കുറ്റാന്വേഷണനോവൽ: ആഖ്യാനവും സൈബർഭാവനയും
ഗവേഷകൻ, മലയാളവിഭാഗം, നിർമല കോളേജ്, മൂവാറ്റുപുഴ
പ്രബന്ധസംഗ്രഹം
കുറ്റാന്വേഷണ സാഹിത്യത്തിൽ സൈബറിടം എങ്ങനെ പ്രമേയമാകുന്നു എന്നതിനെക്കുറിച്ചുള്ള അന്വേഷണമാണ് ഈ പഠനം വി ജയദേവിന്റെ ഇട്ടിമാത്തൻ ഡയറീസ്. ആദർശ് എസിൻ്റെ ഡാർക്ക് നെറ്റ്. അനുരാഗ് ഗോപിനാഥിന്റെ ദി ഗെയിം ഓവർ എന്നീ കൃതികളെ കേന്ദ്രീകരിച്ചാണ് പഠനം ക്രമീകരിച്ചിട്ടുള്ളത്. കുറ്റാന്വേഷണ ഭാവനയിലെ പുതിയ സ്ഥലമായി സൈബറിടം മാറുന്നതിൻ്റെ കാരണങ്ങളും ആഖ്യാനത്തിൽ അതുവരുത്തുന്ന മാറ്റങ്ങളും വിശകലനം ചെയ്യുന്നു. സാമൂഹ്യമാധ്യമങ്ങളിലെ സാഹിത്യക ട്ടായ്മകൾ കുറ്റാന്വേഷണ കൃതികൾക്ക് നൽകുന്ന ജനകീയ പിന്തുണയും പ്രബന്ധത്തിൽ ചർച്ച ചെയ്യുന്നു.
താക്കോൽ വാക്കുകൾ: സൈബർ, ഇടം,ഡാറ്റ
മുഖ്യധാരാ നോവലുകളെന്നും ജനപ്രിയസാഹിത്യമെന്നും അക്കാദമിക് വേർതി രിവുകൾ ഉണ്ടായെങ്കിലും വായനക്കാരുടെ പുസ്തകഭ്രമത്തിന് വേർതിരിവുകൾ ഇല്ലായിരുന്നു. കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനം നാടിനു നൽകിയ വായനശാലകൾ എന്ന പൊതുവിടങ്ങളിൽ പുസ്തകചർച്ചകളിലും സംവാദ ങ്ങളിലും ഇടപെട്ട് സജീവമായ ഒരു വായനാസംസ്കാരം മലയാളി സ്വായത്ത മാക്കി. മലയാളി ഭാവനയുടെ വിദേശപര്യടനം ആദ്യമായി സാധ്യമാക്കിയത് വിവർത്തന കൃതികളായിരുന്നു. ഭാഷയുടെ അതിർവരമ്പുകളെ ഭേദിച്ച് പുസ്തക പ്രസാധനവും വായനയും സാംസ്കാരിക ഇടങ്ങളെ പ്രക്ഷുബ്ദമാക്കി. കുറഞ്ഞ കാലയളവിനുള്ളിൽ നോവലിന് കൈവരിക്കാൻ സാധിച്ച ജനപ്രിയത മലയാളിയുടെ വായനാസംസ്കാരത്തെ സവിശേഷമായി സ്വാധീനിച്ചിട്ടുണ്ട്. നവീനമായ ആഖ്യാനസങ്കേതങ്ങളും തത്ത്വചിന്തയും ലോകബോധവും വിചാര ധാരകളും സിദ്ധാന്തങ്ങളും മലയാളഭാവനയെ സമ്പുഷ്ടമാക്കി. കാല്പനികതയി ലും ആധുനികതയിലും ഉത്തരാധുനികതയിലും അഭിരമിക്കുമ്പോഴും അച്ചടിയും വായനയും ജനപ്രിയമായിതന്നെ പല സാഹിത്യശാഖകളിലൂടെ ഭാഷയെയും സംസ്കാരത്തെയും പരിപോഷിപ്പിച്ചു. മലയാള ജനപ്രിയനോവൽ ഇതിൽ ചെലുത്തിയ സ്വാധീനം പ്രധാനമാണ്.
സാക്ഷരസമൂഹത്തിൽ അക്ഷരം നിർമ്മിക്കുന്ന സാംസ്കാരിക ചലനമാണ് ജനപ്രിയസാഹിത്യത്തിന്റേത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി മലയാള നോവലിൽ ജനപ്രിയ സാഹിത്യത്തിൻ്റെ പുതിയ ഒരു തരംഗം ആരം ഭിച്ചതായി കാണാം. മുട്ടത്തുവർക്കിയും ‘മ’ പ്രസിദ്ധീകരണങ്ങളും കോട്ടയം പുഷ്പനാഥും മെഴുവേലി ബാബുജിയും ഏറ്റുമാനൂർ ശിവകുമാറും ജോയ്‌സിയും കമലാ ഗോവിന്ദും തോമസ് പാലായും തുടങ്ങി നിരവധി എഴുത്തുകാർ പരി പോഷിപ്പിച്ച ജനപ്രിയതയുടെ ഒരു നവഭാവുകത്വം മലയാളസാഹിത്യത്തിൽ വിശേഷിച്ചും നോവലിൽ കടന്നുവരാൻ തുടങ്ങിയിട്ടുണ്ട്. ബെന്യാമിന്റെയും ടി.ഡി രാമകൃഷ്ണൻ്റെയും കെ.ആർ മീരയുടെയും കൃതികൾ നേടിയെടുത്ത ആരാധകവൃന്ദവും വിപണിമൂല്യവും പബ്ലിക് ലൈബ്രറികൾക്ക് പകരമായി ഫെയ്‌സ്ബുക്ക് സാഹിത്യകൂട്ടായ്മകളും സൃഷ്ടിച്ച ജനപ്രിയതയുടെ സാഹി ത്യപരിസരത്തിലൂടെയാണ് ഈ നവഭാവുകത്വം പുതിയ തലങ്ങളിലേക്ക് സംക്രമിക്കുന്നത്.
കുറ്റാന്വേഷണനോവൽ തരംഗമെന്ന് വിശേഷിപ്പിക്കാൻ സാധിക്കു ന്ന അപസർപ്പക, ഗോഥിക് ഇതിവൃത്തങ്ങളുടെ ഭാവനാവിളയാട്ടമാണ് ഇന്നത്തെ സാഹിത്യലോകത്തെ ചലിപ്പിക്കുന്നത്. ജനപ്രിയതയുടെ സാധ്യ തകളെ കൃത്യമായി ഉപയോഗിക്കുമ്പോഴും പരമ്പരാഗത ജനപ്രിയ ആഖ്യാന മാതൃകകളെ പരിഷ്കരിച്ച് നൂതനമായ ഒരു ഘടന ഇത്തരം നോവലുകൾ പുലർത്തുന്നത് കാണാം. ഉത്തരാധുനിക സാഹിത്യഭാവുകത്വത്തോട് ചേർ നിൽക്കുന്ന രീതി കൃതികളിൽ പ്രകടമാണ്. ഭാഷ, ആഖ്യാനം, കഥാപാത്ര സൃഷ്ടി, ടെക്നോളജിയുടെ വ്യാപനം വ്യക്തിയിലും സമൂഹത്തിലും സംസ്കാര ത്തിലും വരുത്തിയ മാറ്റങ്ങൾ, ആഖ്യാനത്തിലെ ചലച്ചിത്ര സ്വഭാവം തുടങ്ങി നോവൽ സംവദിക്കുന്ന ഇടങ്ങൾ വളരെ വിശാലമാണ്.
പുതിയൊരു സാംസ്കാരികാന്തരീക്ഷത്തിൽ സംഭവിക്കുന്ന ആഖ്യാ നങ്ങളെ മുന്നോട്ടു നയിക്കുന്നത് ഭാവന മാത്രമല്ല. വിജ്ഞാന വിതരണ വിനിമയത്തിന്റെയും ടെക്നോളജിയുടെയും സാങ്കേതിക ഭാവുകത്വം കൂടിയാണ്. എഴുത്ത്, പ്രസാധനം, വിൽപ്പന, വായന, വിമർശനം, സംവാദം തുടങ്ങി പരസ്പരബന്ധിതമായ ഒരു സാഹിത്യസംസ്കാരത്തിലൂടെയാണ് എഴുത്തുകാ രനും വായനക്കാരനും ഇന്ന് സഞ്ചരിക്കുന്നത്. നവമാധ്യമ സംസ്കാരത്തിന്റെ പുത്തൻശീലങ്ങൾ സാഹിത്യത്തെ കൂടുതൽ ജനകീയമാക്കുന്നു.
കുറ്റാന്വേഷണനോവൽ: എഴുത്തിന്റെ പുതുപരിസരങ്ങൾ
സ്ഥലം, കാലം, സമയം, ഓർമ്മ, മറവി, യഥാർത്ഥലോകം/ പ്രതീതിലോകം, ശാസ്ത്രം, സാങ്കേതികവിദ്യ എന്നിവയെല്ലാം പ്രശ്നവത്കരിക്കുന്ന നവഭാവുകത്വ മാണ് കുറ്റാന്വേഷണനോവലുകളുടെ പുതിയ എഴുത്തിടങ്ങൾ. 1960 മുതൽ 2000 വരെയുള്ള വർഷങ്ങളിൽ കുറ്റാന്വേഷണനോവൽ പ്രേത-മന്ത്രവാദം, ത്രില്ലർ, സയൻസ് ഫിക്‌ഷൻ എന്നിങ്ങനെ പല വിഭാഗങ്ങളായി വേർതിരിഞ്ഞു. കുട്ടി കൾക്കു വരെ വായിക്കാൻ കഴിയുന്ന രീതിയിൽ കുറ്റാന്വേഷണനോവലുകൾ പരീക്ഷണ വിധേയമായി. ജനപ്രിയ ശാസ്ത്ര കുറ്റാന്വേഷണനോവലുകൾക്ക് പിന്തുണ നൽകിയുള്ള മികച്ച കൃതികളും എഴുത്തുകാരും മലയാളത്തിൽ വിരളമായിരുന്നു. പ്രണാബിൻ്റെ രചനകൾ ഈ വിഭാഗത്തിൽ വായനക്കാരെ സ്വാധീനിച്ചിരുന്നു. എന്നിരുന്നാലും ശാസ്ത്ര കുറ്റാന്വേഷണനോവലുകൾ ജനപ്രി യസാഹിത്യത്തിന്റെറെ വിപണിമൂല്യത്തിന് പുറത്തായിരുന്നു. മന്ത്രവാദനോവ ലുകൾ ശാസ്ത്ര കുറ്റാന്വേഷണഭാവനയെ അട്ടിമറിച്ച് നേടിയ വിപണിമൂല്യം അക്കാലയളവിൽ പ്രധാനമായിരുന്നു. ഇതാണ് സയൻസ് ഫിക്‌ഷനോട് പ്രസാധകരും വായനക്കാരും പുലർത്തിയ വിമുഖതയുടെ കാരണം.
ശാസ്ത്ര, സാങ്കേതിക മേഖലയിൽ എഴുത്തുകാർ പുലർത്തിയ ജാഗ്രതയി ല്ലായ്മ സമൂഹത്തിൻ്റെ മാറ്റത്തെ തിരിച്ചറിയാൻ അവർക്ക് കഴിയാതെപോയി. “കുറ്റാന്വേഷണ സാഹിത്യത്തെ ചരിത്രപരമായിത്തന്നെ സാധ്യമാക്കുന്ന ഫോറൻസിക് സയൻസിൻ്റെയും അനാട്ടമിയുടെയും സാങ്കേതികജ്ഞാനം, നിയമപരവും ക്രിമിനോളജിക്കലുമായ സമീപനങ്ങൾ എന്നിവയുടെ തികഞ്ഞ അഭാവം നമ്മുടെ കുറ്റാന്വേഷണ സാഹിത്യത്തെ വൻതോതിൽ ദുർബലമാക്കി” (ഷാജി ജേക്കബ്, 2010: 54). എന്നാൽ 2010-നു ശേഷം മലയാള കുറ്റാന്വേഷ ണസാഹിത്യത്തിന് പുത്തൻ ഉണർവു നൽകിയത് ഇതേ ഘടകങ്ങൾ തന്നെ യായിരുന്നു. ഉത്തരാധുനികസമൂഹത്തിൽ ശാസ്ത്ര സാങ്കേതിക വിജ്ഞാനം ചെലുത്തിയ സ്വാധീനം പ്രേത-മന്ത്രവാദ സങ്കല്പങ്ങൾ, യുക്തിസഹമല്ലാത്ത കുറ്റാന്വേഷണ രീതികൾ എന്നിവയിലെ ഭാവനകളെ അട്ടിമറിച്ചു.
കമ്പ്യൂട്ടറിന്റെയും മൊബൈൽ ഫോണുകളുടെയും വ്യാപനം, അതിവേഗ ഇന്റർനെറ്റിന്റെ ലഭ്യത, സൈബർ, സയൻസ്, ഫോറൻസിക്, ജനിതക പഠനങ്ങൾക്കും യുക്തിവാദ ചിന്തകൾക്കും ലഭിച്ച സ്വീകാര്യത, സമൂഹത്തിലും സാഹിത്യത്തിലും സ്ത്രീവാദ ചിന്തകൾക്ക് ലഭിച്ച പ്രാധാന്യം, 1990-കളോടെ സാഹിത്യത്തിൽ നിന്ന് സിനിമയിലേക്ക് വഴിമാറിയ കുറ്റാന്വേഷണ സാഹി ത്യത്തിന്റെ നവ ചലച്ചിത്രഭാഷ്യങ്ങൾ, പ്രാദേശിക ഭാഷകളിൽ നിന്ന് ഇംഗ്ലീഷി ലേക്കും ഇംഗ്ലീഷിൽ നിന്ന് മലയാളത്തിലേക്കുമുള്ള കുറ്റാന്വേഷണകൃതികളുടെ വിവർത്തനങ്ങൾ, നെറ്റ്ഫ്ളിക്സും ആമസോൺ പ്രൈമും സൃഷ്ടിച്ച കുറ്റാന്വേഷണ വെബ്സിരീസുകളുടെ അന്താരാഷ്ട്ര റിലീസുകൾ, കാഴ്ചയുടെയും ഭാവനയു ടെയും തലങ്ങളെ സാങ്കേതികവിദ്യ പുസ്തകതാളുകളിൽ നിന്നും ഡിജിറ്റൽ സ്ക്രീനിലേക്ക് പകർത്തുന്ന നവ്യാനുഭവങ്ങൾ, കുറ്റകൃത്യങ്ങൾക്കും കേസന്വേ ഷണങ്ങൾക്കും ആയുധങ്ങൾക്കും കൈവരുന്ന അന്താരാഷ്ട്ര ബന്ധങ്ങൾ, ഉപഭോഗസംസ്കാരത്തിലേക്കും കമ്പോളവത്കരണത്തിലേക്കും നയിക്കുന്ന കോർപ്പറേറ്റ് സംസ്കാരത്തിൻ്റെയും കമ്പനികളുടെയും പോരാട്ടങ്ങൾ, ആഗോ ളവത്കരണത്തിന്റെയും നവ ഉദാരവത്‌കരണത്തിന്റെയും സ്വകാര്യവത്കര ണത്തിന്റെയും ഫലമായുണ്ടാകുന്ന വാണിജ്യത്തിൻ്റെയും മൂലധനത്തിന്റെയും സ്വതന്ത്രചലനം, സൈബറിടത്തിൽ ഡാർക്ക് വെബ്ബ് കേന്ദ്രീകരിച്ച് നടക്കുന്ന രഹസ്യവിപണികൾ, ഭാഷയിലെ അധിനിവേശങ്ങൾ, ടെക്നോളജി അന്യവ ത്കരിക്കുന്ന മനുഷ്യൻ്റെ സ്വത്വങ്ങൾ തുടങ്ങി അറിവിന്റെയും സംഘർഷങ്ങളു ടെയും നവലോക പരിസരത്തുനിന്നാണ് പുതിയ കുറ്റാന്വേഷണനോവലുകൾ വായനക്കാരെ തേടുന്നത്. സൈബർ ശാസ്ത്ര കുറ്റാന്വേഷണനോവലുകൾ പ്രസക്തമാകുന്നതും ഈ സാഹചര്യത്തിലാണ്.
കുറ്റാന്വേഷണത്തിലെ സൈബർ ഇടങ്ങൾ
ആദർശ് എസിൻ്റെ ‘ഡാർക്ക് നെറ്റ്’, വി. ജയദേവിന്റെ ‘ഇട്ടിമാത്തൻ ഡയറീസ്’, അനുരാഗ് ഗോപിനാഥിൻ്റെ ‘ദി ഗെയിം ഓവർ’ എന്നീ കൃതികൾ കുറ്റാന്വേഷണത്തിൽ സൈബറിടം പ്രധാന പ്രമേയമാകുന്ന നോവലുകളാണ്. ഡാർക്ക് വെബ്ബിലെ രണ്ട് രഹസ്യസംഘങ്ങൾ തമ്മിൽ പ്രതീതി സ്ഥലത്തും യഥാർത്ഥ സ്ഥലത്തും നടത്തുന്ന കുറ്റകൃത്യങ്ങളുടെയും അന്വേഷണത്തിന്റെയും കഥയാണ് ഡാർക്ക് നെറ്റ്. ഇതിൽത്തന്നെ വൈറ്റ് ഹാക്കേഴ്സ്/ഡാർക്ക് ഹാക്കേഴ്സ്, പോലീസ്/കുറ്റവാളി, കോർപ്പറേറ്റ് സ്ഥാപനങ്ങൾ/ തൊഴിലാ ളികൾ, ശാസ്ത്രം/മിത്ത്, രഹസ്യം/അന്വേഷണം തുടങ്ങി വിവിധ തലങ്ങളെ സംയോജിപ്പിച്ചാണ് ഇതിവൃത്തഘടനയെ നോവലിസ്റ്റ് അവതരിപ്പിക്കുന്നത്.
ഇട്ടിമാത്തൻ ഡയറീസ് ഒരു അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന ഡേറ്റാ മാഫിയയുടെ കഥയാണ്. ഡാർക്ക് വെബ്ബ് കേന്ദ്രീകരിച്ച് നടക്കുന്ന കുറ്റക ത്യങ്ങൾ തടയുന്നതിനായി ഇൻ്റർപോളിൻ്റെ രഹസ്യ ഏജന്റായി ഇട്ടിമാ ത്തൻ എന്ന കഥാപാത്രം കടന്നുവരുന്നു. ഡാർക്ക് വെബ്ലുവഴി രഹസ്യമായി കൈമാറുന്ന ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട വിവരങ്ങൾ (data) എങ്ങനെ ലോകത്തിലെ ജനാധിപത്യത്തെ, ആരോഗ്യസംവിധാനങ്ങളെ, ജീവിതരീതിയെ അട്ടിമറിക്കുന്നുവെന്ന് ഇട്ടിമാത്തൻ ഡയറീസ് ചർച്ച ചെയ്യുന്നു. വർത്തമാനകാല സാഹചര്യങ്ങളെയും ഭാവിയെയും മുന്നിൽ കണ്ടുള്ള ആഖ്യാ നരീതി ശാസ്ത്രസാങ്കേതിക നോവലുകളുടെ ഭാവിയിലേക്കുള്ള ദിശാസൂചി കയാണ്. ദി ഗെയിം ഓവർ കമ്പ്യൂട്ടർ ഗെയിമുകൾ കുട്ടികളിൽ ചെലുത്തുന്ന സ്വാധീനത്തിന്റെ അപകടകരമായ വശങ്ങളെ ചൂണ്ടിക്കാട്ടുന്ന കൃതിയാണ്. ടൈംലൂപ്പ് എന്ന ശാസ്ത്രപ്രതിഭാസവും ഡാർക്ക് വെബ്ബിന്റെ രഹസ്യാത്മകതയും കുട്ടികളുടെ ജീവിതത്തിൽ ടെക്നോളജി സൃഷ്ടിക്കുന്ന സംഘർഷങ്ങളും പ്രശ്നവ ത്കരിക്കുന്ന നോവലാണിത്.
വി. ജയദേവിന്റെ്റെ ഇട്ടിമാത്തൻ നോവൽ ത്രയത്തിലെ ‘ചുംബന സമയ’ത്തിനു ശേഷം പ്രസിദ്ധീകരിച്ച കൃതിയാണ് ഇട്ടിമാത്തൻ ഡയറീസ്. ഉത്തരാധുനിക ശാസ്ത്രനോവലിൻ്റെ ആഖ്യാനമാതൃകയിൽ എഴുതിയ കൃതിയാണ് ചുംബനസമയം. സയൻസ് ഫിക്‌ഷനും സൈബർ ഫിക്ഷനും തമ്മിലുള്ള ബന്ധത്തിൻ്റെ കൃത്യമായ ഉദാഹരണമാണ് ഈ കൃതി. സയൻ സിന്റെയും സാങ്കേതികവിദ്യയുടെയും വളർച്ചയിൽ അഭിരമിക്കുന്ന മനുഷ്യസ മൂഹത്തെയും അവരുടെ ഇടയിൽ സംഭവിക്കാൻ സാധ്യതയുള്ള കുറ്റകൃത്യങ്ങ ളെയും കണ്ടെത്താനും നിയന്ത്രിക്കാനും നിയമിതനായ കുറ്റാന്വേഷകനാണ് ഇട്ടിമാത്തൻ. കോട്ടയം പുഷ്പനാഥ് സൃഷ്ടിച്ച ഡിറ്റക്ടീവ് മാർക്സിനും പുഷ്പരാജി നും അൻവർ അബ്ദുള്ള സൃഷ്ടിച്ച ശിവശങ്കർ പെരുമാളിനും ശേഷം തുടർകൃതി കളിലൂടെ കഥാപാത്രമാകുന്ന കുറ്റാന്വേഷകനെയാണ് ഇട്ടിമാത്തനിലൂടെ വി. ജയദേവ് സൃഷ്ടിച്ചത്. ഒരു നോവലിലെ കഥാപാത്രങ്ങൾതന്നെ എഴുത്തുകാര ന്റെ അടുത്ത നോവലിലും വരുന്ന രീതി പുതിയ കുറ്റാന്വേഷണ കൃതികളിലും കാണാം. ലാജോ ജോസിൻ്റെയും ശ്രീപാർവതിയുടെയും ഋതുപർണ്ണയുടെയും കൃതികളിലെ കഥാപാത്രസൃഷ്ടി ഇതിന് ഉദാഹരണമാണ്.
യഥാർത്ഥലോകത്തിന് സമാന്തരമായി ഇൻ്റർനെറ്റിലൂടെയും നവമാ ധ്യമങ്ങളിലൂടെയും സൃഷ്ടിച്ച പ്രതീതിലോകം നോവലിന്റെ ‘സ്ഥല’മായി മാറുന്നു. കുറ്റകൃത്യങ്ങൾ, ഒളിഞ്ഞുനോട്ടങ്ങൾ, മോഷണം, ആൾമാറാട്ടം, ആശയസംവേദനം, വിപണി, വിവരശേഖരണം, ലൈംഗികത, അത്മരതി, ഭയം, അധികാരം, രാഷ്ട്രീയം എന്നിങ്ങനെ സമൂഹത്തിൽ നടക്കുന്ന എല്ലാ കാര്യങ്ങളും പ്രതീതിലോകത്തും സംഭവിക്കുന്നുണ്ട്. സ്ഥലത്തിന്റെ അട്ടിമറി ഇട്ടിമാത്തൻ ഡയറീസിനെ വ്യത്യസ്തമാക്കുന്നു. കുന്നുംകുളത്തുനിന്ന് ആരംഭിച്ച് നിരവധി ഗ്യാലക്സികൾക്കപ്പുറമുള്ള ഗ്രഹങ്ങളിൽ വരെ എത്തിനിൽക്കുന്ന സ്ഥലഘടന നോവലിൻ്റെ ദേശസങ്കല്പത്തെ തകിടം മറിക്കുന്നു. 1960 കളിലും 70 കളിലും കുറ്റാന്വേഷണനോവലുകൾ പാശ്ചാത്യ മാതൃകകളെ അനുകരി ച്ച് സൃഷ്ടിച്ച വിദേശ സാങ്കല്പിക സ്ഥലഭാവനയിൽ നിന്നും വ്യത്യസ്തമാണ് പുതിയ കുറ്റാന്വേഷണനോവലുകളിലെ പ്രദേശങ്ങൾ. ആഗോളവത്കരണവും ഇന്റർനെറ്റും സൃഷ്ടിച്ച ഏകീകൃത ലോകസങ്കല്പവും ആഗോളപൗരനെന്ന മനു ഷ്യാവസ്ഥയുമാണ് ഉത്തരാധുനികനോവലിൻ്റെ സ്ഥലസങ്കല്പത്തെ വ്യത്യസ്തമാ ക്കുന്നത്. സയൻസ് ഫിക്‌ഷനുകൾ ചെലുത്തിയ സ്വാധീനം സൃഷ്ടിച്ച ഉട്ടോപ്യൻ ഡിസ്ട്രോപ്യൻ ഭാവനകളും സൈബർ ഫിക്‌ഷനുകളുടെ സവിശേഷതയാണ്.
സൈബർ കുറ്റാന്വേഷണനോവലുകളുടെ പ്രധാന ഇതിവൃത്തം ഡാർക്ക് വെബ്ബുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ്. “ഡാർക്ക് വെബിനെ പൊതുവേ ഇന്റർനെറ്റിന്റെ ‘ഈവിൾ ട്വിൻ’ എന്നാണ് വിശേഷിപ്പിക്കുന്നത്. പ്രതിദിനം ചുരുങ്ങിയത് 5 ലക്ഷം യു. എസ് ഡോളറിൻ്റെ സാമ്പത്തിക ഇടപാടുകൾ നടക്കുന്നുണ്ടെന്നാണ് കരുതപ്പെടുന്നത്”(ആദർശ് എസ്.വി, 2019: 37). ഇട്ടി മാത്തൻ ഡയറിസും ഡാർക്ക് നെറ്റും ദി ഗെയിം ഓവറും ഡാർക്ക് വെബ്ബിന്റെ രഹസ്യവിപണിയുടെ വ്യത്യസ്ത തലങ്ങളെയാണ് അവതരിപ്പിക്കുന്നത്. മൂന്ന് നോവലുകളും കൈകാര്യം ചെയ്യുന്ന വിഷയം മലയാള കുറ്റാന്വേഷണനോ വലുകളിൽ പരിചിതമല്ലാത്ത ഒരു ഇടത്തെയും ആഖ്യാനമാതൃകയെയും മുന്നോട്ടുവയ്ക്കുന്നു.
വേൾഡ് വൈഡ് വെബ്ബിലെ സർഫസ് വെബ്ബ് ദിനംപ്രതി ഉപയോ ഗിക്കാൻ ശീലിച്ച മലയാളികൾക്ക് ഡീപ് വെബ്ബിനെക്കുറിച്ചുള്ള അജ്ഞത ഡാർക്ക് വെബ്ബ് അഥവാ ഡാർക്ക് നെറ്റിനെക്കുറിച്ചുള്ള മിഥ്യാധാരണകളെ ഭയത്തിന്റെയും സംശയത്തിന്റെയും നിഴലിൽ നിർത്തി. സാമൂഹ്യമാധ്യമങ്ങളി ലൂടെ നേടിയെടുത്ത മാധ്യമസാക്ഷരതയുടെ പരിമിതികളാണിതിനു കാരണം. ഡാർക്ക് നെറ്റിന്റെ പ്രവർത്തനത്തെ യക്ഷിക്കഥകൾക്കു സമാനമായി ഭയപ്പെ ടുത്തി അവതരിപ്പിക്കുന്ന രീതി നിലവിലുണ്ട്. പേരിൽതന്നെ ഇരുട്ടുകൊണ്ട് മറച്ചുപിടിക്കുന്ന, മാന്ത്രികനോവലുകളിൽ കാണുന്ന ആഭിചാരത്തിന്റെയും ക്രൂരതയുടെയും വിളനിലങ്ങളായ, കൊലപാതകങ്ങളും ലൈംഗികതയും ഭീകരകുറ്റകൃത്യങ്ങളും നടനമാടുന്ന പ്രേതഭവനമാണ് ഡാർക്ക് നെറ്റ്. ഫെയ്ക് ഐഡി ഇല്ലാതെ ഒറ്റയ്ക്കു കയറിചെല്ലാൻ കഴിയാത്ത ഇടം, നക്തഞ്ചരന്മാരുടെ വിളയാട്ടുസ്ഥലം, പോലീസ് എപ്പോഴും നിരീക്ഷിക്കുന്ന സ്ഥലം, ഒരിക്കൽ കയറിയാൽ നമ്മുടെ എല്ലാ വിവരങ്ങളും ചോർത്തിയെടുത്ത് മരണത്തിലേ ക്ക് നയിക്കുന്ന ഇടം എന്നിങ്ങനെ ഡാർക്ക് നെറ്റിനെക്കുറിച്ചുള്ള മലയാളി ഭാവന നിറംപിടിപ്പിച്ച കഥകളുടെ വാമൊഴികളായി സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നത് കാണാം. സൈബർ കുറ്റാന്വേഷണ കൃതികളുടെ പ്രസക്തി യും സാധ്യതയും ഭാവിയും മലയാളിയുടെ ഇത്തരം ഭാവനയിൽ നിന്നാണ് ഉരുവം കൊള്ളുന്നത്. ഡാർക്ക് നെറ്റ് നോവലിൻ്റെ ആമുഖം തന്നെ ഇത് വ്യക്തമാക്കുന്നു.
വ്യക്തികൾക്ക് ലഭിക്കുന്ന സ്വകാര്യതയാണ് ഡാർക്ക് വെബ്ബിന്റെ പ്രധാന ആകർഷണം. “ആരിൽ നിന്നും കാണാതെ ഏറ്റവും സുരക്ഷിത മായി ഒളിക്കാൻ കഴിയുന്ന സ്ഥലം എല്ലാവരും നോക്കുന്ന ഇടം തന്നെ. അത്തരമൊരു സ്ഥലമുണ്ടാവും നിങ്ങളുടെ കൺവെട്ടത്തുതന്നെ” (ജയദേവ് വി., 2019: 78). മറഞ്ഞിരുന്ന് സാമൂഹികവ്യവഹാരങ്ങളിൽ ഇടപെടാൻ കഴിയുന്ന ഇന്റർനെറ്റിന്റെ സ്വകാര്യയിടമാണ് ഡാർക്ക് നെറ്റ്. ഡാർക്ക് വെബ്ബിനെക്കു റിച്ചുള്ള ശരിയായ വസ്തുതകൾ സാധാരണ വായനക്കാർക്ക് മനസ്സിലാകുന്ന രീതിയിലാണ് ആദർശ് ഡാർക്ക് നെറ്റിൻ്റെ ഇതിവൃത്ത ഘടനയെ ക്രമീകരിച്ചി രിക്കുന്നത്. ഇട്ടിമാത്തൻ ഡയറിസിൽ ഡാർക്ക് വെബ്ബിനെ കൂടുതൽ വികസി തമായ ഒരു കാഴ്ചപ്പാടിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഡാർക്ക് നെറ്റ് വായി ച്ചതിനുശേഷം ഇട്ടിമാത്തൻ ഡയറീസിലേക്ക് കടക്കുന്ന ഒരു വായനക്കാരന് സാങ്കേതികത്വത്തിൻ്റെ ആശങ്കകളില്ലാതെ വായനാക്ഷമമായ ഒരു അനുഭവം ലഭ്യമാകും. ദി ഗെയിം ഓവറിൽ ചർച്ചയാകുന്ന വിഷയങ്ങളും ഡാർക്ക് വെബ്ബ് കേന്ദ്രീകരിച്ചുള്ള കുറ്റകൃത്യമായതുകൊണ്ട് ഇതേ വായനാരീതി പിന്തുടരുന്നത് സഹായകരമാണ്.
സൈബർ ഇതിവൃത്തം പ്രമേയമാകുന്ന കൃതികളെ പൊതുവേ വിശേഷി പ്പിക്കുന്ന സൈബർപങ്ക് (cyber punk) എന്ന പ്രയോഗം മലയാള നോവ ലുകൾക്ക് എത്രത്തോളം യോജിക്കും എന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു. മനുഷ്യനും സാങ്കേതികവിദ്യയും യന്ത്രങ്ങളും സൈബോർഗുകളും സയൻസും തമ്മിലുള്ള ഇടപെടലുകളും സംഘർഷങ്ങളുമാണ് സൈബർപങ്ക് ഫിക്ഷനു കളെ ചലിപ്പിക്കുന്നത്. “മനുഷ്യൻ സൃഷ്ടിച്ചെടുത്ത ഒന്ന് അവന്റെ ബുദ്ധിക്ക് മുകളിലേക്കും സഞ്ചരിക്കുകയും മനുഷ്യരെ ആകമാനം വെല്ലുവിളിക്കുകയും ചെയ്യുന്നൊരു ദിവസത്തെ ശാസ്ത്രലോകം ആകാംക്ഷയോടും അതീവ ശ്രദ്ധ യോടുകൂടെയും നിരീക്ഷിക്കുന്നുണ്ട്” (റിഹാൻ റാഷിദ്, 2021:34). ഇത്തരമൊരു സാഹചര്യത്തെ ഭാവനാത്മകമായി സൃഷ്ടിക്കുന്ന സാഹിത്യമാണ് പൊതുവിൽ സൈബർപങ്കുകളുടെ പ്രമേയം. സൈബർനോവലുകളായി മലയാളത്തിൽ ശ്രദ്ധനേടിയ കൃതികൾ ടെക്നോളജി സൃഷ്ടിക്കുന്ന അപരവത്കരണത്തി ലും സ്വത്വസംഘർഷങ്ങളിലുമാണ് ശ്രദ്ധയൂന്നുന്നത്. എന്നാൽ സൈബർ കുറ്റാന്വേഷണനോവലുകൾ ഇതിൽനിന്നും വ്യത്യസ്തമായി വികസിതവും പുരോഗമനപരവുമായ ഒരു ടെക്നോളജിക്കൽ സമുഹത്തെയാണ് കൃതികളിൽ വിഭാവനം ചെയ്യുന്നത്.
ഉത്തരാധുനിക നോവൽ നേരിടുന്ന പ്രധാന പ്രതിസന്ധി ഇതിവൃത്ത ത്തിലെ നവീനതയാണ്. പുതുമ നിരന്തരമായി ആവശ്യമാകുന്ന സാഹിത്യശാഖ എന്ന നിലയിൽ എഴുത്തുകാരൻ അവതരിപ്പിക്കുന്ന വിഷയത്തിന്റെ പ്രസക്തി കാലഘട്ടത്തിന്റെ നൈരന്തര്യത്തിന് അനുരൂപമാണോ എന്നത് പ്രസക്ത മാണ്. ഇന്നിന്റെ്റെ വർത്തമാനങ്ങളെ അടയാളപ്പെടുത്തുമ്പോഴും ഭാവിയുടെ സാധ്യതകളെ എത്രത്തോളം ദീർഘവീക്ഷണത്തോടെ ഉൾച്ചേർക്കാൻ സാധിക്കുന്നു എന്നതാണ് സൈബർ സയൻസ് ഫിക്‌ഷൻ പ്രത്യേകത. ഇത്തരമൊരു ചിന്ത സൈബർ കുറ്റന്വേഷണനോവലുകളിലും പ്രധാനമാണ്. കുറ്റാന്വേഷണനോവലുകൾ ഇതിൽ ചെലുത്തുന്ന ജാഗ്രതയും സൂക്ഷ്മതയും പ്രവചനാത്മക സാഹിത്യമെന്ന വിശേഷണത്തിലേക്ക് കൃതികളെ നയിക്കുന്നു. ഡാർക്ക് നെറ്റും ഇട്ടിമാത്തൻ ഡയറീസും ചുംബനസമയവും ദി ഗെയിം ഓവറും ഇത് സാക്ഷ്യപ്പെടുത്തുന്നു.
വളരെ വേഗത്തിൽ സഞ്ചരിക്കുന്ന ഒരു ലോകവും അതിനോടൊപ്പം ഓടിയെത്താൻ ശ്രമിക്കുന്ന മനുഷ്യരുടെ സംഘർഷങ്ങളുമാണ് ഇന്നത്തെ കാലത്തിന്റെ ജീവിതഗതിയെ പ്രശ്നവത്കരിക്കുന്നത്. കുതറിമാറും തോറും വലിച്ചടിപ്പിക്കുന്ന കാന്തികവലയമാണ് ടെക്നോളജിയുടേത്. “സാങ്കേതികവിദ്യ യുടെ ആസക്തിക്ക് അടിമപ്പെട്ട ഒരു സത്ത ഉത്തരാധുനിക സംസ്കാരത്തിന്റെ മനഃശാസ്ത്രപരമായ ലക്ഷണമാണെന്ന (അപ്പൻ കെ.പി, 1997:27) നിരീക്ഷണം പ്രസക്തമാണ്. ഇൻ്റർനെറ്റ് കേന്ദ്രീകരിച്ച് നിർമ്മിതമായ പ്രതിതിലോകം മുന്നോട്ടുവയ്ക്കുന്ന സാധ്യതകൾ പൊതുസമൂഹത്തിന് ബദലായ ഒരു സമൂഹ ത്തെയും ആഗോളപൗരനെയും സൃഷ്ടിച്ചു. ഓൺലൈൻ/ഓഫഫ്ലൈൻ വേർതിരി വുകൾ അപ്രസക്തമാകുന്ന പുതിയ കാലത്ത് യഥാർത്ഥലോകത്ത് നടക്കുന്ന സംഭവങ്ങൾക്ക് പ്രതീതി സമൂഹത്തിലും തുടർച്ചകൾ ഉണ്ടാകുന്നു. മനുഷ്യരുടെ സാങ്കേതിക അറിവുകളിലുള്ള അജ്ഞതയെ ചൂഷണം ചെയ്ത് നടത്തുന്ന കുറ്റകൃത്യങ്ങളുടെയും ഒളിച്ചുകടത്തുന്ന രഹസ്യങ്ങളുടെയും സാമ്പത്തിക ക്രയ വിക്രയങ്ങളിലെ പണത്തിൻ്റെ അധികാരത്തെ തിരുത്തിയെഴുതുന്ന ക്രിപ്റ്റോ കറൻസികളുടെ വ്യാപനം സൃഷ്ടിക്കുന്ന പ്രശ്നങ്ങളും ദേശസുരക്ഷ, തീവ്രവാദം, മനുഷ്യക്കടത്ത്, മയക്കുമരുന്ന് വിപണനം, ആയുധക്കച്ചവടം, സൈബർ യുദ്ധങ്ങൾ തുടങ്ങി സൈബർ ലോകത്ത് സംഭവിക്കുന്ന നിശബ്ദ പോരാട്ട ങ്ങൾ നിരവധിയാണ്. ഇവയെല്ലാം മലയാളസാഹിത്യത്തിൽ, വിശേഷിച്ച് കുറ്റാന്വേഷണസാഹിത്യത്തിന് നൽകുന്ന സാധ്യത അനന്തമാണ്. കൂടുതൽ വൈജ്ഞാനികത ആവശ്യമുള്ള എഴുത്തിൻ്റെ പുതിയ ഒരു ഇടം സൈബർഭാ വനയിലൂന്നിയ സാഹിത്യം എഴുത്തുകാർക്കും വായനക്കാർക്കും നൽകുന്നു.
ക്രൂരമായ കൊലപാതകങ്ങളും ആയുധങ്ങളും ബലാത്സംഗവും പണമിട പാടും കൊണ്ട് അധോലോക രാജാക്കന്മാരായി മാറുന്ന കഥാപാത്രങ്ങളാണ് ഇതുവരെ ഉണ്ടായിരുന്നത്. ഇതിൽനിന്ന് വ്യത്യസ്തമായി ഉയർന്ന സാങ്കേതി കവിദ്യാഭ്യാസം നേടിയ ഹാക്കേഴ്സും പ്രോഗ്രാമേഴ്സും നിയന്ത്രിക്കുന്ന, ക്രിപ്റ്റോ കറൻസികൊണ്ട് ലോകത്തിന്റെ ഭാവി തീരുമാനിക്കുന്ന സംഘങ്ങളുള്ള സൈബർ അധോലോകത്തിൻ്റെ കഥകളാണ് കുറ്റാന്വേഷണനോവലിന്റെ ഭാവിയെ മുന്നോട്ടു നയിക്കുന്നത്. ടെക്നോളജി ജീവിതത്തിലും സംസ്കാരത്തി ലും വരുത്തുന്ന മാറ്റങ്ങൾ കുറ്റകൃത്യങ്ങളെയും കേസ് അന്വേഷണങ്ങളെയും ശിക്ഷാരീതിയെയും സ്വാധീനിക്കുന്നു. പുരാവസ്തു വിൽപ്പന, ചൈൽഡ് പോണോഗ്രാഫി, ഓൺലൈൻ വാതുവയ്പ്പുകൾ, ഗെയിമുകൾ, ബിറ്റ് കോയിൻ വിനിമയങ്ങൾ, മാരകശേഷിയുള്ള ലഹരിമരുന്നിൻ്റെ ഇടപാടുകൾ, ഡേറ്റാ മോഷണം, ഹാക്കിങ് തുടങ്ങിയവ അപഹരിക്കുന്ന മനുഷ്യൻ്റെ സമയം, സമ്പത്ത്, സ്വാതന്ത്ര്യം, സാമൂഹികജീവിതം എന്നിവയ്ക്ക് സുരക്ഷയൊരുക്കുക എന്നതാണ് കുറ്റാന്വേഷകൻ നേരിടുന്ന പ്രധാന വെല്ലുവിളി. ഇവിടെയാണ് വ്യക്തികേന്ദ്രിതമായ നായകസങ്കല്പം സൈബർ കുറ്റാന്വേഷണ നോവലുക ളിൽ അട്ടിമറിക്കു വിധേയമാകുന്നത്.
സംഘടിതമായി നടക്കുന്ന സൈബർ കുറ്റകൃത്യങ്ങളെ കണ്ടെത്താനും നിയന്ത്രിക്കാനും ഒരു അന്വേഷണസംഘമാണ് നായകസ്ഥാനത്ത് ഉണ്ടാ യിരിക്കുക. അവരെ സഹായിക്കാൻ സമാന്തര അന്വേഷണം നടത്തുന്ന കഥാപാത്രങ്ങളും കടന്നു വരുന്നു. ഇൻ്റർനെറ്റ് ലോകം സൃഷ്ടിച്ച കൂട്ടായ്മയുടെയും പങ്കുവെയ്ക്കലിന്റെയും സാധ്യതകൾ മറ്റൊരു തരത്തിൽ കുറ്റകൃത്യങ്ങൾക്കും കേസന്വേഷണത്തിനും സഹായകരമാകുന്നു. ഡാർക്ക് നെറ്റിലും ഗെയിം
ഓവറിലും പോലീസ് അന്വേഷണസംഘം നായകസ്ഥാനം വഹിക്കുന്നു. അവരെ സഹായിക്കാൻ ശാസ്ത്ര, സാങ്കേതിക വിജ്ഞാനമുള്ള കഥാപാത്ര ങ്ങൾ അന്വേഷണാത്മകതയുടെ പുതിയ സാധ്യതകൾ പരീക്ഷിക്കുന്നു. ഇട്ടി മാത്തൻ ഡയറീസിലെ നായകൻ ഇതിൽ നിന്നും വ്യത്യസ്തനാണ്. യുക്തിക്ക് നിരക്കാത്ത അമാനുഷികത പ്രകടിപ്പിക്കുന്ന കഥാപാത്രമായി ഇട്ടിമാത്തൻ പലപ്പോഴും മാറുന്നു. ലോകത്തുള്ള എല്ലാ അറിവുകളും സ്വായത്തമാക്കിയ ഇന്റൽപോളിന്റെ പ്രധാന രഹസ്യാന്വേഷകൻ എന്ന വിശേഷണത്തിൽ ഒതുക്കാൻ കഴിയാത്ത ഒരു അമാനുഷികത നോവലിലെ കുറ്റാന്വേഷണത്തെ ദുർബലപ്പെടുത്തുന്നുണ്ട്.
സൈബർ കുറ്റകൃത്യങ്ങളുടെ അന്വേഷണം നേരിടുന്ന പ്രധാന വെല്ലുവിളി എതിരാളിയുടെ സാങ്കേതിക അറിവിൻ്റെ കരുത്താണ്. അതിനൊപ്പം എത്താൻ നായക സംഘത്തിനോ നായകനോ കഴിയുന്നത് എങ്ങനെയെ ന്നുള്ള യുക്തിസഹമായ അവതരണമാണ് കുറ്റാന്വേഷണത്തെ മനോഹരവും ആസ്വാദ്യകരവുമാക്കുന്നത്. എഴുത്തുകാരൻ മാത്രമല്ല, വായനക്കാരനും വിവിധ വിജ്ഞാനമേഖലകളിലെ അറിവുകളെക്കൂടി സ്വായത്തമാക്കുന്നതി ന്റെ അനിവാര്യതയിലാണ് ഇന്ന് സാഹിത്യാസ്വാദനം നിലനിൽക്കുന്നത്. സൈബർ നോവലുകളിൽ കഥാപാത്രങ്ങൾ ഒരേ സമയം വായനക്കാരോടും കമ്പ്യൂട്ടറിനോടും സംവദിക്കുമ്പോൾ യന്ത്രഭാഷയാണ് ആഖ്യാനത്തെ നയിക്കു ന്നത്. പ്രോഗ്രാമിങ് ഭാഷയുടെ സാങ്കേതികത്വം വായനക്കാരെ പലപ്പോഴും സന്ദേഹങ്ങളിലേക്ക് നയിക്കാനുള്ള സാധ്യതയുണ്ട്. സൈബർ യുദ്ധങ്ങൾ, മാൽവെയർ, വൈറസ് ആക്രമണം, ശാസ്ത പ്രതിഭാസങ്ങളെക്കുറിച്ചുള്ള പുതിയ പരീക്ഷണങ്ങൾ, ക്വാണ്ടം ക്രിപ്റ്റോഗ്രാഫി, ഹാക്കിങ്, കമ്പ്യൂട്ടർ ചരിത്രം, ഇന്റർനെറ്റ് ശൃംഖല തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട നിരവധി വാക്കുകൾ, പ്രയോഗങ്ങൾ ഇട്ടിമാത്തൻ ഡയറീസിലും ഡാർക്ക് നെറ്റിലും ദി ഗെയിം ഓവറിലും കാണാം. ഇൻ്റർനെറ്റിലെ പല കാര്യങ്ങളോടുമുള്ള മലയാളിയുടെ അപരിചിതത്വമാണ് പ്രോഗ്രാമിങിൻ്റെയും ഹാക്കിങിന്റെയും നോവലിലെ സാങ്കേതികവശങ്ങളെ കുറിക്കുന്ന കമ്പ്യൂട്ടർ ഭാഷയുടെ പ്രയോ ഗത്തെ വായനാക്ഷമമല്ലാതാക്കുന്നത്. ഓരോ അധ്യായങ്ങളിലും ഉപയോ ഗിച്ചിട്ടുള്ള നൂതനസങ്കേതങ്ങളെക്കുറിച്ച് വിശദമായി പരിചയപ്പെടുത്തുന്ന പുസ്തകങ്ങളുടെ പേരുകൾ ഇട്ടിമാത്തൻ ഡയറീസിലെ അധ്യായങ്ങളുടെ അവസാന ഭാഗത്ത് അധികവായനയ്ക്ക് എന്ന പേരിൽ നൽകിയിട്ടുണ്ട്.
കുറ്റാന്വേഷണ നോവലിൻറെ നവതരംഗത്തിൽ ജനപ്രിയത നേടിയ ലാജോ ജോസിൻ്റെയും ശ്രീപാർവതിയുടെയും പ്രവീൺ ചന്ദ്രന്റെയും റിഹാൻ റാഷിദിന്റെയും നോവലുകളിലെ ഭാഷയിൽ നിന്നും വ്യത്യസ്തമാണ് ഡാർക്ക് നെറ്റും ഇട്ടിമാത്തൻ ഡയറീസും മുന്നോട്ടു വയ്ക്കുന്ന ആഖ്യാനത്തിലെ ഭാഷാഘടന. ഒരേസമയം കുറ്റാന്വേഷണവും ശാസ്ത്രനോവലും സൈബർ ഫിക്ഷനുമായി നിലനിൽക്കാൻ ശ്രമിക്കുമ്പോൾ കുറ്റാന്വേഷണനോവലുക ളിലെ ജനപ്രിയഘടകമായ ഒഴുക്കൻ മട്ടിലുള്ള തെളിഞ്ഞ ഭാഷയുടെ പ്രയോഗം ഇവിടെ അന്യമാകുന്നു. സാങ്കേതികതയിൽ ഊന്നിയുള്ള ഭാഷാവിശദീകരണ ങ്ങളിലും യുക്തിപരതയിലും പ്രയോഗരീതികളിലും ചെലുത്തുന്ന നിഷ്കർഷത ശാസ്ത്ര- സൈബർ നോവലുകളുടെ പ്രത്യേകതയാണ്. സാങ്കേതിക ഭാഷയോട് വായനക്കാർ എങ്ങനെ താദാത്മ്യപ്പെടുന്നു എന്നതിനനുസരിച്ചാണ് കൃതി വായനാക്ഷമമാകുന്നത്.
ഇട്ടിമാത്തൻ നിർമ്മിച്ച ‘കാട്ടുകടന്നൽ’ സെർച്ച് എഞ്ചിൻ മുതൽ പ്രധാന ആയുധമായ എതിരാളികളുടെ ഓർമ്മയെ മായ്ച്ചു കളയുന്ന ബയോറോ ബോട്ടുകൾ വരെ ശാസ്ത്രത്തിന്റെയും സൈബർ സാങ്കേതികവിദ്യയുടെയും യുക്തിസഹമായ സങ്കേതങ്ങൾ ഉപയോഗിച്ചാണ് വി. ജയദേവ് അവതരി പ്പിച്ചിരിക്കുന്നത്. ഡാർക്ക് നെറ്റ് നോവലിലെ ഹാക്കിങുമായി ബന്ധപ്പെട്ട വിശദീകരണങ്ങൾ, സൈബർ ആക്രമണങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങൾ, ഗെയിം ഓവറിലെ ടൈംലൂപ്പിനെക്കുറിച്ചുള്ള ചർച്ചകൾ തുടങ്ങിയവയും സാങ്കേതിക ഭാഷയുടെ സഹായത്താലാണ് കൃത്യതയോടെ അവതരിപ്പിച്ചി ട്ടുള്ളത്. നെറ്റിസെൻസ്, സൈബർ ഒടിവിദ്യ, സൈബർ ക്വാറന്റീൻ തുടങ്ങിയ പുതിയ പ്രയോഗങ്ങളും വെബ്ബുമായും ബ്രൗസിങുമായും ബന്ധപ്പെട്ട സാങ്കേതിക പദങ്ങളും ഇട്ടിമാത്തൻ ഡയറിസിൻ്റെ പ്രത്യേകതകളാണ്. വായനക്കാർ നേരിടുന്ന സാങ്കേതികപദത്തോടുള്ള അപരിചിതത്വം നോവൽ വായനയെ ബാധിക്കുന്നുണ്ട്. ജനപ്രിയ സാഹിത്യത്തിലെ സയൻസ് ഫിക്ഷനിൽ കുറ്റാ ന്വേഷണപരത കൂട്ടിയോജിപ്പിച്ചപ്പോൾ ലഭിക്കാതെ പോയ ജനസ്വികാര്യത സൈബർ കുറ്റാന്വേഷണ നോവലുകളുടെ കാര്യത്തിൽ സംഭവിക്കാൻ ഇടയില്ല എന്ന് വിശ്വസിക്കാം.
ചുംബനസമയത്തിലും ഇട്ടി മാത്തൻ ഡയറീസിലും വായനയ്ക്ക് പ്രതിരോധം സൃഷ്ടിക്കുന്ന ചില ഘടകങ്ങളുണ്ട്. അനാവശ്യമായ വിവരണങ്ങൾ, ആവർത്തിക്കുന്ന വാക്യങ്ങൾ, ആശയങ്ങൾ, ഇതിവൃത്ത ഘടനയെ മുന്നോട്ടു കൊണ്ടുപോകാൻ നടത്തുന്ന അലസമായ എഴുത്തുശൈലി തുടങ്ങിയവ
സ്വാഭാവിക വായനയെ തടസ്സപ്പെടുത്തുന്നു. ഇംഗ്ലീഷും മലയാളവും കലർത്തിയു ള്ള എഴുത്തുശൈലി, സാങ്കേതികമായ കാര്യങ്ങൾ അവതരിപ്പിക്കുമ്പോഴും അത് കഥാഘടനയെ സഹായിക്കുന്നതാണോ എന്ന ചിന്തയില്ലായ്മ എന്നിവയും പ്രധാനമാണ്. ശാസ്ത്ര- സൈബർ നോവലുകളായി നിലനിൽക്കുമ്പോഴും വായനാക്ഷമതയ്ക്ക് അനുയോജ്യമായ രീതിയിൽ അവതരിപ്പിക്കുന്നതിന് കൂടുതൽ പ്രാധാന്യം നൽകേണ്ടിയിരുന്നു. കൈകാര്യം ചെയ്യുന്ന മേഖലയിലെ സാങ്കേതിക കാര്യങ്ങളെ ലളിതമായി വായനക്കാർക്ക് യുക്തിസഹമായി മനസ്സിലാക്കാൻ സഹായിക്കുന്ന കുറ്റാന്വേഷണ നോവലുകളും മലയാളത്തിൽ ഉണ്ടാകുന്നുണ്ട്. രജിത് ആർ എഴുതിയ ‘ഒന്നാം ഫോറൻസിക് അദ്ധ്യായം’ ആദർശിന്റെ ഡാർക്ക് നെറ്റ് എന്നീ നോവലുകൾ ഉദാഹരണങ്ങളാണ്.
സൈബർ ക്രൈം ഫിക്‌ഷനുകൾക്ക് സയൻസ് ഫിക്‌ഷൻ, ടെക്നോളജി, വിവിധ വിജ്ഞാന ശാഖകൾ എന്നിവയുമായി അഭേദ്യമായ ബന്ധമാണു ള്ളത്. കുറ്റാന്വേഷണ നോവലുകളിൽ ടെക്നോളജിയെക്കുറിച്ചുള്ള ചർച്ചകൾ ഭാവികാലത്തിന്റെ സാധ്യതകളിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കമ്പ്യൂട്ടർ മലയാളികൾക്ക് ചിരപരിചിതമാകുന്നതിന് മുൻപ് തന്നെ കോട്ടയം പുഷ്പനാഥിന്റെ ‘കമ്പ്യൂട്ടർ ഗേൾ’ എന്ന കൃതി ഇറങ്ങിയിരുന്നു. കമ്പ്യൂട്ടർ പറയു ന്നതിനനുസരിച്ച് കൊലപാതകങ്ങൾ നടത്തുന്ന ഒരു സ്ത്രീ കഥാപാത്രം ഈ നോവലിലുണ്ട്. ടെക്നോളജിയും ഭാവനയും കൂടിച്ചേരുന്ന കഥാപരിസരം മലയാ ളസാഹിത്യത്തിൽ അന്യമല്ല. ഡാർക്ക് നെറ്റിലും ഇട്ടിമാത്തൻ ഡയറിസിലും ചുംബനസമയത്തിലും ഗെയിം ഓവറിലും പ്രമേയമാകുന്ന ടെക്നോളജിയും ശാസ്ത്രവുമായും ബന്ധപ്പെട്ട കാര്യങ്ങളെല്ലാം സാങ്കേതികവിദ്യയിൽ വളരെ യധികം മുന്നോട്ടു സഞ്ചരിച്ചു കഴിഞ്ഞ മനുഷ്യൻ്റെ ജീവിതാവസ്ഥകളെയാണ് പ്രതിനിധാനം ചെയ്യുന്നത്. മുൻധാരണകൾക്ക് വിപരിതമായോ പരിമിതമായ ലോകാവബോധത്തിന് എതിരായോ പുതിയ കാഴ്ചപ്പാടുകളെ അവതരിപ്പിക്കു ന്നതാകണം സൈബർ നോവലുകൾ.
കുറ്റാന്വേഷണത്തിലെ സ്ത്രീസാന്നിധ്യം
പാശ്ചാത്യ സൈബർ കുറ്റാന്വേഷണ കൃതികൾ മധ്യവർഗ്ഗ ജീവിതം നയി ക്കുന്ന മനുഷ്യരുടെ കാഴ്ചപ്പാടിലൂടെയാണ് ടെക്നോളജിയുമായി ബന്ധപ്പെ ട്ട പ്രമേയങ്ങളെ നോവലിൽ അവതരിപ്പിച്ചത്. സ്ത്രീകളുടെ ജീവിതത്തിൽ ടെക്നോളജി ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് പലപ്പോഴും ഇത്തരം നോവലുകൾ മൗനം പുലർത്തി. സാങ്കേതികവിദ്യ സംസ്കാരത്തിൽ മാറ്റം വരുത്തുമ്പോഴും അത് കേവലം പുരുഷൻ്റെ ചിന്തകളെയും ജീവിതത്തെയും മാത്രം സ്വാധീനിക്കുന്നതെങ്ങനെയെന്ന് സൈബർ ഫിക്‌ഷനുകൾ ചർച്ച ചെയ്തു. റോബോട്ടുകളുടെ രൂപീകരണത്തിൽ പോലും രൂപസാദൃശ്യം പുരുഷ ന്റേതിനു സമാനമായിരുന്നു. സ്ത്രീകൾ എഴുത്തുകാരായി സൈബർ വിഷയങ്ങൾ കൈകാര്യം ചെയ്യാൻ ആരംഭിച്ചപ്പോഴാണ് ഈ പ്രവണതയ്ക്ക് മാറ്റം സംഭവി ച്ചത്. ‘വുമൺ സൈബർപങ്ക്’ എന്ന വാക്ക് ഇങ്ങനെയാണ് കടന്നുവരുന്നത്.
മലയാളത്തിലെ സൈബർ കുറ്റാന്വേഷണനോവലുകൾ ഇതിൽ നിന്നും വ്യത്യസ്തമായി നിലകൊള്ളുന്നു. ഡാർക്ക് നെറ്റിലെയും ചുംബനസമയത്തിലെ യും ഇട്ടിമാത്തൻ ഡയറീസിലെയും ഗെയിം ഓവറിലെയും സ്ത്രീ കഥാപാത്രങ്ങൾ നടത്തുന്ന ഇടപെടലുകൾ നിർണ്ണായകമാണ്. സൈബർ സ്ത്രീകളിൽ ചെലു ത്തുന്ന സ്വാധീനം മാത്രമല്ല സൈബർ അക്രമങ്ങളെ പതറാതെ നേരിടാനും നിയന്ത്രിക്കാനും ടെക്നോളജിയെ തങ്ങൾക്കനുകൂലമാക്കി പ്രവർത്തിപ്പിക്കാ നും കരുത്തുള്ള ശക്തരായ സ്ത്രീകഥാപാത്രങ്ങളായി ഇവർ മാറുന്നു. മാറുന്ന സാമൂഹിക ബോധവും ലിംഗനീതിയും ടെക്നിക്കൽ വിദ്യാഭ്യാസത്തിന്റെ വ്യാപനവും മാധ്യമസാക്ഷരതയും സൃഷ്ടിച്ച നവലോക ജീവിതസംസ്കാരവു മാണ് ഇതിന്റെ കാരണം.
കുറ്റാന്വേഷകനായി പുരുഷന്മാരായ ഡിറ്റക്ടിവുകളും പോലീസ് ഉദ്യോ ഗസ്ഥരുമാണ് മുൻപുള്ള ജനപ്രിയ കുറ്റാന്വേഷണ കൃതികളിൽ എത്തിയി രുന്നതെങ്കിൽ ഇന്ന് അതിന് സംഭവിച്ച മാറ്റം പ്രധാനമാണ്. പുരുഷന്മാർ ക്ക് പകരം സ്ത്രീകൾ കൂടുതലായി കുറ്റാന്വേഷകരായി എത്തുന്നു. ഷെർലക് ഹോംസിന്റെയും ഡോ. വാട്‌സൺൻ്റെയും മാതൃകയിൽ കോട്ടയം പുഷ്പനാഥ് സൃഷ്ടിച്ച ഡിറ്റക്ടീവ് മാർക്സിൻ, ഡോ. എലിസബത്ത് എന്നീ കഥാപാത്രങ്ങ ളിലെ സ്ത്രീപ്രാതിനിധ്യം വിസ്മരിക്കുന്നില്ല. സ്വന്തമായി ജോലി ചെയ്യുന്ന, സ്വയം പര്യാപ്തതയുള്ള, വിദ്യാഭ്യാസമുള്ള സ്ത്രീകൾ കറ്റാന്വേഷകരായി എത്തു ന്നത് ഭാഷയേയും ആഖ്യാനത്തെയും സവിശേഷമായി പുനർനിർമ്മിക്കുന്നു. കാഴ്ചപ്പാടുകളുടെ, ഭാവനയുടെ, ചിന്താമണ്ഡലങ്ങളുടെയെല്ലാം വ്യത്യസ്തത പുതിയ കുറ്റാന്വേഷണസാഹിത്യത്തെ നവീകരിക്കുന്നതിന്റെ കാരണവും ഇതാണ്. മാധ്യമ പ്രവർത്തകർ, അന്വേഷണ കുതുകികളായ കഥാപാത്ര ങ്ങൾ, സാങ്കേതികവിദ്യയെക്കുറിച്ച് അറിവുളളവർ, എല്ലാത്തിനുമുപരിയായി ശക്തമായ നിലപാടുകളുള്ള സ്ത്രീ കുറ്റാന്വേഷകരാൽ സമ്പന്നമായ സാഹിത്യ പരിസരമാണ് ഇന്നുള്ളത്. ഉത്തരാധുനികത സാമൂഹിക, സാംസ്കാരിക ജീവി തത്തിൽ വരുത്തിയ മാറ്റങ്ങളുടെയും ചിന്തകളുടെയും ആശയലോകത്തിൽ നിന്ന് എഴുതുന്ന സാഹിത്യമാണ് ഇന്നത്തെ കുറ്റാന്വേഷണനോവലിന്റേത്. ജനപ്രിയസാഹിത്യത്തിൻ്റെ സാംസ്കാരിക പരിസരത്തു നിന്ന് മാത്രം അതിനെ വിലയിരുത്താൻ കഴിയില്ല. വിശാലമായ അനുഭവമാതൃകകളെ അടയാളപ്പെ ടുത്തുന്നതിൽ സൂക്ഷ്മത പുലർത്തുന്ന സാഹിത്യമായി കുറ്റാന്വേഷണനോവൽ മാറുന്നു.
സ്ത്രീകൾ കൂടുതലായി കുറ്റാന്വേഷണസാഹിത്യത്തിലേക്ക് എഴുത്തുകാരാ യും വായനക്കാരായും കടന്നുവരുന്നു. സാമൂഹ്യമാധ്യമങ്ങളിലെ സാഹിത്യക്കൂ ട്ടായ്മകളിൽ കുറ്റാന്വേഷണ പുസ്തകചർച്ചകളിൽ സജീവമായി ഇടപെടുന്നത് സ്ത്രീകളാണ്. 1913-ൽ ചിന്നമ്മ അമ്മ എഴുതിയ ‘ഒരു കൊലക്കേസ്’ എന്ന കഥയാണ് ആദ്യമായി സ്ത്രീ എഴുതിയ അപസർപ്പക കഥയായി മലയാളസാഹി ത്യത്തിൽ വരുന്നത്. 1914-ൽ തരവത്ത് അമ്മാളു അമ്മ ‘കമലാഭായ് അഥവാ ലക്ഷ്മി വിലാസത്തിലെ കൊലപാതകം’ എന്ന അപസർപ്പക നോവൽ എഴുതി 1980-90 കാലയളവിൽ കുറ്റാന്വേഷണ സാഹിത്യത്തിന് ഉണ്ടായിരുന്ന ജനപ്രീതി പിന്നീട് നഷ്ടമായി. അന്നും സ്ത്രീ എഴുത്തുകാർ കുറ്റാന്വേഷണനോവൽ എഴുതുന്നത് വിരളമാണ്. 2014-ൽ ഭദ്ര എൻ.മേനോൻ എഴുതിയ ‘സിൽവർ ജെയിംസ്’ എന്ന കൃതിയാണ് സ്ത്രീ എഴുതിയ കുറ്റാന്വേഷണനോവലായി പിന്നീട് ശ്രദ്ധ നേടിയത്. ജനപ്രിയ സാഹിത്യത്തിൻ്റെ പ്രധാന വായനക്കാരാ യിരുന്ന ബഹുഭൂരിപക്ഷം സ്ത്രീകളും 1990-കൾക്ക് ശേഷം ഭാഗികമായും 2000-നു ശേഷം പൂർണ്ണമായും ടെലിവിഷൻ പരമ്പരകളുടെ പ്രേക്ഷകരായി മാറിയതും ശ്രദ്ധേയമാണ്.
രണ്ടായിരത്തിനു ശേഷം കുറ്റാന്വേഷണസാഹിത്യം ജനപ്രിയമായ രീതിയിൽ ഒരു തരംഗമായി വരുന്നത് ലാജോ ജോസിൻ്റെ കൃതികളിലൂടെ യാണ്. ജി. ആർ. ഇന്ദു ഗോപനും അൻവർ അബ്ദുള്ളയും നടത്തിയ ശ്രമങ്ങളെ യും മറ്റൊരു തലത്തിൽ വിലയിരുത്തേണ്ടതുണ്ട്. എന്നാൽ ലാജോ ജോസിന്റെ കൃതികൾ എഴുത്തിലും പ്രസാധനത്തിലും പബ്ലിസിറ്റിയിലും ചെലുത്തിയ ഇടപെടലുകളാണ് ഇതിൽ പ്രധാനം. നവമാധ്യമങ്ങളുടെ സ്വാധീനം ഇതിൽ വഹിച്ച പങ്ക് എടുത്തു പറയേണ്ടതുണ്ട്. ശ്രീപാർവതിയുടെ കൃതികളും ഇതേസ മയത്ത് നിരവധി വായനക്കാരെ സ്വന്തമാക്കിയിരുന്നു. എഴുത്തിന്റെ ക്രാഫ്റ്റിലും കഥാപാത്രങ്ങളുടെ രൂപികരണത്തിലും കുറ്റാന്വേഷണത്തിൻ്റെ ഘടനയിലു മെല്ലാം നവഭാവുകത്വം കൃതികൾ പുലർത്തിയിരുന്നു. ജനപ്രിയ മാസികക ളിൽ കുറ്റാന്വേഷണ നോവലുകൾ തുടർക്കഥകളായി പ്രസിദ്ധീകരിച്ചപ്പോൾ ഉണ്ടായിരുന്ന ഒരു അലസത പലപ്പോഴും എഴുത്തിന്റെ കാര്യത്തിൽ പുതിയ കൃതികളിലും കാണാം. പക്ഷെ വായനക്കാരെ തൃപ്തിപ്പെടുത്തുന്നതിൽ കൃതികൾ വിജയിച്ചു. ജനപ്രിയതയുടെ ഒരു പുതിയതരംഗം ഇതിലൂടെ സംഭവിച്ചു. ഇത്ത രത്തിൽ കുറ്റന്വേഷണ സാഹിത്യത്തിൻ്റെ എഴുത്തിടം കൂടുതൽ സജീവമായി. ശ്രീപാർവതിയും ജിസ് ജോസും ഋതുപർണ്ണയും ആതിര കെ.യും കുറ്റാന്വേഷണ സാഹിത്യത്തിനു നൽകിയ സംഭാവനകൾ പുതിയൊരു തലത്തിലേക്ക് ആഖ്യാനങ്ങളെ നയിക്കുന്നു. അത് രാഷ്ട്രീയമായും സാമൂഹികമായും പ്രസക്തി യുള്ളതാണെന്ന് വായനക്കാർ തിരിച്ചറിയുകയും സ്വീകരിക്കുകയും ചെയ്യുന്നത് പ്രതീക്ഷ നൽകുന്നു.
സ്ത്രീകൾ എഴുതുന്ന കൃതികളിൽ മാത്രമല്ല, പുരുഷന്മാർ എഴുതുന്ന കൃതികളിലും കുറ്റാന്വേഷകയായും നായകനൊപ്പം തുല്യമായ പ്രാധാന്യമുള്ള കഥാപാത്രമായും പ്രതിനായികയായും സ്ത്രീകൾ മുന്നോട്ടു വരുന്നു. സ്ത്രീ-പുരുഷ ദ്വന്ദ്വങ്ങളിൽ നിന്ന് മാറി ട്രാൻസ് വിഭാഗങ്ങൾ കൂടി കഥാപാത്രമാകുന്ന കുറ്റാന്വേഷണ കൃതികൾ ഉണ്ടാകുന്നു. ഋതുപർണ്ണയുടെ ‘ആൽഫാ 2 ലേഡിസ് ഹോസ്റ്റലിലെ ആത്മഹത്യകൾ’ എന്ന കൃതി ഉദാഹരണമാണ്. ലെസ്ബിയൻ, ഗേ, ബൈസെക്ഷ്വൽ പ്രതിനിധാനങ്ങൾ ശ്രീപാർവതിയുടെ കൃതികളിലും സജീവമാണ്. മാറിയ സാമൂഹികബോധത്തിൻ്റെ കാഴ്ചപ്പാടുകളും ജീവിതാനു ഭവങ്ങളുമായി ബന്ധപ്പെട്ടാണ് ഉത്തരാധുനിക കുറ്റാന്വേഷണ കൃതികളിലെ കഥാപാത്രങ്ങൾ വായനക്കാരോട് സംവദിക്കാൻ തയ്യാറാകുന്നത്. ഡാർക്ക് നെറ്റിലെ ശിവന്തിക എന്ന പോലീസ് ഉദ്യോഗസ്ഥയും ശിഖ എന്ന റിപ്പോർട്ടറും ഇട്ടിമാത്തൻ ഡയറീസിലെ കാതറീനയും ചുംബനസമയത്തിലെ സ്ത്രീകഥാപാ ത്രങ്ങളും വ്യക്തിത്വം കൊണ്ട് സ്വതന്ത്രരാകുന്നതും ഇതേ സാഹചര്യത്തിലാണ്. എന്നാൽ ഈ നോവലുകൾക്കെല്ലാം എതിരെ നിൽക്കുന്ന കൃതിയാണ് ദി ഗെയിം ഓവർ.
കാലഘട്ടത്തിന് അനുയോജ്യമല്ലാത്ത ഒരു കഥാപാത്രസൃഷ്ടിയും എഴുത്തു ഭാഷയും കൊണ്ട് വ്യതിരിക്തമായി നിൽക്കുന്ന നോവലാണ് ഗെയിം ഓവർ. ഈ നോവലിലെ ഭാവുകത്വം പഴയ ജനപ്രിയ സാഹിത്യത്തിലെ, വിശേഷിച്ച് മാസികകളിൽ പ്രസിദ്ധീകരിച്ചിരുന്ന ജനപ്രിയ നോവലുകളിലെ ചില സ്വഭാവ സവിശേഷതകളോട് സാമ്യമുള്ളതാണ്. പ്രത്യേകിച്ചും സ്ത്രീയെക്കുറിച്ചു ള്ള കാഴ്ചപ്പാടിൽ, പ്രതിനായിക സ്ത്രീയായതുകൊണ്ടു മാത്രം സംഭവിക്കുന്ന കാര്യമെന്ന് പറഞ്ഞ് ഒഴിഞ്ഞാലും നോവലിലുടനീളം സ്ത്രീയോട് നോവലിസ്റ്റ് പുലർത്തുന്ന അനീതി കാലഘട്ടത്തിന് നിരക്കാത്തതാണ്. 21ആം നൂറ്റാണ്ടിലെ സാങ്കേതികവിദ്യയുടെയും ശാസ്ത്രത്തിൻ്റെയും വളർച്ചയുടെ സാധ്യതകൾ ആഖ്യാനവിധേയമാക്കുന്ന നോവലിൽ നോവലിസ്റ്റ് സ്വീകരിക്കുന്ന ഭാഷയും
ചിന്തയും നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ്. ചരിത്രപരമായ മുന്നേറ്റത്തെ സൂചി പ്പിക്കുന്ന ഫെമിനിസത്തെ പരിഹസിക്കുന്ന ‘ഫെമിനിച്ചി’ യെന്ന പ്രയോഗം വിഷലിപ്തമായ സൈബർ ആണത്തത്തിൻ്റെ സൃഷ്ടിയാണ്. അത്തരമൊരു പ്രയോഗത്തെ എഴുത്തുകാരൻ ഒരു സ്ത്രീ കഥാപാത്രത്തെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്നത് സാഹിത്യത്തോടുള്ള അനീതിയും ഉത്തരവാദിത്വമില്ലാ യ്മയുമാണ്. ടൈംലൂപ്പിനെക്കുറിച്ച് നോവലിൽ ചർച്ച ചെയ്യുമ്പോഴും ടൈം ട്രാവലിലൂടെ ഭാഷയെയും ചിന്തയെയും വർഷങ്ങൾക്കും നൂറ്റാണ്ടുകൾക്കും പിന്നിലേക്ക് സഞ്ചരിപ്പിക്കുന്ന നോവലിസ്റ്റിൻ്റെ ആണധികാരത്തിന്റെ എഴു ത്തുവിദ്യ വായനയെ മലിമസമാക്കുന്നു. വായന അവസാനിപ്പിക്കാൻ വായ നക്കാരെ പ്രേരിപ്പിക്കുന്നതല്ല കുറ്റാന്വേഷണ കൃതിയുടെ മേന്മ. കൈകാര്യം ചെയ്യുന്ന വിഷയത്തിൻ്റെ സാധ്യതയെ എല്ലാ അർത്ഥത്തിലും നീതി പുലർത്തി അവതരിപ്പിക്കാൻ സാധിച്ചിരുന്നുവെങ്കിൽ ഇന്നത്തെ സാമൂഹികാവസ്ഥയിൽ വായനാക്ഷമത ലഭിക്കേണ്ട കൃതിയായിരുന്നു ദി ഗെയിം ഓവർ.
രഹസ്യാത്മകതയും സൈബർ യുദ്ധങ്ങളും
കുറ്റാന്വേഷണനോവലുകളിൽ നിന്ന് മന്ത്രവാദ നോവലുകളിലേക്കുള്ള ജനപ്രിയ സാഹിത്യത്തിൻ്റെ മാറ്റത്തെ “1950-കളുടെ തുടക്കം മുതൽ നാലു പതിറ്റാണ്ടു കാലം ഏതാണ്ട് പൂർണ്ണമായും ക്രൈസ്തവ കുടുംബാന്തരീക്ഷ ത്തിലും മൂല്യബോധങ്ങളിലും സാമൂഹ്യമണ്ഡലങ്ങളിലും കറങ്ങിത്തിരിഞ്ഞ മലയാളത്തിലെ ജനപ്രിയ നോവൽ ഭാവുകത്വമാണ് അതിന്റെ ആഖ്യാന ഭൂമിശാസ്ത്രവും ഭാവനാഭൂപടവും ഈ വിധം തിരുത്തിയെഴുതിയത്” എന്ന് ഷാജി ജേക്കബ് (2010: 53) നിരീക്ഷിക്കുന്നു. എന്നാൽ ഉത്തരാധുനിക കുറ്റാ ന്വേഷണ നോവലുകളിൽ പുരാതന ക്രൈസ്തവ പ്രമേയങ്ങളും പ്രതികങ്ങളും ശക്തമായി തിരിച്ചു വരുന്നതിന്റെ സൂചനകൾ ദൃശ്യമാണ്. ടി.ഡി. രാമകൃഷ്ണന്റെ ‘ഫ്രാൻസിസ് ഇട്ടിക്കോര’, ബെന്യാമിൻ്റെ ‘മഞ്ഞവെയിൽ മരണങ്ങൾ’, ജിസ ജോസിന്റെ ‘ഡാർക്ക് ഫാൻ്റസി’യിലെ പൂഞ്ചോലക്കൽ തറവാട്, ഇരുട്ടിന്റെ ശക്തികളായ സാത്താൻ ആരാധനയുടെ പ്രമേയങ്ങളും ചിഹ്നങ്ങളും വസ്ത്രധാരണ രീതികളും കടന്നുവരുന്ന ശ്രീപാർവതിയുടെ ‘മിസ്റ്റിക് മൗണ്ടൻ’, ‘വയലറ്റുപൂക്കളുടെ മരണം.’ ആദർശിൻ്റെ ഡാർക്ക് നെറ്റിൽ ഡെത്ത് റൂമിലെ കൊലപാതക സമയത്ത് അണിയുന്ന കറുത്ത വസ്ത്രങ്ങൾ, ദി ഗെയിം ഓവറിലെ യഹൂദ സമൂഹത്തിൻ്റെ വിശ്വാസ വംശീയ തീവ്രതകൾ, ലാജോ ജോസിന്റെ കൃതികളിൽ കാണുന്ന ക്രിസ്ത്യൻ പശ്ചാത്തലമുള്ള കഥാപാ ത്രങ്ങൾ, ബൈബിൾ വചനങ്ങൾ, ഋതുപർണ്ണയുടെ ‘ഏഴാമത്തെ കല്ലറ’ തുടങ്ങിയ കൃതികളിലെല്ലാം ഈ പ്രവണത വ്യത്യസ്ത രൂപത്തിൽ കടന്നുവരു ന്നുണ്ട്. മധ്യവർഗ്ഗ കുടുംബപശ്ചാത്തലത്തിലൂന്നിയുള്ള കഥാസന്ദർഭങ്ങൾ ഈ നോവലുകളുടെ മറ്റൊരു സവിശേഷതയാണ്. സൈബർ ശാസ്ത്ര കുറ്റാന്വേഷ ണനോവലുകൾക്കൊപ്പം തന്നെ രഹസ്യാത്മകതയും നിഗൂഢതയും കൊണ്ട് ഭയത്തിന്റെ സാധ്യതകളെ ഉപയോഗിച്ച് ആഖ്യാനമാതൃകകൾ സൃഷ്ടിക്കുന്ന കുറ്റാന്വേഷണകൃതികളും ഒരേസമയം ജനപ്രിയത തിരിച്ചു പിടിക്കുന്ന സാഹി ത്യപരിസരമാണ് ഇന്നുള്ളത്.
കോഡ് വാക്കുകളും രഹസ്യങ്ങൾ ഒളിപ്പിക്കുന്ന നമ്പർ പാറ്റേണുകളും കുറ്റാന്വേഷണ നോവലുകളിലെ സ്ഥിരസാന്നിധ്യമാണ്. വായനക്കാരെ ആകാംക്ഷാഭരിതരാക്കുന്നതിൽ ഇത്തരം പ്രയോഗങ്ങൾക്കുള്ള സാധ്യതയും അവയുടെ പിന്നിലുള്ള രഹസ്യം കണ്ടെത്തലും പ്രധാനമാണ്. ഡാർക്ക് നെറ്റിൽ പറയുന്ന ബ്ലാക്ക് ഫറവോ എന്ന സൈറ്റിൽ ഉണ്ടായിരുന്ന പിരമി ഡിന്റെ ചിത്രത്തിൽ രേഖപ്പെടുത്തിയ ‘RA’ എന്ന രണ്ടക്ഷരങ്ങൾ, അനന്തമൂർ ത്തിയുടെ കയ്യിലുള്ള ‘ KV 62, 19-22 എന്ന നമ്പർ, ദി ഗെയിം ഓവറിലെ Day 50, MOM എന്നീ കോഡുകൾ, മരണത്തിൻ്റെ നിഗൂഢതകൾ ഉൾക്കൊള്ളുന്ന മ്യൂസിക്കൽ നോട്ടുകൾ എല്ലാം കുറ്റാന്വേഷണത്തെ വളരെയധികം സ്വാധീനി ക്കുന്ന തരത്തിൽ എഴുത്തുകാർ ക്രമീകരിച്ചിട്ടുണ്ട്. സമീപകാലത്തിറങ്ങിയ എല്ലാ കുറ്റാന്വേഷണ കൃതികളിലും ഈ രീതി ഉപയോഗിക്കുന്നു. പുസ്തകങ്ങളുടെ പേരുകൾ പോലും രഹസ്യങ്ങൾ ഒളിപ്പിക്കുന്ന നമ്പറുകളാകുന്ന പ്രവണതയും പ്രകടമാണ്.
അക്കങ്ങളോടുള്ള സൂക്ഷ്മത മലയാള കുറ്റാന്വേഷണ സാഹിത്യത്തിൽ പ്രബലമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. 13 എന്ന നമ്പറും കോട്ടയം പുഷ്പനാഥും തമ്മിലുള്ള ബന്ധം ഇവിടെ ഓർക്കേണ്ടതുണ്ട്. അദ്ദേഹം പ്ര സിദ്ധീകരണത്തിനായി നൽകിയിരുന്ന അധ്യായങ്ങളിൽ 13 എന്ന നമ്പർ എഴുതാറില്ലായിരുന്നു. കയ്യെഴുത്തു പ്രതികളിൽ പകരം 12 എ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. പഴയ പ്രസാധകർ ഈ ശൈലിക്ക് പ്രാധാന്യം നൽകിയിരുന്നില്ല. ഇന്ന് കോട്ടയം പുഷ്പനാഥ് പബ്ലിക്കേഷൻസിന്റേതായി പുറത്തു വരുന്ന പഴയ പുസ്തകങ്ങളുടെയെല്ലാം പുതിയ എഡിഷനുകളിൽ 12 എ എന്ന നമ്പരാണ് നൽകിയിരിക്കുന്നത്. ‘ചുവന്ന മനുഷ്യൻ’, ‘ഓവർ ബ്രിഡ്‌ജ്’ തുടങ്ങി നിരവധി കൃതികളിലും അശുഭസൂചകമായി 13 എന്ന നമ്പർ പല സന്ദർഭങ്ങളിലും പുഷ്പനാഥ് ഉപയോഗിച്ചിട്ടുണ്ട്. ഇത്തരം ചിന്തകൾ, വിശ്വാസങ്ങൾ പാശ്ചാത്യ സ്വാധീനത്തിൽ നിന്നും മലയാള കുറ്റാന്വേഷണ നോവലുകളിലേക്ക് വന്നിട്ടുള്ളതാണ്.
പതിമൂന്നാം നമ്പറിനെക്കുറിച്ചുള്ള സമാനമായ ഒരു പരാമർശം ഡാർക്ക് നെറ്റ് നോവലിലും വന്നിട്ടുള്ളത് ശ്രദ്ധേയമാണ്. ശിവന്തിക ഐ.പി.എസിനോട് അന്വേഷണസംഘത്തിലെ ആളുകളുടെ എണ്ണവുമായി ബന്ധപ്പെട്ട് നടത്തുന്ന “സംഖ്യാശാസ്ത്രപ്രകാരം പതിമൂന്ന് നല്ലൊരു നമ്പർ അല്ലല്ലോ മാഡം”(2021: 238) എന്ന പരാമർശം യാദൃശ്ചികമല്ല. സാങ്കേതികവിദ്യയുടെയും ശാസ്ത്രത്തി ന്റെയും നവീന സാധ്യതകളെ കേസന്വേഷണങ്ങൾക്ക് പ്രയോജനപ്പെടുത്തുന്ന പോലീസ് ഉദ്യോഗസ്ഥരോട് പറയുന്ന യുക്തിസഹമല്ലാത്ത ഈ വാക്കുകൾ കുറ്റാന്വേഷകയുടെ അത്മവിശ്വാസത്തെ തളർത്താൻ തന്ത്രപരമായി ഉപയോ ഗിക്കുന്ന ഒരു പ്രയോഗമാണ്. പക്ഷെ ശിവന്തിക അതിനെ കൃത്യമായി അവഗണിച്ച് തള്ളിക്കളയുന്നുണ്ട്. ഇട്ടിമാത്തൻ ഡയറീസിൽ അക്ഷരങ്ങൾ തെറ്റിച്ചെഴുതിയും നമ്പറുകളിൽ രഹസ്യങ്ങൾ സൂക്ഷിക്കുന്ന ഗൂഢാർത്ഥശാസ്ത്ര ത്തിന്റെയും ചരിത്രത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. സൈബർ കോഡുരീതികളുമായി ബന്ധപ്പെടുത്തി കമ്പ്യൂട്ടർ വിജ്ഞാനശാഖയിലെ സങ്കേ തങ്ങളുപയോഗിച്ച് നവീനമായ രീതിയിൽ വലിയ രഹസ്യങ്ങളെ സംരക്ഷിക്കു ന്ന കോഡുരിതികൾ അവതരിപ്പിക്കുന്നു. ഇത്തരം പുതുമകൾ വിശാലമായ സാധ്യതകൾ കുറ്റാന്വേഷണ കൃതികൾക്ക് നൽകുന്നു.
കുറ്റകൃത്യങ്ങൾക്ക് നിഗൂഢതയും രഹസ്യാത്മകതയും ഉണ്ടായിരിക്കുക യെന്നത് പ്രധാനമാണ്. രഹസ്യങ്ങളുടെ വെളിപ്പെടുത്തൽ ഏതുവിധമാണ് നടത്തുന്നത് എന്നതിനെ ആശ്രയിച്ചാകും കുറ്റാന്വേഷണത്തിലെ കഥാഗതി യുടെ ഘടന രൂപപ്പെടുന്നത്. രഹസ്യസ്വഭാവം ഡാർക്ക് നെറ്റിൽ കൂടുതലായി ഉപയോഗിച്ചിട്ടുണ്ട്. വായനക്കാരിൽ ആകാംക്ഷ സൃഷ്ടിക്കുന്നതിനായി 102 ലധികം തവണയാണ് രഹസ്യമെന്ന വാക്ക് നോവലിൽ പ്രയോഗിച്ചിട്ടുള്ളത്. പുരാതന ഈജിപ്ഷ്യൻ സംസ്കാരത്തിലെ ചിഹ്നങ്ങളെയും വിശ്വാസങ്ങളെ യും സൈബറിടത്തിൽ കുറ്റകൃത്യങ്ങൾക്കുള്ള മറയായി ഉപയോഗിക്കുന്നു. ബ്ലാക്ക് ഫറവോ എന്ന പേരും പിരമിഡുകളും ഈജിപ്ഷ്യൻ ബന്ധവും എല്ലാ കാലത്തും ലോകസാഹിത്യത്തിൻ്റെയും സിനിമയുടെയും രഹസ്യാത്മകതയുടെ ഇടങ്ങളായിരുന്നു. മിത്തും ചരിത്രവും ഭാവനയും കൊള്ളയും രഹസ്യസമൂഹങ്ങ ളും നിധിവേട്ടയും ഭാവനയുടെ തലങ്ങളെ പ്രോജ്വലിപ്പിക്കുന്നതിന് സാഹിത്യം സാക്ഷിയാണ്. രഹസ്യങ്ങൾ ഭാവനയുടെ താക്കോലുകളാണ്. സൈബറിടവും ഡാറ്റാ രഹസ്യങ്ങളുടെ കേന്ദ്രങ്ങളാകുന്നു. അതുകൊണ്ടാണ് “ജനങ്ങളുടെ രഹസ്യങ്ങൾക്ക് എത്ര ട്രില്യൻ ഡോളറിൻ്റെ വിലയുണ്ടെന്ന്”(ആദർശ് എസ്. 2021: 46) തിരിച്ചറിയാൻ സൈബർ അധോലോകത്തിന് കഴിയുന്നത്.
ഡാർക്ക് വെബ്ബ് കേന്ദ്രീകരിച്ച് നടക്കുന്ന കുറ്റകൃത്യങ്ങൾക്ക് നേതൃത്വം നൽകുന്ന സംഘങ്ങൾക്ക് സൈനികഘടനയുമായുള്ള ബന്ധം ശ്രദ്ധേയമാണ്. സംഘാംഗങ്ങൾക്ക് നൽകുന്ന സ്ഥാനപ്പേരുകൾ, റാങ്കുകൾ, ഉത്തരവാദിത്ത ങ്ങൾ, അച്ചടക്ക നടപടികൾ, ശിക്ഷകൾ തുടങ്ങിയവയിലെല്ലാം പട്ടാളച്ചി ട്ടയുടെ സ്വാധീനം പ്രകടമാണ്. സൈബർ കുറ്റാന്വേഷണ നോവലുകളിലും ഇതേരീതി അനുവർത്തിക്കുന്നത് കാണാം. ഇട്ടിമാത്തൻ ഡയറീസിൽ എൽദേ സറിന് വീഡിയോ ക്ലിപ്പ് അയച്ചുകൊടുക്കുന്നത് “ക്യാപ്റ്റൻ എന്ന ഒരാളിൽ നിന്നായിരുന്നെങ്കിൽ മൈക്കിന് അത് കേണൽ എന്നൊരാളിൽ നിന്നായി രുന്നു. രണ്ടിന്റെയും പട്ടാളച്ചുവ അവരിൽ ഒന്നിച്ച് അങ്കലാപ്പുണ്ടാക്കിയിരുന്നു” (2021: 140). ക്യാപ്റ്റനും കേണലും നോവലിലെ വില്ലൻ കഥാപാത്രമായ കമാൻഡർ ബൈറ്റിൻ്റെ അനുയായികളായിരുന്നു. ഡാർക്ക് നെറ്റ് നോവലിലെ വില്ലൻ കഥാപാത്രമായ മഹാദേവൻ ഡാർക്ക് വെബ്ബിൽ അറിയപ്പെടുന്നത് മേജർ എന്ന അപരനാമത്തിലാണ്. ഈജിപ്ഷ്യൻ സംസ്കാരത്തിലെ പ്രധാന ദേവനായ സൂര്യനെ വിശേഷിപ്പിക്കുന്ന ‘രാ’ എന്ന നാമവും അധോലോക ത്തിന്റെ ദൈവമായ ഒസിരിസിൻ്റെ നാമവും സൈബർ കുറ്റകൃത്യങ്ങൾക്ക് സംഘങ്ങൾ ഉപയോഗിക്കുന്നതും നോവലിലുണ്ട്. സൈബർലോകത്ത് അധി കാരത്തിന്റെ ശക്തി കൃത്യമായി അടയാളപ്പെടുത്തുന്ന സ്ഥാനപ്പേരുകൾ നൽകുന്ന സന്ദേശം വ്യക്തമാണ്.
ഇന്റർനെറ്റും സാമൂഹ്യമാധ്യമങ്ങളും കേന്ദ്രീകരിച്ചുള്ള സംഘങ്ങളും ഇതേരീതി പിന്തുടരുന്നത് കാണാം. ‘ട്രോൾ ആർമി’ എന്ന പേര് ഇതിൽ പ്രധാനമാണ്. വംശീയ വിദ്വേഷത്തിൻ്റെ പരിണിതഫലമായി നോർവെയിൽ “ആന്ദ്രേ ബ്രെവിക് നടത്തിയ കൂട്ടക്കൊലയ്ക്ക് ശേഷം സമൂഹമാധ്യമങ്ങളിലെ വലതുപക്ഷ വിധ്വംസക രാഷ്ട്രീയത്തിന്റെ പ്രതിനിധികളെ വിശേഷിപ്പിക്കാൻ യൂറോപ്യൻ മാധ്യമങ്ങൾ ഉപയോഗിച്ച പ്രയോഗമാണ് ‘ട്രോൾ ആർമി’. ഇത് പിന്നീട് സംഘം ചേർന്നുള്ള സൈബർ അക്രമണ സംഘത്തെ സാധൂകരിക്കു ന്ന വിശേഷണമായി മാറി” (ദാമോദർ പ്രസാദ്, 2021; 150). കേരളത്തിലെ രാഷ്ട്രീയ പാർട്ടികളുടെ അനുഭാവികൾ നിയന്ത്രിക്കുന്ന സാമൂഹ്യമാധ്യമങ്ങ ളിലെ കൂട്ടായ്മകൾക്കും കേരളത്തിലെ പ്രധാന ഹാക്കേഴ്സ് സംഘടനയുടെയും പേരുകൾ ഇതോട് ചേർത്തു വായിക്കേണ്ടതുണ്ട്. സൈബർ ആർമി, ട്രോൾ ആർമി, പോരാളി ഷാജി, സൈബർ വാരിയേഴ്സ്, സൈബർ ഫോഴ്സ് തുടങ്ങിയ പേരുകളും ഗ്രൂപ്പുകൾക്ക് ഉപയോഗിക്കുന്ന ചിഹ്നങ്ങളും ഒരു യുദ്ധസ്ഥലത്തിന്റെ ഇടമായി സൈബർ ലോകത്തെ മാറ്റുന്നു. ഫെയ്ക് ഐഡികളുടെ പേരുകളിലും പട്ടാള റാങ്കുകൾ ദൃശ്യമാണ്.
സൈബർ കുറ്റകൃത്യങ്ങൾ ഓൺലൈനായി മാത്രം നടക്കുന്നവയല്ല. മറഞ്ഞിരുന്ന് ആസൂത്രണവും പണമിടപാടും നടത്താനുള്ള ഇടം മാത്രമായി ഉപയോഗിക്കാനുള്ള സാധ്യതയാണ് പ്രധാനമായും ഇവിടെ ലഭിക്കുന്നത്. പ്രതീതി സ്ഥലത്തുനിന്നും യഥാർത്ഥ സ്ഥലത്തേക്ക് വ്യാപിക്കുന്ന കുറ്റകൃത്യ ങ്ങളുടെ ബൗദ്ധിക ഇടം സൈബർ മേഖലയിലായിരിക്കും. ശൃംഖലാ ബന്ധി തമാണ് കുറ്റകൃത്യങ്ങളുടെ സ്വഭാവം. സാങ്കേതികവിദ്യയിൽ അറിവുനേടിയ വിഭാഗം മറഞ്ഞിരിക്കും. കുറ്റകൃത്യങ്ങൾ ചെയ്യാൻ നിയോഗിക്കപ്പെടുന്നവർ സാങ്കേതികവിദ്യയെക്കുറിച്ച് പരിജ്ഞാനമില്ലാത്ത പാർശ്വവത്കൃത ജനവി ഭാഗങ്ങളിൽ നിന്നുള്ളവരുമായിരിക്കും. പിടിക്കപ്പെടുന്നതും ശിക്ഷിക്കപ്പെടു ന്നതും ആര് എന്ന് തിരിച്ചറിയുമ്പോഴാണ് സമൂഹത്തിൽ സാങ്കേതികവിദ്യയും വിദ്യാഭ്യാസവും മനുഷ്യരെ തരംതിരിക്കുന്ന ഡിജിറ്റൽ ഡിവൈഡിനെക്കുറിച്ച് തിരിച്ചറിയുന്നത്. ലോകം ടെക്നോളജിയിൽ അഭിരമിക്കുമ്പോഴും നിശബ്ദരായി അതിന്റെ ഇരകളാകുന്ന മനുഷ്യർ. ഡാർക്ക് നെറ്റിലെ വിനായകൻ അത്തര മൊരു കഥാപാത്രമാണ്. ഡാർക്ക് വെബ്ബ് കേന്ദ്രീകരിച്ച് സാങ്കേതികവിദ്യയിൽ പരിജ്ഞാനമുള്ള ഹാക്കേഴ്സും പ്രോഗ്രാമേഴ്സും നടത്തുന്ന സൈബർ യുദ്ധങ്ങൾ ഡാറ്റയുമായി ബന്ധപ്പെട്ടുള്ളതാണ്. “ഇന്ന് ലോകത്തെ ഏറ്റവും വലിയ രാജ്യത്തെ തകർക്കാൻ അത്യന്താധുനിക മിസൈലുകളും മറ്റുമല്ല വേണ്ടത്. ഡേറ്റയാണ്”(ജയദേവ് വി, 2021:169). ജനങ്ങളുടെ രഹസ്യങ്ങൾ ചോർത്തിയും വൈറസുകളും മാൽവെയറുകളും ഉപയോഗിച്ച് ആയുധക്കലവറകൾ തകർ ക്കുകയും രാജ്യരഹസ്യങ്ങൾ ചോർത്തിയുമുള്ള അന്താരാഷ്ട്ര യുദ്ധങ്ങളാണിവ. രണ്ട് ലോകയുദ്ധങ്ങൾക്ക് ശേഷം സൈബറിടത്തിൽ നടക്കുന്ന നിശബ്ദ മൂന്നാംലോക യുദ്ധത്തിൽ കോർപ്പറേറ്റ് കമ്പനികളും ഗവൺമെന്റുകളും ഒരേസമയം ആവശ്യക്കാരും ഇരകളുമാകുന്നു.
അധികാരം നിലനിർത്തുന്നതിനുള്ള ആയുധമായിട്ടാണ് സാങ്കേതിക വിദ്യയെ കോർപ്പറേറ്റ് കമ്പനികൾ രാഷ്ട്രീയത്തിൽ ഉപയോഗിക്കുന്നത്. കമ്പ നികളുടെ പ്രവർത്തനം സുഗമമാക്കുന്നതിലും മനുഷ്യ-പ്രകൃതി വിഭവങ്ങളുടെ ചൂഷണത്തിനും വിപണി നിലനിർത്തുന്നതിനും രാഷ്ട്രങ്ങളുടെ അധികാരം കോർപ്പറേറ്റുകളെ സംബന്ധിച്ച് പ്രധാനമാണ്. ഇലക്ട്രോണിക് ബാലറ്റ് ഹാക്ക് ചെയ്ത് രാജ്യത്തിൻ്റെ തിരഞ്ഞെടുപ്പ് അട്ടിമറിച്ച് അധികാരം പിടിച്ച ടക്കാനുള്ള ശ്രമത്തെക്കുറിച്ച് ഇട്ടിമാത്തൻ ഡയറീസിൽ പ്രതിപാദിക്കുന്നത് സമകാലരാഷ്ട്രീയ സാഹചര്യത്തിൽ പ്രസക്തമാണ്. രാഷ്ട്രീയ എതിരാളി കളുടെ രഹസ്യങ്ങൾ വിവിധ രാജ്യങ്ങളിലെ ഗവൺമെൻ്റുകൾക്ക് വേണ്ടി ഹാക്കിങ് നടത്തിയതിനെക്കുറിച്ച് ഡാർക്ക് നെറ്റിലും പരാമർശങ്ങളുണ്ട്. ടെക്നോളജിയും ശാസ്ത്രവും ഉപയോഗിച്ച് അധികാരം കയ്യടക്കുന്ന ആഗോള മുതലാളിത്ത കോർപ്പറേറ്റ് ശ്രമങ്ങൾ സൈബർഫിക്‌ഷനിൽ പ്രമേയമാകുന്നു.
ഫെയ്സ്ബുക്കിന് സമാനമായി ഫോളിയോ എന്ന സാമൂഹ്യമാധ്യമത്തി ന്റെ അടിമകളാകുന്ന ജനങ്ങളെ ഇട്ടിമാത്തൻ ഡയറീസിൽ കാണാം. ജനങ്ങ ളുടെ ഈ സൈബർ സാക്ഷരതയിലാണ് ഡാറ്റാ മാഫിയയുടെ മുതൽമുടക്ക്. ലാബുകളുടെയും ആശുപത്രികളുടെയും സൈറ്റുകൾ ഹാക്ക് ചെയ്ത് രോഗികളുടെ വിവരങ്ങൾ ശേഖരിച്ച് വിൽക്കുന്നവർ, അതിനനുസരിച്ച് പ്രവർത്തിക്കുന്ന മരു ന്നുമാഫിയകളുടെ മത്സരങ്ങൾ, പുതിയ അസുഖങ്ങൾ സൃഷ്ടിച്ച് മരുന്നുകൾക്ക് വിപണി കണ്ടെത്തുന്ന കോർപ്പറേറ്റ് തന്ത്രങ്ങളും നോവലുകളിൽ ചർച്ചാ വിഷയമാകുന്നു. മെഡിക്കൽ രംഗവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ശാസ്ത സൈബർ നോവലുകളുടെ പ്രധാന മേഖലയാണ്. ഒരർത്ഥത്തിൽ സൈബർ നോവലുകളിലെ വില്ലൻ കോർപ്പറേറ്റ് കമ്പനികളാണെന്നുള്ളതാണ് വാസ്തവം. അതുകൊണ്ടുതന്നെ അന്വേഷണവും ശിക്ഷയും നിയമത്തിന്റെ ചട്ടക്കൂടുകൾ ക്ക് പുറത്തായിരിക്കും പലപ്പോഴും നടക്കുക. കുറ്റാന്വേഷകന്റെ സ്വാതന്ത്ര്യം പ്രധാനമാണ്. കുറ്റകൃത്യങ്ങൾ അന്താരാഷ്ട്ര തലങ്ങളിലേക്ക് വളരുമ്പോൾ കുറ്റാ ന്വേഷണ നോവൽഭാവനയും അതിനനുസരിച്ച് വികസിക്കുന്നു. കുറ്റാന്വേഷണ നോവൽ സാഹിത്യത്തെ ചലനാത്മകമായി മുന്നോട്ടു നയിക്കാൻ ഡാർക്ക് വെബ്ബ് സൈബർ ഫിക്‌ഷനുകൾക്ക് കഴിയുമെന്നത് പുതിയ പ്രതീക്ഷയാണ്. ശാസ്ത്രവും സാങ്കേതികവിദ്യയും ഇതിവൃത്തമാകുന്നതോടെ അലസവായനയ്ക്ക് പിടിതരാതെ വായനക്കാരെ കൂടുതൽ ജാഗ്രതയോടെ സമീപിക്കാൻ പ്രേരി പ്പിക്കുന്ന സാഹിത്യമായി കുറ്റാന്വേഷണനോവൽ മാറുന്നത് ശുഭസൂചകമാണ്. മലയാള സാഹിത്യത്തിൽ കുറ്റാന്വേഷണകൃതികളിൽ വന്ന ഭാവുകത്വപരമായ പരിണാമങ്ങൾ പുസ്തകങ്ങളെയും വായനയെയും കൂടുതൽ ജനപ്രിയമാക്കുന്നു.
കുറ്റാന്വേഷണസാഹിത്യവും നവമാധ്യമങ്ങളിലെ
സാഹിത്യകൂട്ടായ്മകളും
കുറ്റാന്വേഷണ കൃതികൾക്ക് സമീപകാലത്ത് ലഭിച്ച സ്വീകാര്യതയുടെ പ്രധാന കാരണങ്ങളിലൊന്ന് സാമൂഹ്യമാധ്യമങ്ങളുടെ ഇടപെടൽ ശേഷിയാണ്. ഫെയ്സ്ബുക്കിലെയും വാട്‌സ്ആപ്പിലെയും സാഹിത്യക്കൂട്ടായ്മകളും ട്രോൾ പേജുകളും എഴുത്തിൻ്റെയും വായനയുടെയും സംവാദങ്ങളുടെയും പൊതു
ഇടങ്ങളായി പരിണമിച്ചു. സാമൂഹ്യമാധ്യമങ്ങൾ മലയാളികൾക്കിടയിൽ നേടിയെടുത്ത ജനപ്രിയത എഴുത്തിൻ്റെ ജനകീയതയിലേക്കുള്ള മടങ്ങിവര വിന് പുതിയ തലങ്ങൾ നൽകി. ഫെയ്‌സ്ബുക്കിലെ സാഹിത്യക്കൂട്ടായ്മകളിൽ ആൾക്കൂട്ടം എഴുതിയിടുന്ന കഥകൾക്കും കവിതകൾക്കും ജനപ്രിയസാഹിത്യ ത്തിന്റെയും കാല്പനികതയുടെയും ഭാവുകത്വങ്ങളോടുള്ള താല്പര്യം പ്രകടമാണ്. കുറ്റാന്വേഷണ നോവലുകൾക്ക് ലഭിക്കുന്ന ജനസ്വീകാര്യതയും ഇതിനോട് ചേർത്ത് വായിക്കേണ്ടതുണ്ട്. “ഒറ്റയൊരു നിലനില്പ് ജനപ്രിയ സാഹിത്യത്തി നിന്ന് ദുസ്സാദ്ധ്യമാണ്. ഇതര ജനപ്രിയ മാധ്യമങ്ങളുമായി സഹവർത്തിച്ചു കൊണ്ട് അവയ്ക്ക് അതിജീവിക്കാൻ ആവുകയുള്ളു”(രാധാകൃഷ്ണൻ പി.എസ്, 2014: 74). എന്ന നിരീക്ഷണം പ്രസക്തമാണ്. ജനകീയ വായനശാലകളും ആനുകാലികങ്ങളും സിനിമയും നൽകിയ പിന്തുണ ഇന്ന് ആഗോളവായനശാ ലയായ ഇന്റർനെറ്റും സാമൂഹ്യമാധ്യമങ്ങളും ഒ.ടി.ടി പ്ലാറ്റ്ഫോമുകളും വെബ്സി രീസുകളും കുറ്റാന്വേഷണ സാഹിത്യത്തിന് നൽകുന്നു. ഇത് എഴുത്തിന്റെയും വായനയുടെയും കാഴ്ചയുടെയും തലങ്ങളെ നവീകരിക്കുന്നു.
എഴുത്തും പ്രസാധനവും വായനയും പ്രചാരണവും വിലയിരുത്തലു കളും ഇടനിലക്കാരില്ലാതെ നടക്കുന്ന സാഹചര്യമാണ് സൈബറിടത്തെ കൂട്ടായ്മകൾ മുന്നോട്ടു വയ്ക്കുന്ന സ്വാതന്ത്ര്യം. രണ്ട് രീതിയിലാണ് കൂട്ടായ്മകൾ സാഹിത്യത്തിൽ ഇടപെടുന്നത്. ഒന്ന്, സ്വന്തം രചനകൾ പ്രസിദ്ധീകരിക്കാ നുള്ള ഇടം എന്ന നിലയിൽ. രണ്ട്, പ്രസിദ്ധീകരിച്ച കൃതികളെ പരിചയപ്പെടു ത്തുന്നതിനും ആസ്വാദന ചർച്ചകൾ നടത്തുന്നതിനുള്ള ഇടം എന്ന നിലയിലും, രണ്ട് സ്ഥലത്തും വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താനുള്ള അവസരവും ലഭ്യമാണ്. ഇതിൽ രണ്ടാമത്തെ കൂട്ടായ്മകളാണ് കുറ്റാന്വേഷണ സാഹിത്യകൃതികളുടെ പ്രചാരത്തെയും വിപണിയെയും ജനകീയമാക്കിയത്. റിഡേഴ്സ് സ്ക്വയർ, ദി റീഡേഴ്സ് സർക്കിൾ, പുസ്തകക്കട, പുസ്തകപ്പുഴു ട്രോൾസ് (പുപ്പുടു), പഴയ മലയാളം പുസ്തകച്ചന്ത, മലയാളം ബുക്സ്, ജനപ്രിയ വായന, ജനപ്രിയ സാഹിത്യം, പുസ്തകവിചാരം, നോവൽ സംവാദം വാട്‌സ്ആപ്പ് കൂട്ടായ്മ എന്നിങ്ങനെ നിരവധി സംഘങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്.
മലയാളത്തിലെ എല്ലാ സാഹിത്യകാരന്മാരും സജീവമായി സാമൂഹ്യ മാധ്യമങ്ങളിൽ ഇടപെടുന്നവരാണ്. കൂട്ടായ്മകളിൽ പുസ്തകങ്ങളെക്കുറിച്ചുള്ള ചർച്ചകളിൽ എഴുത്തുകാർ തന്നെ മറുപടി നൽകുന്ന പ്രവണത സാഹിത്യത്തെ കൂടുതൽ ജനകീയമാക്കുന്നു. വിമർശനങ്ങളും ആസ്വാദനവും ഇമോജികളി ലും ഒറ്റവരി കമന്റുകളിലുമായി ചുരുങ്ങുന്നു. കുറ്റാന്വേഷണ കൃതികളെക്കുറിച്ച് ലാജോ ജോസും ശ്രീപാർവതിയും റിഹാൻ റാഷിദും നിഖിലേഷ് മേനോനും ജിസ് ജോസും ഋതുപർണ്ണയും വായനക്കാരുമായി നടത്തുന്ന ചർച്ചകൾ പ്രധാനമാണ്. മരിയ റോസ് (സാജിദ് എ ലത്തീഫ്) അപസർപ്പകാഖ്യാന ങ്ങളെക്കുറിച്ച് കൂട്ടായ്മകളിൽ നടത്തുന്ന പരിചയപ്പെടുത്തലും വിശകലനങ്ങളും വായനക്കാർക്ക് കൂടുതൽ ദിശാബോധം നൽകുന്നു. പുസ്തകസ്നേഹികളിലൂടെയും പി.കെ രാജശേഖരനിലൂടെയും ക്ലബ്ഹൗസിലേക്ക് വഴിമാറുന്ന സാഹിത്യകൂട്ടാ യ്മകളുടെ സംവാദ ഇടങ്ങൾ സൈബറിടത്തെ ജനകീയമാക്കുന്നു.
കൃതികളെക്കുറിച്ചുള്ള വിമർശനങ്ങൾ അപ്രസക്തമാകുന്ന, വിലയി രുത്തലുകൾ ആസ്വാദനം മാത്രമായി ഒതുങ്ങുന്ന പുസ്തക വിചാരങ്ങൾക്ക് സ്വീകാര്യത ലഭിക്കുന്ന ഇടങ്ങളായി പലപ്പോഴും സൈബറിടം മാറുന്നുണ്ട്. ചില സന്ദർഭങ്ങളിലെങ്കിലും പുതിയ എഴുത്തുകാർ വിമർശനങ്ങളോട് പുലർത്തുന്ന അസഹിഷ്ണുത ചർച്ചകളുടെ ഗൗരവത്തെ ഇല്ലാതാക്കുന്നു. ഏത് സാഹിത്യരൂ പത്തിന്റെയും വളർച്ചയെ നിർണ്ണയിക്കുന്നതിൽ വിമർശനങ്ങൾക്ക് പങ്കുണ്ട്. പുതിയ തലമുറയിലെ വായനക്കാരും പഴയ തലമുറയിലെ വായനക്കാരും നടത്തുന്ന ആസ്വാദനത്തെക്കുറിച്ചുള്ള ചർച്ചകൾ വ്യത്യസ്ത കാലഘട്ടത്തിന്റെ അഭിരുചികളെ സാക്ഷ്യപ്പെടുത്തുന്നു. ഇ- ബുക്കുകളുടെയും ഇ- വായനയുടെയും കാലത്തും മലയാളിയുടെ പുസ്തകഭ്രമം സജീവമായി നിലനിൽക്കുന്നതിന്റെ തെളിവുകളാണ് സാഹിത്യകൂട്ടായ്മകൾ.
ആദ്യകാലങ്ങളിൽ മാസികാപ്രസിദ്ധീകരണങ്ങൾ, റോയൽ ബുക്ക് ഡിപ്പോ, വീനസ് ബുക്ക് ഹൗസ്, സി.ഐ.സി.സി. തുടങ്ങിയവരാണ് ജനപ്രിയ കുറ്റാന്വേഷണ കൃതികളെ വിപണിയിൽ അവതരിപ്പിച്ചത്. സമകാലികത യിൽ ഈ ദൗത്യം സാമൂഹ്യമാധ്യമങ്ങൾ ഏറ്റെടുത്തു. അച്ചടിയിലും കവർ ഡിസൈനിലും മാർക്കറ്റിങിലും ടെക്നോളജിയുടെ നൂതന സാധ്യതകൾ സൈബറിടവുമായി സംയോജിപ്പിച്ച് മലയാളത്തിലെ പ്രധാന പ്രസാധ കരെല്ലാം കുറ്റാന്വേഷണകൃതികളെ ഇന്ന് ജനങ്ങളിലേക്കെത്തിക്കുന്നു. ആമസോണും ഫ്ളിപ്‌കാർട്ടും സൈബറിടത്തിൽ നടത്തിയ വിപണി വിപ്ലവം ഇതര ഭാഷകളിലെ കുറ്റാന്വേഷണ കൃതികളുടെ ലഭ്യതയെ സ്വാധീനിച്ചിട്ടുണ്ട്. നവമാധ്യമങ്ങളിലൂടെ എഴുതി വായനക്കാരെ കണ്ടെത്തുകയും സംവദിക്കുകയും ചെയ്യുന്ന എഴുത്തുകാരുടെ പുതിയ തലമുറയും ഇവിടെയുണ്ട്. സ്വന്തമായി പുസ്തകപ്രസാധനത്തിലേക്ക് കടന്ന് നവമാധ്യമങ്ങളുടെ സാധ്യതകളിലൂടെ വിപണി കണ്ടെത്തുന്ന അഖിൽ പി. ധർമ്മജനും ഋതുപർണ്ണയും ഭാവിയുടെ പ്രതീക്ഷകളാണ്. സൈബറിടം നിർമ്മിക്കുന്ന പുതിയ എഴുത്തിടങ്ങൾ
കുറ്റാന്വേഷണസാഹിത്യത്തിന് നൽകുന്ന വളർച്ച പ്രധാനമാണ്. കുറ്റാന്വേ ഷണനോവൽ വായനയുടെ വിലോഭനങ്ങളിൽ നിന്ന് മലയാളി മാറിയിട്ടില്ല എന്ന് സൈബറിടത്തെ പുസ്തകചർച്ചകൾ സാക്ഷ്യംവഹിക്കുന്നു. കുറ്റാന്വേഷണ കൃതികളെക്കുറിച്ചുള്ള ചർച്ചകൾ സവിശേഷമായ ഒരു കാലഘട്ടത്തിലെ സാഹിത്യാസ്വാദനത്തിൻ്റെ ചുവരെഴുത്തുകളായി പരിണമിക്കുന്നു.
ഗ്രന്ഥസൂചി
1 അനുരാഗ് ഗോപിനാഥ്, 2021, ദി ഗെയിം ഓവർ, മംഗളോദയം, തൃശൂർ.
2 അപ്പൻ കെ.പി., 1997, ഉത്തരാധുനികത വർത്തമാനവും വംശാവലിയും, ഡി സി ബുക്സ്, കോട്ടയം.
3. ആദർശ് എസ്, 2021, ഡാർക്ക് നെറ്റ്, ഡി.സി ബുക്സ്, കോട്ടയം.
4. ജയദേവ് വി, 2019, പുംബനസമയം, മാതൃഭൂമി ബുക്സ്, കോഴിക്കോട്.
5. ജയദേവ് വി, 2021, ഇട്ടിമാത്തൻ ഡയറീസ്, ലോഗോസ് ബുക്സ്, പാലക്കാട്.
6 രാജശ്രീ ആർ., 2018, അപസർപ്പകാഖ്യാനങ്ങൾ: ഭാവനയും രാഷ്ട്രീയവും, ലോഗോസ് ബുക്സ്, പാലക്കാട്
7. രാധാകൃഷ്ണൻ പി.എസ്., 2014, ‘ജനപ്രിയ സാഹിത്യത്തിൻ്റെ സാംസ്കാരിക വിവക്ഷകൾ’, ജനപ്രിയ സാഹിത്യം മലയാളത്തിൽ, ശ്രീകുമാർ എ.ജി. (എഡി.), സാഹിത്യപ്രവർത്തക സഹകരണ സംഘം, കോട്ടയം.
8 സജി കരിങ്ങോല (എഡി.), 2020, സൈബറിടവും മലയാള ഭാവനയും, ആത്മ ബുക്സ്,കോഴിക്കോട്
9. റിഹാൻ റാഷിദ്, 2021, ഡോൾസ്, ഡി.സി. ബുക്സ്, കോട്ടയം
10. Barfield woodrow, 2015, Cyber-Humans: our future with machines, Springer, New York.
11. Dijck Jose van, 2013, The culture of Connectivity: a critical history of social media, Oxford University Press, New York.
12. Green Lelia, 2010, The internet: an introduction to new media, Berg Oxford, New York.
13. Rowland Susan, 2001, From Agatha Christie to Ruth Rendell, Palgrave Macmillan, New York
ലേഖനസൂചി
10. ആദർശ് എസ്.വി. നായർ, 2019, ‘ഡാർക്ക് വെബ് നിഗൂഢതകളും സാധ്യതകളും’, ഇൻഫോകൈരളി, Vol. 21 No. 3, കോട്ടയം.
11. ദാമോദർ പ്രസാദ്, 2021, ‘സ്വപ്നമാനത്തിനും യുദ്ധഭൂമിക്കുമിടയിൽ’, മാധ്യമം വാർഷിക പ്പതിപ്പ്, കോഴിക്കോട്.
12. ഷാജി ജേക്കബ്, 2010, ‘ഭാവനയിലെ ഭൂതബാധകൾ’, ഗ്രന്ഥാലോകം, വാല്യം 60, ലക്കം 7, തിരുവനന്തപുരം.