്നു. നിലത്തുനിന്നും ആ കോലിരുന്നതുവരെയുള്ള പൊക്കം കുപ്പായക്കീശയിൽ ഉണ്ടായിരുന്ന അളവുനാടകൊണ്ട് അളന്നു കണക്കാക്കി നോട്ടുപുസ്തകത്തിൽ കുറിച്ചെടു ത്തു. നിലത്തുള്ള കാലടികളുടെയും അളന്നെടുത്തു. ഈ അളവും ഓവറയുടെ ഇറയത്തുള്ള ഏതാനും ചില കാലടികളുടെ അളവും ഒത്തിരിക്കുന്നു. ഈ കാലടികളുടെ ഗതി ഓവറയിലേക്കാണ്. ഇറയത്തിൻ്റെ നേരെ താഴത്തു മണലിലായിട്ടു വടി കുത്തി നിറുത്തിയിരിക്കുന്നതുപോലെ ഒരു രൂപാ വട്ടത്തിൽ ഒരു കുഴിയും കാണുന്നുണ്ട്. കുഴിയുടെ വലിപ്പം കണ്ട് അത് സാധാരണ കുത്തി നടക്കുന്ന വടിയാകുവാൻ തരമില്ല. വിശേഷിച്ച് ഈ കുഴിയുടെ നേരെ മുകളി ലുള്ള ഒരോടുപൊട്ടി താഴത്തു വീണുകിടക്കുന്നതിൽ നിന്ന് വടിക്ക് അവിടെ മുട്ടത്തക്കവണ്ണം നീളമുണ്ടായിരുന്നുവെന്നും സ്റ്റേഷനാപ്സർ ആലോചിച്ചു. ഈ കുഴിയുള്ള സ്ഥലത്തുനിന്ന് അടുക്കളയും മതിലും കൂടിചേർന്നിരുന്ന ഭാഗംവരെ അങ്ങോട്ടും ഇങ്ങോട്ടും നടന്ന പാടുകൾ കാണ്മാനുണ്ട്. എന്നാൽ തലേദിവസം രാത്രിയുണ്ടായ മഴകൊണ്ട് തെളിവ് കുറഞ്ഞിരിക്കുന്നു. മതിലിനോട് അടുത്ത അടുക്കളയുടെ നിരയിന്മേൽ ചുകന്ന മണ്ണു പുരണ്ടിട്ടുള്ള വിരലുകൾ പതിഞ്ഞി ട്ടുണ്ട്. ഭാസ്കരമേനോൻ നിരയിന്മേൽ ചവിട്ടി നിന്നു മറുഭാഗത്തേയ്ക്ക് എത്തിച്ചു നോക്കിയപ്പോൾ അവിടെയെല്ലാം ഉറച്ച കൽപ്രദേശമായിരുന്നതു കൊണ്ട് അവിടെ നിന്നും കാലടികളുടെ പോക്ക് എങ്ങോട്ടായിരുന്നുവെന്നറിയാൻ കഴിഞ്ഞില്ല ” (1954: 37, 38).

അന്വേഷണത്തിലെ യുക്തി
ഇൻസ്പെക്ടറുടെ നിരീക്ഷണരീതിയിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഭാസ്ക രമേനോന്റെ നോട്ടങ്ങൾ. പരിസരത്തെ വസ്തുക്കളുടെ സ്ഥാനം തെറ്റിയുള്ള അവസ്ഥയും അതിൻ്റെ സാധ്യതകളും അദ്ദേഹം തിരിച്ചറിയാൻ ശ്രമിക്കുന്നുണ്ട്. അവയെല്ലാം ഒരു നോട്ടുപുസ്തകത്തിൽ പകർത്തിവെയ്ക്കുന്നതിലും ശ്രദ്ധിക്കു ന്നു. കുപ്പായക്കിശയിലുണ്ടായിരുന്ന അളവുനാടകൊണ്ട് അളന്നെടുക്കുകയും ചെയ്യുന്നു. മുകളിലത്തെ ഓട് പൊട്ടിയിരിക്കുന്നതു കണ്ടപ്പോൾ അവിടെ ഉപയോഗിച്ചിരുന്ന വടി സമാന്യം വലുതായിട്ടുള്ള ഒന്നാണെന്നും കിണ്ടിയുടെ വക്കിലെ ഉപ്പുപോലുള്ള വെളുത്ത ലവണവും അതിൻ്റെ ആകൃതി, ഘടന, നിറം മുതലായവയും നിരീക്ഷണം നടത്തിയതിൻ്റെ അടിസ്ഥാനത്തിൽ കുറിച്ചെടുക്കുന്നുണ്ട്. തെളിവുശേഖരിക്കുക, കുറിച്ചെടുക്കുക എന്നീ പ്രക്രിയയ്ക്ക് നോവൽ നല്കുന്ന പ്രാമുഖ്യം വലുതാണ്. ശവം ആസ്പത്രിയിലേക്കു മാറ്റിയ ശേഷം അവിടം അടച്ചു മുദ്രവയ്ക്കുന്നു. തെളിവുകൾ നശിച്ചുപോകാതിരിക്കുന്നതിനാണ് അടച്ചുകെട്ടുകയും മുദ്രവെയ്ക്കുകയും ചെയ്യുന്നത്. പുറമേനിന്നുള്ള ഇടപെടലിൽ ഒരു ചെറു തെളിവുസാധ്യതപോലും നഷ്ടപ്പെടരുത് എന്ന യുക്ത്യാധിഷ്ഠിത ചിന്തയാണ് സ്ഥലം അടച്ചു മുദ്രവെയ്ക്കുന്നതിൽ ഭാസ്കരമേനോൻ പ്രത്യേക ശ്രദ്ധ വെച്ചുപുലർത്തുന്നതിനു പിന്നിൽ ഒഫിഷ്യൽവൽക്കരണത്തിന്റെ പ്രാധ്യാന്യം തിരിച്ചറിഞ്ഞ കൊളോണിയൽ ആധുനികതയുടെ തുടർച്ചയായി ഇതിനെ
കണക്കാക്കാം. ഭാസ്കരമേനോൻ്റെ റെക്കാർഡ് ശേഖരം എഴുത്തിന്റെ ആധികാരികതയെ നിലനിർത്തുന്നു. എഴുതിവെയ്ക്കുക എന്നത് ആധുനികയുക്തിയുടെ മറ്റൊരു പിൻബലമാണ്. അപ്പാത്തിക്കരിയുടെ വാമൊഴി കുറിച്ചെടുക്കുന്ന തിലൂടെയും നിരീക്ഷണ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ യുക്തിസ ഹമായി വസ്തുതയെ മനസ്സിലാക്കിക്കൊണ്ട് അവയെ നിഗമന- സിദ്ധാന്ത സ്വരൂപത്തിലൂടെ ഒരുക്കിയെടുക്കുന്നതിലൂടെയും അറിവിനെ വസ്തുനിഷ്ഠമായി വിലയിരുത്തുന്ന ലിഖിത ജ്ഞാനവ്യവസ്ഥയുടെ ഉറച്ചബോധ്യത്തിലാണ് ഭാസ്കരമേനോൻ നിലകൊള്ളുന്നത്.

വ്യാജമല്ലാത്ത ചികിത്സാരീതിയുടെ മാന്യത വൈദ്യനിൽ കാണാനാകും. മരണം നടന്ന സ്ഥലത്തേക്ക് പിറ്റേന്നു വെളുപ്പിനുതന്നെ ചെന്നെത്തിയ അദ്ദേഹം ശവത്തിൻ്റെ രൂപമാറ്റം കണ്ട് ഭയപ്പെടുന്നുണ്ട്. എങ്കിൽപ്പോലും താനൊരു വൈദ്യനെന്ന തിരിച്ചറിവ് അദ്ദേഹത്തെ വളരെപെട്ടെന്നു തന്നെ തന്റെ കർത്തവ്യത്തിൽ വ്യാപൃതനാകുന്നതിന് പ്രേരിപ്പിക്കുന്നു. ‘മൃതശരീ രത്തിന്റെ അടുത്തുചെന്ന് സാവധാനത്തിൽ മുടിതൊട്ട് അടിയോളം ഒന്ന് കണ്ണോടിച്ചു. ഉള്ളങ്കാൽ മുതൽ ദേഹമെല്ലാം തൊട്ടുനോക്കി. കണ്ണിന്റെ ചുവ ട്ടിലത്തെ പോളയും വിടർത്തിനോക്കി… പൂമഖത്ത് ചാരുകസേരയിലിരുന്ന് കുപ്പായക്കീശയിൽ നിന്ന് ഒരു ചെറിയ പുസ്തകമെടുത്ത് നോട്ടു കുറിക്കുവാനും തുടങ്ങി” (1954:9), രോഗം, മരണം എന്നിങ്ങനെ വിവിധ സന്ദർഭങ്ങളെ അഭിമു ഖീകരിക്കുമ്പോഴും വൈദ്യർ തൻറെ തൊഴിലിനോടു കാട്ടുന്ന കൂറും മമതയുമാണ് ഇവിടെ വ്യക്തമാകുന്നത്. പോലീസ് സ്റ്റേഷനിൽ വിവരം ധരിപ്പിക്കുന്നതിന് മുൻകൈയ്യെടുക്കുന്നതും വൈദ്യൻതന്നെയാണ്. “ശവം ആസ്പത്രിയിൽ കൊണ്ടുവരുമ്പോൾ താൻ അവിടെ ഹാജരുണ്ടാവുമെന്നു” അപ്പാത്തിക്കരി ഉറപ്പുനല്കുന്നു. പോലീസുദ്യോഗസ്ഥർ ആവശ്യപ്പെടും മുമ്പുതന്നെ പോസ്റ്റുമാർട്ടം വേണമെന്ന് അദ്ദേഹം അറിയിക്കുകയാണ്. കൊലയുടെ വിശദാംശങ്ങൾ ഗ്രഹിക്കുന്നതിന് ശവം പോസ്റ്റുമോർട്ടം ചെയ്യുകയെന്നത് പ്രസക്തമാണ്. അപ്പാത്തിക്കരിയുടെ സംഭാഷണത്തിൽ അദ്ദേഹം അതിനു തയ്യാറാണെ ന്നു പറയുന്നതോടെ ആധുനികതയുടെ യുക്തിബോധമാണ് വൈദ്യനിൽ പ്രവർത്തിക്കുന്നത് എന്ന് വ്യക്തമാകുന്നു. ബൌദ്ധിക വിദ്യാഭ്യാസം നാട്ടുസം സ്കാരത്തിന്റെ വളർച്ചയ്ക്കായി പങ്കിട്ടുകൊണ്ട് ആതുരസേവനത്തിന്റെ മികവുറ്റ മാതൃകയായിത്തീരുകയാണ് അപ്പാത്തിക്കരി.

യുക്തിഭദ്രമായ നിലപാടുകളും ചോദ്യം ചെയ്യലുകളും സാക്ഷിമൊഴിക ളും അന്വേഷണ വഴികളിൽ നിർണ്ണായകമാകുന്നുണ്ട്. ‘കിട്ടുണ്ണിമേനവനെ ഒടുവിൽ ജീവനോടുകൂടി കണ്ടതാരാണു’ എന്ന ഇൻസ്പെക്ടറുടെ ചോദ്യത്തിന് പരിഹാസ ആസ്പദമായ ചിരിയല്ലാതെ മറ്റൊരു മറുപടിയും ലഭിക്കുന്നില്ല. ചോദ്യം ചോദിക്കുന്നതിനു തന്നെയെങ്കിലും ആരോടാകണം എന്താകണം ഏതുസന്ദർഭത്തിൽ എങ്ങനെയാകണം എന്നതിൽ കൃത്യത പാലിക്കുവാൻ ഇൻസ്പെക്ടർക്ക് സാധിക്കുന്നില്ല. “ഘടികാരമെടുത്തു നോക്കിയപ്പോൾ മണി പത്തിനോടു അടുത്തിരിക്കുന്നു. ഇനി ചോദ്യങ്ങൾ അവസാനിപ്പിക്കാതെ തരമി ല്ലെന്നു കണ്ടു” (1954:34). മൊഴിയെടുക്കുന്നതിൽ ഇൻസ്പെക്ടർ സമയ കൂടുതൽ കൊണ്ട് അസ്വസ്ഥനാകുന്നുവെങ്കിൽ ഭാസ്കരമേനോൻ വ്യത്യസ്തനാണ്. തെളിവുകൾ ഒരോന്നായി പരിശോധിക്കുന്ന സന്ദർഭത്തിൽ ശിഷ്യൻ കൊണ്ടു വന്ന ‘കരിച്ചുപൊരിച്ചിട്ടുള്ള പലഹാരവും വാടവെള്ളത്തിൽ മോരൊഴിച്ച പോലെയുള്ള കാപ്പിയും രുചിഭേദം’ അറിയാതെ കഴിക്കുകയാണ്. കേസന്വേ ഷണത്തിനിടയിൽ അപരിചിതിനായൊരാൾ വീട്ടിൽ വന്നതിനെക്കുറിച്ച് ശിഷ്യൻ പങ്കുവെച്ച സന്ദർഭത്തിൽ “അയാൾ പരിഭ്രമിച്ചാണോ അകത്തേയ്ക്കു കടന്നുവന്നതു്?” എന്നു മാത്രമാണ് ഭാസ്കരമേനോൻ അന്വേഷിക്കുന്നത് (1954:59). മെല്ലെ സ്വകാര്യമായിട്ടാണു കടന്നുവന്നത് എന്ന ശിഷ്യന്റെ മറുപടി കേട്ട ഭാസ്കരമേനോൻ്റെ മുഖത്ത് ചെറുപുഞ്ചിരിയാണ് ഉണ്ടായതും. ഒരാളുടെ നടപ്പിന്റെയും ചലനത്തിൻ്റെയും ആവേഗം ആ വ്യക്തിയുടെ മനോനിലയെ അടയാളപ്പെടുത്തുമെന്നതിനാലാണ് ഭാസ്കരമേനവൻ അത്തരമൊരു ചോദ്യം മുന്നോട്ടുവെച്ചത്. ശരീരചേഷ്ട മനോവ്യാപാരങ്ങളുടെ ആകെത്തുകയാണെന്ന മനശ്ശാസ്ത്രപാഠത്തെ ഗ്രഹിച്ചുകൊണ്ടാണ് ഭാസ്കരമേനവൻ അത്തരമൊരു ചോദ്യമുന്നയിക്കുന്നത്. ശിഷ്യൻ്റെ മറുപടിയിൽനിന്ന് കൊലയുമായി നേരി ട്ടുബന്ധമുള്ള ഒരാളല്ല അവിടെവന്നതെന്ന് അനുമാനിക്കുകയും ചെയ്തു. ഒരേവിഷയത്തെ വ്യത്യസ്ത വ്യക്തികൾ സമീപിക്കുന്നതെങ്ങനെയെന്നത് ഇവിടെ ശ്രദ്ധേയമാകുന്നുണ്ട്. സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം അതൊരു നിയോഗമായി ഏറ്റെടുക്കേണ്ടി വരുന്നവനാണ് ഇൻസ്പെക്ടർ. അതുകൊണ്ടു തന്നെ ജോലിയിൽ തികഞ്ഞ അക്ഷമ പ്രകടവുമാണ്. ഭാസ്കരമേനോനാകട്ടെ തന്റെ ദൌത്യനിർവ്വഹണത്തിൽ ഉത്സുകനും സന്തോഷവാനുമാണ്.

നിരീക്ഷണവും പരീക്ഷണവും
നിരീക്ഷണ പരീക്ഷണ അന്വേഷണയുക്തികളുടെ സമർത്ഥനമാണ് ബാലകൃഷ്ണ മേനവനെ പ്രതിക്കൂട്ടിലാക്കിയത്. പുളിങ്ങോട്ടു കണ്ട കാലടികളുടെ ആകൃതിയും പോക്കും ആദ്യം മനസ്സിലാക്കി പിന്നെ അവിടെ കണ്ട അടയാളങ്ങളും പരി ശോധിച്ച ശേഷം മരണസ്ഥലത്തു കണ്ട മരുന്നും കിണ്ടിയിലെ വെള്ളവും സ്റ്റേഷനാപ്പീസർ തൻ്റെ വിട്ടിലെ പരീക്ഷണശാലയിൽ വെച്ച് പരിശോധനയ്ക്കു വിധേയമാക്കുന്നു. ‘അംഗുലക്കുഴലുകൾ’ കൊണ്ട് ഓരോന്നായി എടുത്ത് മരു ന്നുകൾ തിളപ്പിച്ചിട്ടും, അരിച്ചിട്ടും, അരിച്ചുകിട്ടുന്ന ഊറലെടുത്തു സ്ഫുടം വെച്ചിട്ടും ഇടയ്ക്കിടെ ചിലതൊക്കെ നോട്ടുപുസ്തകത്തിൽ കുറിച്ചിട്ടും ഇടമുറിയാതെ ഒന്നൊര മണിക്കൂറോളം പ്രയത്നിച്ചു. ഒടുവിൽ അപ്പാത്തിക്കരി നല്കിയ മരുന്നിൽ മായമില്ല എന്ന് മനസ്സിലാക്കുമ്പോൾ താൻ ചെയ്ത പ്രവർത്തികൾ വ്യർത്ഥമാ യല്ലോ എന്നുള്ള നിരാശയില്ല ഭാസ്കരമേനോനിൽ. കിണ്ടിയിലെ വെളളം ഒരു തുള്ളി ഇറ്റിച്ച് പരീക്ഷണം ആവർത്തിക്കുകയാണ്. “കിണ്ടിയെടുത്തു നല്ലവണ്ണം ഇളക്കി അതിലുള്ള വെള്ളം മുരലിൽകൂടി ഒരു സ്ഫടികത്തംബ്ലറിലേക്കു ഒഴിച്ചു എന്നിട്ട് അപ്പാത്തിക്കരിയുടെ മരുന്നുകൊണ്ടു കാട്ടിയ പ്രയോഗങ്ങളെല്ലാം ഈ വെള്ളം കൊണ്ട് പുനരായിട്ടു ആരംഭിച്ചു”(1954:60). തൻ്റെ യുക്തിയെ പിന്താങ്ങ ന്ന ലക്ഷ്യങ്ങൾ കാണുന്നതുവരെ പ്രവർത്തനസജ്ജനാണ് ഭാസ്കരമേനോൻ. പരീക്ഷണശാലയിലെ വിജയം കൊലപാതകിയെക്കുറിച്ചുള്ള അന്വേഷണ ത്തിൻ്റെ ആദ്യ തെളിവുകളെങ്കിൽ അതിൻ്റെ പ്രേരണാഘടകത്തെ തികച്ചും രഹസ്യമായിട്ടാണ് ഭാസ്കരമേനോൻ കണ്ടെത്തുന്നത്. സംശയംതോന്നിയ ആളുകളുടെ പ്രവർത്തനങ്ങളെ അതിവ ഗൂഢമായിട്ട് നിരീക്ഷിക്കുന്നു. ഭാസ്കരമേ നോനെ നിരന്തരം മറഞ്ഞുനിന്ന് പിന്തുടരുന്ന മൊയ്തുവിനെ മൽപ്പിടിത്തത്തിൽ കീഴ്പ്പെടുത്തുന്നതോടെയാണ് ഇൻസ്പെക്ടറുടെ മകനായ ബാലകൃഷ്ണമേനവനും വൈദ്യരുടെ മകൻ ശങ്കരമേനവനും കൊലപാതകത്തിലുള്ള പങ്ക് പുറത്താക ന്നത്. ഇരുവരും തമ്മിലുള്ള തപാൽ ഇടപാടുകൾ പരിശോധിച്ചതിൽ നിന്നും കൊലപാതകി ആരെന്നതിൽ വ്യക്തതയുണ്ടാക്കുന്നു. “എല്ലാം തെയ്യാറായി, ഇന്നുതന്നെ ഒസ്യത്തുംകൊണ്ടു പതിവുള്ള സ്ഥലത്തെത്തുമല്ലൊ”(1954:132) എന്ന വാചകം ബാലകൃഷ്ണമേനവനും ശങ്കരമേനവനും അയച്ച കത്തിൽ പരാമർശിക്കുകയും അതിൻ്റെ പകർപ്പെടുത്ത ശേഷം എഴുത്ത് പശവെച്ച ഒട്ടിച്ചു വീണ്ടും തപാലിലയച്ചു. കേസിൻ്റെ തെളിവുകളിൽപ്പെടുന്ന ഭാഷാസാമ ഗ്രികളായ കൈയക്ഷരം, കത്തിൻ്റെ രൂപമാതൃക, ശൈലീപരമായ സവിശേഷ തകൾ എന്നീ കാരണങ്ങളാണ് യഥാർത്ഥ പ്രതി ബാലകൃഷ്ണനാണെന്നതിൽ വ്യക്തത ലഭിക്കുന്നത്. തപാലാഫീസ്, ആശുപത്രി, പോലീസ് സ്റ്റേഷൻ എന്നിവയുടെ കടന്നുവരവ് കൊളോണിയൽ ആധുനികതയുടെ ചിഹ്നങ്ങളാ യിട്ടാണ് നോവലിൽ ചിത്രീകരിക്കുന്നത്. ആധുനികതാവ്യവഹാരങ്ങളുടെയും സ്ഥാപനങ്ങളുടെയും കൂടിച്ചേരലാണ് കൊലയുടെ അന്വേഷണ വഴികളിൽ നിർണ്ണായകമാകുന്നതും.


തന്റെ മുമ്പിൽ നിരവധി സാധ്യതകളായിരുന്നു കേസന്വേഷണത്തിൽ ഭാസ്കരമേനവനുണ്ടായിരുന്നത്. കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടയവനിൽ കുറ്റം കെട്ടിവെയ്ക്കുന്ന സമീപനരീതിയല്ല ആധുനികഭരണകൂടത്തിൻ്റേത്. ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്ന വ്യഗ്രതയാണ് ഭാസ്കരമേ നോനിലെ അന്വേഷകനിൽ നിലകൊള്ളുന്നത്. ഇൻസ്പെക്ടർക്ക് കഴിയാതെ പോയതും ഇതുതന്നെയാണ് ‘പുളിങ്ങോട്ടെ സ്വത്ത് കൂനന്റെ വീട്ടിൽ ‘എന്ന് ബീറ്റിനിടയിൽ ആരോ വിളിച്ചുപറയുന്നതുകേട്ട കോൺസ്റ്റെബിളിന്റെ വാക്കുകൾ മുഖവിലയെടുത്താൽ കിട്ടുണ്ണിമേനോൻ്റെ കൂനനായ കാര്യസ്ഥ നാണ് പ്രതിയെന്നും അദ്ദേഹത്തിൻ്റെ ശിഷ്യൻ അന്ന് രാത്രി ബംഗ്ലാവിൽ വരുകയും അവിടെ നിന്ന് കാരണമൊന്നും പറയാതെ ഓടിപോവുകയും ചെയ്തതിനാൽ കാര്യസ്ഥനെ കുറ്റക്കാരനാക്കി മാറ്റാം എന്ന ഇൻസ്പെകറുടെ അനുമാനമാണ് കാര്യസ്ഥനെയും കുമാരൻനായരെയും കുറ്റാരോപിതരാക്കുന്ന ന്നത്. യാഥാർത്ഥ പ്രതി തൻ്റെ മകനായ ബാലകൃഷ്ണനാണെന്ന് തിരിച്ചറിഞ്ഞ ഇൻസ്പെകർ ശേഷിച്ച കാലം ഈ ഉദ്യോഗത്തിന് താൻ യോഗ്യനല്ല എന്ന് മനസ്സിലാക്കി ജോലി ഉപേക്ഷിക്കുകയാണ്. നിയമസംവിധാനത്തോടും ഭരണകൂടത്തോടും പോലീസ് മേധാവികളോടും ജനങ്ങൾക്കുള്ള വിശ്വാസ്യത നോവൽ സംരക്ഷിക്കുന്നുണ്ട്. “ബാലകൃഷ്ണമേനവന്റെ ബംഗ്ലാവിലും ശങ്കര മേനവന്റെ പക്കലുണ്ടായിരുന്ന എഴുത്തുകളും കിട്ടുണ്ണിമേനവൻ്റെ ഒസ്യത്തും പരിശോധിച്ചതിൽ സ്റ്റേഷനാപ്സർ എടുത്ത തെളിവിൽ കടുമാകാണിക്കു നീക്കത്തൂക്കമില്ലെന്നു എല്ലാവക്കും ബോദ്ധ്യം വന്നു” (1954: 134). നീതിയുടെ പാലകർ പുലർത്തുന്ന വിശ്വാസ്യത പൊതുജനസമ്മതി നേടുന്നു. സുസ്ഥിരമായ സാമൂഹികക്രമത്തിൻ്റെ ഉറപ്പ് നോവൽ മുന്നോട്ടുവെയ്ക്കുന്നുണ്ട്. ഭാസ്കരമേനോ ന്റെ യുക്തിസഹമായ അന്വേഷണത്തിൻ്റെ മികവുകൊണ്ടാണ് കുമാരൻ നായരും കാര്യസ്ഥനും നിരപരാധികളാണെന്ന് തെളിഞ്ഞത്. അഥവാ അന്വേ ഷണത്തെ ശരിയായ രീതിയിൽ പുരോഗതിയിലേക്കു കൊണ്ടുപോയതാണ് ഇൻസ്പെക്ടറുടെ മകനെ പ്രതിക്കൂട്ടിലാക്കുന്നത്. ആധുനികഭരണസംവിധാന ത്തോടുള്ള വിശ്വസ്തത നിലനിർത്താൻ ജനങ്ങളെ പ്രേരിപ്പിക്കുന്ന ഘടകമായി ഇത് മാറുന്നുണ്ട്.

ഫ്യൂഡലിസത്തിൽനിന്ന് ആധുനികതയിലേക്ക്
കുടുംബമാണ് ആധുനിക ലിംഗപദവിയുടെ അടിസ്ഥാനം. ഫ്യൂഡൽ തറവാടു കളുടെ ബൃഹദാവിഷ്കരണങ്ങളിൽ നിന്നും വ്യത്യസ്തമായി ഭാര്യ, മക്കൾ എന്നി ങ്ങനെയുള്ള കുടുംബവ്യവസ്ഥയുടെ പുതുമാതൃക നോവൽ വ്യക്തമാക്കുന്നു. ഭാര്യയുടെ കുടുംബവീടായ ചേരിപ്പറമ്പുതറവാട്ടിലേക്ക് കടന്നുചെന്ന ഇൻസ്പെ കടർ തറവാട്ടുപ്രാരബ്ധവും കടബാധ്യതകളും കണ്ട് “എൻ് ഭായ്മയും മക്കളും അരിഷ്ടിക്കുന്നതു ഞാൻ അരിഷ്ടിക്കുന്നതിനു തുല്യംതന്നെ ഞാൻ ജീവിച്ചിരി ക്കുന്ന കാലത്തോളം അതിനു സംഗതിവരത്തില്ല അതു സംശയിക്കേണ്ട” (1954: 134) എന്ന് പരിദേവനം നടത്തുന്നുണ്ട്. ഗൃഹനാഥനായ ഭർത്താവ് എന്ന പുരുഷകേന്ദ്രിത കൊളോണിയൽ ബോധ്യത്തിലുറച്ച കുടുംബവ്യവ സ്ഥിതിയാണ് ഇൻസ്പെക്ടറെക്കൊണ്ട് അങ്ങനെ പറയിപ്പിക്കുന്നത്. അമ്മാ വനായ ചേരിപ്പറമ്പു കാരണവരുടെ കടബാധ്യതകളാണ് കൊലപാതകം ആസൂത്രണം ചെയ്യുന്നതിന് ബാലകൃഷ്ണമേനവനെ പ്രേരിപ്പിക്കുന്നത്. അന്വേ ഷണത്തിൻ്റെ ഗതിമാറ്റവും ഭാസ്കരമേനോൻ തെളിവുകൾ സഹിതം അവ വിശദമാക്കുകയും ചെയ്തപ്പോൾ തൻ്റെ മകനാണ് കൊലയ്ക്ക് പിന്നിലെന്ന് തിരിച്ചറിഞ്ഞ കുണ്ടുണ്ണിനായർ ‘അയ്യൊ ചതിച്ചുവല്ലൊ ബാലകൃഷ്ണ!’ എന്ന് പുത്രവാത്സല്യത്താൽ വാവിട്ട് നിലവിളിക്കുകയാണ്. അമ്മാവൻ ഭരിക്കുന്ന മരുമക്കത്തായ തറവാടുകളിൽ നിന്നും അച്ഛൻ ഭരിക്കുന്ന വീടകങ്ങളിലേക്കു ള്ള ആധുനിക കേരളീയസമൂഹത്തിൻ്റെ ചേക്കേറൽ അടയാളപ്പെടുത്തുന്നു. മരുമക്കത്തായ ദായക്രമം കാലാനുസൃതമായി മാറേണ്ടതാണെന്ന ബോധ്യം അദ്ദേഹത്തിനുണ്ട്. പിതൃകർത്തവ്യബോധ്യത്തിൽ നിന്നുകൊണ്ടാണ് മകൾ ദേവകിക്കുട്ടിയുടെ വിവാഹത്തിന് അദ്ദേഹം തയ്യാറാകുന്നത്. മരുമക്കത്താ യത്തിന്റെ അന്ത്യവും മക്കത്തായത്തിലേക്കുള്ള വഴിമാറ്റവും ഇൻസ്പെക്ടർ കുണ്ടുണ്ണിനായരുടെ വാക്കുകളിലും പ്രവൃത്തികളിലും പ്രകടമാകുന്നുണ്ട്.

മലയാളഭാഷയുടെ ആശയപ്രകാശനശേഷിയും സൌന്ദര്യതന്ത്രങ്ങളും നോവൽ ആവിഷ്കരിക്കുന്നുണ്ട്. ആധുനികതയുടെ കടന്നുവരവിൽ ഭാഷയിലേ ക്ക് പകർന്നുതന്ന ശാസ്ത്രപദങ്ങളെ ഭാഷ എങ്ങനെ ഉൾക്കൊണ്ടു എന്നതിന്റെ ആവിഷ്കരണമാകുന്നു ‘ഭാസ്കരമേനോൻ’. ഭാഷയുടെ ഗതിമാറലും കുതിച്ചു ചാട്ടവും നോവലിൽ കടന്നുവരുന്നു. ‘പ്രൂസിക് ആസിഡ്’ എന്ന വിഷവസ്തു വാണ് കിട്ടുണ്ണിമേനോൻ്റെ കുടിക്കാനുള്ള വെള്ളത്തിൽ ചേർത്ത വിഷവസ്തു. പ്രൂസിക് ആസിഡ് എന്ന പരാമർശം മലയാളഭാഷയ്ക്ക് കരുത്തുപകരുന്ന പദപ്ര യോഗമാണ്. ഇംഗ്ലീഷ് നാമത്തിലുള്ള പദങ്ങളെ അത് അങ്ങനെതന്നെ ഭാഷ യിലേക്ക് സ്വീകരിക്കാമെന്നും ഭാഷയുടെ വളർച്ചയ്ക്ക് അനുകൂലഘടകമാണെന്നു മുള്ള നൂതനഭാഷാവിചാരങ്ങൾ ഉൾക്കൊണ്ട് അപ്പൻ തമ്പുരാൻ നോവലിൽ പരീക്ഷിക്കുമ്പോൾ ഭാഷ ശാസ്ത്രജ്ഞാനത്തിൻ്റെ കൂടി വാഹകമായി മാറുന്നു. തംബ്ലർ, അംഗുലക്കുഴലുകൾ (Test tube) എന്നി പദങ്ങളും ശ്രദ്ധേയമാണ്. മലയാളിയുടെ ലോകബോധത്തെ ശാസ്ത്രവീക്ഷണത്താൽ സമ്പന്നമാക്കുക യാണ്. മലയാളഭാഷയെ വൈജ്ഞാനികയുഗത്തിന്റെ സംവേദനമാധ്യമമാക്കിത്തീർക്കുന്നതിനുള്ള ശ്രമം നോവൽ തുറന്നുവെയ്ക്കുന്നു.

കേരളീയസമൂഹത്തെ ആധുനികതയിലേക്ക് നയിച്ചതിൽ ഗദ്യരൂപ ങ്ങൾക്ക് സവിശേഷമായ പങ്കുണ്ട്. ശാസ്ത്രാവബോധവും യുക്തിബോധവുമുള്ള പൌരസമൂഹത്തെ, പൊതുജനത്തെ ഭാവുകത്വപരമായി രൂപ്പെടുത്തുന്നതിന്റ പൊതുമണ്ഡലം ഭാസ്കരമേനോനിൽ കാണാം. വിശ്വാസങ്ങളുടെയും അനുമാ നങ്ങളുടെയും അനിശ്ചിതത്വത്തിൽ നിന്ന് പുറത്തുകടന്ന് ആധികാരികമായ തെളിവുകളേയും യുക്തിയേയും ആധാരമാക്കിക്കൊണ്ടുള്ളതായ അറിവുമാ തൃകയെ മുൻനിർത്തിയാണ് ഭാസ്കരമേനോൻ്റെ നിർമ്മിതി. ആധുനികമായ സ്ഥാപനങ്ങളിലും ഭരണക്രമങ്ങളിലും ജനങ്ങൾക്കുള്ള വിശ്വാസ്യത നോവൽ നിലനിർത്തുന്നു. സവിശേഷമായ പദകോശങ്ങളെ ഉൾക്കൊള്ളുമ്പോൾ ഭാഷ ധൈഷണികവും നൂതനവുമായിത്തിരുന്നുണ്ട്. കേരളീയാധുനികതയുടെ ഭാവു കത്വപരിണാമത്തെ മുന്നോട്ടുവെയ്ക്കുന്നതിൽ അപരമേഖലയിലല്ല അപസർപ്പ കസാഹിത്യങ്ങൾ നിലകൊള്ളുന്നതെന്ന് നോവൽ വ്യക്തമാക്കുന്നു.

ഗ്രന്ഥസൂചി

1 അപ്പൻ തമ്പുരാൻ, ഭാസ്കരമേനോൻ, 1954, ബി.വി. പ്രിൻ്റിങ്ങ് വർക്ക്സ്, തിരുവനന്തപുരം.
2.ഗണേഷ്, എൻ., ഭാസ്കരമേനോൻ, 2010, ഭാസ്കരമേനോൻ ആധുനികത, ആഖ്യാനം, ജൈവബോധം, സാഹിത്യലോകം, ജൂലായ്- ഒക്ടോബർ.
3 ജോസഫ് മുണ്ടശ്ശേരി, മുണ്ടശ്ശേരിയുടെ കൃതികൾ, 2004, മുണ്ടശ്ശരിയുടെ കൃതികൾ,കറൻറ് ബുക്സ്, തൃശ്ശൂർ
4. രാജശേഖരൻ പി.കെ., 1999, അന്ധനായ ദൈവം: മലയാള നോവലിൻ്റെ നൂറുവർഷ ങ്ങൾ, ഡി.സി.ബുക്സ്, കോട്ടയം.
5.രാമവർമ്മ, കെ.ടി. (സമ്പാദനവും സംശോധനവും), 1989, അപ്പൻ തമ്പുരാൻ്റെ തെരഞ്ഞെടുത്ത പ്രബന്ധങ്ങൾ, കേരളസാഹിത്യ അക്കാദമി, തൃശ്ശൂർ
6. വസന്തൻ, എസ്.കെ., നൂറുകൊല്ലം പിന്നിട്ട കൊലപാതകം, 2010, സാഹിത്യലോകം, ജനുവരി-ഫെബ്രുവരി പുസ്തകം 37, ലക്കം1
7. Swingewood, Alan, 1998, Cultural Theory and the Problem of Modernity, Bloomsbury Publishing, London.

Scroll to Top