അപസർപ്പകനോവലുകളുടെ ഭാവുകത്വപരിണാമം

ഡോ. ജൈനിമോൾ കെ. വി.
അസിസ്റ്റന്റ് പ്രൊഫസർ, സി. എ. എസ്. കോളേജ്, മാടായി
പ്രബന്ധസംഗ്രഹം

  പ്രബന്ധസംഗ്രഹം

കൊലപാതകങ്ങളുടെ നിഗൂഢതയും അപരലോകങ്ങളുടെ സാധ്യതയുമാണ് മലയാളത്തിലെ അപസർപ്പകാഖ്യാനങ്ങൾ അന്വേഷിച്ചത്. ഇതിവൃത്തങ്ങൾ ആവർത്തന വിരസങ്ങളാവുകയും കേവല വിനോദ മൂല്യങ്ങളിൽ ഒതുങ്ങ കയും ചെയ്തതോടെ മങ്ങലേറ്റ അപസർപ്പകസാഹിത്യം തിരിച്ചുവരവിന്റെ പാതയിലാണ്. പരീക്ഷണാത്മകത കൊണ്ടും ആഖ്യാനതന്ത്രങ്ങൾ കൊണ്ടും കുറ്റാന്വേഷണ നോവൽശാഖയിൽ ഒരു നവതരംഗം രൂപം കൊണ്ടിട്ടുണ്ട്. നവീന ആഖ്യാനമാതൃക എന്ന നിലയിൽ ലാജോ ജോസിൻ്റെ കൃതികളെ യാണ് ഇവിടെ മുഖ്യമായും പഠനവിധേയമാക്കിയിട്ടുള്ളത്. അപസർപ്പക നോവലുകളുടെ പരിണാമവഴികൾ സാമാന്യമായി നിരീക്ഷിക്കുകയും പുതു രീതിയുടെ സ്വഭാവങ്ങളെക്കുറിച്ചുള്ള നിരീക്ഷണങ്ങൾ അവതരിപ്പിക്കുകയും ചെയ്യുന്നു.

താക്കോൽ വാക്കുകൾ: ജനപ്രിയ സാഹിത്യം – അപസർപ്പകൻ – കൊലപാതകം കുറ്റവാളി – ത്രില്ലർ- അപരം.

ഒന്ന്

ജനപ്രിയസാഹിത്യത്തിൻ്റെ വൈവിധ്യമാർന്ന ജനുസ്സുകളിൽ അപസർപ്പക നോവലുകൾക്ക് ചെറുതല്ലാത്ത സ്ഥാനമുണ്ട്. ജനസാമാന്യത്തിന്റെ സാഹിത്യ മാണ് ജനപ്രിയസാഹിത്യം ജനകീയതയാണ് ലക്ഷ്യമിടുന്നത് എന്നതുകൊണ്ട് അത് ജനകീയസാഹിത്യവുമാണ്. ലക്ഷക്കണക്കിന് ആളുകൾ ജനപ്രിയ വാരികകൾ വായിക്കുന്നുണ്ട്. അങ്ങനെ വരുമ്പോൾ മാറ്റി നിർത്തേണ്ടുന്ന ഒന്നാണോ ജനപ്രിയസാഹിത്യം? പൈങ്കിളിയെന്നും രണ്ടാംകിടയെന്നും പരിഹസിക്കപ്പെടുന്നതിൽ എന്തർത്ഥമാണുള്ളത്? എഡ്‌ഗർ അലൻ പോ, അഗതാ ക്രിസ്റ്റി, ആർതർ കോനൻഡോയിൽ, ബ്രാം സ്റ്റോക്കർ തുടങ്ങിയവരെ യൊക്കെ ജനപ്രിയസാഹിത്യത്തിൻ്റെ വക്താതാക്കൾ എന്ന നിലയിലാണ് പാശ്ചാത്യസാഹിത്യചരിത്രത്തിൽ അടയാളപ്പെടുത്തുന്നത്. മലയാളത്തിലേ ക്ക് ജനപ്രിയ സാഹിത്യരൂപങ്ങൾ കടന്നുവന്നതിൻ്റെ കാരണങ്ങളെക്കുറിച്ച് പി.കെ. രാജശേഖരൻ ഇങ്ങനെ പറയുന്നു. “സ്വാതന്ത്ര്യസമരത്തിന്റെയും രണ്ടാംലോകമഹായുദ്ധത്തിന്റെയും തീവ്രതയും പട്ടിണിയും ദാരിദ്ര്യവും അനു ഭവിച്ചുകൊണ്ടിരുന്ന പുത്തൻ വായനാസമൂഹത്തിൽ ഒരു സ്വപ്നതൃഷ്ണ നില നിന്നിരുന്നു. അയഥാർത്ഥമായ ഒരു ആനന്ദലോകത്തിനു വേണ്ടിയുള്ള ആ തൃഷ്ണയെ തൃപ്തിപ്പെടുത്താൻ കേവല വിനോദമൂല്യത്തിൽ ഊന്നുന്ന സാഹിത്യം ആവശ്യമായിരുന്നു. ജീവിതദുഃഖങ്ങൾക്കും പ്രതിസന്ധികൾക്കും ലളിതമായ പരിഹാരമാർഗ്ഗങ്ങൾ നിർദ്ദേശിക്കുന്ന, കിനാവുകളെയും മോഹങ്ങളെയും ഭാവനകൊണ്ട് പൂരിപ്പിക്കുന്ന അയഥാർത്ഥമായ ആനന്ദലോകം വാഗ്ദാനം ചെയ്ത ഒരു സാഹിത്യം ഗദ്യത്തിലെ റിയലിസത്തിനും പദ്യത്തിലെ കാല്പനി കതയ്ക്കും സമാന്തരമായി നാല്പതുകളിൽത്തന്നെ മലയാളസാഹിത്യത്തിൽ വളരാൻ ആരംഭിച്ചു. ആ സമാന്തര/ബദൽ സാഹിത്യത്തെയാണ് പിൽ ക്കാലത്ത് പൈങ്കിളി സാഹിത്യമെന്ന് ഉന്നതസാഹിത്യം പരിഹാസപൂർവ്വം വിളിച്ചത്. യഥാർത്ഥത്തിൽ ഒന്നോ രണ്ടോ എഴുത്തുകാരോ പ്രസാധകരോ ചേർന്ന് നിർമ്മിക്കുന്ന ഒരു അഭിരൂചിയോ പ്രസ്ഥാനമോ അല്ല പൈങ്കിളി എന്ന ജനപ്രിയസാഹിത്യം. ഒരു സമൂഹത്തിലെ രാഷ്ട്രീയബോധം, സ്വപ്നതഷ്ണ, ആനന്ദവാഞ്ചര തുടങ്ങിയ ഒട്ടേറെ ഘടകങ്ങളുമായി അതിനുബന്ധമുണ്ട് (രാജശേഖരൻ പി കെ,, 2014: 103).

എല്ലാ രാജ്യങ്ങളിലും ജനപ്രിയസാഹിത്യമുണ്ട്. ഈ ജനുസ്സിൽ ആഗോ ളതലത്തിൽ വൻ പ്രചാരം നേടിയ സാഹിത്യരൂപമാണ് അപസർപ്പകനോ വലുകൾ. ചരിത്രനോവലുകൾ, സാമൂഹ്യനോവലുകൾ, രാഷ്ട്രീയനോവലുകൾ എന്നീ നോവൽ വിഭാഗങ്ങൾക്കിടയിൽ സ്ഥലകാലഭേദമന്യേ ജനങ്ങളെ ആകർഷിക്കുന്ന വിഭാഗമാണിത്. ഫ്രഞ്ചിൽ ‘റോമൻ പോലീസിയർ’ എന്നും ഇംഗ്ലീഷിൽ ‘ഡിറ്റക്ടീവ് നോവലുകളെന്നും’ അറിയപ്പെടുന്ന അപസർപ്പക നോവലുകൾക്ക് മലയാളത്തിൽ കുറ്റാന്വേഷണ നോവലുകളെന്നും പേരുണ്ട്. കൊലപാതകം, അവയുടെ നിഗൂഢത അന്വേഷിച്ചുപോകൽ, കുറ്റം തെളിയി ക്കൽ എന്നിവയാണ് ഇവയുടെ പ്രമേയം. നിഗൂഢാത്മകത, ഭാവനാസൃഷ്ടി, ജിജ്ഞാസയുണർത്തുന്ന അവതരണരീതി തുടങ്ങിയവയാണ് അപസർപ്പക സാഹിത്യത്തിന്റെ പ്രത്യേകതകൾ. കുറ്റാന്വേഷകൻ/ ഡിറ്റക്ടീവ് ആണ് ഇതിലെ നായകകഥാപാത്രം. അജ്ഞാതനായ കുറ്റവാളിയായിരിക്കണം പ്രതിനായകൻ. വായനക്കാരിൽ സംശയം ജനിപ്പിക്കാനുതകും വിധത്തിലാ യിരിക്കണം മറ്റ് കഥാപാത്രങ്ങളുടെ ചിത്രീകരണം.

കുറ്റാന്വേഷണഭാവനയുടെ പൂർവ്വരൂപങ്ങൾ ആയിരത്തൊന്നു രാവുകളിലും, ബൈബിൾ കഥകളിലുമൊക്കെ കണ്ടെത്താം. ആയിരത്തൊന്നു രാവുകളിൽ ഷെഹറാസാദ് വിവരിക്കുന്ന ‘ദി ത്രീ ആപ്പിൾ’ എന്ന കഥയെ ആദ്യ കുറ്റാന്വേഷണകൃതി ആയി ചിലർ കണക്കാക്കുന്നു. ഒരു മൃതദേഹത്തെ ചുറ്റിപ്പ റ്റിയുണ്ടായ നിഗൂഢതയുടെ ചുരുളഴിക്കാൻ ആ കഥയിൽ മന്ത്രി ആവശ്യപ്പെട്ട ന്നുണ്ട്. സോഫോക്ലീസിൻ്റെ ഈഡിപ്പസിൽ നിരവധി അന്വേഷണങ്ങൾക്കും ചോദ്യം ചെയ്യലുകൾക്കും ശേഷമാണല്ലോ മാതാവുമായി തനിക്കുള്ള ബന്ധ ത്തെക്കുറിച്ചും പിതാവിന്റെ ഘാതകനെക്കുറിച്ചും ഈഡിപ്പസ് തിരിച്ചറിയുന്നത്. ആദ്യ ചൈനീസ് കുറ്റാന്വേഷണകൃതി ‘ഗോങ്ങ് ആൻ സ്റ്റോറി’ ആണ്. വാൾട്ടയ റിൻ്റെ ‘സാദിഗ്’ (Zadig 1748) ആണ് ആദ്യ പാശ്ചാത്യ കുറ്റാന്വേഷണകൃതി. തുടർന്ന് ഡാനിഷിൽ സ്റ്റീൻ സ്റ്റീൻസൺ ബ്ലിച്ചറിൻ്റെ ‘ദി റെക്ടർ ഓഫ് വെയ്ൽ I (The Rector of Veil bye 1829) Jel, w നടന്ന ഒരു യഥാർത്ഥ കൊലപാതകം ആയിരുന്നു ഈ കൃതിയുടെ പ്രമേയം. കുറ്റാന്വേഷണ രചനകളുടെ മുൻഗാമികളായി മേല്പറഞ്ഞ കൃതികളെയൊക്കെ കണക്കാക്കാമെങ്കിലും 1841 ൽ പുറത്തുവന്ന എഡ്‌ഗർ അലൻപോയുടെ കഥകളാണ് കുറ്റാന്വേഷണത്തിൻ്റെ ആധുനികഘട്ടത്തിന് തുടക്കമിട്ടത്. 1841 ൽ അലൻപോ രചിച്ച ‘റൂമോർഗിലെ കൊലപാതകങ്ങൾ’ (The Murder in the Rue Morgue) ആണ് ആദ്യത്തെ അപസർപ്പകനോവൽ. ഈ കൃതിയിലാണ് ചാരൻ (Spy) എന്നതിനുപകരം ആദ്യ കുറ്റാന്വേഷണ കഥാ പാത്രത്തെ (detective) അവതരിപ്പിക്കുന്നത്. സി. അഗസ്റ്റി ഡ്യൂപ്പിൻ (C. Auguste Dupin) എന്നാണ് ആദ്യ ഡിറ്റക്ടീവിൻ്റെ പേര്. ഈ കൃതിയെ തന്നെയാണ് ഇംഗ്ലീഷിലെ ലക്ഷണമൊത്ത ആദ്യ കുറ്റാന്വേഷണ നോവലായി കണക്കാക്കുന്നത്. തുടർന്ന് അദ്ദേഹം തന്നെ രചിച്ച ‘ദ പർലോയിറ്റ് ലെറ്റർ’, ‘ദി മിസ്റ്ററി ഓഫ് മേരി റോജൻ’ എന്നിവയും പുറത്തുവന്നു. 1858 ൽ പുറത്തിറങ്ങിയ ചാൾസ് ഡിക്കൻസിൻ്റെ ‘ബ്ലിക്ക് ഹൗസ്’ (Bleak House) എന്ന കൃതിയും കുറ്റാന്വേഷണ വിഭാഗത്തിൽ പെടുന്നു. വിൽകീ കോളിൻസിന്റെ ‘ദി വുമൺ ഇൻ വൈറ്റ്’ (1859), ‘ദി മൂൺ സ്റ്റോൺ’ (1868) എന്നീ കൃതികളെ ഇംഗ്ലീഷ് കുറ്റാ ന്വേഷണ സാഹിത്യത്തിൻ്റെ മുത്തച്ഛന്മാരായി കണക്കാക്കുന്നു. അദ്ദേഹമാണ് ഇരുപതാം നൂറ്റാണ്ടിൽ പിന്നീടുണ്ടായ കുറ്റാന്വേഷണ കൃതികളുടെ ചില പൊതുമാതൃകകൾ സൃഷ്ടിച്ചത്. അവ ഇങ്ങനെയാണ്.

* വലിയ ബംഗ്ലാവുകളിൽ നടക്കുന്ന കളവ്.
* തെറ്റായ സൂചനകൾ.
* കുറ്റം നടക്കുന്ന സ്ഥലത്തെ താമസക്കാരൻ്റെ കൃത്യത്തിലുള്ള സാന്നിധ്യം.
* പ്രശസ്തനായ അന്വേഷകൻ.
* കഴിവില്ലാത്ത സ്ഥലം പോലീസ് ഓഫീസർ.
* സാക്ഷികളെ വീണ്ടും വീണ്ടും ചോദ്യം ചെയ്യൽ. വായനക്കാരിൽ സംശയം ജനിപ്പിക്കാൻ ഉതകും വിധത്തിൽ തെറ്റായ കുറ്റാരോപിതരെ         സൃഷ്ടിക്കുക.
* തീർത്തും പ്രതീക്ഷിക്കാത്തയാൾ കുറ്റവാളിയാവുക.
* കുറ്റകൃത്യത്തിന്റെ പുനർനിർമ്മിതി
* ക്ലൈമാക്സിലെ ട്വിസ്റ്റ്

ഇത്തരത്തിൽ നിരീക്ഷണപാടവവും അന്വേഷണ ശീലവുമൊക്കെ പ്രകടിപ്പി ച്ചുകൊണ്ടുള്ള കുറ്റാന്വേഷണ നോവലുകളുടെ കടന്നുവരവോടുകൂടി അതുവരെ മേൽക്കൈ നേടിയിരുന്ന ചാരക്കഥകളും ശാസ്ത്രനോവലുകളും പിന്തള്ളപ്പെട്ടു. 1887- ൽ സർ ആർതർ കോനൻ ഡോയലിൻ്റെ ഷെർലക്‌ഹോംസ് പുറ ത്തിറങ്ങിയതോടെ ഇവയുടെ ജനപ്രീതി വർദ്ധിച്ചു. കുറ്റാന്വേഷണകൃതികൾ പ്രചുരപ്രചാരം നേടിയ 1920- 30 കാലഘട്ടം ഈ വിഭാഗം കൃതികളുടെ സുവർണ്ണകാലമായി കണക്കാക്കുന്നു.

മലയാളത്തിൽ ആദ്യമായി അപസർപ്പകനോവൽ മാതൃക അവതരി പ്പിച്ചത് അപ്പൻ തമ്പുരാനാണ്. 1905-ൽ ഷെർലക്‌ഹോംസിന്റെ മാതൃകയിൽ സൃഷ്ടിച്ച ഭാസ്കരമേനോൻ ആണ് മലയാളത്തിലെ ആദ്യത്തെ അംഗികൃത അപസർപ്പകാഖ്യായിക. ‘ഒരു ദുർമരണം’ എന്നപേരിൽ ഖണ്ഡശ്ശയായി രസികരഞ്ജിനിയിൽ പ്രസിദ്ധീകരിച്ച ഈ നോവൽ ശീർഷകം മാറ്റി പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കുകയായിരുന്നു. ഈ നോവലിലെ അപസർപ്പ കനാണ് ഭാസ്കരമേനോൻ. ഒ.എം. ചെറിയാൻ്റെ കാലൻ്റെ കൊലയറയാണ് (1928) പിന്നീട് വന്നത്. 1950-കളുടെ അവസാനം ദുർഗാപ്രസാദ് ഖത്രിയുടെ ഹിന്ദി നോവലുകൾ മോഹൻ ഡി. കങ്ങഴ വിവർത്തനം ചെയ്യുകയുണ്ടായി. മൃത്യുകിരണം, ചെമന്നകൈപ്പത്തി, വെളുത്ത ചെകുത്താൻ തുടങ്ങിയവയ്ക്ക് വായനക്കാരുണ്ടായി. ബി. ജി. കുറുപ്പ്, സി. മാധവൻപിള്ള, മാത്തൻ തരകൻ, കുഞ്ഞിരാമപ്പിഷാരടി, എം. കുമാർ, നാരായണപ്പിള്ള തുടങ്ങിയവരാണ് അമ്പ തുകളിൽ ജനപ്രിയ സ്വഭാവമുള്ള കുറ്റാന്വേഷണ നോവലുകൾ സൃഷ്ടിച്ചവരിൽ പ്രമുഖർ. 1960-കളിൽ ഉദ്വേഗം നിറഞ്ഞ ഈ വിഭാഗം നോവലുകൾക്ക് വായ നക്കാർ ഏറിവന്നു. 1981-ൽ ഷെർലക്‌ഹോംസ് കൃതികളുടെ പരിഭാഷകൾ ധാരാളം വന്നുതുടങ്ങി. അതോടെ ഹോംസിൻ്റെ മാതൃകയിലുള്ള കുറ്റാന്വേ ഷണങ്ങളും ഡ്രാക്കുളമാതൃകയിലുള്ള രക്തരക്ഷസ് കഥകളും പോലുള്ള അയഥാർത്ഥലോകങ്ങളെ സൃഷ്ടിക്കുന്നതിലായി നോവലിസ്റ്റുകളുടെ ശ്രദ്ധ. കൊലപാതകം, നിഗൂഢമായ കുറ്റവാളിസങ്കേതം, വേഷം മാറിനടക്കുന്ന തസ്കരരും അപസർപ്പകരും, ത്യാഗകേസരിയായ തസ്കരൻ, സർവ്വജ്ഞനായ അപസർപ്പകൻ, അത്ഭുത യന്ത്രങ്ങൾ, നിഗൂഢഭാവനങ്ങൾ തുടങ്ങിയവരിൽ മോഹമുഗ്ദ്ധരായിരുന്നു അമ്പതുകളിലെ ഡിറ്റക്ടീവ് നോവലിസ്റ്റുകൾ എന്ന് പി. കെ. രാജശേഖരൻ പറയുന്നുണ്ട് (2014: 107). കേരളത്തിൽ ഇത്തരം കഥകൾ നടക്കുമോ എന്ന് സംശയമുണ്ടായിരുന്ന ഇവർ തങ്ങളുടെ കഥാപശ്ചാത്ത ലമായി മദിരാശിപോലുള്ള സ്ഥലങ്ങളെയും സാങ്കല്പിക നഗരങ്ങളെയും സൃഷ്ടിച്ചു എന്നും അദ്ദേഹം പറയുന്നു. ഈ പ്രവണത അമ്പതുകളിൽ മാത്രമല്ല, കോട്ടയം പുഷ്പനാഥിൻ്റെയും മറ്റും കാലഘട്ടത്തിലും തുടർന്നിരുന്നു എന്നു കാണാം. 1968-ൽ പ്രസിദ്ധീകരിച്ച ചുവന്ന മനുഷ്യൻ്റെ പശ്ചാത്തലം ഫ്രാൻസ് ആയിരുന്നു. ഡിറ്റക്ടീവ് മാർക്സിൻ അന്താരാഷ്ട്ര കുറ്റാന്വേഷകൻ എന്ന നിലയിൽ പ്രസിദ്ധനായ കഥാപാത്രമാണ്. പുഷ്പനാഥിൻ്റെ നിരവധി നോവലുകൾക്ക് ലണ്ടനിലെ തെരുവീഥികളും ബ്രസീലിലെ ഇടവഴികളും അമേരിക്കയിലെ സുഖ വാസകേന്ദ്രങ്ങളും പശ്ചാത്തലമായി. അക്കാലഘട്ടത്തിൽ മലയാളത്തിലുണ്ടാ യിട്ടുള്ള ഒട്ടെല്ലാ നോവലുകളുടെയും പശ്ചാത്തലം അകേരളീയമായിരുന്നു.

കോട്ടയം പുഷ്പനാഥിനെ തുടർന്ന് ബാറ്റൺബോസ്, തോമസ് ടി. അമ്പാട്ട്, മെഴുവേലി ബാബുജി തുടങ്ങിയവരൊക്കെ എൺപതുകളിൽ കോട്ട യത്തു നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ജനകീയ പ്രസിദ്ധീകരണങ്ങളിലൂടെ നോവലുകൾ എഴുതിയവരാണ്. മാമാങ്കം, മനോരമ, മനഃശബ്ദം, മംഗളം, മനോരാജ്യം, തരംഗിണി, ചെമ്പകം, പൗരധ്വനി തുടങ്ങിയവയൊക്കെയാ യിരുന്നു അക്കാലത്തെ ജനപ്രിയവാരികകൾ. 1981-ൽ ഷെർലക്ഹോംസ് കൃതികളുടെ പരിഭാഷകളും ധാരാളമായി വന്നുതുടങ്ങിയിരുന്നു. അതോടെ ഹോംസിന്റെ മാതൃകയിലുള്ള കുറ്റാന്വേഷണങ്ങളും ഡ്രാക്കുള മാതൃകയിലുള്ള രക്തരക്ഷസ് കഥകളും പോലുള്ള അയഥാർത്ഥലോകങ്ങളെ സൃഷ്ടിക്കുന്ന തിലായി നോവലിസ്റ്റുകളുടെ ശ്രദ്ധ. മലയാളികളുടെ വായനാശീലത്തെ
 വളർത്തിയെടുക്കാൻ ഈ നോവലുകൾക്കുകഴിഞ്ഞു എന്നതാണ് ഇതിന്റെ ഗുണപരമായ വശം.

അപസർപ്പകഘടകങ്ങൾ (അപസർപ്പണം, നിയന്ത്രിതമായ വിവര വിരേചനം, പരിണാമഗുപ്തി തുടങ്ങിയവ) പാലിച്ചുകൊണ്ടും പാശ്ചാത്യകൃതി കളെ അനുകരിച്ചുകൊണ്ടും സൃഷ്ടിച്ച നോവലുകളെ നോവലിസ്റ്റുകൾ ഒരു ഉത്പന്നമായി മാത്രം കണ്ടു. ഇതിവൃത്തങ്ങൾ ആവർത്തനവിരസങ്ങളായി മാറി. സ്വകാര്യടെലിവിഷൻ ചാനലുകളും സീരിയൽ പ്രക്ഷേപണവുമൊക്കെ വന്നതോടെ ‘മ’ വാരികകളുടെ പ്രചാരവും അംഗികാരവും നഷ്ടപ്പെട്ടു. ഇതോടെ അപസർപ്പകനോവലുകളുടെ പ്രതാപം മങ്ങിത്തുടങ്ങി. ആ അവസ്ഥയെ ക്കുറിച്ച് പി. കെ. രാജശേഖരൻ്റെ നിരീക്ഷണം ശ്രദ്ധേയമാണ്. “ജനപ്രിയ സാഹിത്യവും ജനപ്രിയവാരികകളും ഇന്ന് തകർന്നടിഞ്ഞ ദുർഗ്ഗങ്ങളാണ്. 17 ലക്ഷം കോപ്പി ആഴ്ചതോറും വിറ്റുകൊണ്ടിരുന്ന ഒരു വാരിക. ഇപ്പോൾ രണ്ടര ലക്ഷത്തിലേക്ക് ചുരുങ്ങിയിരിക്കുന്നു. 14 ലക്ഷം വിറ്റ എതിർ പ്രസിദ്ധീകരണം മാർക്കറ്റിംഗിന്റെ സമസ്ത തന്ത്രങ്ങളുമുണ്ടായിട്ടും അഞ്ചുലക്ഷത്തിൽ താഴെ എത്തിനിൽക്കുന്നു. മുട്ടത്തുവർക്കിയെയും കാനം ഇ. ജെ. യെയും പോലുള്ള സ്വതന്ത്രരായ ജനപ്രിയനോവലിസ്റ്റുകളോ കോട്ടയം പുഷ്പനാഥിനെപ്പോലുള്ള സ്വതന്ത്രനായ അപസർപ്പകനോവലിസ്റ്റോ ഇന്നില്ല” (2014: 113).

രണ്ട്

ഇന്ന് ജനപ്രിയസാഹിത്യത്തിൻ്റെ ഉള്ളടക്കത്തിലും ഘടനയിലുമൊക്കെ പ്രതിനിധാനപരവുമായ മാറ്റങ്ങൾ വന്നിട്ടുണ്ട്. പാശ്ചാത്യരാജ്യങ്ങളിൽ മുഖ്യധാരാ സംസ്കാരമായി തന്നെ ജനപ്രിയസംസ്കാരത്തെ പരിഗണിക്കുന്നു. സാംസ്കാരികപഠനം സാഹിത്യമുൾപ്പെടെയുള്ള വിഷയങ്ങളിൽ ജനപ്രിയ തയ്ക്ക് അക്കാദമിക അംഗീകാരം നൽകിത്തുടങ്ങി. മൊബൈൽഫോണിന്റെ കടന്നുവരവോടെ വികസിച്ചുവന്ന നവമാധ്യമസംസ്കാരം വിനോദത്തിനും ജനങ്ങളുടെ താല്പര്യങ്ങൾക്കും മാറ്റിമറിച്ചു. സംഗീതം, വിഡിയോഗെയിമുകൾ, വിനോദങ്ങൾ, വാർത്ത തുടങ്ങി ലോകത്തു നടക്കുന്ന സകലസംഭവങ്ങളുടെയും വിവരണങ്ങൾ തത്സമയം അറിയാൻ മൊബൈൽഫോണിൻ്റെ വരവോടെ സാധിച്ചു. ഇത്തരം സങ്കീർണ്ണമായ സാംസ്കാരികചുറ്റുപാടിൽ വായനക്കാരെ തൃപ്തിപ്പെടുത്തുക എന്നത് എഴുത്തുകാർക്കും പ്രസാധകർക്കും ഒരു വെല്ലുവിളി തന്നെയാണ്. ഈ പ്രതിസന്ധിയെ അതിജീവിച്ചുകൊണ്ട് വായനാസമൂഹം സ്വീകരിച്ച അപസർപ്പകനോവലാണ് ടി.പി. രാജീവൻ്റെ പാലേരിമാണിക്യം ഒരു പാതിരാകൊലപാതകത്തിൻ്റെ കഥ. ടി.ഡി. രാമകൃഷ്ണന്റെ ഫ്രാൻസിസ് ഇട്ടിക്കോരയാണ് മറ്റൊന്ന്. കുറ്റാന്വേഷണവും ചരിത്രവും പലതലങ്ങളിൽ ഇണക്കിയെടുത്തു കൊണ്ടുള്ള പ്രമേയരീതി, പുതുമയുള്ള അന്വേഷണം എന്നിവ ഈ നോവലുകളെ വ്യത്യസ്തമാക്കുന്നു. കുന്നംകുളം ആസ്ഥാനമായുള്ള പതിനെട്ടാം കൂറ്റുകാർ എന്ന രഹസ്യ വിഭാഗത്തെപ്പറ്റിയുള്ള അന്വേഷണമാണ് ഫ്രാൻസിസ് ഇട്ടിക്കോരയിലുള്ളത്. ഇൻ്റർനെറ്റിൽ നിന്നും വിക്കിപ്പീഡിയയിൽ നിന്നും കിട്ടുന്ന വിവരങ്ങളൊക്കെ നോവലിസ്റ്റ് ഉപയോഗപ്പെടുത്തുന്നുണ്ട്. ഈ നോവലിനെക്കുറിച്ച് ഹമീദ് അഭിപ്രായപ്പെടുന്നതിങ്ങനെയാണ്: ആഗോള കച്ചവടതാല്പര്യങ്ങളും ഹിംസാത്മകതയും വിപണന ലൈംഗികതയും കണക്കിന്റെ ചരിത്രവും കൂട്ടിക്കലർത്തി അതിന് അപസർപ്പണത്തിന്റെ ഒരു ഫ്രെയിം വർക്കും നല്കി ഹൈടെക്കിൻ്റെ എല്ലാ സാധ്യതകളും ചൂഷണം ചെയ്തു രചിച്ച ഈ നോവൽ മലയാളസാഹിത്യത്തിനെന്നപോലെ മലയാള അപസർപ്പ ണനോവൽ രംഗത്തും ഒരു തിലകക്കുറിയായി നിലകൊള്ളുന്നു (2015: 273).

മുഖമില്ലാത്ത തൊഴിലാളികളായിരുന്ന കാലത്തു നിന്നും വർത്തമാന കാലം ആവശ്യപ്പെടുന്ന പുതുമകളോടെ അപസർപ്പകനോവലിസ്റ്റുകൾ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. ടി.പി. രാജീവൻ, ടി.ഡി. രാമകൃഷ്ണൻ, അൻവർ അബ്ദുള്ള, ശ്രീപാർവ്വതി, മേതിൽ രാധാകൃഷ്ണൻ, ലാജോജോസ് തുടങ്ങിയവർ ഈ വിഭാഗം സാഹിത്യത്തെ മുഖ്യധാരയിലേക്കെത്തിച്ചു. ആഖ്യാനരീതിയിലും കുറ്റാന്വേഷണത്തിലും പരീക്ഷണങ്ങൾ നടത്താനുള്ള ശ്രമങ്ങൾ ഇവരുടെ കൃതികളിൽ കാണാം. ടി.പി. രാജീവൻ മുതൽ ലാജോ ജോസ് വരെയുള്ളവർ അപസർപ്പക നോവൽ വിഭാഗത്തെ പുനർ നിർവചിക്കുകയും വിശാലമാക്കുക യും ചെയ്തു. ചരിത്രവും മിത്തും ഇടകലർന്നുകൊണ്ടുള്ള രചനകൾ, പരമ്പരാഗത ലൊക്കേഷനുകൾക്ക് പുറത്തുള്ള രചനകൾ, വ്യത്യസ്തങ്ങളായ പ്രമേയവും കഥപാത്രങ്ങളെയും അവതരിപ്പിച്ചു കൊണ്ടുള്ള രചനകൾ തുടങ്ങി വൈവിധ്യ ങ്ങളുടെ സാധ്യതകളാണ് പുതുതലമുറ എഴുത്തുകാർ തേടിയത്. വാസ്തവത്തിൽ ഡിറ്റക്ടീവ് ഫിക്ഷൻ സാഹിത്യത്തിലെ പ്രബലമായ ഒരു വിഭാഗമായി തീർന്നി രിക്കുന്നു; അത് പല പല ഴാനറുകളായി വിഭജിക്കപ്പെടുകയും ഓരോന്നിനും അതിന്റേതായ ശൈലി കൈവരുകയും ചെയ്തു. ആഗോളതലത്തിൽ ഈ പ്രവണത നേരത്തേ വന്നുതുടങ്ങിയിരുന്നു. “സാഹിത്യം എന്ന സ്ഥാപനത്തെ ഒന്നുകിൽ പുനർവിശകലനത്തിന് വിധേയമാക്കുകയോ വിനോദത്തിനെ സൈദ്ധാന്തികമായി പുനർനിർവ്വചിക്കുകയോ ചെയ്യാനുള്ള സാഹചര്യം വർത്തമാനകാലം ആവശ്യപ്പെടുന്നുണ്ട്. നോവൽ അല്ലെങ്കിൽ സാഹിത്യം വായനക്കാരന്റെ സാംസ്കാരികമായ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്നുണ്ടോ എന്നതാണ് പ്രധാനമെന്ന് തൻ്റെ ഒരു ലേഖനത്തിൽ റൊളാങ്ബാർത്ത് ആവശ്യപ്പെടുന്നുണ്ട്” (2014:54). ടെലിവിഷൻ, വെബ്സിരിസുകൾ, നെറ്റ്ഫ്ളിക്സ്, ആമസോൺപ്രൈം-ഇങ്ങനെ പല പ്ലാറ്റ്ഫോമുകളും മലയാളിയുടെ ആസ്വാദനത്തെയും വായനാനിലവാരത്തെയും സ്വാധീനിക്കുന്നുണ്ടിന്ന്. ഇതി വൃത്തത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള പഴഞ്ചൻ രീതിയിൽ നിന്നുമാറി പരീക്ഷണാത്മകമാതൃകകളെ രൂപപ്പെടുത്താനുള്ള ശ്രമങ്ങൾ എന്ന നിലയ്ക്ക് പുതു തലമുറ നോവലുകൾ വേറിട്ടുനിൽക്കുന്നുണ്ട്.

അപസർപ്പകനോവലിൻ്റെ കാലം കഴിഞ്ഞു എന്ന് പറയാനുണ്ടായ സാഹചര്യത്തെക്കുറിച്ച് നേരത്തേ വിശദീകരിച്ചു കഴിഞ്ഞു. ഈയൊരു കാലഘ ട്ടത്തിലാണ് വിദേശമാതൃകയിൽ പോസ്റ്ററുകളും ട്രെയിലറുകളുമൊക്കെയായി കോഫീഹൗസ്, ഹൈഡ്രേഞ്ചിയ, റൂത്തിൻ്റെ ലോകം, റെസ്റ്റ് ഇൻ പിസ് എന്നിവ വരുന്നത്. സിനിമ പുറത്തിറങ്ങുന്നതിനുമുമ്പ് ക്യാരക്ടർപോസ്റ്ററുകളും ട്രെയിലറുകളും മറ്റും പുറത്തിറങ്ങുന്നതുപോലെ നോവലുകൾക്കും അത്തരം മാർക്കറ്റുകളും സാധ്യതകളുമുണ്ട് എന്ന തിരിച്ചറിവാണിതിന് പിന്നിൽ. “ഒറ്റ യൊരു നിലനില്പ് ജനപ്രിയസാഹിത്യത്തിന് ഇനി ദുസ്സാദ്ധ്യമാണ്. ഇതര ജനപ്രിയമാധ്യമങ്ങളുമായി സഹവർത്തിച്ചുകൊണ്ടെ അവയ്ക്ക് അതിജീവിക്കാൻ ആവുകയുള്ളൂ” (രാധാകൃഷ്ണൻ പി.എസ്., 2014:74).

കുറ്റാന്വേഷണനോവലുകളിൽ ഏറ്റവും പ്രധാനകഥാപാത്രമാണ് അപസർപ്പകൻ. കുറ്റകൃത്യം അന്വേഷിക്കുന്നയാളെയാണ് അപസർപ്പകൻ എന്ന് വിളിക്കുന്നത്. അത് ആരുമാവാം. സാധാരാണ വ്യക്തിയാവാം. പ്രൊഫ ഷണൽ കുറ്റാന്വേഷകനാകാം. ലാജോജോസ് കൃതികളിൽ അപസർപ്പകരായ കേന്ദ്രകഥാപാത്രങ്ങൾ സ്ത്രീകളാണ്. ആദ്യകാല നോവലുകളിൽ അപസർ പ്പകൻ കൂടുതലും പുരുഷന്മാരായിരുന്നു. ഭാസ്കരമേനോൻ, ഡിറ്റക്ടീവ് പുഷ്പരാജ്, മാർക്സിൻ തുടങ്ങിയവർ മലയാളത്തിലെ പ്രശസ്തരായ അപസർപ്പകരാണ്. എന്നാൽ പുതുതലമുറ ഈ രീതിയ്ക്ക് മാറ്റം കൊണ്ടുവന്നിട്ടുണ്ട്. ഇട്ടിക്കോരയിൽ അപസർപ്പകൻ ഗ്രന്ഥകർത്താവ് തന്നെ സഹായികളായി രേഖ, രശ്മി, ബിന്ദു എന്നീ യുവതികളാണുള്ളത്. പാലേരിമാണിക്യത്തിലും അന്വേഷകന് നായകപരിവേഷമില്ല. ഒരു നോവലെഴുത്തുകാരൻ എന്ന രീതിയിൽ സ്ഥല ത്തെത്തുന്ന ലേഖകൻ കൂട്ടുകാരി സരയൂവിനോടൊത്ത് വർഷങ്ങൾ പഴക്കമുള്ള ഒരു കൊലപാതകത്തിൻ്റെ ചുരുൾ നിവർത്തുകയാണ്. ആർ. ശ്രീലേഖയുടെ മരണദൂതനിൽ റീത്തമേരി ഐ.പി.എസ്. എന്ന സ്ത്രീയെയാണ് ഡിറ്റക്ടീവ് കഥാപാത്രമായി അവതരിപ്പിച്ചിരിക്കുന്നത്. ലാജോജോസ് തന്റെ നാല് നോവലുകളിലും സ്ത്രീകളെയാണ് കേന്ദ്രകഥാപാത്രങ്ങളാക്കിയത്.

കോഫീഹൗസിലും അതിൻ്റെ തുടർച്ചയായ ഹൈഡ്രേഞ്ചിയയിലും എസ്തർ ഇമ്മാനുവൽ എന്ന ബുദ്ധിമതിയായ പത്രപ്രവർത്തകയാണ് അപസർ പ്പക. റെസ്റ്റ് ഇൻ പീസിൽ യാതൊരു പരിവേഷവുമില്ലാത്ത ജെസീക്ക ഫ്രെഡറിക്ക് ആണ് കുറ്റം തെളിയിക്കുന്നത്. ആദ്യം കുറ്റകൃത്യം നടക്കുന്നു, പിന്നീട് അതിന്റെ നിഗൂഢത നീക്കുന്നു. സത്യം പുറത്തുവരുന്നു എന്ന പതിവുരീതി തന്നെ മാറ്റിക്കൊണ്ടാണ് റൂത്തിന്റെ ലോകം എത്തുന്നത്. വായനക്കാരൻ തന്നെയാണ് ഈ നോവലിൽ അപസർപ്പകൻ്റെ സ്ഥാനത്ത്. ലാജോജോസി ന്റെ മൂന്നാമത്തെ നോവലാണ് റൂത്തിൻ്റെ ലോകം. ബ്ലാംഗ്ലൂരാണ് കഥയ്ക്ക് പശ്ചാ ത്തലഭൂമിക. റൂത്ത് റൊണാൾഡ്, റൊണാൾഡ് തോമസ് എന്നീ പ്രധാന കഥാ പാത്രങ്ങളുടെ ചിന്തകളിലൂടെ മുന്നോട്ടുപോകുന്ന ആഖ്യാനതന്ത്രം തീർത്തും പുതുമയേകുന്ന ഒന്നാണ്. റൂത്തിലും റൊണാൾഡിലുമായി മാറിമാറിവരുന്ന ചിന്തകൾ സത്യമോ മിഥ്യയോ എന്ന് തിരിച്ചറിയാനാവാതെ വായനക്കാർ കുഴങ്ങിപ്പോകുന്നുണ്ട്. ‘റെട്രോഗ്രേഡ് അംനിഷ്യ’ ബാധിച്ച റൂത്ത് റൊണാൾഡ് എന്ന പെൺകുട്ടിയുടെ ഭൂമാത്മകമായ ജീവിതമാണ് നോവലിന്റെ പ്രമേയം. ഓരോ ദിവസവും, ചിലപ്പോൾ മണിക്കൂറുകൾ മറവിയിലേക്ക് പോകുന്നതിന്റെ വിഷാദം റൂത്ത് എന്ന കഥാപാത്രത്തിൽ നിറയുമ്പോൾ അതേ സങ്കീർണ്ണമായ മാനസികാവസ്ഥയിലേക്ക് ആസ്വാദകനും എത്തുന്നു. ചുരുക്കം ചില കഥാപാ ത്രങ്ങൾ മാത്രമാണ് നോവലിലുള്ളത്. അഗതാക്രിസ്റ്റിയുടെ നോവലുകളിൽ കാണുന്നതുപോലെ കഥാപാത്രങ്ങളെ കൃത്യമായി പരിചയപ്പെടുത്തുന്നുണ്ട് ലാജോജോസ്.

പരിണാമഗുപ്തിയാണ് ഈ നോവലിൻ്റെ മറ്റൊരു ഗുണം. പരിണാമ ഗുപ്തിയും പാത്രഗുപ്തിയും അപസർപ്പക സാഹിത്യത്തിന് അവശ്യം വേണ്ടുന്ന ഘടകങ്ങളാണ്. റുത്തിൻ്റെ ഭ്രമാത്മകമായ ഓർമ്മകളിലൂടെയാണ് നോവൽ പുരോഗമിക്കുന്നത്. അവളുടെ ജീവിതത്തിലേക്ക് ഭയം നിറച്ചുകൊണ്ട് മൂന്ന് അപരിചതർ കടന്നുവരുന്നു. അത് റുത്തിൻ്റെ തോന്നലാവാം. സത്യമാവാം. പിന്നീട് ചില കൊലപാതകങ്ങളുടെ നിഗൂഢതകളിൽ റൂത്ത് പെട്ടുപോകുന്നു. കുറ്റകൃത്യങ്ങൾ, തട്ടിക്കൊണ്ടുപോകലുകൾ, കൊലപാതകങ്ങൾ, പോലീസ് അന്വേഷണം തുടങ്ങിയ ഉദ്വേഗജനകമായ രംഗങ്ങൾ കൊണ്ട് നോവൽ സംഘർഷഭരിതമാവുകയാണ്. ആഖ്യാനരീതിയിലും വ്യത്യസ്തത കാണാം. എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരങ്ങൾ അവസാനഭാഗത്തേക്ക് മാറ്റിവെക്കുന്ന പതിവുരീതിയല്ല നോവലിസ്റ്റ് പിന്തുടരുന്നത്. വായനക്കാരനുമുന്നിൽ കുറ്റവാളി പലപ്പോഴും വെളിവാക്കപ്പെടുന്നുണ്ട്. എങ്കിലും അവസാന അധ്യായം വരെ സസ്പെൻസ് നിലനിർത്താനാവശ്യമായ സമസ്യകളും ട്വിസ്റ്റുകളും നിറഞ്ഞ റൂത്തിന്റെ ലോകം സൈക്കോളജിക്കൽ ത്രില്ലർ വിഭാഗത്തിൽ പെടുത്ത ണ്ടുന്ന കൃതിയാണ്. കഥാപാത്രങ്ങളുടെ തോന്നലുകളിലൂടെ കഥപറയുന്ന രീതിയാണിത്. റിട്രോ ഗ്രേഡ് അംനിഷ്യ ബാധിച്ച കഥാപാത്രത്തിന്റെ കണ്ടെ ത്തലുകളും തോന്നലുകളും സംശയത്തോടെ വീക്ഷിക്കാനേ സാധിക്കൂ. ദസ്തയേ വ്സ്കിയുടെ കുറ്റവും ശിക്ഷയും ആണ് ഇത്തരം ആഖ്യാനങ്ങളുടെ പ്രാഗ്രൂപമായി കണക്കാക്കുന്നത്. ‘മാസ്റ്റർ ഓഫ് സസ്പെൻസ്’ എന്നറിയപ്പെടുന്ന ആൽഫ്രഡ് ഹിച്ച്കോക്ക് ആണ് സിനിമകളിൽ ഇത്തരം ത്രില്ലറുകൾ കാഴ്ചവെച്ചിട്ടുള്ളത്. ക്ലൈമാക്സ് വരെ പ്രേക്ഷകരിൽ ഭയം നിറച്ച് കഥാഗതിയെ മുന്നോട്ടുകൊണ്ടു പോകാൻ ഹിച്ച്കോക്കിന് സാധിച്ചിരുന്നു. 1960 ൽ റിലീസ് ചെയ്ത സൈക്കോ (psycho) എന്ന ചിത്രം ഇത്തരത്തിൽ ശ്രദ്ധനേടിയിരുന്നു. മലയാളത്തിൽ മലയാറ്റൂരിന്റെ യക്ഷി ഈ വിഭാഗത്തിൽ വരുന്ന നോവലാണ്. കഥാപാ ത്രത്തിന്റെ തോന്നലുകളെ വായനക്കാരിലേക്ക് സൈക്കഡലിക് വിഭ്രാന്തി യായി വ്യാപിപ്പിക്കാൻ മലയാറ്റൂരിന് സാധിച്ചു. ഇനിയെന്ത് ഇനിയെന്ത് എന്ന ഉദ്വേഗത്തോടെ കഥാരഹസ്യം നിലനിർത്തിക്കൊണ്ടുപോകാൻ സാധിച്ചു എന്നതാണ് റൂത്തിൻ്റെ ലോകത്തെയും വ്യത്യസ്തമാക്കിയത്.

ചുരുങ്ങിയകാലംകൊണ്ട് സ്വന്തമായൊരു ആസ്വാദകവൃന്ദത്തെ ഉണ്ടാ ക്കിയെടുക്കാൻ ലാജോജോസിന് കഴിഞ്ഞു. റൂത്തിൻ്റെ ലോകം ‘ഇനിയും കഥ തുടർന്നാൽ’ എന്ന മത്സരത്തിൽ ധാരാളം വായനക്കാർ അവരവരുടേതായ ക്ലൈമാക്സൾ എഴുതി നൽകിയത് ഉദാഹരണം. പുസ്തകത്തിൻ്റെ മൂന്നാംപതി പ്പിൽ എസ്. കൃഷ്ണകുമാർ, അമൽരാജ് എം. എന്നീ വായനക്കാർ എഴുതിയ ക്ലൈമാക്സുകൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. വായനക്കാരോട് പരമാവധി അടുത്തു നിന്നുകൊണ്ടാണല്ലോ ജനപ്രിയസാഹിത്യം അതിൻ്റെ ഇടം നേടിയെടുത്തത്. ജനങ്ങളുടെ അഭിപ്രായ നിർദ്ദേശങ്ങൾ ആദരിച്ച് വേണ്ട പരിഷ്കാരങ്ങൾ വരുത്തിയേ തുടർ നോവലുകൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുകയുള്ളൂ എന്നല്ല, കേരളത്തിലെ വായനക്കാർക്ക് വേണ്ടിയാണ് ഞാൻ നോവലുക ളെഴുതുന്നത് എന്ന വഴിതെറ്റിവന്ന മാലാഖ എന്ന പുസ്തകത്തിന്റെ മുഖവുരയായി മുട്ടത്തുവർക്കി എഴുതിയിരുന്നത് ഈയവസരത്തിൽ ഓർക്കുന്നത് നല്ലതാണ്. എഴുത്തുകാരനും വായനക്കാരനും തമ്മിലുള്ള പാരസ്പര്യം, വായനക്കാരൻ തന്നെ കുറ്റാന്വേഷകനാകുന്ന സാഹചര്യം തുടങ്ങിയവയൊക്കെ ലാജോജോ സിന്റെ ജനപ്രീതി വർദ്ധിപ്പിച്ചു. റൂത്തിനുശേഷം ഇറങ്ങിയ റെസ്റ്റ് ഇൻ പീസിന് പ്രീസിന് പ്രീബുക്കിംഗ് സംവിധാനം ഏർപ്പെടുത്തിയതും നോവലിന്റെ ട്രെയിലർ വീഡിയോയും മറ്റും സമൂഹമാധ്യമങ്ങളിൽ തരംഗമായതും ഉദാഹരണമാണ്. പുതിയ തലമുറയുടെ ഇഷ്ടങ്ങളറിഞ്ഞ് നോർഡിക്ലോയിർ പോലുള്ള ജോണ റുകളുടെ സ്വാധീനത്താൽ ആണ് ‘റെസ്റ്റ് ഇൻ പീസ്’ അവതരിപ്പിച്ചിട്ടുള്ളത്. കോസിക്രൈം മിസ്റ്ററി രീതിയിൽ കഥാപാത്രങ്ങൾക്ക് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള ആവിഷ്കാരമാണ് ഈ നോവലിൽ ലാജോജോസ് പിന്തുടരുന്നത്. പോലീസോ രക്തച്ചൊരിച്ചലോ അമിതമായ വയലൻസോ ഇല്ലാതെ കുറ്റം കണ്ടുപിടിക്കുന്ന രീതിയാണിത്. അഗതാക്രിസ്റ്റിയുടെ ത്രില്ലറുകൾ ഈ വിഭാ ഗത്തിൽ പെടുന്നവയാണ്. കുറ്റം നടക്കുന്ന സ്ഥലത്ത് അവരുടെ ഡിറ്റക്ടീവ് കഥാപാത്രമായ ഹെർക്യൂൾ പെരോയുടെ സാന്നിധ്യം ഏതെങ്കിലും വിധേന യുണ്ടാകും. അങ്ങനെ അന്വേഷണം പെരോ ഏറ്റെടുക്കുകയും രഹസ്യങ്ങൾ പുറത്തുകൊണ്ടുവരികയും ചെയ്യും. റെസ്റ്റ് ഇൻ പീസും ക്ലോസ്‌ഡ് ആയ ഒരു സ്പെയിസിൽ നടക്കുന്ന മരണങ്ങളുടെ ചുരുളഴിക്കുന്ന നോവലാണ്. അതുകൊണ്ട് അപസർപ്പക കഥാപാത്രത്തിന് തെളിവുകൾ ശേഖരിക്കുന്നത് എളുപ്പമാകുന്നു. ഒരു വൃദ്ധസദനത്തിൽ നടക്കുന്ന കൊലപാതക പരമ്പ രയാണ് റെസ്റ്റ് ഇൻ പീസ് (RIP) സമ്പന്നർ താമസിക്കുന്ന ഗോൾഡൻ റിട്ടയർമെന്റ് ഹോം ആണത്. അസിസ്റ്റഡ് ലിവിങ് ഫെസിലിറ്റിയുള്ള ലക്ഷ്വറി വൃദ്ധസദനങ്ങൾ ഇന്ന് എല്ലാ പ്രമുഖ നഗരങ്ങളിലുമുണ്ട്. പുതിയ കാലത്തിനു യോജിച്ച കഥാപശ്ചാത്തലമൊരുക്കാൻ നോവലിസ്റ്റ് ശ്രദ്ധിക്കുന്നുണ്ട്. ഓരോ രുത്തർക്കും സ്വന്തമായി ഒരു അപ്പാർട്ട്മെൻ്റം ഡോക്ടർമാരുടെ ചെക്കപ്പ്, സഹായത്തിന് ആളുകൾ എന്നിവയൊക്കെയുള്ള വൃദ്ധസദനത്തിലാണ് 89 വയസ്സുകാരിയായ അന്നമ്മയും അവരുടെ ബുദ്ധിമാന്ദ്യമുള്ള മകൻ 55 വയസ്സുള്ള അവിവാഹിതയായ ബ്രിട്ടോയും താമസിക്കുന്നത്: ബ്രിട്ടോയുടെ പട്ടിയാണ് അവിടെ ആദ്യം മരിക്കുന്നത്. തുടർന്ന് ബ്രിട്ടോയും ബ്രിട്ടോയുടെ പ്രേതം അവിടെയുള്ളവരുടെ ഉറക്കം കെടുത്താൻ തുടങ്ങുന്നതോടെ സമാ ധാനമായി വിശ്രമിക്കുക (റെസ്റ്റ് ഇൻ പീസ്) എന്ന ഉദ്ദേശത്തോടെ ഓൾഡ് ഏജ് ഹോമിൽ എത്തിയവർ മുഴുവൻ പരിഭ്രാന്തരാവുകയാണ്.

മകന്റെ മരണം അന്നമ്മച്ചേടത്തിയിലാണ് ആദ്യം സംശയമുണർ ത്തുന്നത്. സ്വാഭാവികമരണമെന്ന് മറ്റുള്ളവർ വിധിയെഴുതുമ്പോഴും മകന്റെ ബോഡി പോസ്റ്റുമോർട്ടം ചെയ്യണമെന്ന് അവർ തീരുമാനിക്കുന്നു. തന്റെ സംശയം മറ്റൊരു അന്തേവാസിയായ ഫ്രെഡറിക്കിനോട് സൂചിപ്പിക്കുന്നു. അന്നാമ്മയും മരണപ്പെടുന്നതോടെ ഫ്രെഡറിക് ഈ കേസിൽ തൻ്റേതായ അന്വേഷണങ്ങൾ വായനക്കാർ മനസ്സിലാക്കുന്നത് മകൾ ജെസ്സിക്ക ഫ്രെഡറിക്ക് വായിക്കുന്ന ഡയറിയിലൂടെയാണ്. പാശ്ചാത്യനാടുകളിൽ വളരെ നേരത്തെ തന്നെ പരീക്ഷിച്ച് വിജയിച്ചിട്ടുള്ള രീതിയാണിത്. “ഇറ്റാലിയൻ കഥാകൃത്തായ ഉമ്പർട്ടോ ഇക്കോ തൻ്റെ ‘ദ നെയിം ഓഫ് ദി റോസ്’ എന്ന കൃതിയിൽ ഒരു പഴയപുസ്തകത്തിൽ നിന്നും നായകൻ കഥയാരംഭിക്കുകയാണ്, പണ്ടെങ്ങോ നടന്ന ഒരു പാതകത്തെകുറിച്ചാണ് പ്രതിപാദിക്കുന്നത്. നോബൽജേതാവായ ഓർഹൻ പാമുക്കും തൻ്റെ ‘ദി ന്യൂ ലൈഫ്’ എന്ന കൃതിയിൽ പാതകകഥ തുട ങ്ങുന്നത് ഒരു പുസ്തകത്തിൽ നിന്നാണ്” (ഹമീദ്,2015:19). റെസ്റ്റ് ഇൻ പീസിൽ ജെസിക്ക എന്ന അപസർപ്പക കഥാപാത്രം വിദേശത്താണ്. ഗോൾഡൻ റിട്ടയർമെന്റ്റ് ഹോമിൽ നിന്നും ആരോ അയച്ചുകൊടുത്ത ഡയറിയിലുള്ള ചെറുനോവലാണ് ‘വൃദ്ധസദനത്തിലെ കൊലപാതകം’. തന്റെ അപ്പൻ ഫ്രെഡറിക് ദേവസ്സി അതിലെ കഥാപാത്രമാണ് എന്ന് തിരിച്ചറിയുമ്പോൾ ഈ ഡയറി തന്നെത്തേടിയെത്തിയതിന് പിന്നിൽ മറ്റെന്തോ കാരണമുണ്ടെന്ന് ജെസ്സിക്കയ്ക്ക് ബോധ്യപ്പെടുന്നു. തുടർമരണങ്ങളുടെ പൊരുൾ തേടി ഭർത്താവ് ജോയെ ഉപേക്ഷിച്ച് ജെസ്സിക്ക നാട്ടിലേക്ക് വണ്ടികയറുകയാണ്. യാതൊരു പരിവേഷവുമില്ലാത്ത ജെസിക്ക എന്ന സാധാരണസ്തി കൊലപാതക പരമ്പ രകളുടെ ചുരുളഴിക്കുന്നിടത്താണ് നോവൽ അവസാനിക്കുന്നത്.

പാതകത്തിന്റെ അപസർപ്പണം തൻ്റെ ഓരോ നോവലിലും പലരി തിയിൽ കൊണ്ടുവരാൻ ലാജോജോസ് ശ്രമിക്കുന്നുണ്ട്. കോഫീഹൗസിന് ബാലാരിഷ്ടതകൾ ഉണ്ടെങ്കിലും മലയാളത്തനിമയുള്ള ഒരു നോവലാണത്. അതിന്റെ തുടർച്ച എന്ന രീതിയിൽ ഹൈഡ്രേഞ്ചിയ വലിയതോതിൽ സ്വീകരിക്കപ്പെട്ടു. ആഖ്യാനശൈലിയാണ് റൂത്തിൻ്റെ ലോകത്തെ വ്യത്യസ്തമാക്കിയത്. കോസി മർഡർ മിസ്റ്ററി എന്ന നിലയിൽ റെസ്റ്റ് ഇൻ പീസും വിജയിച്ച നോവലാണ്. ‘ജനപ്രിയസാഹിത്യത്തിൽ എഴുത്തിൻ്റെ രാഷ്ട്രീയം തീരുമാ നിക്കുന്നത് വായനക്കാരാണ്. എഴുത്തധികാരിയുടെ സ്വേച്ഛാധിപത്യമല്ല, വായനക്കാരുടെ ജനാധിപത്യസ്വരമാണ് ഇവിടെ മുഴങ്ങുന്നത്’ (രാധാകൃഷ്ണൻ പി.എസ്., 2017: 67). ജനപ്രിയസാഹിത്യത്തിൻ്റെ ഈ ലാവണ്യശാസ്ത്രം തിരി ച്ചറിയാൻ ലാജോജോസിന് സാധിച്ചു എന്ന് വേണം കരുതാൻ.

അപസർപ്പകാഖ്യാനങ്ങളുടെ പതിവു രീതികൾ മാറ്റിക്കൊണ്ടാണ് പുതു തലമുറ എഴുത്തുകാർ മുന്നേറുന്നത്. അനുകരണത്തിൽനിന്ന് വൈവിധ്യത്തി ലേക്കും, അയുക്തികതയിൽ നിന്ന് യുക്തിയിലേക്കും, വിവരണാത്മകതയിൽ നിന്ന് സങ്കീർണ്ണതയിലേക്കും, സങ്കല്പത്തിൽ നിന്ന് യാഥാർത്ഥ്യത്തിലേക്കും ഉള്ള മാറ്റമാണത്. പാതകകഥകൾക്കും ആഖ്യാന വഴികൾക്കും രാഷ്ട്രീയവും സാമൂഹികവുമായ പ്രാധാന്യം കൂടി നൽകാൻ ഇവർക്ക് സാധിക്കുന്നുണ്ട്. സാങ്കേതികവിദ്യകൾ വളർന്നു വരുന്ന സമകാലം ഭയപ്പെടുത്തുന്ന കാലമല്ല. ലോജിക്കില്ലായ്മയും പുതിയ കാലത്തെ വായനക്കാരന് രുചിക്കില്ല. അതുകൊണ്ടു തന്നെ വിചാരവും വികാരവും ഇടകലർത്തിക്കൊണ്ടും ഭയപ്പെ ടുത്തുന്ന വിവരണങ്ങളും ക്ളീഷേ പ്രയോഗങ്ങളും ഒഴിവാക്കിക്കൊണ്ടും മാറ്റം കൊണ്ടുവരാനുള്ള ഈ ശ്രമങ്ങൾ സ്വാഗതാർഹമാണ്. ജനപ്രിയ വായനയുടെ ലോകം സൈബർ സ്പേസിലേക്ക് ചുരുങ്ങിപ്പോകാതിരിക്കാൻ ഇത്തരം ഭാവനാ ലോകങ്ങൾ കൂടിയേതീരൂ.

ഗ്രന്ഥസൂചി

1. രാധാകൃഷ്ണൻ പി.എസ്, എതിർദിശകൾ, സാഹിത്യചരിത്രത്തിലെ പക്ഷപാതങ്ങൾ, കേര ഒഭാഷാഇൻസ്റ്റിറ്റ്യൂട്ട്. 2017.
2. ശ്രീകുമാർ എ.ജി. (എഡി.), ജനപ്രിയസാഹിത്യം മലയാളത്തിൽ, എസ്.പി.സി.എസ്., 2 2014.
3. ഷാജി ജേക്കബ്, മലയാളനോവൽ ഭാവനയുടെ രാഷ്ട്രീയം, കേരളഭാഷാ ഇൻസ്റ്റിറ്റ്യുട്ട്, 2013.
4. ഹമീദ്, അപസർപ്പകനോവലുകൾ മലയാളത്തിൽ കേരള സാഹിത്യ അക്കാദമി, 2015
5. Detective fiction’, Wikipedia, web 21 june 2014

Scroll to Top