ജനപ്രിയ ആധുനികതയുടെ അക്ഷരരൂപം

കോട്ടയം പുഷ്പനാഥിൻ്റെ അപസർപ്പകലോകത്തെക്കറിച്ചുള്ള ചിന്തകൾ

ഡോ. യാക്കോബ് തോമസ്
അസി. പ്രൊഫസർ. കെ.കെ.ടി.എം. ഗവ. കോളേജ്, പുല്ലൂറ്റ്

പ്രബന്ധസംഗ്രഹം

മലയാളസാഹിത്യവിമർശനം ജനകീയമായ സാഹിത്യരൂപങ്ങളെ കലാത്മ കമായി അംഗീകരിക്കാതെ മൂല്യമില്ലാത്തവയായി കണ്ടു. അങ്ങനെ ജനപ്രിയ സാഹിത്യത്തെ വഴിതെറ്റിക്കുന്ന വേശ്യാലയസാഹിത്യമായി മുദ്രയടിക്കുകയും ചെയ്തു. എന്നാൽ അത്തരം ധാരണകളിന്നു തിരുത്തപ്പെടുകയും ജനപ്രി യസാഹിത്യത്തിനു പുതിയ വായനകളാകാമെന്ന് വാദങ്ങൾ ഉയരുകയും ചെയ്യുന്നത് കോട്ടയം പുഷ്പനാഥിൻ്റെ നോവലുകളിലൂടെ വായിക്കുകയാണ് ഈ പഠനം. കോട്ടയം പുഷ്പനാഥിൻ്റെ കൃതികൾ ദുർബലമായിരുന്ന പൈങ്കി ളിവാരികകളെ ശക്തിപ്പെടുത്തുകയും ജനപ്രിയസാഹിത്യത്തിന് പുതിയൊരു മുഖം നല്കുകയും ചെയ്തു. അദ്ദേഹത്തിൻ്റെ കൃതികളിലെ ശാസ്ത്രബോധവും ലിംഗപരമായ കാഴ്ചപ്പാടുകളും പുതിയ വായനകൾ ആവശ്യപ്പെടുന്നുവെന്ന് ഈ പഠനം സ്ഥാപിക്കുന്നു.

 താക്കോൽവാക്കുകൾ: ആധുനികത, ശാസ്താവബോധം, അകേരളീയത, ലിംഗഭേദം

‘മരുമക്കത്തായത്തിലെ വിവാഹസമ്പ്രദായവും ദായക്രമവും ഇപ്പോഴത്തെ കാലസ്ഥിതിക്കു തക്കവണ്ണം ഭേദപ്പെടത്തണമെന്ന് ഒരു പൊതുജനാഭിപ്രായം ഉണ്ടായതനുസരിച്ച് തിരുവിതാംകൂർ ഗവണ്മെൻ്റ് അതിലേക്കു പ്രവർത്തിച്ചിട്ടു ള്ളതുപോലെയാണ് കവിതാവിഷയത്തിലും നാട്ടുനടപ്പിൽ ചില ഭേദഗതികൾ വേണമെന്ന് ഞാൻ അഭിപ്രായപ്പെട്ടത്. മറ്റുജാതിക്കാരുടെ മക്കത്തായ സമ്പ്രദായത്തെ കണ്ട് അതിലുള്ള കൗതുകംകൊണ്ടാണ് മലയാളികൾക്ക്
 ഈ പരിഷ്കാരേച്ഛ വന്നതെങ്കിൽ സംസ്കൃതം ഇംഗ്ലീഷ് മുതലായ ഭാഷകളിലെ കവിതാരീതി കണ്ടിട്ടാണ് എനിക്കും ഈ പരിഷ്കാരേച്ഛയുണ്ടായത്’ (വസന്തൻ, 1986: 192) മലയാളകവിതയിൽ ദ്വിതീയാക്ഷരപ്രാസത്തിന്റെ പേരിൽ തർക്കം നടന്നസമയത്ത് പ്രാസവിരുദ്ധനായ കെ.സി. കേശവപിള്ള എഴുതിയ ലേഖ നത്തിലെ ഈ ഭാഗം ആധുനികത കടന്നുവരുമ്പോൾ മലയാളസാഹിത്യവും ഫ്യൂഡൽ-ജാതിസംസ്കാരംവിട്ട് പുതിയ ശീലങ്ങളിലേക്കു മാറണമെന്നു പറയു കയായിരുന്നു. മിഷനറിമാർ ഇവിടത്തെ ജനങ്ങളുടെ സംസാര രീതിയിലുള്ള ഗദ്യത്തെ പരിപോഷിപ്പിച്ച് പത്രമാസികകളും സാഹിത്യചിന്തകളും അവത രിപ്പിച്ചതിലൂടെ ആർക്കും സാഹിത്യമെഴുതാവുന്ന നില വന്ന കാലത്താണ് പണ്ഡിതർ മാത്രം ആസ്വദിച്ചിരുന്ന പദ്യത്തിൻ്റെ മേഖലയിൽ കലഹം പൊട്ടിപ്പുറപ്പെട്ടത്. സാധാരണജനങ്ങളുടെ സംസാരഭാഷയിൽ ഗദ്യാഖ്യാന ങ്ങൾ വന്നപ്പോഴും അവയെ അംഗീകരിക്കാൻ പണ്ഡിതർ തയാറായില്ലെന്ന വസ്തുത ഇന്ദുലേഖയെക്കുറിച്ചുള്ള ചർച്ചയിൽ മുണ്ടശ്ശേരി പറയുന്നുണ്ട്. ‘എന്റെ കുട്ടിക്കാലത്തെ ഒരനുഭവം പ്രസംഗവശാൽ പറഞ്ഞുകൊള്ളട്ടെ, ആഖ്യായിക ആഖ്യായിക എന്നു പറഞ്ഞതിനുദാഹരണമായി ഞങ്ങളുടെ ഭാഷാധ്യാപ കൻ എപ്പോഴും എടുത്തുകാട്ടിയിരുന്നത് അക്ബറും രാമരാജബഹദൂറും ധർമ രാജായും മറ്റുമാണ്. ഇടയ്ക്കൊരിക്കൽ ഒരു വിരുതൻ ഇന്ദുലേഖയും ദൃഷ്ടാന്തമല്ലേ എന്നു ചോദിച്ചതിനുത്തരം കിട്ടിയത് ഇന്ദുലേഖയും കുന്ദലതയുമൊക്കെ വെറും നോവലുകളാണ്, പെണ്ണുങ്ങൾക്കു വായിച്ചു രസിക്കാനുള്ള നോവലുകൾ എന്നത്രേ. മധ്യകേരളത്തിലെ ഒരു ഭാഷാധ്യാപകനുപോലും അന്നിപ്രകാരം പറയാൻ തോന്നിയെങ്കിൽ അദ്ദേഹത്തെപ്പോലുള്ളവരുടെ ഞരമ്പിലോ ടിയിരുന്ന ഗീർവാണ ഫോർമലിസത്തിൻ്റെ രക്തം എത്രയായിരുന്നിരിക്ക ണം?'(മുണ്ടശ്ശേരി, 2004: 562). ലളിതമായ ഭാഷയെ സാഹിത്യഭാഷയായി കേരളവർമ്മയെപ്പോലുള്ളവർ കരുതിയിരുന്നില്ലെന്നും പദ്യത്തിനൊപ്പം സംസ്കൃതപ്രശാസിതമായ ഗദ്യഭാഷയ്ക്കെതിരെ അക്കാലത്ത് എഴുത്തുകാർ ശബ്ദമുയർത്തുകയായിരുന്നുവെന്നും അദ്ദേഹം ഇവിടെ പറയുന്നുണ്ട്.

എല്ലാവർക്കും വായിച്ചാസ്വദിക്കൻ കഴിയുന്ന പുസ്തകങ്ങളെ ബുദ്ധിജീ വികളുടെ വായനയ്ക്കുള്ള വിഭവമായി പണ്ഡിതർ കാണാതിരിക്കുകയും അവ ‘ബുദ്ധിയധികമില്ലാത്ത’ നിസ്സാരകളായ പെണ്ണുങ്ങളുടെയും സാധാരണക്കാ രായ മനുഷ്യരുടെയും അലസവായനയ്ക്കുള്ളതാണെന്നു ഉറപ്പിക്കുയും ചെയ്തു. വായന എന്നു പറയുന്നതു പാണ്ഡിത്യമുള്ള പുരുഷന്മാരുടെ മനനമാണെന്നും സ്ത്രീകൾക്കും സാധാരണക്കാർക്കും ബുദ്ധിയും വിവരവും അധികമില്ലെന്നും
 അവർക്ക് രസിക്കാനുള്ള ശേഷിയേ ഉള്ളുവെന്നും അതിന് പ്രേമവും മറ്റും കുത്തിച്ചെലുത്തിയ ‘സാധന’ങ്ങൾ മതിയെന്നുമാണ് ഇത്തരം വാദങ്ങളി ലൂടെ പറഞ്ഞത്. മലയാളനോവലിൻ്റെ ആരംഭംതന്നെ ജനപ്രിയത്വത്തിന്റെ പ്രശ്നങ്ങൾ ഉല്പാദിപ്പിച്ചിരുന്നുവെന്നാണ് ഇതു വ്യക്തമാക്കുന്നത്. പുരോഗമന സാഹിത്യം ക്ലാസിക്-നിയോക്ലാസിക് പാരമ്പര്യത്തെ റദ്ദാക്കി അടിത്തട്ടിലെ ജനങ്ങളുടെ പ്രശ്നങ്ങളെ അവതരിപ്പിച്ചപ്പോഴും ഇത്തരം വാദങ്ങൾ ഉയർന്നി രുന്നതായിക്കാണാം. പണ്ഡിതരിൽ വലിയൊരുവിഭാഗം പുരോഗമനസാഹി ത്യത്തോട് അകലം പാലിച്ചതും സാഹിത്യവും കലയും സാധാരണക്കാരുടെ ആസ്വാദനശേഷിക്ക് പുറത്താണെന്ന ചിന്തകൊണ്ടായിരുന്നുവെന്നു വ്യക്തം.

ജാതിയടിസ്ഥാനപ്പെട്ട കേരളസമൂഹത്തിൽ ജാതിപരമായി ഉയർന്ന വരുടെ ഭാഷയും കലയും ആസ്വാദനവും ശരിയായി അംഗീകരിക്കപ്പെടുകയും കീഴാളരുടെ കലയും ആസ്വാദനവും വിലകുറഞ്ഞതായി ഗണിക്കുകയുംചെയ്ത കാലത്ത് ആധുനികത ജാതിയെ ഉലച്ച് എല്ലാവർക്കും വായിച്ചാസ്വദിക്കാൻ കഴിയുന്ന കലയും സാഹിത്യവും സൃഷ്ടിച്ചതാണ് പണ്ഡിതരെ ഭയപ്പെടുത്തിയത്. ആ ഭയം സാഹിത്യചരിത്രത്തിലുടന്നീളം തുടരുകയും അച്ചടിയും മാധ്യമങ്ങളും പുതിയരൂപത്തിൽ വളരുകയും ചെയ്തതോടെ വർധിക്കുകയും ചെയ്തു. സാധാര ണക്കാരുടെയും തൊഴിലാളികളുടെയും കഥപറഞ്ഞ് പുരോഗമനസാഹിത്യം അതിൽ വലിയൊരു അട്ടിമറി സാധിച്ചതോടെ സാഹിത്യത്തിലെ ജനകീയത ഗൌരവമായി ഇയർന്നുവന്നു. എന്നാൽ അക്കാലത്ത് രൂപംകൊണ്ട പുതിയ പത്ര, മാസികാ സംസ്കാരത്തിലൂടെ അതുവരെ സാഹിത്യത്തിൽ ഇടമില്ലാ തിരുന്ന കുറേ എഴുത്തുകാർ എഴുതാൻ തുടങ്ങിയതും സാധാരണക്കാരായ ആളുകൾ അത്തരം ആഴ്ചപ്പതിപ്പുകൾ വാങ്ങിവായിച്ചതും വലിയ ‘പാതക’ മായിട്ടാണ് പണ്ഡിതർ വിലയിരുത്തിയത്. ആധുനികത പത്രമാധ്യമങ്ങളെ സൃഷ്ടിച്ച് ഫ്യൂഡൽ അറിവുരൂപങ്ങളെ റദ്ദാക്കി ജനങ്ങളെ വായനയിലേക്ക് അടുപ്പിച്ചുവെങ്കിൽ 1960 കളിൽ കോട്ടയം കേന്ദ്രീകൃതമായി വളർന്ന ആഴ്ചപ്പതി പുസംസ്കാരം ആധുനികതയിൽ ദൃശ്യമാകാതിരുന്ന ജനങ്ങളെക്കൂടി വായനയി ലേക്ക് കൂട്ടക്കൊണ്ടുവന്നു. ആധുനികതയുടെ അച്ചടിസംസ്കാരത്തെ താഴെത്ത ട്ടിലേക്കുവരെ എത്തിച്ച, പ്രത്യേകിച്ചും ‘വായനക്കാരാ’യി ഗണിക്കാതിരുന്ന ‘അടുക്കളജീവികളെന്നു’ വിശേഷിപ്പിക്കുന്ന സ്ത്രീകളെവരെ വായനക്കാരാക്കിയ ഈ പ്രക്രിയയെ ‘ജനപ്രിയ ആധുനികത’യെന്നു വിളിക്കാം. ഈ ജനപ്രിയ ആധുനികതയെ മാ വാരിക, പൈങ്കിളി വാരിക, കോട്ടയം വാരികകളുടെ സംസ്കാരം എന്നാണ് ബുദ്ധിജീവികൾ വിശേഷിപ്പിച്ചതും അകറ്റിനിർത്തിയതും.
പൈങ്കിളി വാരികകളെന്നു പറയുന്നത് നിലവാരക്കുറവിൻ്റെ രൂപമാണെന്നു പറഞ്ഞുകൊണ്ട് ഗുപ്തൻനായർ പറയുന്നത് പൊതുബോധമായി കണക്കാക്കാം. ‘ബുദ്ധിയുടെയും അഭിരുചിയുടെയും ഉയർന്ന പടവുകൾ കയറാൻ അവസരം കിട്ടിയിട്ടില്ലാത്ത ജനസാമാന്യം അനായാസമായി രസിക്കാവുന്നതൊക്കെ വെട്ടിവിഴുങ്ങും. അതവരുടെ കുറ്റമല്ല. കൂടുതൽ ബുഭുക്ഷ വർദ്ധിക്കുംതോറും കൂടുതൽ വഷളായ സാധനങ്ങൾ വെച്ചുവിളമ്പുന്നത് അവരെ നന്നാക്കാനല്ല കീശവീർപ്പിക്കാനാണ്’ (1987: 20).

പുരുഷ ബുദ്ധിജീവികൾ നിലവാരംകുറഞ്ഞതെന്ന് അടയാളപ്പെടുത്തിയ ഈ കോട്ടയം വാരികകളെ അങ്ങനെ കാണാനാവില്ലെന്നും കേരളത്തിലെ സ്ത്രീകളുടെ ജീവിതത്തെ ഗുണപരമായി മാറ്റിയ ചരിത്രം ഈ വാരികകൾക്കു ണ്ടെന്നും സ്ത്രീകൾ അടയാളപ്പെടുത്തുമ്പോൾ മറ്റൊരുവായനയ്ക്ക് വഴിയൊരു ങ്ങുകയാണ്. വിവാഹവും കുടുംബവും അടുക്കളയുമായി കഴിഞ്ഞ കേരളീയ സ്ത്രീയെ ആധുനികതയുടെ യന്ത്രസംസ്കാരം ഏറെ മാറ്റിയെന്നും കോട്ടയം വാരികകൾ അതിനെ വായനയിലേക്കു വഴിതിരിച്ചുവിട്ടുവെന്നും റയിച്ചൽ തോമസ് പറയുന്നു (1987: 57-58). അദ്ദേഹം എഴുതുന്നു: കാലാനുസൃതമായ ഒട്ടേറെ മാറ്റങ്ങൾ സമൂഹത്തിൻ്റെ വിവിധതലങ്ങളിലുണ്ടായി. സ്ത്രീകളുടെ അഭിരുചികളിൽപോലും അട്ടിമറികൾ നടന്നു….. കഷ്ടിച്ച് എഴുത്തും വായനയും അറിയാവുന്നവർ മുതൽ അഭ്യസ്തവിദ്യർവരെ ഉൾക്കൊള്ളുന്ന സ്ത്രീസമൂഹം വായനയിൽ സന്തുഷ്ടി കണ്ടെത്തുന്നു. കേവലമൊരു വിനോദാപാധിയല്ല അവർക്കു വായന. വിവിധ വിഷയങ്ങളിൽ കഴിയുന്നത്ര അറിവുനേടാനവർ ക്കു താത്പര്യമുണ്ട് (അതേ കൃതി, 57). നിലവാരം കുറഞ്ഞ നോവലുകളും മറ്റും സ്ത്രീകളെ ദോഷകരമായി ബാധിക്കാമെന്നു പറയുമ്പോഴും സ്ത്രീകളുടെ വായനയെയും മറ്റും പരിപോഷിപ്പിക്കുന്നതിൽ ഇത്തരം പ്രസിദ്ധീകരണങ്ങൾ വഹിക്കുന്ന പങ്ക് ഗൌരവമായി എടുക്കണമെന്നാണ് ഇവിടെ വാദിക്കുന്നത്. അതായത് പുരുഷ ബുദ്ധിജീവികൾ പറയുന്നപോലെ നിലവാരം കുറഞ്ഞ തും അപകടകരവുമായി കാണേണ്ടവയല്ല കോട്ടയം വാരികകളെന്നർഥം. പൈങ്കിളി വാരികകൾ ഓരോകാലത്തും സമൂഹവുമായി പ്രതിപ്രവർത്തിച്ച തിന്റെ ചരിത്രത്തിൽനിന്നുകൊണ്ടുവേണം ഇവയെ വിലയിരുത്തേണ്ടത്. ഇതേ പ്രശ്നമാണ് ഈ വാരികകളിലൂടെ പുറത്തുവന്ന, ‘പൈങ്കിളിസാഹിത്യം’ എന്ന പേരിൽ പണ്ഡിതർ മുദ്രകുത്തിയ സാഹിത്യത്തെയും കാണേണ്ടത്. പൈങ്കിളി സാഹിത്യത്തെ ഡിറ്റക്ടീവ് നോവലുകളിലൂടെ ഏറെ ജനപ്രിയമാ ക്കിയ യം പുഷ്പനാഥിലൂടെ ഒരു പുനഃപരിശോധന സാധ്യമാണോ എന്നു പരിശോധിക്കുകയാണ് ഈ പഠനം.

നോവൽചരിത്രത്തിലെ ജനപ്രിയചരിത്രം മലയാളനോവൽസാഹിത്യചരിത്രത്തിൽ ജനപ്രിയനോവലുകളെ രണ്ടാം കിടയായി മാത്രമാണ് പരിഗണിക്കുന്നതെന്ന് സാഹിത്യവിമർശനം നോക്കു മ്പോൾ കാണാൻ കഴിയും. മലയാളനോവൽസാഹിത്യത്തിന്റെ വിപുലമായ ചരിത്രമെഴുതിയ കെ. എം. തരകൻ ജനപ്രിയനോവലുകളെ തരംതിരിക്കുകയും ചരിത്രത്തിന്റെ ഓരത്തായിട്ടാണെങ്കിലും ഉൾപ്പെടുത്തുകയും ചെയ്യുന്നുണ്ട്. മലയാളനോവൽസാഹിത്യത്തെ മൂന്നുഘട്ടമായി തരംതിരിക്കുന്ന അദ്ദേഹം ഓരോഘട്ടത്തിലും ജനകീയനോവലുകൾ വളർന്നതിൻ്റെ ചരിത്രം ലഘുവായി സൂചിപ്പിക്കുന്നുണ്ട്. മലയാളത്തിലെ നോവലുകൾ നാലുതരത്തിലുള്ളതാണ ന്നു പറഞ്ഞുതുടങ്ങുന്ന അദ്ദേഹം അതിൽ മൂന്നാമത്തേതായി പറയുന്നത് അപസർപ്പകനോവലുകളാണ്. പിന്നീട് ഓരോ ചരിത്രഘട്ടത്തിലും പ്രസിദ്ധീക രിച്ച അപസർപ്പകനോവലുകളെ കൃതികളുടെ പേരോ എഴുത്തുകാരുടെ പേരോ കൊണ്ട് കേവലമായി അദ്ദേഹം അടയാളപ്പെടുത്തുന്നുണ്ട്. ജനപ്രിയസ്വഭാ വത്തിൽ സാമൂഹികനോവലുകളെ സാമാന്യനോവലുകളെന്നും അപസർ പ്പകനോവലുകളെന്നും പലതായി അദ്ദേഹം ഗണിക്കുന്നുണ്ട്. എന്നാൽ അവയെല്ലാം കേവലം ചരിത്രപരമായ പ്രാധാന്യംമാത്രമേയുള്ളുവെന്നും സാഹിത്യപരമായ ഒരു മൂല്യവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു (2005, 65). നവോത്ഥാനകാലത്ത് മലയാളനോവൽ വളരുന്ന ചരിത്രം പറയുമ്പോ ഴാണ് അദ്ദേഹം കേരളത്തിൽ വായനാസമൂഹം വളർന്നപ്പോൾ നോവൽ വലിയതോതിൽ വികസിച്ചതെന്നും സാധാരണക്കാരുടെ അഭിരുചികളെ തൃപ്തിപ്പെടുത്തുന്ന വിധത്തിൽ ഗൌരവമായ ചിന്തകളില്ലാത്ത നോവലുകൾ ഉണ്ടാകാൻ തുടങ്ങിയതെന്നും പറയുന്നു (അതേ കൃതി, 178). ഗാഢമായ ജീവിതദർശമില്ലാത്തവരും രചനാപാടവം കഷ്ടിയായവരുമായ നോവലി സ്റ്റുകളാണ് ഇത്തരം നോവലുകൾ എഴുതി വായനക്കാരുടെ വികാരങ്ങളെ ശമിപ്പിക്കാൻ ശ്രമിച്ചതെന്നാണ് അദ്ദേഹം പറയുന്നത്. ഇവയെ അദ്ദേഹം സാമാന്യനോവലുകൾ, ജനസമ്മിതിനേടിയ നേവലുകൾ എന്നിങ്ങനെയാണ് വിളിക്കുന്നത് (അതേ കൃതി, 186). ഇതിൽ മുട്ടത്തുവർക്കിയാണ് ഇത്തരം നോവലുകളുടെ ആചാര്യനെന്നും അദ്ദേഹത്തിന്റെ നോവലുകളുടെ നിലവാരം മറ്റുനോവലുകൾക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഈ നോവലുകളുടെ പൊതുസ്വഭാവം അദ്ദേഹം ഇങ്ങനെ വ്യക്തമാക്കുന്നു: ‘ജനസമ്മിതിനേടിയ മിക്ക നോവലുകളും അനുകരണങ്ങളും ഭാവശുഷ്കങ്ങളും യുക്തിപരതയെ അവഗണിക്കുന്നവയും വികാരങ്ങളെ കേട്ടഴിച്ചുവിടുന്നവയുമാണ്. ജീവിതത്തി ന്റെ ഉപരിപ്ലവതലങ്ങളിൽ നീരാടുന്നതിലാണ് അവയ്ക്കു കൌതുകം. ചിന്തയുടെ ഉയർന്ന മണ്ഡലങ്ങളിലേക്കുയരുവാൻ താത്പര്യമില്ലാത്തവർക്കു മാത്രമല്ല, ജീവിതത്തിന്റെ അദ്ധ്വാനങ്ങളിൽ നിന്നും ഗുരുതരമായ ഗുരുതരമായ പ്രശ്ന ങ്ങളിൽനിന്നും തെല്ലുനേരത്തേക്ക് രക്ഷപ്പെടാനാശിക്കുന്നവർക്കും ഇത്തരം നീരാട്ട് കൌതുകകരമാണ്…. കേവലം രസത്തിനുവേണ്ടിമാത്രം എഴുതപ്പെടുന്ന നോവലുകളെ സാമൂഹികമെന്നു വിശേഷിപ്പിക്കുന്നത് ശരിയായിരിക്കില്ല’ (അതേകൃതി, 197). ഉത്തമങ്ങളായ സാഹിത്യകൃതികൾക്ക് അധമവികാരങ്ങളെ ശുദ്ധീകരിച്ച് ശ്രേഷ്ഠമാക്കാൻ കഴിയുമെന്നും എന്നാൽ ഈ നോവലുകൾക്ക് അതിനുകഴിവില്ലെന്നും അദ്ദേഹം സ്ഥാപിക്കുന്നു(അതേകൃതി, 179). ഈ നോവലുകളെല്ലാം അവയുടേതായ മണ്ഡലത്തിൽ വിഹരിക്കുമെന്നും മലയാ ളനോവൽസാഹിത്യത്തിൻ്റെ പുരോഗതിക്ക് അനുകൂലമോ പ്രതികൂലമോ ആവില്ലെന്നും അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്. അതായത് മലയാളനോവലെന്നു പറയുന്നതിൽ ജനകീയനോവലുകളും ത്രില്ലറുകളും പെടുന്നില്ലെന്നും അതല്ലാ ത്ത ഉത്തമസാഹിത്യമാണ് ശരിയായ നോവലുകളെന്നുമാണ് തരകന്റെ വായന. ഇംഗ്ലീഷിലുള്ള നോവലുകളുടെ നിലവാരം ഇവയ്ക്കില്ലെന്നു സ്ഥാപി ച്ചുകൊണ്ടാണെങ്കിലും കോട്ടയം പുഷ്പനാഥിനെപ്പോലുള്ളവരുടെ പേരുകൾ അദ്ദേഹം അടയാളപ്പെടുത്തുന്നുണ്ട്.

1

കടലാസ്സിലെ വേശ്യാലയവും അഴുക്കുചാലും
പൈങ്കിളി/ജനപ്രിയസാഹിത്യത്തെക്കുറിച്ചുണ്ടായിട്ടുള്ള വായനകളെല്ലാം അവയെ നിലവാരമില്ലാത്തതായി കണ്ട് രൂക്ഷമായി വിമർശിക്കുന്നതാണ്. ലൈംഗികതയും പ്രേമമവും ഇക്കിളിപ്പെടുത്തി പറയുന്ന ഈ സാഹിത്യത്തെ വിമർശിക്കാൻ നരേന്ദ്രപ്രസാദ് പ്രയോഗിച്ച ‘കടലാസ്സിലെ വേശ്യാലയം’ തായാട്ട് ശങ്കരൻ ഉപയോഗിച്ച ‘അഴുക്കുചാൽ സാഹിത്യം’, എന്നീ പ്രയോഗങ്ങ ളിലൂടെ നിരൂപകരുടെ വെറുപ്പ് മനസ്സിലാക്കാൻ സാധിക്കും. 1950-കൾ മുതൽ ശക്തമാകുന്ന ഈ വിമർശനങ്ങളെ നാലുതരത്തിൽ വേർതിരിക്കാൻ കഴിയും.
 1. കലാ/പാണ്ഡിത്യവിമർശനങ്ങൾ
 2. പുരോഗമന സാഹിത്യവായനകൾ
 3. ആധുനികതാവാദ വിമർശനങ്ങൾ
 4. നവമാർക്സിസ്റ്റ് വിമർശനങ്ങൾ

ഈ വായനകൾ പരസ്പരം ബന്ധപ്പെട്ടതാണെങ്കിലും അവതമ്മിൽ പ്രത്യയ ശാസ്ത്രപരമായ വേർതിരിവും കാണാം.
ജനകീയമായി എറെ വായിക്കപ്പെടുന്ന സാഹിത്യകൃതി കലാപരമായി മികച്ചതാവില്ലെന്ന ബോധമായിട്ടാണ് സാഹിത്യവിമർശനത്തിൽ ഇത്തരം ചർച്ചകൾ ആദ്യം ഉയർന്നുവന്നത്. അങ്ങനെ സാധാരണക്കാരായ മനുഷ്യർ വായിച്ച സാഹിത്യത്തെ നികൃഷ്ടമായ സാഹിത്യമാക്കുകയും അല്ലാത്തവയെ ഗൌരവസാഹിത്യമാക്കുകയും ചെയ്ത് ജനപ്രിയസാഹിത്യത്തെ ഇകഴ്ത്തപ്പെട്ട ഒന്നാക്കി മുദ്രയടിച്ചു. ജനങ്ങളെന്നു പറയുന്നത് വിലകുറഞ്ഞ ആസ്വാദശേഷി യുള്ളവരാണെന്നും പാണ്ഡിത്യമുള്ളവർക്കാണ് കലയെക്കുറിച്ച് കാര്യമായി ആസ്വദിക്കാൻ കഴിയുകയുള്ളുവെന്നും അതിനാൽ ജനങ്ങളെ തൃപ്തിപ്പെടുത്തുന്ന കലാസമീപനങ്ങൾ കലാവിരുദ്ധമാണെന്നുമാണ് ഈ വാദങ്ങളുടെകാതൽ. അതിനാൽ ജനകീയമാകുന്നതും കൂടുതൽ കോപ്പികൾ പ്രസിദ്ധീകരിക്കുന്നതും കലാപരമായി മികച്ചതല്ലെന്നും പറയുന്നു. ഇത്തരം ചർച്ചകളുടെ തുടക്കം ചങ്ങമ്പുഴക്കവിതാ നിരൂപങ്ങളിൽ കാണാം. രമണൻ്റെ ആയിരിക്കണക്കിന് കോപ്പികൾ വിറ്റഴിഞ്ഞത് മുണ്ടശ്ശേരിയെപ്പോലുള്ളവർ അത്ഭുതത്തോടെ കണ്ടപ്പോൾ ഇതരനിരൂപകർ അതിനെ സംശയത്തോടെ വീക്ഷിച്ച് ഇത്തരം ജനകീയത കലാവിരുദ്ധമാണെന്നു സ്ഥാപിക്കുകയായിരുന്നു. വായനയിലും എഴുത്തിലും താത്പര്യമില്ലാത്ത അധഃകൃതരെപ്പോലും വായിക്കാൻ പ്രേ രിപ്പിക്കുംവിധം സാഹിത്യത്തിൻ്റെ ഭാവുകത്വം മാറിയെന്നും വായനയ്ക്കായി പണം ചെലവഴിക്കാനുള്ള പ്രവണതകൂടിയെന്നും ഇത് കേരളനവോത്ഥാനം സൃഷ്ടിച്ച പരിണാമത്തിൻ്റെ ഫലമാണെന്നും മുണ്ടശേരി വ്യക്തമാക്കുന്നു (1998, 48). എന്നാൽ സാഹിത്യത്തിൻ്റെ ജനകീയതയും ജനപ്രിയത്വവും അപകടമാണെന്ന് അഴിക്കോടിനെപ്പോലുള്ള നിരൂപകർ വാദിച്ചു. ‘ജനങ്ങൾ ക്ക് ആസ്വാദനത്തിൻ്റെ കേവലമാർഗ്ഗങ്ങളെ യുക്തിയുടെ വെളിച്ചത്തിൽ കാണിച്ചുകൊടുക്കേണ്ട വിമർശകൻ അയുക്തികമത്തായ ജനാഭിമതത്തെ പരമപ്രമാണമാക്കുന്നത് പൊതുവിൽ സാഹിത്യത്തിൻ്യോ വിശേഷിച്ച് സാഹിത്യവിമർശനത്തിന്റെയോ ഉൽക്കർഷത്തിലേക്കുള്ള വഴിയല്ല, കവി തയെപ്പറ്റി നല്ലതൊന്നും പറയാനില്ലന്നേ ഇതിനർഥമുള്ളൂ’ (2010: 16). ജനപ്രി യമായ അഭിപ്രായങ്ങളെ പരിഗണിക്കുന്നതോ അതിന്റെ താത്പര്യങ്ങളെ പരിഗണിക്കുന്നതോ ശരിയായ സാഹിത്യമല്ലെന്ന ചിന്തയാണ് ഇവിടെ പ്രകടമാകുന്നത്.

സാധാരണക്കാരുടെ കലാഭിരുചി മോശമാണെന്നും ഉന്നതരായ പണ്ഡിതരുടെ അഭിരുചികളാണ് ഗൌരവമാർന്നതെന്നുമുള്ള കലാചിന്ത അറുപതുകളിൽ മലയാളസാഹിത്യത്തിൽ ശക്തമാകുന്നുണ്ട്. ജനങ്ങൾ വലിയതോതിൽ ആസ്വദിക്കുന്ന കലകൾ മികച്ചവയാകണമെന്നില്ലെന്നും ജനങ്ങളധികമാസ്വദിക്കാത്ത ശാസ്ത്രീയസംഗീതം പോലുള്ളവ മികച്ച കലാനു ഭൂതിയാണ് നല്കുന്നതെന്നും ഗുപ്തൻ നായർ ചൂണ്ടിക്കാട്ടുന്നു. അദ്ദേഹം പറയുന്നു: ഇതിന്റെയർഥം ജനങ്ങളിൽനിന്ന് ഉത്തേജനം നേടേണ്ടെന്നല്ല. ജനങ്ങളിൽ നിന്ന് ഉത്തേജനം കൊള്ളുന്നതും ജനങ്ങളുടെ താണനിലവാരത്തിനൊപ്പിച്ചു കലാസൃഷ്ടി നടത്തുന്നതും രണ്ടുവിഭിന്ന കാര്യങ്ങളാണ്’ (2009, 31). ബഹുജന ത്തിന്റെ അംഗീകാരമുള്ളത് അല്പം തരംതാണകാര്യമാണെന്നുള്ള വാദം ആവർത്തിച്ചുകൊണ്ട് പണ്ഡിതരുടെ അംഗീകാരം നേടുന്നതാണ് മികച്ചതെന്ന് അദ്ദേഹം സ്ഥാപിക്കുന്നു. ജനപ്രിയത്വം എന്ന ഗുണത്തെ നിലവാരംകുറഞ്ഞ തെന്ന വിഭാഗത്തിലാണ് പെടുത്തേണ്ടതെന്ന വാദത്തിലൂടെ പാണ്ഡിത്യം/ ജനപ്രിയം എന്ന അധികാരശ്രേണിയെ ഇത്തരം ചിന്തകൾ നിർമിക്കുന്നു.

1960-കളുടെ ഒടുവിൽ ജനപ്രിയവാരികാസംസ്കാരം ശക്തമായപ്പോ ഴാണ് കമ്പോളം എന്ന ശക്തിയെ ശത്രുവായി പ്രതിഷ്ഠിക്കുന്ന പുരോഗമന സാഹിത്യചിന്തകൾ ശക്തമാകുന്നത്. മലയാളസാഹിത്യനിരൂപണത്തിൽ ജനപ്രിയചിന്തകളെ ചെറുക്കണമെന്ന വാദങ്ങൾ ആധുനികതാവാദത്തിന്റെ കാലത്തും ശക്തമാവുകയായിരുന്നുവെന്നു കാണാം. ജനപ്രിയസാഹിത്യം യഥാർഥസാഹിത്യത്തെ ഇല്ലാതാക്കുമെന്നും ദുർബലമായ ജനകീയചിന്തകൾ സമൂഹത്തെ നശിപ്പിക്കുന്ന വിധത്തിൽ കമ്പോളത്തോടുചേർന്നു വളരുമെന്നും നിരൂപകർ വാദിച്ചിരുന്നു. നരേന്ദ്രപ്രസാദ് ആ വാദങ്ങളെ ഇങ്ങനെ അവത രിപ്പിക്കുന്നുണ്ട്-സംവേദനം കൂടുതൽ കൂടുതൽ ആയാസകരമായ കാലഘട്ട ത്തിലേക്കാണ് ആധുനികസമൂഹം നീങ്ങുന്നത്. പക്ഷേ, കമ്പോള-ജനപ്രിയ സാഹിത്യമുള്ളപ്പോൾ വായനക്കാരിലെത്രപേർ ആയാസത്തിനു മുതിരും. മൂല്യനിഷ്ഠമായ സമരത്തിൻ്റെ സത്യാന്വേഷണത്തിൻ്റെ സാഹിത്യവും അധമവി നോദാധിഷ്ഠിതവും സൂത്രവാക്യങ്ങളാൽ കെട്ടിപ്പൊക്കിയതുമായ ഒരു ഉപഭോ ഗസാഹിത്യവും സമാന്തരരേഖകളിൽ ഇവിടെയുണ്ടായിരിക്കുന്നു. ഇവയെ വേർതിരിക്കാനാണ് നിരൂപണം ശ്രമിക്കേണ്ടത് (2000: 115). സാഹിത്യം രണ്ടുതരത്തിലുണ്ടെന്നും അധമമായ സാഹിത്യം വഴിതെറ്റിക്കുന്നതാണെന്നും പറയുന്നതിലൂടെ ജനപ്രിയ സാഹിത്യത്തെ ഒന്നാകെ റദ്ദാക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. കമ്പോളവുമായി ജനപ്രിയ സാഹിത്യത്തെ കൂട്ടിയിണക്കാനുള്ള
 അദ്ദേഹത്തിന്റെ ശ്രമം മറ്റു നിരൂപകരിലും കാണാൻ കഴിയും. കമ്പോളമെന്നത് അധമമായിട്ടുള്ളതാണെന്നു പറയുന്നതിലൂടെ അതുമായി ബന്ധപ്പെട്ടതെല്ലാം മോശമാണെന്നു സ്ഥാപിക്കാനുള്ള ശ്രമമാണ് ഇവിടെ ശ്രദ്ധിക്കേണ്ടത്. കമ്പോളം, കച്ചവടം. ഉപഭോഗം തുടങ്ങിയവയെല്ലാം ശ്ലേച്ഛമാണെന്നും ജനപ്രി യത്വം ഇവയിലൂടെയാണ് സാധ്യമാകുന്നതെന്നും സൂചിപ്പിച്ചുകൊണ്ട് എല്ലാം പാണ്ഡിത്യത്തിന്റെ ‘നല്ലതു’കൾക്കു വിരുദ്ധമാണെന്നു വാദിക്കുന്നു. ഇത്തരം സാഹിത്യകൃതികൾ വലിയതോതിൽ വില്ലപ്പെടുമെന്നതിനാൽ ഇവയ്ക്ക ആവശ്യത്തിനു വരുമാനം കിട്ടുമെന്നും അതിനാലിവയെ അവാർഡുകൾക്കും മറ്റും പരിഗണിക്കരുതെന്നും എം. ഗംഗാധരൻ എഴുതുമ്പോൾ നിരൂപകരുടെ ഭീതികൂടി വെളിപ്പെടുന്നുണ്ട് (2012, 250). സാഹിത്യരചനയിലൂടെ അടിസ്ഥാനപ രമായി വരുമാനമാണ് ലക്ഷ്യമിടുന്നതെന്ന് എഴുത്തുകാർ സമ്മതിക്കില്ലെങ്കിലും ജനപ്രിയസാഹിത്യം വലിയതൊതിൽ വരുമാനം കമ്പോളത്തിൽനിന്നു ണ്ടാക്കുന്നുവെന്ന സൂചന ശരിയായ എഴുത്തുകാർക്ക് അതു കിട്ടുന്നില്ലെന്ന് വ്യക്തമാക്കുന്നു. എന്നുമാത്രമല്ല ഇവയ്ക്ക് സാഹിത്യഗുണമുണ്ടായാലും ഇവയെ നല്ല സാഹിത്യമായി പരിഗണിക്കേണ്ടെന്ന വാദവും ഉന്നയിക്കപ്പെടുന്നു. ഇങ്ങനെ നോക്കുമ്പോൾ നിരൂപകർ രണ്ടുതരം സാഹിത്യത്തെ സൃഷ്ടിച്ച് ശരിയായ സാഹിത്യമുണ്ടെന്നും അതിനുവിരുദ്ധമായി വഴിതെറ്റിക്കുന്ന സാഹി ത്യമുണ്ടെന്നും സ്ഥാപിക്കുന്നത് വ്യക്തമാകുന്നു.

 

ഇവിടെ വരച്ചിടുന്ന ഈ ദ്വന്ദാത്മകസാഹിത്യ വ്യാഖ്യാനം ശരിയായ സാഹിത്യം മാത്രം മതിയെന്നും ഇക്കിളിസാഹിത്യത്തെ തിരസ്കരിക്കണമെ ന്നുമാണ്. സാഹിത്യത്തെക്കുറിച്ചുള്ള ഉദാത്തമായ നിർവചനങ്ങളിലൂടെയാണ് ഈ വിഭജനം സാധ്യമാകുന്നതെന്നു കാണാം. പാരമ്പര്യമായി സാഹി ത്യനിർവചനങ്ങൾക്കുപയോഗിച്ച പാശ്ചാത്യ-പൌരസ്ത്യസിദ്ധാന്തങ്ങളും കേരളത്തിൽ നാല്പതുകളിൽ ശക്തമായ പുരോഗമനസാഹിത്യചിന്തകളും ഇവിടെ പരസ്പരം ഒത്തുചേരുന്നതുകാണാം. ജനപ്രിയസാഹിത്യം ഉണ്ടാക ന്നതിനു മുമ്പുതന്നെ സാഹിത്യകൃതികളിലെ ലൈംഗികതയെക്കുറിച്ച് വലിയ
 തർക്കങ്ങൾ പുരോഗമനസാഹിത്യത്തിൽ ഉണ്ടായിട്ടുണ്ട്. ഇക്കിളി സാഹിത്യ ത്തിന്റെ പ്രധാനപ്പെട്ട ഉള്ളടക്കമായി പൊതുവേ പറയുന്ന ലൈംഗികതയെന്ന പ്രശ്നം ചരിത്രപരമായി വിമർശിക്കപ്പെട്ടിരുന്നുവെന്നാണിത് കാണിക്കുന്നത്. നവോത്ഥാനസാഹിത്യത്തിൽ ലൈംഗികതയെ ബഷീറും ദേവും തുറന്നെ ഴുതിയപ്പോൾ നിരൂപകർ വലിയതോതിൽ വിമർശിച്ചു. ലൈംഗികതയെ സമൂഹത്തിലെ യാഥാർഥ്യങ്ങളെ മറന്നുകൊണ്ട് വിവരിക്കുന്നത് സമൂഹത്തെ വഴിതെറ്റിക്കുന്ന മുതലാളിത്ത താത്പര്യമാണെന്നായിരുന്നു അവരുടെ വാദം. ഇതിനെയവർ വിശേഷിപ്പിച്ചത് അധഃപതനസാഹിത്യമെന്നാണ് (ദേവദാസ്, 1991: 41). മുതലാളിത്തത്തിന് സാമൂഹികതാത്പര്യങ്ങളില്ലെന്നും സമൂഹത്തിലെ ജനവിഭാഗങ്ങളുടെ വൈവിധ്യത്തെ നിരാകരിച്ച് അരാജകത്വം വളർത്തി തൊഴിലാളിവർഗത്തിൻ്റെ ശക്തിയെ ഇല്ലാതാക്കുകയാണതിന്റെ ലക്ഷ്യമെന്നും അതിനാൽ ലൈംഗികത തുറന്നെഴുതുന്നത് മുതലാളിത്തത്തിന്റെ പാതയൊരുക്കലാണെന്നുമാണ് വാദം.

എൻ. കൃഷ്ണപിള്ള ഈ സാഹിത്യത്തെ ഇക്കിളിയെന്നാണ് വിലയിരു ത്തിയത്. ‘കഷ്ടിച്ച് യൌവനാരൂഢരായ യുവതിയുവാക്കന്മാരെ ഇക്കിളിക്കൊ ള്ളിക്കാൻ മാത്രംപോരുന്ന ഒരുതരം തുടർക്കഥകളുടെ എണ്ണം നാൾക്കുനാൾ വർദ്ധിച്ചുവരുന്നുവെന്നാണ് ‘ അദ്ദേഹം കുറിച്ചത് (2014, 755). കേവലമായി വികാരങ്ങളെ ഇക്കിളിക്കൂട്ടുന്നതെന്ന മട്ടിലാണ് ഈ സാഹിത്യത്തെ ചിത്രീ കരിക്കുന്നത്. യഥാർഥസാഹിത്യത്തിൽ നിന്ന് ജനങ്ങളെ അകറ്റുമെന്ന ഭീതിയാണ് ഈ നിരൂപകർ ഉന്നയിക്കുന്നത്. ഇക്കിളിസാഹിത്യമെന്ന പേരിൽ എം. അച്യുതനും ഇവയെ ദുർബലവും സാധാരണമനുഷ്യരുടെ ഭാവനയെ വികലമാക്കുന്നവയായി വിർമർശിക്കുന്നുണ്ട്. സാധാരണ നോവലിനുള്ള ഒരുഗണവുമില്ലാത്ത ഇവ സെക്സിൻ്റെ ആധിപത്യത്തിലൂടെ വായനക്കാരുടെ മൃദുല വികാരങ്ങളെ ഇളക്കുന്നവ മാത്രമാണെന്നാണ് വാദം (1980, 101). എം. അച്യുതൻ ജനപ്രിയനോവലുകളെ വിമർശിക്കാനായി എഴുതിയ നോവൽ വ്യവസായം എന്ന ലേഖനത്തിൽ ഈവക നോവലുകളുടെ കഴപ്പമായി പറയുന്നത്, മൂന്നു കാര്യങ്ങളാണ്.

1.ബഹുജനങ്ങളിൽ അങ്കരിക്കുന്ന താഴ്ന്ന അഭിരുചികളെ തൃപ്തിപ്പെടുത്തുന്ന വിധത്തിൽ എഴുതുന്ന നോവലുകൾ മാസ് പ്രൊഡക്‌ഷനാകും 2.ഇക്കിളിസാഹിത്യം.
3.സെക്സിന്റെ ആധിപത്യം.

കഞ്ചാവും കറുപ്പും കൊടുത്തു മയക്കുന്നതുപോലെ സെക്സ് കൊടുത്ത് മയക്കുകയാണ് ഈവക നോവലുകൾ (1980: 102). സെക്സും ഇക്കിളിയും ഉല്പാദിപ്പിക്കുന്ന വ്യവസായമാണ് പൈങ്കിളിസാഹിത്യമെന്നാണ് ഇത്തരം വിമർശനങ്ങളുടെ ആകത്തുക. നേരിട്ട് മലയാളത്തിലെ ജനപ്രിയസാഹിത്യ ത്തെയല്ലെങ്കിലും അമേരിക്കയിലെ ലൈംഗികത നിറഞ്ഞ സാഹിത്യമാസികാ സംസ്കാരത്തെ വിമർശിച്ച തായാട്ട് ശങ്കരൻ അഴുക്കുചാൽ സാഹിത്യമെന്നാണ് അതിനെ വിശേഷിപ്പിച്ചത്. നമ്മുടെ സാഹിത്യവും ഈ വൈകൃതങ്ങളുടെ പിന്നാലെ നടക്കുന്നതിൽ താത്പര്യം പ്രദർശിപ്പിച്ചു തുടങ്ങിയിരിക്കുന്നു…….. നമ്മുടെ വൻകിട ഹോട്ടലുകളിൽ പടിഞ്ഞാറൻ സംസ്കാരത്തിന്റെ നഗ്ന നൃത്തങ്ങൾ രംഗപ്രവേശം ചെയ്തു കഴിഞ്ഞു…അവിടെ മൃഗീയമായ കാമമാണ് മുന്തിയ കച്ചവടചരക്ക്. നമ്മുടെ സംസ്കാരം ആവഴിക്ക് ഊരിക്കുത്തി വീഴാൻ തുടങ്ങിയിരിക്കുന്നു (1975: 55).

ആദ്യകാലത്തെ കലാപാണ്ഡിത്യ വിമർശനങ്ങൾ സാഹിത്യത്തെ ഉയർന്ന ക്ലാസിക്ക് കാലത്തെ സാഹിത്യവിചാരങ്ങളിൽ സാഹിത്യത്തെ പ്രതിഷ്ഠച്ചുകൊണ്ടാണ് ഇവയെ നിലവാരം കുറഞ്ഞതെന്ന് വിമർശിച്ചതെങ്കിൽ പുരോഗമനസാഹിത്യവിമർശനങ്ങൾ മുതലാളിത്തത്തിൻ്റെ ജീർണസംസ്കാര ത്തെ സമൂഹത്തിലേക്കുകൊണ്ടുവരുന്ന വൃത്തികേടുകളായിട്ടാണ് ഇവയെ കണ്ടത്. ആധുനികതാവാദവിമർശനങ്ങൾ വികൃതമായ ആത്മസംതൃപ്തിയിലേ ക്ക് വായനക്കാരെ നയിക്കുന്നവയാണ് ഈ സാഹിത്യമെന്ന് വിമർശിക്കുന്നു. ‘ജനങ്ങളെ വിദ്യാഭ്യാസം ചെയ്യക്കാത്ത, അവരുടെ ധർമ്മബോധത്തെ പരി വർത്തിപ്പിക്കാത്ത സാഹിത്യമാണത്. കുറച്ചു സംഭവങ്ങളിൽ അധിഷ്ഠിതമായ വികൃതമായ ആത്മസംതൃപ്തിയിലേക്കു നയിക്കുന്ന സാഹിത്യമാണത്. സദാ ചാരത്തിലൂന്നി പ്രേമത്തെയും ലൈംഗികതയെയും മാത്രം വളർത്തിക്കൊണ്ടു വരുന്ന കടലാസ്സിൽ പ്രത്യക്ഷപ്പെടുന്ന വേശ്യാലയമാണത്. നമ്മുടെ സമൂഹ ത്തിലെ കുഷ്ഠമാണ്’ (നരേന്ദ്ര പ്രസാദ്, 1999, 154-55). ലൈംഗികതയെക്കു റിച്ചും പ്രണയത്തെക്കുറിച്ചും മാത്രം സംസാരിക്കുന്നുവെന്നു പറഞ്ഞുകൊണ്ട് വഴിതെറ്റിക്കുന്ന സാഹിത്യമാണ് ഇവയെന്ന് ഈ വായനകൾ പ്രഖ്യാപിക്കുന്നു.

1980 കളിൽ ജനപ്രിയസാഹിത്യം വാരികളിലൂടെ ശക്തമായതിനൊപ്പം മലയാളത്തിൽ സിനിമയും വലിയൊരു ശക്തിയായി. ഇതോടുകൂടി ജനപ്രി യത്വവും കമ്പോളവും തമ്മിലുള്ള ബന്ധവും അവ ജനങ്ങളിൽ സൃഷ്ടിക്കുന്ന കേവലമായ വിനോദവും ജനങ്ങളെ മുതലാളിത്തത്തിൻ്റെ പുതിയ കെണി കളിലേക്കു നയിക്കുമെന്ന വിമർശനം കൂടുതലായി ഉയർന്നുവന്നു. ഇതിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ. പോലുള്ള ഇടതുപക്ഷ യുവജനസംഘടനകൾ
 ഇത്തരം വാരികകൾക്കെതിരേ ശക്തമായി പ്രതിഷേധം സംഘടിപ്പിക്കുകയും അവ കത്തിക്കുകയും ചെയ്തു. എന്നാൽ തൊണ്ണൂറുകളിൽ ഉത്തരാധുനിക-നവ മാർക്സിസ്റ്റ് ആശയാവലികൾ കടന്നുവന്നപ്പോൾ ജനപ്രിയസംസ്കാരത്തിനെതി രേയുള്ള വിമർശനങ്ങളും നിരാകരണവും പുനരാലോചനയ്ക്കു വിധേയമാകുകയും ജനപ്രിയസംസ്കാരത്തിൽത്തന്നെ വിമോചന മൂല്യങ്ങളുണ്ടെന്നും അവയെ കണ്ടത്തി വളർത്തണമെന്നും എന്നാലവയിലെ മുതലാളിത്ത സംസ്കാരവ്യ വസായ സ്വഭാവത്തെ വിമർശിക്കണമെന്നുമുള്ള വാദങ്ങൾ ഉയർന്നു. എ. സോമന്റെ ജനപ്രിയ വിമർശനങ്ങളാണ് ഇതിനുദാഹരണം. അദ്ദേഹമെ ഴുതുന്നു: ‘…മൂന്നാംലോക സാഹചര്യങ്ങളിൽ ജനപ്രിയ സംസ്കാരത്തിന്റെ കാര്യത്തിൽ ഒരു ദ്വിമുഖതന്ത്രം ആവിഷ്കരിക്കേണ്ടിവരുമെന്ന് തോന്നുന്നു. ഒരേ സമയം ജനപ്രിയ സംസ്കാരത്തിൻ്റെ ജനാധിപത്യ മൂല്യങ്ങളെ സ്വാ യത്തമാക്കുകയും അതേസമയം അതിൻ്റെ വിമോചക വിരുദ്ധ രീതികളെ ബോധത്തോടുകൂടി (Double consciousness) മാത്രമേ ജനപ്രിയ സംസ്കരത്തെ കേരളത്തിലേതുപോലുള്ള സവിശേഷ സാഹചര്യത്തിൽ സ്വീകരിക്കാനാവൂ എന്ന് ചുരുക്കം’ (2002, 264).

ഈ വായനകളിൽനിന്ന് ഒരുകാര്യം വ്യക്തമാകും, ലൈംഗികതയെന്ന പ്രശ്നത്തിലാണ് മലയാളസാഹിത്യത്തിൻ്റെ ബൌദ്ധികലോകം നവോ ത്ഥാനകാലത്തിനു ശേഷം ഭ്രമണംചെയ്തുകൊണ്ടിരിക്കുന്നത്. ലൈംഗികത തുറന്നെഴുതുന്നതോ ആവിഷ്കരിക്കുന്നതോ ശരിയല്ലെന്ന ചിന്തയാണ് ഇക്കാലത്തുണ്ടായത്. ലൈംഗികതയും ശരീരവും കേരളത്തിൽ പ്രശ്നമായി ചർച്ചകളിൽ കടന്നുവന്നതിന് ചരിത്രപരമായ വേരുകളുള്ളതായി കാണാം. കേരളത്തിൽരൂപംകൊണ്ട ആധുനികതയും നവോത്ഥാനവും അർധനഗ്ന മായ ഫ്യൂഡൽ ശരീരത്തിൽനിന്നു ഭിന്നമായി വസ്ത്രംകൊണ്ടു മുടിയ ശരീരം മലയാളിക്കു നല്കുന്നുണ്ട്. ആധുനികത ലൈംഗികതയും ശരീരപ്രദർശനവും പാപമായിക്കണ്ട് വിലക്കുകയും ചെയ്തു. അങ്ങനെ ലൈംഗികവിരുദ്ധമായ ലോകബോധമാണ് ആധുനികതയിലെ സാഹിത്യരൂപങ്ങൾ ആവിഷ്കരിച്ചത്. ഈ ബോധം ഫ്യൂഡൽ കാലത്തെ മണിപ്രവാളം പോലുള്ള സാഹിത്യരൂപങ്ങ ളിലെ ലൈംഗികതയെ സവർണരുടെ ഭോഗമായിക്കണ്ട് തിരസ്കരിക്കുകയും ശരീരത്തെ അധികം വിവരിക്കാത്ത സാഹിത്യമാണ് നല്ല സാഹിത്യമെന്നു മുദ്ര യടിക്കുകയും ചെയ്തു. ലീലാവതി കുമാരനാശാനെക്കുറിച്ച് എഴുതുന്നതിൽനിന്ന് ഇതു വ്യക്തമാകും. ‘മലയാളകവിതയുടെ ഭാവമണ്ഡലത്തിൽ ആശാൻ ആവിഷ്ക രിച്ച വിപ്ലവം വിലകുറഞ്ഞ ഹാസ്യത്തിൽ നിന്നും ശൃംഗാരാഭാസത്തിൽനിന്നും വിലപ്പെട്ട കണ്ണീരിലേക്കും വിളിപ്പെട്ട ആത്മാർപ്പണസ്വരൂപമായ സ്നേഹത്തി ലേക്കും അതിനെ തിരിച്ചുവിട്ടു എന്നതാണ്’ (1996: 194). മണിപ്രവാളത്തിന്റെ ശൃംഗാരത്തിൽനിന്നു സ്നേഹത്തിലേക്ക് കൊണ്ടുപോയാണ് ആശാൻ വിപ്ലവം സൃഷ്ടിച്ചതെന്നു പറയുന്നിടത്ത് ശൃംഗാരത്തെ രണ്ടാംകിടയായി കാണുകയും ശരീരമില്ലാത്ത സ്നേഹത്തെ ശരിയായി കാണുകയും ചെയ്യുകയാണ്. ശരീര ത്തെയും ലൈംഗികതയെയും പാപബോധമാക്കി വിലക്കിയ ആധുനികതയുടെ പ്രത്യയശാസ്ത്രപരിസരമാണ് വികാരങ്ങളെ ആവിഷ്കരിക്കുന്ന സാഹിത്യത്തെ അധമസാഹിത്യമാക്കി മാറ്റിയതെന്നു വ്യക്തം. ഉത്തരാധുനികചിന്തകളുടെ വരവോടെയാണ് ലൈംഗികതയെ ഗൌരവമായി പരിഗണിക്കുവാൻ സാഹിത്യവിമർശകർക്കു കഴിഞ്ഞതും പൈങ്കിളി-നല്ലസാഹിത്യം എന്ന വേർതിരി വിനെ അപ്രസക്തമാക്കുന്ന കാഴ്ചപ്പാടുകൾ രൂപീകരിക്കാനായതും.

അപസർപ്പകസാഹിത്യത്തെ മലയാളനിരൂപകർ എങ്ങനെ അടയാ ളപ്പെടുത്തിയെന്നതും പരിശോധിക്കേണ്ടതുണ്ട്. കൊളോണിയാലാധുനിക തയുടെ പരിവർത്തനങ്ങളിലൂടെ ഇംഗ്ലീഷ് സാഹിത്യത്തിലെ ജനുസ്സുകൾ കടന്നുവന്നപ്പോൾ അപസർപ്പകസാഹിത്യവും കടന്നുവന്നിരുന്നു. 1930 കളിൽ മലയാളനിരൂപണം ശക്തമായപ്പോൾ ഇംഗ്ലീഷിലെ സാഹിത്യജനുസ്സുകൾ പരിചയപ്പെടുത്തുന്നതിൻ്റെ ഭാഗമായിട്ടാണ് എം.പി. പോളിനെപ്പോലുള്ളവർ അപസർപ്പക സാഹിത്യത്തെക്കുറിച്ച് എഴുതിയത്. ഒറ്റവായനച്ഛേ ഉതകുകയു ള്ളുവെങ്കിലും ഇത്തരം സാഹിത്യകൃതികൾ മലയാളത്തിൽ ഉണ്ടാകണമെന്ന് നിരീക്ഷണമാണ് അന്ന് പങ്കുവയ്ക്കപ്പെട്ടത്. ആദ്യകാല കുറ്റാന്വേഷണനോ വലായ ഭാസ്കരമേനോനെക്കുറിച്ച് എഴുതിയപ്പോൾ ജോസഫ് മുണ്ടശ്ശേരി കുറ്റാന്വേഷണത്തിനൊപ്പം ജീവിതച്ഛായാകരണംകൂടി സാധിക്കുമ്പോഴാണ് നോവൽ ഹൃദയത്തെ സ്വാധീനിക്കുകയുള്ളുവെന്ന് പറയുന്നു. കുറ്റാന്വേഷണ ത്തിന്റെ പാശ്ചാത്യമാതൃകകളിൽ അനുരാഗവും മറ്റും ഒഴിവാക്കിയിട്ടുണ്ടെന്നുള്ള തുവച്ച് ബാക്കിയുള്ളവരും അതനുകരിക്കണമെന്നു പറയുന്നത് ശരിയല്ലെന്നും ഭാസ്കമേനോനിലെ അനുരാഗാഖ്യാനം നോവലിനെ കൂടുതൽ ഗൌരവമാക്കു ന്നുവെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. എന്നാൽ പിന്നീട് സാഹിത്യനിരൂപകർ ഈ ജനുസ്സനെ ഒട്ടുംതന്നെ ഗൌരവത്തോടെ കണ്ടില്ല. ആംഗലേയസാ ഹിത്യത്തെ ആഴത്തിൽ മലയാളത്തിൽ അവതരിപ്പിച്ച കേസരിയെപ്പോലു ള്ളവർ അപസർപ്പകസാഹിത്യത്തെക്കുറിച്ച് ഒരക്ഷരംപോലും എഴുതിയില്ല എന്നുകാണാം. അറുപതുകൾക്കുശേഷം അവ ശക്തിപ്പെട്ടപ്പോൾ അവയെ അവഗണിക്കാനും ഇകഴ്ത്താനുമാണ് അവർ ശ്രമിച്ചത്. സാധാരണക്കാരുടെ വായനാവിഭവമെന്ന മട്ടിൽ ഗൌരവമുള്ളതല്ലെന്ന ചിന്ത അതിലൂടെ ഉറപ്പി ച്ചെടുത്തു.

2

 കോട്ടയം പുഷ്പനാഥ് തുറന്നുവിട്ട ഭൂതം
അപസർപ്പകനോവലുകളുടെ ചരിത്രം രചിച്ച ഹമീദ് പത്തൊമ്പതാം നൂറ്റാണ്ടിൽ തുടങ്ങുന്ന മലയാള അപസർപ്പക നോവലുകളെ നാലുഘട്ടമായി വർഗീകരിക്കുന്നുണ്ട്-പ്രാരംഭഘട്ടം (1887-1953), വിസ്ഫോടനഘട്ടം (1954- 1960), സുവർണകാലഘട്ടം (1961-2000), വർത്തമാനകാലം (2001-2011) എന്നി ങ്ങനെ (2015: 9). 1960-കളിൽ തുടങ്ങുന്ന സുവർണകാലത്താണ് കോട്ടയം പുഷ്പനാഥ് കോട്ടയം വാരികകളെ അടക്കി ഭരിച്ചത്. ജനപ്രിയസാഹിത്യത്തിന് പുതിയമുഖം ലഭിച്ച കാലംകൂടിയാണ് ഇക്കാലമെന്നാണ് നിരീക്ഷിക്കുന്നത്. ജനപ്രിയ വാരികകളെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചുമുള്ള പഠനങ്ങൾ സൂചി പ്പിക്കുന്നത്, സാക്ഷരതയെ പരിപോഷിപ്പിക്കുന്നതിൽ ജനപ്രിയസാഹിത്യം വലിയ പങ്കുവഹിച്ചുവെന്നാണ്. തുടർച്ചയായി പ്രസിദ്ധീകരിക്കുന്ന വാരികാ സംസ്കാരമാണ് ഇതിൽ വലിയ പങ്കുവഹിച്ചതെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. എന്നാൽ അക്കാലത്തെ പലവാരികകളുടെയും പ്രചാരം പരിശോധിക്കുമ്പോൾ വാരികകൾ ഇറങ്ങിയതിനാൽ ആളുകൾ അവ വായിച്ചുവെന്ന വാദം അത്രശരിയല്ലെന്നു വ്യക്തമാകും. 1960 കളുടെ ഒടുവിൽ പല ജനപ്രിയ വാരികകളും പ്രതിസന്ധിയിലായിരുന്നുവെന്ന് കാണാം. മനോരാജ്യം വാരികയുടെ അനു ഭവത്തിൽ അന്നവിടെ പ്രൂഫ് റീഡറായിരുന്ന കിളിരൂർ രാധാകൃഷ്ണൻ ഈ പ്രശ്നം അവതരിപ്പിക്കുന്നുണ്ട് (ജിജി ചിലമ്പിൽ, 2014: 31), മനോരാജ്യത്തിന്റെ എഡിറ്ററായിരുന്ന ജോസഫ് കുന്നിശേരി 1968 കാലത്ത് ചുവന്ന മനുഷ്യൻ എന്ന നോവലിന്റെ കൈയെഴുത്തുപ്രതി നല്കിയിട്ട് വായിച്ചുനോക്കി അഭിപ്രായം പറയാൻ അദ്ദേഹത്തോടു പറഞ്ഞതാണ് സംഭവം. ഡിറ്റക്ടീവ് നോവലാണെ ന്നു കണ്ടപ്പോൾ അത്തരം നോവലുകളുടെ കാലംകഴിഞ്ഞുവെന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. എങ്കിലും നോവൽ പ്രസിദ്ധീകരിച്ചുതുടങ്ങി. ആ സമയം മനോരാജ്യം കേരളഭൂഷണം പത്രാധിപർ വിലയ്ക്കു വാങ്ങുകയും പുഷ്പനാഥിന്റെ നോവൽ പ്രസിദ്ധീകരിച്ചത് ശരിയായില്ലെന്നു പറയുകയും ചെയ്തു. അതുവരെ ‘പുഷ്പനാഥിനു നേരെ ഉണ്ടായിരുന്നത് പ്രതികൂല സമീപനമായിരുന്നു. വാരിക നാലുലക്കങ്ങൾ കൂടി പുറത്തിറങ്ങിക്കഴിഞ്ഞതോടെ നോവൽ സൂപ്പർ ഹിറ്റായി. വാരികയുടെ കോപ്പിയുടെ എണ്ണം റോക്കറ്റുപോലെ കുതിച്ചുയർന്നു… അവിടെ നിന്നാണ് പുഷ്പനാഥ് നോൺസ്റ്റോപ്പായി എഴുതാൻ തുടങ്ങിയത്. മനോരാജ്യ ത്തിലെ നോവൽ ഹിറ്റായതോടെ മനോരമ, പൌരദ്ധ്വനി, മംഗളം തുടങ്ങിയ വാരികകളും പുഷ്പനാഥിനെ തേടിയെത്തി’ (അതേകൃതി, 31).

മനോരമയിലെ പാരലൽ റോഡ് എന്ന നോവലും ഹിറ്റായതോടെ പുഷ്പ നാഥിന്റെ രചനകൾ ട്രെൻ്റ്സെറ്ററാവുകയായിരുന്നുവെന്ന് മനീഷ് എഴുതുന്നു. കേരളത്തിൽ അന്നുണ്ടായിരുന്ന ജനകീയ വാരികകൾ എല്ലാംതന്നെ കുറ്റാന്വേഷണനോവലുകൾക്കായി അദ്ദേഹത്തിൻ്റെ വിട്ടുപടിക്കൽ കാവൽനില്ക്കുന്ന വിചിത്രമായ കാഴ്ചയാണ് പിന്നീട് കണ്ടത്. അദ്ദേഹത്തിൻ്റെ നോവലുകൾ സർക്കുലേഷൻ വർധനയിൽ നിർണായകമായ പങ്കുവഹിക്കുന്നുണ്ടെന്ന് വാരികകൾ തിരിച്ചറിഞ്ഞു (അതേകൃതി, 2017: 70). ഈ വിവരണം ശരിയാ ണെന്ന് അദ്ദേഹത്തിൻ്റെ എഴുത്തുകൾ പരിശോധിക്കുമ്പോൾ വ്യക്തമാകും. അധ്യാപകജോലിയിൽനിന്ന് സ്വയംവിരമിക്കലെടുത്ത് ദിവസം പതിന്നൊ ന്ന് മണിക്കൂറൊക്കെ തുടർച്ചയായി എഴുതിയിട്ടും തികയാതെവന്നപ്പോൾ മൂന്നുനാലുപേരെ മുറിയിലിരുത്തി കഥപറഞ്ഞുകൊടുത്ത് എഴുതിക്കേണ്ടി വന്നുവെന്ന അദ്ദേഹത്തിൻറെ ഓർമ്മകൾ അന്നത്തെ വാരികകളുടെ അവസ്ഥ വ്യക്തമാക്കാൻ സഹായിക്കുന്നു. അദ്ദേഹത്തിൻ്റെ അക്കാലത്തെ രചനാരീതികളും തിരക്കും മനസ്സിലാക്കാൻ ഈ വിവരണത്തിലൂടെ കഴിയും: ‘എന്റെ എഴുത്തിന്റെ സുവർണകാലത്ത് ആഴ്ചയിൽ ഒമ്പത് വാരികകൾക്കുവരെ നോവലുകൾ എഴുതേണ്ടിവന്നിട്ടുണ്ട്. എഴുത്തിന്റെ സമ്മർദ്ദം ഏറുകയും ഏറ്റെടു ത്ത എഴുത്തുപണികൾ കൃത്യമായി തീർക്കാൻ കഴിയുല്ലെന്ന് വരികയും ചെയ്ത ഒരു സാഹചര്യത്തിൽ അധ്യാപകനായിരുന്ന ഞാൻ ആ ജോലിയിൽനിന്ന് വോളന്ററി റിട്ടയർമെൻ്റ് എടുത്തത്. ആ സമയത്ത് മൂന്നുപേരെ വരെ ഒരു മുറിയിൽ ഇരുത്തി അവർക്ക് മൂന്നു വ്യത്യസ്ത നോവൽഭാഗങ്ങൾ പറഞ്ഞുകൊ ടുത്ത് എഴുതിക്കുന്ന രീതിയും ഞാൻ പരീക്ഷിച്ചിരുന്നു. കാരണം വീടിനുപുറത്ത് ആ ആഴ്ചയിലെ നോവലുകളുടെ അധ്യായം വാങ്ങാൻ വാരികകളിൽനിന്നുള്ള ആളുകൾ കാവൽ നില്ക്കുന്നുണ്ടാവും’ (അതേ കൃതി, 72). ഒരാളുടെ നോവലുകൾ ശ്രദ്ധേയമായപ്പോൾ അയാളെക്കൊണ്ട് നോവലെഴുതിക്കുകയെന്ന തന്ത്രമാ യിട്ടല്ല ഈ വിവരണത്തെ കാണേണ്ടത്, മറിച്ച് വായനക്കാരായ വലിയൊരു ജനവിഭാഗത്തിന്റെ ഉണർവ്വായിട്ടാണ്. അക്കാലത്ത് നിരവധി മാസികകളു ണ്ടായിട്ടും ഇത്തരത്തിലൊരു അനുഭവം അക്കാലത്ത് വേറെ എഴുത്തുകാർ ക്കുള്ളതായി കാണുന്നില്ല. പുഷ്പനാഥ് ഇങ്ങനെ ട്രെൻ്റ് സെറ്ററായപ്പോഴാണ്
 മാത്യു മറ്റത്തിനെപ്പോലുള്ളവരും നിരന്തരം എഴുതുന്നവരായി മാറുന്നതെന്നു കാണാം.

ഈ അനുഭവത്തിൻ്റെ മറ്റൊരുദാഹരണം പുഷ്പനാഥ് തന്നെ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. പുതുതായി ആരംഭിച്ച ഒരുവാരിക അദ്ദേ ഹത്തിന്റെ നോവലുകൾക്കായി സമീപിച്ച കാര്യമാണത്. തിരക്കുകാരണം അവർക്കെഴുതാൻ കഴിഞ്ഞില്ലെന്നും അവരുടെ അഭ്യർഥന മാനിച്ച് മൂന്നുമാസം കഴിഞ്ഞെഴുതിത്തരമെന്നും പറഞ്ഞു. കൃത്യം മൂന്നുമാസം കഴിഞ്ഞപ്പോൾ അവരെത്തിയെന്നും തൻ്റെ നോവലിൻ്റെ ആദ്യ അധ്യായം കിട്ടിയപ്പോ ഴാണ് വാരിക തുടങ്ങിയതെന്നുമാണ് ആ സംഭവം (അതേകൃതി, 2017, 73). അക്കാലത്തെ അദ്ദേഹത്തിൻറെ കൃതികളുടെ എണ്ണം കേവലമായി പരിശോ ധിച്ചാൽ തന്നെ ഇക്കാര്യങ്ങൾ ശരിയാണെന്നു കരുതേണ്ടിവരും. തന്റെ നോവലുകൾക്ക് വലിയ മാർക്കറ്റുണ്ടെന്നറിഞ്ഞപ്പോൾ അദ്ദേഹം സ്വന്തമായി പ്രസിദ്ധീകരണവിഭാഗം തുടങ്ങുന്നതിൽനിന്ന് അദ്ദേഹത്തിൻ്റെ ജനപ്രിയത്വം ഊഹിക്കാം. അങ്ങനെയാണ് അദ്ദേഹം പുഷ്പനാഥ് പബ്ലിക്കേഷനും അതിന്റെ ഭാഗമായി മാർക്സിൻ ഡിറ്റക്ടീവ് ബുക്ക് ക്ലബും തുടങ്ങുന്നത്. മാസംതോറും മൂന്നുംനാലും നോവലുകൾ പുറത്തിറക്കുന്ന രീതിയിലാണ് ഇത് പ്രവർത്തി ച്ചത്. ഈ ജനപ്രിയത്വം കാരണമാണ് അദ്ദേഹം പുഷ്പനാഥ് വാരികയും തുടങ്ങിയതെന്നു കാണാം. മലയാളത്തിലെ ഒരു ജനപ്രിയ എഴുത്തുകാരനും ഇത്തരത്തിൽ സ്വന്തമായി പബ്ലിക്കേഷനോ വാരികയോ തുടങ്ങിയിട്ടില്ലെന്ന വസ്തുതമാത്രം മതി അദ്ദേഹത്തിന്റെ പ്രാധാന്യം മനസ്സിലാക്കാൻ. പുഷ്പനാഥി ലൂടെ ഒരു നോവൽ പ്രളയമാണ് സംഭവിച്ചതെന്നും അദ്ദേഹം ഒരു വായനാ വിപ്ലവത്തിനാണ് തിരികൊളുത്തിയതെന്നും ലിറ്ററ്റി ഫാക്ടറിയായിരുന്നു അദ്ദേഹമെന്നും മലയാള അപസർപ്പകസാഹിത്യത്തിൻ്റെ ചരിത്രമെഴുതിയ ഹമീദ് പറയുന്നതിൽനിന്ന് അന്ന് നടന്ന പരിവർത്തനം ഊഹിക്കാം (ജിജി ചിലമ്പിൽ, 2015: 195-96). അദ്ദേഹത്തിൻ്റെ നോവൽശൈലിയിലാണ് പിന്നീട് പലരും നോവലുകളും വിവർത്തനങ്ങളും എഴുതിയതെന്ന് ജയിംസ് ഹാഡ് ലി ചേസിന്റെ നോവലുകൾ വിവർത്തനംചെയ്ത ഭാസ്കരൻ പയ്യന്നൂർ പറയുന്നു (2017: 83). ഇക്കാലത്തെ നോവലുകളുടെ കണക്കുകൾ അന്നത്തെ തരംഗം സ്ഫോടനമായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ്. 1970-കൾ വരെ മലയാ ളത്തിലുണ്ടായത് 319 ഡിറ്റക്ടീവ് നോവലുകളാണെങ്കിൽ 1970 മുതൽ 1985 വരെയുള്ള പതിനഞ്ചുവർഷത്തിനിടയിൽ പുറത്തിറങ്ങിയത് 319 നോവലു കളാണ് (ഹമിദ്, 2015: 26). 2000 വരെ മലയാളത്തിൽ ആകെയുണ്ടായ
 711 അപസർപ്പക നോവലുകളിൽ പകുതിക്കടുത്ത് പുറത്തിറങ്ങിയത് ഈ 15 കൊല്ലത്തിനിടയിലാണെന്ന വസ്തുത കോട്ടയം പുഷ്പനാഥ് തുറന്നുവിട്ട ഭൂതത്തിന്റെ ശക്തി വ്യക്തമാക്കുന്നുണ്ട്.

അദ്ദേഹത്തിന്റെ ജനകീയത മനസ്സിലാക്കി വാരികകൾ നോവലി റക്കാൻ മത്സരിച്ചപ്പോൾ തിരക്കുകാരണം എഴുത്തിൽ അദ്ദേഹത്തിന്റെ തന്നെ നോവലുകളുടെ ആവർത്തനം വന്നത് തിരിച്ചടിയായെന്ന് ജയചന്ദ്രൻ ചൂണ്ടിക്കാട്ടുന്നത് ഇവിടെ പ്രസക്തമാണ്. ‘ഇത് പൊതുവേ ബുക്ക് ക്ലബ് അംഗ ങ്ങളുടെ ഇടയിൽ ഒരു ബ്ലാക്ക് മാർക്കായി മാറി. എഴുത്തിൻ്റെ തിരക്കുകാരണം സംഭവിച്ചുപോയ അബദ്ധമാണ്. ഇത് അദ്ദേഹത്തെ വല്ലാതെ ബാധിച്ചു. അദ്ദേഹത്തിന്റെ ജനപ്രീതി താഴേക്കു പോകാൻ ഇതൊരു കാരണമായി. ഒരു മാസത്തിൽ നാലുപുസ്തകം ഇറക്കണമെന്ന കമ്മിറ്റ്മെന്റും ആ നാലുപുസ്തക ത്തിനുള്ള മെറ്റീരിയൽ ഇല്ലാതെ വരികയും ചെയ്തപ്പോൾ അദ്ദേഹം കാണിച്ച ചെറിയൊരു അബദ്ധം പുഷ്പനാഥിൻ്റെ ഡിക്ലയിനായി മാറി. എന്നിട്ടുപോലും കുറേയധികം പുസ്തകങ്ങൾ ഇറങ്ങി. അന്ന് പുഷ്പനാഥ് അങ്ങനെ ചെയ്തില്ലായി രുന്നുവെങ്കിൽ കേരളത്തിലെ ഏറ്റവും വലിയ പുസ്തക പ്രസാധകൻ കോട്ടയം പുഷ്പനാഥായി മാറിയേനെ’ (ജിജി ചിലമ്പിൽ, 2017, 58).
ഈ വിവരണങ്ങളിൽ നിന്ന് ചില നിഗമനങ്ങൾ രൂപപ്പെടുത്താൻ കഴിയും:
1.കോട്ടയം വാരികകൾ സാധാരണക്കാരുടെ ഇടയിൽ പുഷ്പനാഥ് വരുന്നതു വരെ വായനയുടെ വലിയ ആരവം തീർത്തിരുന്നില്ല. പ്രതിസന്ധിയിലായി രുന്ന പല വാരികകളെ സാമ്പത്തികമായി രക്ഷപെടുത്തിയതും പുതിയ വാരികൾ ഇറങ്ങാൻ വഴിയൊരുക്കിയതും പുഷ്പനാഥിൻ്റെ നോവലുകളാണ്. മലയാള ജനപ്രിയസാഹിത്യത്തെ ജനപ്രിയത്വത്തിലേക്കുയർത്തിയത് പുഷ്പനാഥാണെന്നു പറയാം. അതിനാൽ മുട്ടത്തുവർക്കിയെക്കാൾ കൂടുതൽ പഠിക്കേണ്ടത് പുഷ്പനാഥിൻ്റെ രചനകളാണ്.
2.വായിക്കാൻ കാത്തിരുന്ന സാക്ഷരരായ ജനങ്ങൾ ഇറങ്ങിയിരുന്ന വാരികകൾ വായിക്കുകയായിരുന്നില്ല, മറിച്ച് ആകാംക്ഷാഭരിതമായ രചനാലോകം തുറന്നിട്ടുകൊണ്ട് പുഷ്പനാഥ് ആളുകളെ വായിപ്പിക്കാൻ പ്രേരിപ്പിക്കുകയായിരുന്നു. മലയാളിക്ക് അപരിചിതമായ ഭാവനാലോക ത്തിന്റെ സൃഷ്ടിയിലൂടെയാണ് പുഷ്പനാഥ് രചനകൾ ഇത് സാധ്യമാക്കിയത്. ഈ പ്രവണത അക്കാലത്തെ മറ്റ് ജനപ്രിയ എഴുത്തുകാരെ സ്വാധീനി ക്കുകയും പുഷ്പനാഥ് ശൈലിയെ പിൻപറ്റി അപസർപ്പകനോവലുകളും വിവർത്തനങ്ങളും സാധ്യമാക്കുന്നതിലേക്ക് എത്തുകയും ചെയ്തു.
3. അദ്ദേഹത്തിൻ്റെ രചനകളിൽ സംഭവിച്ച് പാളിച്ചകളാണ് വായനക്കാരെ അദ്ദേഹത്തിൽനിന്ന് അകറ്റിയതിലെ ഒരു കാരണം. താനെഴുതിയതെ ന്തം ജനങ്ങൾ വായിക്കുമെന്ന ധാരണ കാരണം സ്ഥിരം ശൈലിയിൽ എഴുതിയതിയിരുന്നത് അദ്ദേഹത്തിന് വിനയായി. അതിനർഥം വായ നക്കാരായ സാധാരണജനങ്ങൾ എന്തും വിഴുങ്ങുന്നവരായിരുന്നില്ലെന്ന വസ്തുതയാണ്. കൃത്യമായ അഭിരുചികളും താത്പര്യങ്ങളുമുള്ളവരായിരുന്നു അവർ. മടുപ്പിക്കുന്ന ആഖ്യാനങ്ങളെ അവർ ഉപക്ഷിക്കുകയും പുതിയ താത്പര്യങ്ങളിലേക്ക് പോവുകയും ചെയ്തു.
4.ജനപ്രിയ സാഹിത്യം വിലകുറഞ്ഞതായിരുന്നില്ലെന്നും കാലംതോറും അത് പരിണമിച്ചുകൊണ്ടിരുന്നുവെന്നും സ്ഥിരം ശൈലികൾ കാലംമാറുമ്പോൾ ഉപേക്ഷിക്കപ്പെട്ടിരുന്നുവെന്നും വ്യക്തമാകുന്നു. എഴുത്തും ജനങ്ങളുടെ അഭിരുചിയും തമ്മിലളുള്ള പ്രതിപ്രവർത്തനമാണ് ഇവിടെ കാണുന്നത്.

3
അന്വേഷണമെന്ന വല

ഏതാണ്ട് മുന്നൂറ്റിയമ്പതോളം നോവലുകൾ പുഷ്പനാഥ് എഴുതിയിട്ടുണ്ടെന്നാണ് കണക്ക്. പുഷ്പനാഥിൻ്റെ രചനാലോകത്തെ മാർക്സിൻ പരമ്പര, പുഷ്പരാജ് പരമ്പര, ഡ്രാക്കുള പരമ്പര, ഭീതിനോവലുകൾ മാന്ത്രികനോവലുകൾ എന്നി ങ്ങനെ തരംതിരിക്കാറുണ്ട്. വാരികക്കാരുടെ ആവശ്യാർഥം പെട്ടെന്നെഴുതി നല്കുന്നവയാണ് പല നോവലുകളെങ്കിലും കൃത്യമായ രചനാപദ്ധതിയോടെ എഴുതുന്നവയാണ് മിക്കതുമെന്നു കാണാം. രചനാപരമായോ ഭാഷാപര മായോ പുതുമകളൊന്നുമില്ലെങ്കിലും അദ്ദേഹം പൊതുവേ മുന്നോട്ടുവയ്ക്കുന്ന സവിശേഷമായൊരു ശാസ്ത്രീയകാഴ്ചപ്പാട് മിക്ക അപസർപ്പകകൃതിയിലും കാണാൻകഴിയും. കുറ്റാന്വേഷണനോവലുകൾ ആകാംക്ഷയുടെ മുൾമുന യിൽ വായനക്കാരെ നിർത്തുന്ന കലയാണെന്ന് നിരൂപകർ പറയുന്നുണ്ട്. ഓരോഭാഗം വായിക്കുമ്പോഴും അടുത്ത സംഭവത്തിലേക്ക് ഉത്കണ്ഠനിറഞ്ഞ മനസ്സുമായി വായനക്കാർ ഓടുന്ന വിധത്തിലാണതിന്റെ ഘടനയും ഭാഷയും പ്രവർത്തിക്കുന്നത്. പുഷ്പനാഥിൻ്റെ രചനാശൈലി ഇത്തരത്തിലാണെന്നു കാണാം. സ്കോഭജനകമായ ഒരു സംഭവത്തിലാരംഭിച്ച് ചെറിയ ചെറിയ വാച കങ്ങളിലൂടെ പടർന്നുകയറി സംഘർഷാത്മകമായ സംഭവങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന രീതിയാണ് അദ്ദേഹം പരീക്ഷിക്കുന്നത്. അദ്ദേഹത്തിന്റെ നോവലുകളെല്ലാം ഒരു സംഭവത്തിൻ്റെ നിർണായകമായ ദശയിലായിരുക്കും തുടങ്ങുക.

രണ്ടാമതൊരാൾ എന്ന നോവൽ ഇങ്ങനെയാണ് തുടങ്ങുന്നത്-ആ സംഭവം നഗരത്തിൽ ഭയങ്കര കോളിളക്കം സൃഷ്ടിച്ചു. സർക്കിൾ ഇൻസ്പെക്ടർ മിസ്റ്റർ രവിശങ്കർ അറസ്റ്റചെയ്യപ്പെട്ടു (2003, 109)
 ലേഡിഡോക്ടറെ കാണാനില്ല എന്ന നോവൽ തുടങ്ങുന്നത് ഇങ്ങനെ- അന്ന് ഏതുസമയത്തും ഓപ്പറേഷൻ നടത്താം. അങ്ങിനെയാണ് തീരുമാന മെടുത്തിട്ടുള്ളത് (2003, 09).
ഡെവിൾസ് ട്രാപ്പ് തുടങ്ങുന്നത് ഇപ്രകാരം-ആ സംഭവത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ആണ് നമുക്ക് ലഭിച്ചിരിക്കുന്നത്. എന്നാൽ അതു തികച്ചും അവിശ്വസനീയവും ഭീകരതനിറഞ്ഞതും ആണെന്നു പറഞ്ഞാൽ ഒരു പക്ഷേ നിങ്ങൾ വിശ്വസിക്കുകയില്ലായിരിക്കും… രഹസ്യകുറ്റാന്വേഷണവകുപ്പിന്റെ ചീഫായ മിസ്റ്റർ ബർണാഡ് രണ്ടുഫയലുകൾ ഡിറ്റക്ടീവ് മാർക്സിന്റെ മുന്നിലേക്കു നീക്കി വച്ചു(1978, 5).
മർഡർ ഗാങ് തുടങ്ങുന്നത്: ‘ആ കാണുന്ന ഫയലിൽ ഇപ്പോൾ ലഭിച്ചി രിക്കുന്ന വിവരങ്ങളും അതുപോലെ അവരെ സംബന്ധിച്ചുള്ളഊഹാപോഹ ങ്ങളും കൊടുത്തിട്ടുണ്ട്. പോലീസ് ചീഫ് ബാനർജി പുഷ്പരാജിനോടു പറഞ്ഞു എന്നാണ് ‘ (2008: 5).

പല നോവലുകളും തുടങ്ങുന്നത് അന്വേഷണ ഉദ്യോഗസ്ഥനായ ബർണാഡിന്റെയോ പുഷ്പരാജിൻറെയോ വാചകത്തോടെയാകും. ‘അവർ ആത്മഹത്യ ചെയ്തതായിരിക്കുമെന്ന് ഞാൻ ഒരിക്കലും വിശ്വസിക്കുന്നില്ല. മേശയുടെ മധ്യഭാഗത്തായി വെച്ചിരുന്ന ഭൂഗോള മാതൃക ചൂണ്ടുവിൽകൊണ്ടു തിരിക്കുന്നതിനിടയിൽ ഡിറ്റക്ടീവ് പുഷ്പരാജ് അഭിപ്രായപ്പെട്ടു’ ഡയൽ 00003 തുടങ്ങുന്നത് ഒരു മരണത്തിൻ്റെ അന്വേഷണത്തിൻ്റെ തുടക്കത്തിലെ ഈ വാചകത്തിലാണ്. പിന്നീട് കൊലപാതകത്തിൻ്റെ പശ്ചാത്തലം പറഞ്ഞ് പുഷ്പരാജിന്റെ അന്വേഷണം തുടങ്ങുന്നു.

സംഭവത്തിന്റെയോ കഥാപാത്രത്തിൻ്റെയോ പശ്ചാത്തലത്തിൽനി ന്നു തുടങ്ങി സംഭവത്തിലേക്കു വരുന്ന ശൈലികളെക്കാൾ പ്രശ്നത്തിന്റെ ആഴംബോധ്യപ്പെടുത്താൻ ഈ ശൈലിക്കു സാധിക്കുന്നുണ്ട്. വായനക്കാരെ വലിയൊരു ഉത്കണ്ഠയിലേക്ക് വലിച്ചെറിയുന്നുമുണ്ട്. തുടർന്ന് സംഭവത്തിന്റെ പിന്നിലെ കാരണങ്ങളിലേക്കുള്ള യാത്രയാണ്. അന്വേഷണംതുടങ്ങിക്കഴിഞ്ഞാൽ ചലിക്കുന്ന യന്ത്രംപോലെ അന്വേഷകൻ മുന്നോട്ടുപോകുന്നു. ആ പോക്കിനെ അനുധാവനംചെയ്യുകയാണ് എഴുത്തുകാരൻ്റെ ഭാഷയുടെ ധർമ്മം. കുറ്റാന്വേഷണ കുറ്റകൃത്യത്തിൻ്റെ കാരണങ്ങളിലേക്കുള്ള യാത്രയായതിനാൽ അന്വേഷക/ൻ കാണുന്ന ഓരോ കാഴ്ചയും സൂക്ഷ്മമായിട്ടാണ് വിവരിക്കുന്നത്. നോവലിന്റെ ആഖ്യാനം പ്രവർത്തിക്കുന്നത് കുറ്റാന്വേഷകന്റെ നോട്ടം പോലെയാണ്. ശവശരീരം കാണുന്നതും മൊഴികളെടുക്കാൻ പോകുന്നവരുടെ വീടുകളും മുറികളും കാണുന്നതും ഓരോയിടത്തും വസ്തുക്കൾ സൂക്ഷിച്ചിരിക്കുന്ന തും ഒരു ചലച്ചിത്രം കാണിച്ചുതരുന്നതുപോലെ അടയാളപ്പെടുത്തുന്നു. ഡയൽ 00003-യിൽ റോഡിൽകിടക്കുന്ന മൃതദേഹത്തിൻ്റെ കാഴ്ച വിവരിച്ച് എത്തുന്നത് ഇങ്ങനെയാണ്, ‘കാൽമുട്ടിനെ അല്പം മുകളിലേക്ക് വഴുതി നിങ്ങക്കിടന്നിരുന്ന വസ്ത്രത്തിന്റെ അടിവശം രക്തത്തിൽ കുതിർന്നു മുകളിലേക്കു ചുവന്നനിറം അരിച്ചരിച്ചു നീങ്ങി. ഒടുവിൽ ജലാംശം വറ്റിയപ്പോൾ ഒരു ചിത്രകാരൻ ബ്രഷ് തുടച്ച തുണിപോലെ കിടന്നു’ (2019: 9). യുവതിയുടെ മൃതശരീരമായിട്ടും ആൺനോട്ടമില്ലാതെ ശരീരത്തിൻ്റെ കിടപ്പു ചിത്രീകരിക്കുകയാണ് ഇവിടെ ജനപ്രിയസാഹിത്യത്തിൽ സ്ത്രീശരീരത്തിലേക്കുള്ള ആൺനോട്ടങ്ങൾ ധാരാള മാണെന്നുള്ള വിമർശനങ്ങളുണ്ടെങ്കിലും പുഷ്പനാഥിൻ്റെ കൃതികളിൽ അത്തരം നോട്ടങ്ങൾ കുറവാണെന്നു പറയാം.

ഒരു കൊലപാതകം നടന്നാൽ അതിൻ്റെ പശ്ചാത്തല വിവരങ്ങളിൽ നിന്ന് കൊലപാതകത്തിനിരയായ ആളിന്റെ ആൾക്കാരുടെ മൊഴികളിലൂടെ, പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വിവരങ്ങളിലൂടെ അന്വേഷണം പടരുന്നു. ആ അന്വേഷണത്തിൽ ലഭ്യമാകുന്ന തെളിവുകളിലൂടെ ഓരോയിടത്തേക്കും സഞ്ചരിക്കുകയാണ് പുഷ്പരാജും മാർക്സിനുമൊക്കെ. ഒരു കൊലപാതകത്തിലെ ഒരു കണ്ണിയെ പിന്തുടർന്ന് അതുമായി ബന്ധപ്പെട്ട ആളുകളിലേക്കും അവരുടെ പ്രവർത്തനങ്ങളിലേക്കും ഡിറ്റക്ടീവ് പോകുന്നതായിട്ടു പറയുകയാണ് അദ്ദേ ഹത്തിന്റെ രചനാശൈലി അങ്ങനെ വിപുലമായ ഒരു പ്രദേശം/നഗരം ഈ കൊലയുടെ വലയായി പ്രത്യക്ഷപ്പെടുന്നു. വലയെന്ന രൂപകത്തിലൂടെയാണ് പുഷ്പനാഥിന്റെ കുറ്റാന്വേഷണനോവലുകളുടെ രചനാശൈലിയെ അടയാള പ്പെടുത്താൻ കഴിയുക. വിപുലമായ ബന്ധങ്ങളുള്ള ഒരുസംഘം കുറ്റകൃത്യങ്ങൾ ചെയ്ത് സമൂഹത്തിൽ പ്രവർത്തിക്കുന്നുവെന്ന കാഴ്ചയാണ് ഈ നോവലുകൾ പറയുന്നത്. ആ അധോലോകസംഘം സമൂഹത്തിൻ്റെ പുറംകാഴ്ചയിൽ പ്രത്യ ക്ഷപ്പെടുന്ന ഒന്നല്ല. പുറംകാഴ്ചയിൽ കാണാൻ കഴിയുന്നത് ചില കൊലപാ തകങ്ങളാണ്. വളരെ ഉയരമുള്ള നഗരത്തിലെ കെട്ടിടത്തിന്റെ ചിത്രമായി ഇതു മനസ്സിലാക്കാം. കെട്ടിടത്തിൻ്റെ അടിത്തട്ടിലെ നിലകൾ മിക്കപ്പോഴും മനുഷ്യകാഴ്ചയ്ക്കു വിഷയിഭവിക്കാറില്ല. അടിത്തട്ടിൽ മറഞ്ഞിരിക്കുന്ന നിലക ളിലാണ് അധോലോകസംഘങ്ങൾ പ്രവർത്തിക്കുന്നത്. അടിത്തട്ടിൽനിന്ന് അവരുടെ പ്രവർത്തനങ്ങൾ പുറംകാഴ്ചയ്ക്കു കാണാനാവാത്തവിധം വലപോലെ മുകളിലേക്ക് വ്യാപിക്കുന്നു. ഈ സംഘങ്ങളുടെ വലയെ കണ്ടെത്തുകയാണ് നോവലിന്റെ ആഖ്യാനതന്ത്രമെന്നു പറയാം.

ആധുനിക ഇന്ത്യയിലെ ഡെൽഹിപോലുള്ള നഗരങ്ങളിലെ കൊലകളും മറ്റുമാണ് അദ്ദേഹത്തിൻ്റെ ആഖ്യാനങ്ങളുടെ ഇതിവൃത്തം. ഇവിടെ കൊലകളും മറ്റും ചെയ്യുന്നത് അധോലോകസംഘങ്ങളാണെന്നും അവയെ ഇല്ലാതാക്കു ന്ന പോലീസ്, കുറ്റാന്വേഷണ സംവിധാനം ഉണ്ടാകണമെന്നുമാണ് ഈ നോവലുകൾ പറയുന്നത്. അടിത്തട്ടിൽ മറഞ്ഞിരിക്കുന്ന അധോലോകസം ഘങ്ങളുടെ കാഴ്ചയ്ക്ക് ഉദാഹരണമാണ് ഡെവിൾസ് ട്രാപ്പ് എന്ന നോവൽ. കടലിന്റെ അടിത്തട്ടിൽ ആർക്കും ചെല്ലാനാവാത്ത ഇടത്ത് മറഞ്ഞിരിക്കുന്ന ഒരുസംഘത്തെ കുറ്റാന്വേഷകർ കണ്ടെത്തുന്നു. മറഞ്ഞിരിക്കുന്ന അധോലോകം സമൂഹത്തിനു ഭീഷണിയാണെന്നു പറയുന്നതിലൂടെ കുറ്റകൃത്യം വ്യവസ്ഥയുടെ സൃഷ്ടിയാണെന്നും ഇതൊന്നും അതിഭൌതികശക്തികളാൽ സംഭവിക്കുന്നത ല്ലെന്നുമാണ് വാദിക്കുന്നത്. കേവലം യാദൃച്ഛികമായി സംഭവിക്കുന്നതല്ല കുറ്റ കൃത്യങ്ങളെന്നും കൃത്യമായ പദ്ധതികളോടെ സമൂഹത്തിലെ ചില ശക്തികളും വ്യവസ്ഥകളും അവരുടെ താത്പര്യങ്ങൾ സംരക്ഷിക്കാനായി നടത്തുന്നതാ ണെന്നും സ്ഥാപിക്കുന്നു. വ്യക്തികൾ നടത്തുന്ന കൊലകളുടെ കാരണവും ഇപ്രകാരം വ്യവസ്ഥയുടെ ഭാഗമാണെന്നു കണ്ടെത്തുന്ന നോവലുകൾ അദ്ദേഹമെഴുതിയിട്ടുണ്ട്. ഭാര്യയുടെ ബാങ്ക് ബാലൻസ് തട്ടിയെടുക്കാനായി അവരെ കൊല്ലുന്ന ഭർത്താവിൻ്റെ കഥ ലേഡി ഡോക്ടറെ കാണാനില്ല എന്ന നോവലിൽ പറയുന്നുണ്ട്. സാമ്പത്തികമായും സാമൂഹികമായുമുള്ള വ്യവസ്ഥാ ക്കുഴപ്പങ്ങളാണ് കൊലപാതകങ്ങൾക്കു പിന്നിലെന്നാണ് ഇവിടെയെല്ലാം ആഖ്യാനിക്കുന്നത്.

ഒരു കെട്ടിടത്തിൻ്റെ നിഗൂഢതയിലേക്ക് ഒരന്വേഷക/ൻ കയറുന്നതു പോലെയാണ് ആഖ്യാനം പ്രവർത്തിക്കുന്നതെന്നു കാണാം. ഡയൽ 00003 യിൽ പുഷ്പരാജിൻ്റെ പ്രവൃത്തി നിരീക്ഷിക്കുക: ‘ഗേറ്റ് ചാടിക്കടന്നു മൈലാഞ്ചി ച്ചെടികളുടെ മറവിൽക്കൂടിഅദ്ദേഹം സാനിറ്ററി പൈപ്പിനടിഭാഗത്തെത്തി. അല്പസമയം നിന്നു. പരിസരം ശൂന്യമാണെന്നു തികച്ചും ബോധ്യമായപ്പോൾ പുഷ്പരാജ് മുകളിലേക്കു കയറി. ജനലിനടുത്തെത്തി. അകത്താരും തന്നെ യില്ലെന്ന് അറിയാമായിരുന്നതുകൊണ്ട് ഒട്ടും അമാന്തിക്കാതെ അദ്ദേഹം ജനാലയിൽക്കൂടി മുറിയിൽ പ്രവേശിച്ചു. ടോർച്ചു തെളിച്ചു നോക്കി. അടുത്ത മറിയും താണ്ടി അടുത്ത മുറിയും താണ്ടി സ്റ്റെയർകേസിറങ്ങി താഴത്തെ നില യിലെത്തി. ഒൻപതുമുറികൾ അദ്ദേഹം പരിശോധിച്ചു. കെട്ടിടത്തിന്റെ പ്ലാൻ സങ്കല്പിച്ചപ്പോൾ ഒരു മുറികൂടി ബാക്കിയുള്ളതായി അദ്ദേഹത്തിനു തോന്നി’ (2019: 122). നിരവധി നിലകളുള്ള ഒരു കെട്ടിടത്തിനകത്തെ നിഗൂഢതകൾ തേടി അന്വേഷകർ പോകുന്നതുപോലെയാണ് പുഷ്പനാഥ് തൻ്റെ ആഖ്യാനം നിർവ്വഹിക്കുന്നതെന്ന് ഇവിടെക്കാണാം. ഒരു കുറ്റകൃത്യമെന്നത് ഒരു കെട്ടിടം പോലാകുന്നു. കെട്ടിടത്തിൻ്റെ ഓരോ നിലകളിലും കയറിയിറങ്ങുന്നതുപോലെ അന്വേഷണത്തിൽ കിട്ടുന്ന ഓരോ തെളിവുകളിലൂടെയും അന്വേഷക/ൻ കയറിയിറങ്ങുന്നു. ഒടുവിൽ ഒരുമുറിയിൽ ഒളിച്ചിരിക്കുന്ന സത്യം/പ്രതിയെ കണ്ടെത്തുന്നു. പ്രത്യക്ഷമായ കാഴ്ചകൾക്ക് കാണാനാവാത്ത രഹസ്യം കണ്ടെത്തുന്നത് ആണപരമായ ഒരു പ്രക്രിയയാണെന്നാണ് അദ്ദേഹ ത്തിന്റെ അന്വേഷകരുടെ ശരീരഭാഷ പറയുന്നത്. നിരന്തരമായ പിന്തുടരലും അക്രമവും വെടിവയ്പ്‌പും ചോദ്യം ചെയ്യലുകളും നിറഞ്ഞതാണ് അദ്ദേഹത്തിന്റെ അന്വേഷണം. ആ ആണത്തപരമായ പ്രക്രിയയിലും സ്ത്രീകളെക്കൂടി പങ്കാളി കളാക്കിക്കൊണ്ട് ലിംഗപരമായ പൊളിച്ചെഴുത്തും അദ്ദേഹം നടത്തുന്നുണ്ട്.

4
അകേരളീയതയെന്ന ശാസ്ത്രനിർമിതി
മലയാളസാഹിത്യ ചർച്ചകളെല്ലാം ഊന്നുന്ന ഒരു മേഖല കേരളീയതയുടെ നിർ മാണത്തിൽ സാഹിത്യം പുലർത്തുന്ന പങ്കാളിത്തമാണ്. കേരളത്തിന്റെ ഭൂപ്ര കൃതിയെയും സാമൂഹികപശ്ചാത്തലങ്ങളെയും വാഴ്ത്തുന്ന പ്രയോഗമായിട്ടാണ് കേരളീയതയെ നിർമിച്ചെടുക്കുന്നത്. നമ്പ്യാർക്കവിതകളിലെ കേരളീയത, എഴുത്തച്ഛനിലെ കേരളീയത എന്നൊക്കെ പറയുമ്പോൾ ഉയരുന്ന കാഴ്ചപ്പാ ടാണത്. കേരളമെന്ന ദേശീയതയെ രൂപപ്പെടുത്തുന്ന സവിശേഷമൊയരു പ്രത്യയശാസ്ത്രമായിട്ടാണത് മാറുന്നത്. സഹ്യപർവ്വതത്തിനും കടലിനുമിടയിൽ കിടക്കുന്ന ഒരു ഭൂപ്രദേശത്തിൻ്റെ ചില തനിമകളിലൂന്നിയുള്ള സ്വത്വവാദമായി ട്ടാണ് വികസിക്കുന്നതെന്നു കാണാം. ഗ്രാമം, പാടം, പച്ചപ്പ്, മലയാളഭാഷ, ഓണം, നാടോടിത്തം തുടങ്ങിയ സങ്കല്പനങ്ങളിലൂടെ രൂപപ്പെടുത്തിയ, ഇതര ദേശങ്ങളുമായി വ്യത്യസ്തതയുള്ള ദേശമെന്ന പരികല്പനയിലാണ് ഈ കേരളീയത പ്രവർത്തിക്കുന്നത്. ഇപ്രകാരം കേരളീയത നിർവചിക്കുമ്പോൾ കേരളീയതയ്ക്കു പുറത്തുള്ള സ്വത്വം അപരമായി ഉന്നയിക്കപ്പെടുന്നതു കാണാം. ഫ്യൂഡലിസത്തിൽനിന്ന് മലയാളിയെ ആധുനികതയിലേക്ക് നയിച്ചത് കൊളോണിയലിസമാണെങ്കിലും കൊളോണിയലിസത്തെ അപരമായി ക്കാണ്ട് ഒഴിവാക്കാനുള്ള പ്രവണത ഈ കേരളീയതയും മലയാളിത്തവും സൃഷ്ടിക്കുന്നുണ്ട്. അതുകൊണ്ടാണ് അറുപതുകളിൽ നഗരവത്കരണപ്രവണ തകളും മറ്റും ശക്തമായി ഇംഗ്ലീഷ് ഭാഷയോടുള്ള താത്പര്യം കൂടിയപ്പോൾ മലയാളഭാഷയുടെ തനിമ പറഞ്ഞ് ശക്തമായ എതിർപ്പുകൾ പ്രത്യക്ഷപ്പെട്ടത്. പരമ്പരാഗതസാഹിത്യത്തിന്റെ ചിന്താലോകത്ത് കേരളീയത നഷ്ടപ്പെടുന്നു വെന്ന വാദങ്ങളുയർന്നപ്പോൾ ജനപ്രിയസാഹിത്യം ഈ കേരളീയതയെ മറികടന്നുപോകുന്നത് സവിശേഷം ശ്രദ്ധിക്കണം. കോട്ടയം പുഷ്പനാഥിന്റെ നോവലുകൾ കേരളത്തിൻ്റെ സ്വത്വത്തെ ഉപേക്ഷിക്കുകയും വിദേശരാജ്യങ്ങളി ലൂടെ സഞ്ചരിക്കുന്ന കഥകൾ പറയുകയും ചെയ്യുന്നു. കേരളത്തിൽ നില്ക്കുമ്പോഴും കേരളീയതയുടെ സവിശേഷതകളെ ഒഴിവാക്കിക്കൊണ്ട് അകേരളീയത നിർമിക്കുന്നതു കാണാം.
പുഷ്പനാഥിന്റെ നോവലുകൾ കേരളീയതയെ കൈയൊഴിയുന്നതിന്റെ ചിത്രം ഇപ്രകാരം ചിട്ടപ്പെടുത്താം:

1.ഏതാനും ചില നോവലുകളൊഴിച്ചാൽ ബാക്കിയെല്ലാത്തിന്റെയും പശ്ചാ ത്തലം വിദേശമോ കേരളത്തിനു പുറത്തോ ആണ്.
2.പുഷ്പരാജ്, മാർക്സിൻ എന്നീ പ്രധാനകഥാപാത്രങ്ങളെ ഡിറ്റക്ടീവുകളാക്കിയി രിക്കുന്നതുതന്നെ വിദേശത്തെയും ഇന്ത്യയിലെയും കഥകൾ പറയാനാണ്. കഥാപാത്രങ്ങളുടെ സ്വഭാവത്തിലും ജീവിതരീതിയിലും കേരളീയതയില്ല. വൈദേശികരീതികൾ കൂടുതലായി ഇവർക്ക് നല്കിയിരിക്കുന്നു. മാർക്സിൻ പൂർണമായും വിദേശിയാണ്. എലിസബേത്തിനെ പോലുള്ള സ്ത്രീകഥാപാ ത്രങ്ങൾ പൂർണമായും വിദേശികളാണ്.
3.ശാസ്ത്രീയോപകരണങ്ങളുടെ നിരന്തരമായ ഉപയോഗം ഇവയിൽ കാണാം. അന്വേഷകന്റെ ബുദ്ധിയെ ഉപയോഗിക്കുന്നതിനപ്പുറത്ത് ആധുനിക. ശാസ്ത്രോപകരണങ്ങൾ ഉപയോഗിച്ചാണ് അവർ അന്വേഷണം നടത്തുന്നത്. 
4.ഭക്ഷണരീതിയും വസ്ത്രധാരണവും ഏറെയും വൈദേശികമാണ്. കേരളീയ മായ ഭക്ഷണം മലയാളിയായ പുഷ്പരാജുപോലും കാര്യമായി ഉപയോഗി ക്കുന്നില്ല. ബിയറും മദ്യവും യഥേഷ്ടം കഥാപാത്രങ്ങൾ ഉപയോഗിക്കുന്നുണ്ട്.

 കേരളീയമായ അന്തരീക്ഷത്തിലുള്ളതെങ്കിലും ഡ്രാക്കുള ഏഷ്യയിൽ എന്ന നോവൽ എങ്ങനെയാണ് കേരളീയമായ പൊതുബോധത്തെ നിരാകരിക്കു ന്നതെന്ന് വ്യക്തമാകും.

1975-ൽ പ്രസിദ്ധീകരിച്ച ഡ്രാക്കുള ഏഷ്യയിൽ എന്ന നോവൽ വിദേശത്താണ് തുടങ്ങുന്നതെങ്കിലും കേരളത്തിലെ മൂന്നാറിലാണ് കഥയുടെ ഏറിയപങ്കും നടക്കുന്നത്. മൂന്നാറിൽ ഒരു സായിപ്പ് ഉണ്ടാക്കിയ ബംഗ്ലാവിൽ ഡ്രാക്കുള പ്രഭു പ്രത്യക്ഷപ്പെടുകയും അവിടെയുള്ള ചില സ്ത്രീകളെ രക്തംകുടിച്ച് കൊല്ലുകയും ചെയ്തതോടെ ഡിറ്റക്ടീവ് മാർക്സിൻ പ്രത്യക്ഷപ്പെടുന്നു. അദ്ദേഹം സുസന്റെ സഹായത്തോടെ ഡ്രാക്കുളയെ ഇല്ലാതാക്കുന്നു. കേരളത്തിലായിട്ടും മലയാളമണ്ണിന്റെ ഗന്ധത്തിൽനിന്ന് പുറത്താണ് ഇക്കഥയെ പുഷ്പനാഥ് പ്രതിഷ്ഠിക്കുന്നത്. മെഡിക്കൽ വിദ്യാർഥിയായ സൂസൻ അവളുടെ സഹോദരി മേരി അവരുടെ ഭർത്താവ് ഐവാൻ തോട്ടംതൊഴിലാളിയായ വേലുമ്മാൾ പുരോഹിതൻ തുടങ്ങിയവരൊക്കെ പ്രത്യക്ഷപ്പെടുന്ന ഈ കഥയിൽ സ്ഥലങ്ങളുടെ കേരളീയത ഒഴിച്ചാൽ വേറൊന്നും കേരളീയതയായി കാണാൻ കഴിയില്ല. പൊതുവേ മലയാളസാഹിത്യത്തിൽ മധ്യതിരുവിതാംകൂറും ഹൈറേഞ്ചുമൊക്കെ കാര്യമായി പ്രത്യക്ഷപ്പെടുന്നില്ലെന്നു കാണാം. തിരുവി താംകൂറും മലബാറിലെ ചില പ്രദേശങ്ങളും പ്രത്യക്ഷപ്പെടുന്നപോലെ ഇത്തരം സ്ഥലങ്ങൾ കേന്ദ്രീകരിച്ച് സൃഷ്ടികൾ ഉണ്ടാവാറില്ല. അങ്ങനെ കേരളമെന്നു പറയുന്നത് ഭാരതപ്പുഴയും തിരുവിതാംകൂറും അതിലെ ഭൂപ്രകൃതിയും മാത്രം ഉൾപ്പെടുന്ന പ്രത്യേകമായൊരു സ്ഥലഭാവനായി മാറുന്നു. നവോത്ഥാനകാല ത്ത് പാറപ്പുറത്തിനെപ്പോലുള്ള എഴുത്തുകാരിലൂടെയാണ് ഹൈറേഞ്ചുപോലെ യുള്ള സ്ഥലങ്ങൾക്ക് നാമമാത്രമായ പ്രധാന്യമെങ്കിലും ലഭിച്ചതെന്നു കാണാം. മഞ്ഞുമൂടിയ ഹൈറേഞ്ചും അവിടുത്തെ ബംഗ്ലാവുകളും നിറഞ്ഞ സ്ഥലത്തെ കോളോണിയൽ ഭാവനയിലാണ് പൊതുവിൽ അടയാളപ്പെടുത്തുന്നത്. തോട്ടങ്ങളും ബംഗ്ലാവുകളും മലകളും നിറഞ്ഞ പ്രദേശം പരമ്പരാഗത കേരളീയ ഭൂപ്രകൃതിയുടെ ജാതിസ്ഥലത്തെ നിരാകരിക്കുകയും അതിനുപുറത്ത് ഒരു അടയാളമായി നിലകൊള്ളുകയും ചെയ്യുന്നു.

ഭക്ഷണത്തിന്റെ കാര്യത്തിലാണ് പുഷ്പനാഥ് സവിശേഷ ശ്രദ്ധ കാണിക്കുന്നത്. എൺപതുകളിലെഴുതിയ പുഷ്പരാജ് കഥകളിൽ കേരളീയ ഭക്ഷണം കടന്നുവരുന്നുണ്ടെങ്കിലും തീർത്തും കേരളത്തിനന്യമായ ഭക്ഷണമാണ് അദ്ദേ ഹത്തിന്റെ നോവലുകളിൽ പൊതുവേ കാണുക. ഡ്രാക്കുള ഏഷ്യയിൽ സൂസൻ മേരിമാരുടെ വീട്ടിലെ ഭക്ഷണമായി പറയുന്നത് ഇതാണ്: ‘കേഴയാടിന്റെ മാംസവും ഗോതമ്പു ചപ്പാത്തിയും കഴിച്ചുകൊണ്ടിരുന്നപ്പോഴും സൂസന്റെ തലച്ചോറിൽ ആ പഴയ ചിന്തതന്നെ സ്ഥലംപിടിച്ചു’ (2021: 66). മൂന്നാറിലെ വീട്ടിലെ ഭക്ഷണമായി പറയുന്നത് വനത്തിലെ ജീവികളുടെ മാംസവും മറ്റുമാണ്. സദ്യയോ ചോറോ ഇദ്ദേഹത്തിൻ്റെ വിവരണങ്ങളിൽ കാര്യമായി കടന്നുവരാറില്ല എന്നതാണ് ശ്രദ്ധേയം. കേരളീയതയുടെ പ്രധാനപ്പെട്ട തനിമയായി പറയുന്നത് സദ്യപോലുള്ള ഭക്ഷണവിഭവങ്ങളാണ്. എന്നാൽ കൊളോണിയൽ രീതികൾ പോലെ ഉണങ്ങിയ മാംസവും റൊട്ടിയും മദ്യവു മായിരിക്കും പുഷ്പനാഥിൻ്റെ കഥകളിലെ പ്രധാനപ്പെട്ട ഭക്ഷണം. വിദേശത്തെ കഥകളിൽ ഭക്ഷണത്തിനുപരി മദ്യമായിരിക്കും പ്രധാനം. കൂട്ടത്തിൽ വറുത്ത മാംസവും റൊട്ടിയും കാണും. പുഷ്പരാജ് കഥാപാത്രമാകുന്ന ഇന്ത്യൻകഥകളിൽ മാംസത്തിനൊപ്പം മീൻവിഭവങ്ങളും കാണും.

സാഹിത്യത്തിലെ ഒരു ജനുസ്സായി ഗണിക്കുന്ന ശാസ്ത്രസാഹിത്യത്തിന്റെ മലയാളത്തിലെ വളർച്ച മറ്റ് സാഹിത്യചർച്ചകൾപോലെ ജനപ്രിയസാഹിത്യ ത്തെ പാടേ ഒഴിവാക്കിയതാണെന്നു കാണാം. ആധുനികകേരളത്തെ നിർ മിച്ചെടുത്തത് കൊളോണിയൽ ശാസ്ത്രാവബോധവും അതിലൂടെ സാധ്യമായ ബൌദ്ധികവളർച്ചയുമായിരുന്നുവെന്ന് ഇന്ന് ആധുനികതയെന്ന പ്രക്രിയയെ വിശകലനം ചെയ്യുന്നവർ ചൂണ്ടിക്കാട്ടുന്നു. മന്ത്രവാദത്തിലും ഈശ്വരീയതയി ലും വിശ്വസിച്ച, എന്തിലും മതാത്മകതയെ കണ്ട ഫ്യൂഡൽ കേരളീയതയെ പതുക്കെ ഇല്ലായ്മചെയ്തത് ശാസ്ത്രത്തിൽ അടിയുറച്ച ആധുനികജ്ഞാനവും അതിന്റെ വിദ്യാഭ്യാസപ്രക്രിയകളുമായിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് ശാസ്ത്രാവബോധത്തെ സാധ്യമാക്കുന്ന സാഹിത്യം വളർന്നത്. ശാസ്ത്രസാഹി ത്യത്തിന്റെ ചരിത്രമെഴുതിയവർ മലയാള ശാസ്ത്രസാഹിത്യത്തിന്റെ ചരിത്രത്തെ കോളോണിയലിസത്തിനു മുമ്പെന്നും കൊളോണിയൽ കാലമെന്നും 1957 നു ശേഷമെന്നും തിരിക്കാറുണ്ട് (ബാലകൃഷ്ണൻ, 2011: 34-37). 1957-നു ശേഷം സ്റ്റോ ടനാത്മകമായി വളർന്ന ശാസ്ത്രാവബോധത്തിൽ മലയാളത്തിൽ ധാരാളം കൃതികളുണ്ടാകുന്നുവെങ്കിലും അതിലൊന്നിലും ശാസ്ത്രീയ കുറ്റാന്വേഷണത്തിലു ന്നിയ ജനപ്രിയനോവലുകളെ പരിഗണിച്ചിട്ടില്ലെന്നു കാണാം. പുഷ്പനാഥിന്റെ ആദ്യത്തെ നോവലായ ചുവന്ന മനുഷ്യനിലെ വിഷയം മലയാളത്തിലെ പൊതുബോധത്തിനന്യമായ തലച്ചോറിൻ്റെ ട്രാൻസ്‌പ്ലാന്റേഷനായിരുന്നു. ഈ വിഷയം അദ്ദേഹം കണ്ടെത്തിയത് അക്കാലത്തെ വിദേശ ശാസ്ത്രമാസി കുകളിലൂടെയായിരുന്നു. മലയാളിക്കന്യമായ ശാസ്ത്രപുരോഗതിയുടെ വിവിധ വശങ്ങൾ ജനപ്രിയമായി ആഖ്യാനം ചെയ്യുകയായിരുന്നു അദ്ദേഹം ചെയ്തത്.

 ഈ വിഷയപരമായ പുതുമയാണ് ജനങ്ങളെ ത്രസിപ്പിക്കുന്ന വിധത്തിൽ നോവലുകൾ രചിക്കാൻ അദ്ദേഹത്തെ പ്രാപ്തമാക്കിയത്. കുറ്റാന്വേഷണം എന്നത് ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിൽ നടത്തുന്ന ആഖ്യാ നമാണ്. അത്തരം ശാസ്ത്രീയവസ്തുതതകളെ മുന്നിൽവച്ച് ഒരു കുറ്റത്തിന്റെ പിന്നിലെ കാരണങ്ങളിലേക്കു പോവുകയാണ് അന്വേഷക/ൻ ചെയ്യുന്നത്. ആ അർഥത്തിൽ കുറ്റാന്വേഷണനോവൽ ആഴത്തിലുള്ള ശാസ്ത്രാവബോധമാണ് പകരുന്നതെന്നു കാണാം. പുഷ്പനാഥിൻ്റെ രചനാലോകത്തിൽ മിക്കതിലും ആധുനിക ശാസ്ത്രോപകരണങ്ങൾ വ്യാപകമായിക്കാണാം. ബ്രോഡ്‌കാസ്റ്റിംഗ് യന്ത്രവും വയർലെസ്സും ട്രാൻസിസ്റ്ററും ആധുനിക മെഡിക്കൽ ഉപകരണങ്ങളും കംപ്യൂട്ടറും അതിൽ വ്യാപകമായിട്ടുണ്ട്. നിരന്തരം ജീവശാസ്ത്ര പരീക്ഷണങ്ങൾ നടത്തുന്ന ലിയോ ബോർണിയോയും വിശ്വദേവും അതിൽ മിക്കതിലും വന്നുപോകുന്നു. ഇത്തരം ശാസ്ത്രകാര്യങ്ങളെക്കുറിച്ച് നിരന്തരമായ ചർച്ചകൾ അതിൽ നടക്കുന്നു. ശാസ്ത്രത്തിൽ ഉന്നതബിരുദം നേടിയ എലിസബേത്താണ് മാർക്സിൻ പരമ്പരകളിലെ നായികയെന്നും ശ്രദ്ധിക്കണം.

1978-ൽ പുറത്തിറങ്ങിയ ഡെവിൾസ് ട്രാപ്പിൽ കംപ്യൂട്ടർ കടന്നുവ രുന്നുണ്ട്. അന്ന് കേരളത്തിൽ കംപ്യൂട്ടർ ഒട്ടുമില്ലായിരുന്നുവെങ്കിലും കംപ്യൂ ട്ടർവത്കരണത്തിനെതിരേയുള്ള സമരങ്ങളുടെ വാദങ്ങൾ ഉയർന്നിരുന്നു. ‘മാത്രമല്ല വളരെ ശക്തികൂടിയ ഒരു കമ്പ്യൂട്ടർ എൻ്റെ പ്രത്യേകം ഒരു ഫോർമുല ഉപയോഗിച്ച് ഞാൻ സംവിധാനം ചെയ്തിട്ടുണ്ട്. ആ കമ്പ്യൂട്ടർ മുഖേനെ നിങ്ങളെ സമീപിക്കുന്ന ജന്തുക്കളായാലും മറ്റു വാഹനങ്ങളാണെങ്കിലും-ചില വാഹന ങ്ങൾ സ്രാവിന്റെയോ അല്ലെങ്കിൽ അതുപോലുള്ള ഏതെങ്കിലും രൂപത്തിലുള്ള വാഹനങ്ങളായിരിക്കും. അവയെ വരെ തിരിച്ചറിയുവാൻ ഉള്ള കഴിവ് ഈ കമ്പ്യൂട്ടറിനുണ്ട്’ (1978: 82). കമ്പ്യൂട്ടറെന്ന ഉപകരണത്തിന്റെ സാധ്യതകളെ പരിമിതമായെങ്കിലും അടയാളപ്പെടുത്തുന്ന ആദ്യകൃതി ഈ നോവലാണെന്നു പറയാം. ലേഡി ഡോക്ടറെ കാണാനില്ല എന്ന നോവലിൽ കുറ്റം ചെയ്ത പ്രതിയെ കണ്ടെത്താൻ പുഷ്പരാജിനെ സഹായിക്കുന്നത് ഇൻ്റർനെറ്റിൽനിന്നു കിട്ടുന്ന ചില വിവരങ്ങളാണ്. കേരളീയരുടെ പൊതുബോധത്തിന് അപരിചി തമായ ശാസ്ത്രാവബോധത്തെ മുന്നോട്ടുവച്ചുകൊണ്ടാണ് പുഷ്പനാഥ് കൃതികൾ കേരളീയതയുടെ ഫ്യൂഡൽ സ്വഭാവത്തെ മറികടന്നതെന്നു പറയാം.

മരണംപതിയിരിക്കുന്ന താഴ്വ‌രയെന്ന നോവൽ മറ്റൊരുദാഹരണ മാണ്. കേരളത്തിലെ ഒരു ഗ്രാമത്തിൽ ദുരൂഹമായ മരണങ്ങൾ നടന്ന ബംഗ്ലാവ് നില്ക്കുന്ന സ്ഥലത്തെ ജനങ്ങൾ പ്രേതഭൂമിയായി കാണുന്നു. രാത്രിയിലവിടെ പ്രേതങ്ങൾ സഞ്ചരിക്കാറുണ്ടെന്നു പറഞ്ഞ് ഭയപ്പെടുന്നു. ഇതിനെക്കുറിച്ച് പുഷ്പരാജ് അന്വേഷിക്കാനെത്തുന്നതാണ് കഥ. അവിടെ നടക്കുന്ന പ്രേത സംഭ വങ്ങളെല്ലാം ആ ബംഗ്ലാവ് സാൽവിൻ സായ്പിൻ്റെ മക്കളെയല്ലാം ഇല്ലാതാക്കി സ്വത്തു തട്ടിയെടുക്കാനുള്ള ഡേവിഡെന്ന ആളിൻ്റെ കുതന്ത്രങ്ങളാണെന്ന് പുഷ്പരാജ് തെളിയിക്കുന്നു. ഈ നോവൽ പ്രേതനോവലുകളുടെ ആഖ്യാന യുക്തിയെ ചോദ്യം ചെയ്തുകൊണ്ട് ശാസ്ത്രീയമായി പ്രേതമില്ലെന്നും മനുഷ്യർ സ്വാർഥതാത്പര്യപ്രകാരം നടത്തുന്ന തട്ടിപ്പുകളാണ് ഇതെല്ലാമെന്നും പറയുകയാണ്. ശാസ്ത്രബോധത്തിലൂടെയും ശാസ്ത്രീയമായ അന്വേഷണത്തി ലൂടെയും മനുഷ്യജീവിതത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുകയാണ് നോവലിസ്റ്റെന്നു പറയാം. ആ അർഥത്തിൽ കേരളിയ ആധുനികതയുടെ ചില തുടർച്ചകൾ ഇവിടെ വായിക്കാം. മരണവും അതിനനുബന്ധമായകാര്യങ്ങളും അതിഭൌതികമായ ചില പ്രക്രിയകളിയിട്ടാണ് കേരളീയസമൂഹം കാണുന്നത്. കേരളത്തിലെ ഫ്യൂഡലിസം ഇത്തരത്തിൽ മനുഷ്യാതീതമായ ശക്തികളുടെ ഇടമായിട്ടാണ് പ്രകൃതിസംഭങ്ങളെയും മറ്റും കണ്ടത്. വിദ്യാഭ്യാസത്തിന്റെ കുറവും ആധുനികജ്ഞാനത്തിൻ്റെ അഭാവവും എല്ലാത്തിനെയും വിധേയത്വ ത്തോടെ കാണുന്ന സമീപനവും ഫ്യൂഡൽകാലത്ത് ഇത്തരം സംഭവങ്ങളെ ഭയത്തോടെ വീക്ഷിക്കുവാൻ പ്രേരിപ്പിച്ചിരുന്നതായി കാണാം. കേരളത്തിലെ മന്ത്രവാദവും ഭൂതപ്രേതവിശ്വാസങ്ങളും രോഗചിന്തകളും നിധികളെക്കുറിച്ചുള്ള വിശ്വാസങ്ങളും ഇവയെക്കുറിച്ചുള്ള കഥകളും ഇത്തരത്തിലുള്ള അതിഭൗതി കലോകത്തിന്റെ കഥയാണ് പറഞ്ഞത്. അത്തരം ചിന്തകളെ റദ്ദാക്കുന്ന വിധത്തിലാണ് കുറ്റാന്വേഷണം വസ്തുതകളെ പുറത്തുകൊണ്ടുവരുന്നത്. അതിഭൌതികമെന്നു വിളിക്കുന്ന കാര്യങ്ങളെല്ലാം മനുഷ്യയുക്തികൊണ്ട് അന്വേഷിച്ച് യാഥാർഥ്യം പുറത്തുകൊണ്ടുവരാമെന്ന് ആഖ്യാനം വ്യക്തമാ ക്കുന്നു. ശാസ്ത്രാവബോധത്തിൽ അടിയുറച്ച ആധുനികകേരളീയതയുടെ ചില ഭാവനകളാണ് ഇങ്ങനെ വെളിപ്പെടുന്നത്.

5
 എലിസബേത്ത്: ലിംഗഭേദത്തിൻ്റെ അതിരുകൾ മായിച്ചവൾ

1970-കളിൽ എഴുതിത്തുടങ്ങുന്ന പുഷ്പനാഥിൻ്റെ ആഖ്യാനലോകം രണ്ട് പുരുഷ ഡിറ്റക്ടീവുമാരുടെ കാഴ്ചയിലൂടെയാണ് മുന്നോട്ടുപോകുന്നതെങ്കിലും ലിംഗപര മായി പരിധികളെ ലംഘിച്ചുകഥാപാത്രങ്ങളെ സൃഷ്ടിക്കണമെന്ന ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നതായി മിക്ക നോവലുകളും സാക്ഷ്യപ്പെടുത്തുന്നുണ്ട്. പുരുഷന്റെ ലോകമാണ് പോലീസും പട്ടാളവുമെന്നും ഉറപ്പിക്കപ്പെട്ട, സ്ത്രീവാദ ചിന്തകൾ കേരളത്തിൽ കാര്യമായി രംഗപ്രവേശം ചെയ്തിട്ടില്ലാത്ത കാലത്ത് പുരുഷനൊപ്പം കുറ്റാന്വേഷണമേഖലയിൽ സ്ത്രീക്കും കാര്യമായ പങ്കുനല്കാൻ പുഷ്പനാഥ് ശ്രമിക്കുന്നുണ്ട്. അക്കാലത്തെ ലിംഗബോധത്തിലെ പൊതുബോ ധത്തിലാണ് പുഷ്പനാഥ് സ്ത്രീപുരുഷകഥാപാത്രങ്ങളെ പലരെയും ക്രമീകരിക്കു ന്നതെന്നു കാണാം. സ്ത്രീ പുരുഷന്മാർ ഒന്നിച്ചുവരുമ്പോഴും താമസിക്കുമ്പോഴും ലൈംഗികതയെന്ന പ്രശ്നം ഉദിക്കുന്നതായി അദ്ദേഹം പലകൃതികളിലും പറയുന്നുണ്ട്. എന്നാൽ കുറ്റാന്വേഷകർക്ക് താത്പര്യം ലൈംഗികതയല്ലെന്നും അത്തരം വിഷയങ്ങളിൽ വ്യാപരിക്കുന്നത് അന്വേഷകൻന്റെ ഗൌരവം നഷ്ട പ്പെടുത്തുമെന്നും അദ്ദേഹം എഴുതുന്നുണ്ട്. ഇവിടെ ഏറെ ശ്രദ്ധേയമായകാര്യം, കുറ്റാന്വേഷണത്തിനു പോകുമ്പോൾ വിവേചനമില്ലാതെ സ്ത്രീയും പുരുഷനും ഒന്നിച്ചു ഹോട്ടലുകളിൽ താമസിക്കുകയും യാത്രചെയ്യുകയും മദ്യപിക്കുകയും ചർച്ചകളിൽ ഏർപ്പെടുകയും ചെയ്യുന്നത് വ്യാപകമായി അദ്ദേഹത്തിന്റെ നോവലുകളിൽ കാണുന്നതാണ്. മലയാളിയുടെ ആധുനികതയുടെ ലിംഗ ബോധത്തെ വൈദേശികഭാവനകൊണ്ട് മറികടക്കുകയാണ് പുഷ്പനാഥിന്റെ രചനാലോകമെന്നു വ്യക്തം.

പുഷ്പരാജ് പരമ്പരയിൽവരുന്ന കന്യകകളുടെ മരണമെന്ന നോവലിൽ പുഷ്പരാജിനൊപ്പം അന്വേഷണത്തിനുപോകുന്ന സോണി എന്ന യുവതി തന്റെ ശരീരംകൊണ്ട് അദ്ദേഹത്തെ പ്രലോഭിപ്പിക്കാൻ ശ്രമിക്കുന്നതുകാണാം. പരിച യമില്ലാത്ത സോണിക്കൊപ്പം പുരുഷനായ പുഷ്പരാജ് ഒരു ഹോട്ടൽ മുറിയിൽ താമസിക്കുന്നതിലെ സദാചാര പ്രശ്നം നോവലിൽ പറയുന്നുണ്ട്. എന്നാൽ പുഷ്പരാജിന് അത്തരം താത്പര്യങ്ങളില്ലെന്നു പറഞ്ഞുകൊണ്ട് അവളുടെ പ്രലോഭനത്തെ അയാൾ മറികടന്നുവെന്ന് ചിത്രീകരിക്കുന്നു. അയാളോട് പ്രണയം തോന്നുന്ന സോണിയെ വശീകരിക്കാൻ അവൾ തൻ്റെ ശരീരത്തിന്റെ മനോഹാരിത കാണിച്ച് ശ്രമിക്കുന്നുണ്ട്. ഡിറ്റക്ടീവായ പുരുഷൻ സദാചാരപ രനാണെന്നും ഭരണകൂടത്തോട് ഉത്തരവാദത്തമുണ്ടെന്നും അയാൾ പ്രലോഭ നത്തിനടിപ്പെടില്ലെന്നുമാണ് ഇതു സൂചിപ്പിക്കുന്നത്. ഇത്തരം ആഖ്യാനങ്ങൾ മറ്റു ഡിറ്റക്ടീവ് നോവലുകളിലും വ്യാപകമായി കാണുന്നുണ്ട്.

ഇതേപ്രശ്നം മാർക്സിനും എലിസബേത്തും തമ്മിലുള്ള ബന്ധത്തിലും കാണാം. ഡെവിൾസ് ട്രാപ്പിൽ എലിസബേത്തും മാർക്സിനും തമ്മിൽ കടൽത്തിരത്തിരുന്ന് തങ്ങളുടെ ബന്ധത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്. വർഷങ്ങളുടെ പരിചയമുണ്ടെങ്കിലും വിവാഹത്തെക്കുറിച്ച് ചിന്തിക്കാനാ വുന്നില്ലെന്ന് അവിടെ നോവലിസ്റ്റെഴുതുന്നുണ്ട്. വിവാഹമോ പ്രണയമോ പ്രകടിപ്പിക്കാതെ രണ്ടുപേരും വ്യക്തികളായി ഒന്നിച്ചു പ്രവർത്തിക്കുന്നുവെന്ന ആഖ്യാനം ജനപ്രിയ സാഹിത്യത്തിനോടുള്ള വിമർശനമായി അവതരിപ്പി ക്കുന്ന ലൈംഗികതയുമായി ബന്ധപ്പെട്ട വാദങ്ങളെ പ്രശ്നവത്കരിക്കുന്നുണ്ട്. സ്ത്രീക്കും പുരുഷനും വിവാഹത്തിനപ്പുറം വ്യക്തികളായി ഒന്നിച്ചു ജീവിക്കാനാ കുമെന്ന കാഴ്ച കേരളീയ പൊതുസമൂഹത്തിൻ്റെ മുന്നിൽവയ്ക്കുന്ന ആഖ്യാനങ്ങ ളാണ് പുഷ്പനാഥിൻ്റെ രചനാലോകമെന്നു കാണാം. പുഷ്പരാജും മോഹിനിയും എലിസബേത്തും മാർക്സിനും ഇതിനുദാഹരണമാണ്.

പൈങ്കിളി വാരികകൾ സ്ത്രീയെ പരമ്പരാഗത സ്ത്രൈണതയിൽ കെട്ടിയിടുകയാണെന്നും ലൈംഗികതയിലും പ്രേമത്തിലും പുരുഷാധിപത്യ വിഭവമാക്കുകയാണെന്നും വലിയ വിമർശനങ്ങളുണ്ട്. എന്നാൽ ഈ വിമർശന ങ്ങളെ ചോദ്യംചെയ്യുന്ന പലഘടകങ്ങളും ഇത്തരം നോവലുകളിൽ കാണാൻ കഴിയുമെന്ന വാദങ്ങളും പലരും ഉയർത്തുന്നുണ്ട്. പൈങ്കിളിയെന്നാൽ കേവലമായി പുരുഷാധിപത്യത്തിൻ്റെ ശബ്ദമാണെന്ന ബോധ്യങ്ങളെ പുഷ്പ നാഥിന്റെ നോവലുകൾ വ്യക്തമായി ഉലയ്ക്കുന്നത് ദൃശ്യമാകുന്നു. അദ്ദേഹത്തിന്റെ നോവലുകളിൽ നായികമാരായി പ്രത്യക്ഷപ്പെടുന്ന രണ്ട് സ്ത്രീകഥാപാത്ര ങ്ങളെ കാണാം. വിദേശത്തെ കഥകളിൽ മാർക്സിനൊപ്പം എലിസബേത്തും ഇന്ത്യൻകഥകളിൽ പുഷ്പരാജിനൊപ്പം മോഹിനിയും വരുന്നു. അപകടങ്ങൾ നിറഞ്ഞ കുറ്റാന്വേഷണ പ്രവർത്തനങ്ങളിൽ ഇവർ പുരുഷന്മാരെപ്പോലെ പ്രവർത്തിക്കുന്നത് വ്യക്തമായി ചിത്രീകരിക്കുന്നത് കാണാം. എലിസബേത്ത് എന്ന കഥാപാത്രം മലയാളനോവലിലെ തന്നെ വേറിട്ട സ്ത്രീകഥാപാത്രമാ ണെന്നു പറയാം. പുരുഷനെപ്പോലെ സ്വതന്ത്രമായി ജീവിക്കുകയും തിരുമാ നങ്ങളെടുക്കുകയും ചെയ്യുന്ന നിലയിലാണ് അന്വേഷണത്തിലേർപ്പെടുന്ന സ്ത്രീകളെ അദ്ദേഹം രൂപപ്പെടുത്തുന്നത്. ഡിറ്റക്ടീവ് മാർക്സിന്റെ സുഹൃത്തിനും കാമുകിക്കും ഇടയിൽ നില്ക്കുന്ന കഥാപാത്രമായിട്ടാണ് എലിസബേത്തിനെ വാർത്തെടുത്തിരിക്കുന്നത്. 1978-ൽ പുറത്തുവന്ന ഡെവിൾസ് ട്രാപ്പിലാണ് അവർ സജീവമായ കഥാപാത്രമായി പ്രത്യക്ഷപ്പെടുന്നത്. സാർഗാസോ കടലിനകത്ത് താവളമടിച്ച് അന്താരാഷ്ട്ര കൊള്ളസംഘത്തെ കണ്ടെത്തുന്ന തിന് മാർക്സിൻ തീരുമാനിക്കുന്നതും എലിസബേത്തിൻ്റെ സഹായത്തോടെ ആ സംഘത്തെ ഇല്ലായ്മ ചെയ്യുന്നതുമാണ് നോവലിൻ്റെ ഇതിവൃത്തം. അവളുടെ ജീവിതകഥയും മാർക്സിനുമായുള്ള പ്രണയവും ചേർത്താണ് കഥാഖ്യാനം.

സാർഗാസോ കടലിൽ വിമാനങ്ങളും അന്തർവാഹിനികളും അപ്ര ത്യക്ഷ്യമാകുന്ന സംഭവങ്ങളെ ജനങ്ങളുടെ കണ്ണിലൂടെ നോക്കിയാൽ അത് മനുഷ്യാതീതമായ ശക്തികളുടെ പ്രകടനമായിട്ടു കാണാം. എന്നാൽ ഈ സംഭവത്തിന്റെ റിപ്പോർട്ടുകൾ വായിച്ചു കഴിഞ്ഞപ്പോൾ ഡിറ്റക്ടീവ് മാർക്സിൻ ചിന്തിക്കുന്നത് അത് ഒരു കൊള്ളസംഘത്തിൻ്റെ പ്രവർത്തനമാകാം എന്നാണ്. മനുഷ്യാതീതശക്തികളുടെ പ്രവർത്തനങ്ങളെ നിഷേധിക്കുകയും ഭൂമിയിൽ നടക്കുന്ന കാര്യങ്ങളെല്ലാം സമൂഹത്തിലെ വിവധശക്തികളുടെ ഇടപെടലായി ചിത്രീകരിക്കുകയും ചെയ്യുന്ന ആധുനിക ബോധ്യമാണ് ഇവിടെ പ്രത്യക്ഷപ്പെടുന്നത്. “ഏതോ ഒരു ഭീകരസംഘം അജ്ഞാതമായ കടലിന്റെ അന്തർഭാഗത്ത് എല്ലാവിധ ആധുനികസജ്ജീകരണങ്ങളോടുംകൂടി താവളം അടിച്ചിട്ടുണ്ടെന്നാണ് എനിക്കു തോന്നുന്നത്.

സമുദ്രാന്തർഭാഗത്ത് താവളം അടിക്കുകയെന്നാൽ എന്നു പറഞ്ഞാൽ നാം പ്രതീക്ഷിക്കുന്നതിനെക്കാൾ എത്രയോ സജ്ജീകരണങ്ങൾ അവർക്കു ണ്ടായിരിക്കുമെന്നത് തീർച്ചയാണ്. സമുദ്രജലം ഉള്ളിൽ പ്രവേശിക്കാത്ത ഏതെങ്കിലും പ്രവർത്തനം അവർക്കുണ്ടായിരിക്കും” (1978, 36-37). ഭൂതപ്രേതവി ശ്വാസത്തെ മാറ്റിവച്ച് ആധുനികതയുടെ യുക്തികൊണ്ട് ചിന്തിച്ചുകൊണ്ടാണ് മാർക്സിൻ ജീവിക്കുന്നതെന്നു വ്യക്തം. അതിനയാളെ സജ്ജമാക്കുന്നത് ആധു നികതയുടെ ജ്ഞാനവും ശാസ്ത്രവുമാണ്. ആധുനികമായ ശാസ്ത്രതത്വങ്ങൾ പ്രയോഗിച്ച് മനുഷ്യന് വിനാശകാരിയായി പ്രവർത്തിക്കുന്ന ഒരു സംഘത്തെ അതേ ശാസ്ത്രീയബോധ്യങ്ങൾ ഉപയോഗിച്ചാണ് അയാൾ നേരിടുന്നത്. ആ നേരിടലിന്റെ കഥയാണ് ഈ നോവൽ. ഈ ശാസ്ത്രീയവിജ്ഞാനത്തിലേ ക്കാണ് എലിസബേത്ത് കണ്ണിചേർക്കപ്പെടുന്നത്. കടലിൻ്റെ അടിയിൽ പ്രവർത്തിക്കുന്ന അധോലോകസംഘത്തെ ഇല്ലാതാക്കുന്നതിനുള്ള പ്രവർ ത്തനത്തിന് കാതലായ സഹായം നല്കുന്നത് എലിസബേത്താണ്. കടലിന്റെ അടിത്തട്ടിലൂടെ ചലിക്കുന്ന വാഹനം നിർമിക്കാനുള്ള ആളെ കണ്ടെത്തുന്നത് എലിസബേത്തിന്റെ ജ്ഞാനലോകമാണ്. ആധുനികശാസ്ത്രത്തിന്റെയും ശാസ്ത്ര ജ്ഞരുടെയും സവിശേഷമായ കലർപ്പായിട്ടാണ് ഈ നോവലിൻ്റെ ആഖ്യാനം മുന്നോട്ടുപോകുന്നത്. ശാസ്ത്രീയകടലറിവുകളുടെ വിശകലനമാണ് ഇതിന്റെ ഒരുഭാഗം, ആ വിശകലനമെല്ലാം രൂപപ്പെടുത്തുന്നത് എലിസബേത്താണെന്നു പറയാം.

എലിസബേത്തിനെ ഇങ്ങനെയാണ് നോവൽ വിവരിക്കുന്നത്: “എലി സബേത്തുമായി ഈജിപ്റ്റിൽവച്ച് പരിചയപ്പെട്ട ആ ബന്ധം മാർക്സിനെ സംബന്ധിച്ചിടത്തോളം വളരെയധികം പ്രയോജനം ചെയ്തിരുന്നു. ശാസ്ത്ര ത്തിലും മെഡിക്കൽ സയൻസിലും ഇലക്ട്രോണിക്സ് സയൻസിലും പാണ്ഡി ത്യമുണ്ടായിരുന്ന എലിസബേത്ത് മാർക്സിൻ്റെ കുറ്റാന്വേഷണ ജീവിതത്തിലെ ഒരു പ്രധാന ഘടകമായിരുന്നു. ഏതുസമയത്തു വിളിച്ചാലും എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടെങ്കിലും എലിസബേത്ത് അവിടെ ഓടി എത്തുമായിരുന്നു” (1978, 24). അമേരിക്കക്കാരിയായ എലിസബേത്തിൻ്റെ കുടുംബപശ്ചാത്തല മൊന്നും ഇവിടെ അധികം വ്യക്തമാക്കുന്നില്ല. അദ്ദേഹത്തിൻ്റെ വിദ്യാഭ്യാസവും ഇപ്പോഴത്തെ പ്രവർത്തനവുമാണ് ഇവിടുത്തെ ആഖ്യാനവിഷയം. അവർ പുരുഷനെപ്പോലെ സ്വതന്ത്രയായി തൻ്റെ കരിയർ ശ്രദ്ധിച്ച് ജീവിക്കുന്നു. തന്റെ സുഹൃത്തായ മാർക്സിൻ്റെ പ്രവർത്തനങ്ങളിൽ പൂർണസ്വാതന്ത്ര്യത്തോടെ പങ്കാ ളിയാകുന്നു. ലിംഗപരമായ വേർതിരിവില്ലാതെ തൻ്റെ സ്വാതന്ത്ര്യം അടിയറവ യ്ക്കാതെ ജീവിക്കുന്ന സ്ത്രീയായിട്ടാണ് പുഷ്പനാഥ് എലിസബേത്തിനെ രൂപപ്പെ ടുത്തുന്നതെന്നു വ്യക്തം. കേവലം പുരുഷകാഴ്ചയിലുള്ള സ്ത്രൈണതയിൽനിന്ന് താൻപോരിമയുള്ള വ്യക്തിത്വത്തിലേക്കു ഓരോ ആഖ്യാനങ്ങളിലൂടെയും എലിസബേത്തിനെ വികസിപ്പിക്കുകയായിരുന്നുവെന്നു കാണാം. ആദ്യമായി എലിസബേത്ത് പ്രത്യക്ഷപ്പെടുന്നത് ഫറവോൻ്റെ മരണമുറിയിലാണ്. അതിൽ സാദാ സ്ത്രീകഥാപാത്രമായിട്ടാണ് അദ്ദേഹത്തെ ചിത്രീകരിച്ചതെങ്കിൽ പിന്നീട് ഓരോ ആഖ്യാനത്തിലും അവരുടെ വ്യക്തിത്വം മാർക്സിനൊപ്പമായി മാറുന്ന തായി ആഖ്യാനിക്കുന്നു. എലിസബേത്ത് ഈ നോവലിൽ ചെയ്യുന്ന പ്രവർത്തനങ്ങൾ ഇവയൊക്കെയാണ്!

1.മാർക്സിൻ്റെ നിർദ്ദേശം കിട്ടുമ്പോൾ തന്നെ അവരെത്തുകയും മാർക്സിൻ ഏറ്റെടുത്തിരിക്കുന്ന ദൌത്യത്തിൻ്റെ ആഴം മനസ്സിലാക്കുകയും ചെയ്യുന്നു. ആദ്യഘട്ടം എലിസബേത്ത്ചെയ്യുന്നത് സാർഗാസോ കടലിനെക്കറിച്ചും കടൽജീവികളെക്കുറിച്ചുമുള്ള വിവരങ്ങൾ കണ്ടെത്തുകയാണ്. മാർക്സി നൊപ്പം എത്തിയശേഷം അദ്ദേഹം നല്കിയ ഫയലുകൾ സശ്രദ്ധം പഠി ക്കുന്ന എലിസബേത്ത് അത് ഒരു ഭീകരസംഘത്തിൻ്റെ താവളമാണെന്ന നിരീക്ഷണം മുന്നോട്ടുവയ്ക്കുന്നു. എന്നല്ല അവരുടെ ലോകത്തിലേക്കു പ്രവേ ശിക്കുവാൻ അതിലും മികച്ച ശാസ്ത്രീയമായ നീക്കം ആവശ്യമാണെന്നു എലിസബേത്ത് പറയുന്നു.
2.സാർഗാസോ കടലിലെ കൊള്ളക്കാരെ കണ്ടെത്താൻ ലിയോ ബോർണിയ എന്ന ബുദ്ധികേന്ദ്രത്തെയും അവരാണ് നിർദ്ദേശിക്കുന്നത്. നോവലിലെ
നിർണായക തീരുമാനങ്ങൾ എലിസബേത്തിൻ്റെ ഭാഗത്തുനിന്നാണ് ഉണ്ടാകുന്നതെന്ന് വ്യക്തം. മാർക്സിൻ അതംഗീകരിക്കുന്നകയാണ് ചെയ്യു ന്നത്. 3.ദുർഘടമായ ഉത്തരവാദിത്തമേറ്റെടുത്ത് അതിലും ദുർഘടമായ യാത്രകൾ നടത്തി തന്റെ ദൌത്യം പൂർത്തികരിക്കാനുള്ള എലിസബേത്തിന്റെ ശ്രമം അവൾ പരമ്പരാഗത സ്ത്രൈണതയുടെ പുറത്താണ് ജീവിക്കുന്നതെന്നു വ്യക്തമാക്കുന്നു.
4. സാർഗാസോ കടലിലേക്ക് പ്രത്യേകം വാഹനത്തിലുള്ള യാത്രയിൽ എലിസബേത്തും പങ്കാളിയാകുകയും ഒക്ടോപ്പസ് എന്ന വാഹനത്തിന്റെ എല്ലാക്കാര്യങ്ങളിലും ശ്രദ്ധപുലർത്തുകയും ചെയ്തു. ഓരോസമയത്തും വേണ്ടനിർദ്ദേശങ്ങൾ നല്കി വാഹനത്തിൻ്റെ നിയന്ത്രണവും തങ്ങളുടെ യാത്രയിലെ കാര്യങ്ങളും ശ്രദ്ധിച്ചതിൽ വലിയ പങ്ക് അവൾക്കുണ്ട്. മാർക്സിന്റെ ദൌത്യം പൂർത്തീകരിക്കുന്നതിൽ നിർണായകമായ പങ്ക് അവളാണ് വഹിക്കുന്നതെന്നു വ്യക്തം.
5.മദ്യപാനത്തെ പുരുഷനെപ്പോലെ ജീവിതത്തിൻ്റെ സ്വഭാവികചര്യയായി എലിസബേത്ത് കാണുന്നു. ജോലിയുടെ ഭാഗമായി ഒരാവശ്യമെന്ന നിലയിൽ മദ്യപിച്ചുകൊണ്ടാണ് ഗൌരവമായ ചർച്ചകളിലും മറ്റും അദ്ദേഹം ഇടപെടുന്നത്. മലയാളനോവലിൽ മദ്യപിക്കുന്ന സ്ത്രീകളെ അപൂർവ്വമാ യിട്ടാണ് കാണുക. വിദേശരാജ്യങ്ങളിൽ പോയവർക്കാണ് ലിംഗഭേദമി ല്ലാതെ മദ്യപിക്കുന്നത് സ്വഭാവികമായിക്കാണാൻ കഴിയുന്നത്.

കഴുകന്റെ നിഴലിൽ എന്ന നോവലിൽ എലിസബേത്ത് മറ്റൊരു തലത്തിലേക്ക് ഉയരുന്നു. ഫ്രാൻസിൽ നടക്കുന്ന ചിലകൊലപാതകങ്ങൾ അമ്പഷിക്കുന്ന ഇക്കഥയിൽ അന്വേഷണം ഏറ്റെടുക്കണമെന്നു സൂചിപ്പി ക്കുന്നതുതന്നെ അവളാണ്. ഫ്രാൻസിലെ കുഗ്രാമപ്രദേശത്ത് യാത്രചെയ്ത് ആഗ്നസിനെയും കൂട്ടരെയും കണ്ടെത്തി പലകാര്യങ്ങളിലേക്കും വഴികണ്ടത്ത ന്നത് എലിസബേത്താണ്. മാർക്സിൻ പുറത്തുപോയി കുറ്റവാളിയിലേക്കുള്ള വഴികൾ തിരയുമ്പോൾ കുറ്റകൃത്യം ബാധിച്ച സ്ത്രീകളുടെ മോഴിയിലൂടെ കുറ്റവാ ളിയെ നിർണയിക്കുന്ന പ്രവർത്തനം എലിസബേത്ത് ചെയ്യുന്നു. ഇതിന്റെ അവസാനം കുറ്റവാളിയുടെ അക്രമണം അവർക്കുനേരെയുണ്ടാകുമ്പോൾ ചെറുക്കുന്നതിൽ മുന്നിൽ നില്ക്കുന്നതും അദ്ദേഹമാണ്. തങ്ങൾ യാത്രചെയ്ത കുതിരവണ്ടിയെ അജ്ഞാതൻ ആക്രമിച്ചപ്പോൾ അവരെ തോക്കുകൊണ്ട് ഒറ്റയ്ക്ക് നേരിടുകയാണ് എലിസബേത്ത്.

‘വണ്ടിക്കാരനെന്തോ അപകടം പിണഞ്ഞിരിക്കുന്നുവെന്നു ബോധ്യ മായഎലിസബേത്ത് പുറത്തിറങ്ങുവാൻ തന്നെ തീരുമാനിച്ചു. വാനിറ്റിബാ ഗിൽനിന്ന് ആധുനികരീതിയിലുള്ള റിവോൾവർ പുറത്തെടുത്തു. വണ്ടിയുടെ മറവിൽനിന്ന് അയാളുടെ ശിരസ്സു ലക്ഷ്യമാക്കി അവൾ നിറയൊഴിച്ചു. പക്ഷേ, വെടിയുണ്ട അവൾ പ്രതീക്ഷിച്ച സ്ഥാനത്ത് കൊള്ളാതെ അയാളുടെ തലയിൽ ഉയർന്നുനിന്നിരുന്ന കൂർമ്പൻതൊപ്പിയെ തെറിപ്പിച്ചുകളഞ്ഞു’ (2018, 63). ആദ്യത്തെ അക്രമത്തിനുശേഷം വീണ്ടും ശത്രുവിനെതിരേ എലിസബേത്ത് വെടിയുതിർക്കുന്നുണ്ട്. എലിസബേത്തിൻ്റെ അക്രമണത്തോടെയാണ് ശത്രു സ്ഥലംവിടുന്നതും ചെളിയിൽ താഴ്ന്നുപോകുന്നതും. പുരുഷനായ മാർക്സിനെ ക്കാൾ ചടുലമായി അന്വേഷണത്തിലിടപെടുന്ന ശക്തമായകഥാപാത്രമാണ് എലിസബേത്തെന്ന് ഈഭാഗവും വ്യക്തമാക്കുന്നു. ബുദ്ധിപരമായ അന്വേഷ ണത്തിൽ മാത്രമല്ല ആയുധപ്രയോഗത്തിലും പ്രാവീണ്യം നേടിയ സ്ത്രീകഥാപാ ത്രത്തെയാണ് പുഷ്പനാഥ് രൂപപ്പെടുത്തിയതെന്നർഥം.

കുറ്റാന്വേഷകൻ അത്ഭുതങ്ങൾ ചെയ്യുന്ന വീരപുരുഷനാണെന്ന ബോധം പുഷ്പനാഥിന്റെ രചാനലോകത്ത് വ്യക്തമായിക്കാണാമെങ്കിലും ആ പുരുഷ ത്വത്തിന് അതിരുകടന്ന പദവി നല്കുന്നതിൽ അദ്ദേഹം സംശയാലുവായി രുന്നുവെന്നതാണ് എലിസബേത്ത്, മോഹിനി എന്നീ സ്ത്രീകളുടെ സൃഷ്ടിയി ലൂടെ കാണുന്നത്. പുരുഷനായ കുറ്റാന്വേഷകനൊപ്പംതന്നെ സ്ത്രീകളെ വളർത്തിയെടുത്ത, കുറ്റാന്വേഷണപ്രക്രിയയിലും അതിൻ്റെ ബുദ്ധിപരമായ ഇടപെടലിലും സജീവമായ സ്ത്രീപങ്കാളിത്തം നല്കിയ പുഷ്പനാഥിന്റെ രചനകൾ ജനപ്രിയസാഹിത്യത്തിലെ ലിംഗപരമായ വാർപ്പുമാതൃകകൾക്കെതിരേയുള്ള തെളിവുകളാണ്. വിവാഹം കുടുംബം എന്നിവയുടെ ബാധ്യതകളില്ലാതെ ഒരു സ്ത്രീ തന്റെ സുഹൃത്തിനൊപ്പം ക്രിയാത്മകമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് ലോകംമുഴുവൻ ചുറ്റിസഞ്ചരിക്കുന്നു എന്ന ഭാവനതന്നെ എഴുപതുകളിലെ കേരളത്തിന്റെ അന്തരീക്ഷത്തിൽ എന്താണെന്ന ചോദ്യം പ്രസക്തമാണ്. സ്ത്രീയെ വിടിന്റെ ആളായിക്കാണുന്ന ചിന്തകൾ ശക്തമായിരുന്ന കാലത്താണ് ഒരു സ്ത്രീ വീടിനുപുറത്ത് പുരുഷന്മാരെപ്പോലെ ജീവിക്കുന്ന കഥകൾ പറയു ന്നത്. വിദേശത്തൊക്കെപ്പോയി നേഴ്സിംഗ് പോലെയുള്ള കരിയറുകളിൽ ജീവിതം വളർത്തിയെടുത്ത മധ്യതിരുവിതാംകൂറിലെ സ്ത്രീകളുടെ ചരിത്രപാ രമ്പര്യത്തിൽനിന്നാവാം വിദേശത്തൊന്നും പോകാത്ത പുഷ്പനാഥ് എലിസ ബേത്തിനു ജന്മം നല്കിയതെന്നു പറയാം. സുഹൃത്തിനൊപ്പം കുറ്റാന്വേഷക യായി ജീവിക്കുന്ന എലിസബേത്തിനെ മലയാള നോവൽസാഹിത്യത്തിന്റെ ആധുനികതാവാദത്തിലെ ശക്തമായ കണ്ണിയായിട്ടാണ് വായിക്കേണ്ടത്.

ഉപസംഹാരം

വഴിതെറ്റിക്കുന്ന അഴുക്കുചാലാണ് ജനപ്രിയ സാഹിത്യമെന്ന വാദത്തെ റദ്ദാക്കിക്കൊണ്ട് മലയാളസാഹിത്യചരിത്രപാഠങ്ങളുമായി ജനപ്രിയ സാഹി ത്യത്തെ ബന്ധിപ്പിച്ച് വായിക്കേണ്ടുന്നതിൻ്റെ അനിവാര്യത ഏറുകയാണ്. ആധുനികതയുടെ തുടർച്ചയായി വായനയെ ജനകീയമാക്കിയ ഈ സാഹിത്യ പ്രക്രിയകളെ ഗൗരവപൂർവ്വം പഠിച്ചുകൊണ്ട് ആ എഴുത്തുകളെ വിമർശനവിധേ യമാക്കുമ്പോൾ പുതിയ പല പാഠങ്ങളും കണ്ടെടുക്കാനാവും. ജനപ്രിയസാ ഹിത്യത്തിൽ തന്നെ ഏറെ അകറ്റിനിർത്തപ്പെടുന്ന അപസർപ്പകസാഹിത്യം ശാസ്ത്രബോധത്തെ രൂപപ്പെടുത്തുന്നതിൽ സജീവമായ പങ്കുവഹിച്ചതായി മനസ്സിലാക്കേണ്ടതുണ്ട്. ശാസ്ത്രീയചിന്തകളിലും സ്ത്രീകളെ കേന്ദ്രീകരിച്ച സമി പനത്തിലും കേരളിയ ആധുനികതയുടെ തുടർച്ചയെ സവിശേഷമായി മുന്നോ ട്ടുകൊണ്ടുപോകുന്നതിൽ കോട്ടയം പുഷ്പനാഥിൻ്റെ അപസർപ്പകകൃതികൾ ഇടപെടുന്നതായി ഈ പഠനം വ്യക്തമാക്കുന്നു.

ഗ്രന്ഥസൂചി

1. അച്യുതൻ എം., 1980. വാങ്‌മുഖം, പൂർണ പബ്ലിക്കേഷൻസ്, കോഴിക്കാട്.
2. കൃഷ്ണപിള്ള എൻ., 2014. കൃഷ്ണപിള്ളയുടെ പ്രബന്ധങ്ങൾ സമ്പൂർണ്ണം, കറന്റ് ബുക്സ്, കോട്ടയം.
3. കോട്ടയം പുഷ്പനാഥ്, 1978. ഡെവിൾസ് ട്രാപ്പ്, മാർക്സിൻ ഡിറ്റക്ടീവ് ബുക്ക് ക്ലബ്, കോട്ടയം.
4. 1978. നെപ്പോളിയൻ്റെ പ്രതിമ, മാർക്സിൻ ഡിറ്റക്ടീവ് ബുക്ക് ക്ലബ്, കോട്ടയം.
5 …… 1978. ലണ്ടൻ കൊട്ടാരത്തിലെ രഹസ്യങ്ങൾ, മാർക്സിൻ ഡിറ്റക്ടീവ് ബുക്ക് ക്ലബ്, കോട്ടയം
6. …… 2003, മോണോലിസയുടെ ഘാതകൻ, ജനപ്രിയ പുസ്തക പ്രസാധനശാല, കോട്ടയം.
7 2008, മർഡർ ഗാങ്, കിർത്തി ബുക്സ്, കൊല്ലം.
8. —– 2018. മെഗാഹിറ്റ് ക്രൈംനോവൽസ് ഓഫ് കോട്ടയം പുഷ്പനാഥ്, സി.ഐ.സി. സി. ബുക്ക് ഹൌസ്, എറണാകുളം
9. ….. 2019, ഡയൽ 00003, മാതൃഭൂമി, കോഴിക്കോട്.
10. ….. 2021. ഡ്രാക്കുള ഏഷ്യയിൽ, കോട്ടയം പുഷ്പനാഥ് പബ്ലിക്കേഷൻ, കോട്ടയം.
11. 11. ഗുപ്തൻ നായർ എസ് 1987 നമ്മുടെ വാരികകളും സാഹിത്യനിലവാരവും, (പത്രപ്രവർത്തനത്തിൻ്റെ ഭിന്നമുഖങ്ങൾ), കേരള പ്രസ്സ് അക്കാദമി, കൊച്ചി
12. ….. 2009. തിരഞ്ഞെടുത്ത ലേഖനങ്ങൾ, കേരളസാഹിത്യ അക്കാദമി, തൃശൂർ.
13. ജിജി ചിലമ്പിൽ, 2017. കോട്ടയം പുഷ്പനാഥ്-അപസർപ്പകനോവലുകളുടെ ആചാര്യൻ, ശിബിരം ബുക്സ്, കോഴിക്കോട്
14. തരകൻ കെ.എം., 2005 മലയാള നോവൽസാഹിത്യചരിത്രം, കേരളസാഹിത്യ അക്കാദമി, തൃശൂർ.
15. തായാട്ട് ശങ്കരൻ, 1971. ചിന്താസൌരഭം, സാഹിത്യപ്രവർത്തക സഹകരണ സംഘം, കോട്ടയം.
16. നരേന്ദ്രപ്രസാദ്, 1999. എൻ്റെ സാഹിത്യനിരൂപണങ്ങൾ, ഡി സി ബുക്സ്, കോട്ടയം.
17. പോൾ എം.പി, 1998. നോവൽസാഹിത്യം, സാഹിത്യപ്രവർത്തക സഹകരണ സംഘം, കോട്ടയം.
18. ഭാസ്കരൻ നായർ കെ, 1982, സംസ്കാരലോചനം, സാഹിത്യപ്രവർത്തക സഹക രണസംഘം, കോട്ടയം.
19. മുണ്ടശ്ശേരി, 2004. മുണ്ടശ്ശേരി കൃതികൾ, കറൻ്റ് ബുക്സ്, തൃശൂർ.
20. രാജശേഖരൻ പി.കെ., 2006. ഏകാന്തനഗരങ്ങൾ, ഡി സി ബുക്സ്, കോട്ടയം.
21. ….. 2016, ബുക്സ്റ്റാൾജിയ, മാതൃഭൂമി ബുക്സ്, കോഴിക്കോട്.
22. ലീലാവതി എം., 1996. മലയാളകവിതാസാഹിത്യചരിത്രം, കേരളസാഹിത്യ അക്കാദമി, തൃശൂർ.
23. സോമൻ എ. 2002. ചോദ്യങ്ങൾ. ഇടപെടലുകൾ, മൾബെറി, കോഴിക്കോട്.
24. സോമൻ പി., 2001 ദേവദാസികളും സാഹിത്യചരിത്രവും, പ്രഭാത് ബുക്ക് ഹൌസ്, തിരുവനന്തപുരം.
25. ഹമിദ്, 2015. അപസർപ്പകനോവലുകൾ മലയാളത്തിൽ, കേരളസാഹിത്യ അക്കാദമി, തൃശൂർ.
26. ….. 2015. അപസർപ്പക ചെറുകഥകൾ, പ്രസാധനം ഹമീദ്.
27. 2019. തിരഞ്ഞെടുത്ത കുറ്റാന്വേഷണകഥകൾ, പൂർണ പബ്ലിക്കേഷൻസ്, കോഴിക്കോട്
28. റെയിച്ചൽ തോമസ്, മിസിസ്, 1987. വനിതകളും വാരികകളും (പത്രപ്രവർത്ത നത്തിന്റെ ഭിന്നമുഖങ്ങൾ), കേരള പ്രസ്സ് അക്കാദമി, കൊച്ചി
29. Priestman, Martin, 2003. Crime Fiction, Cambridge University Press.
30. Rzepka & Horsley, 2010. A companion to Crime Fiction, Wiley- Blackwell. yacobthom6@gmail.com

Scroll to Top