പോസ്റ്റ്ഹ്യൂമൻ വിചാരമാതൃകയിലെ
ആന്തരികവൈരുധ്യങ്ങൾ-ഒരു ആമുഖം

ഡോ.ടി. ടി. ശ്രീകുമാർ
പ്രൊഫസർ, സ്കൂൾ ഓഫ് ഇന്റർ ഡിസിപ്ലിനറി സ്റ്റഡീസ്, ഡയറക്ടർ ഇൻ ചാർജ്, എഡ്യൂക്കേഷണൽ മൾട്ടിമീഡിയ റിസർച്ച് സെൻ്റർ (EMMRC), ദി ഇംഗ്ലീഷ് & ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്സിറ്റി (EFLU), ഹൈദരാബാദ്

പ്രബന്ധസംഗ്രഹം

പോസ്റ്റ്ഹ്യൂമൻചിന്തക്കു ധൈഷണികലോകത്തും അതിനുപുറത്തും ലഭിക്കുന്ന വ്യാപകമായ സ്വീകരണം അതിലെ നിരവധി                    ഉൾപ്പിരിവുകളെക്കുറിച്ചും അവയുടെ രാഷ്ട്രീയ-പ്രത്യയശാസ്ത്ര വൈജാത്യങ്ങളെക്കുറിച്ചുമുള്ള അന്വേഷ ണങ്ങളെ പൂർണ്ണമായും ഉൾക്കൊള്ളുന്നുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്. ഈ ചെറിയ കുറിപ്പിൽ അത്തരമൊരു വിമർശനത്തിൻ്റെ ചില ആമുഖനിരി ക്ഷണങ്ങളാണ് മുന്നോട്ടുവെക്കാൻ ശ്രമിക്കുന്നത്.

താക്കോൽ വാക്കുകൾ: അതിമനുഷ്യൻ, പോസ്റ്റ്ഹ്യൂമൻ വിചാരമാതൃക, ട്രാൻസ് ഹ്യൂമനിസം, സമ്പദ്‌വ്യവസ്ഥ

പോസ്റ്റ്ഹ്യൂമൻ വ്യവഹാരങ്ങളിൽ രീതിപരമായി, ജ്ഞാനപരമായി, ഭവശാസ്ത്ര പരമായി നിരവധി വ്യത്യസ്തമായ ചിന്താഗതികൾ കടന്നുവന്നിട്ടുണ്ട്. പരസ്പരം കടംകൊണ്ടും അതേസമയം അനേകം വൈരുധ്യങ്ങൾ നിലനിർത്തിയുമാണ് ഈ പോസ്റ്റ്ഹ്യൂമൻ മാതൃകകൾ വികസിക്കുന്നത്. മനുഷ്യാനന്തര ദാർശ നികത, സാംസ്കാരിക മനുഷ്യാനന്തരത, ലാവണ്യാത്മക മനുഷ്യാനന്തരത, ട്രാൻസ്ഹ്യൂമനിസം എന്നിവയുടെതന്നെ വിവിധ അവാന്തര വിഭാഗങ്ങളു . ( ഇതേക്കുറിച്ചുള്ള വിശദമായ ചർച്ചക്കു Ferrando, Francesca. 2019 കാണുക. കൂടാതെ, Braidotti & Hlavajova, 2018; Rosen dahl Thomsen & Wamberg, 2020; എന്നീ പഠനങ്ങളും). നവഭൗതികവാദവും ആൻ്റി ഹ്യൂമ നിസവും മെറ്റഹ്യൂമനിസവുമെല്ലാം പോസ്റ്റ്ഹ്യൂമൻ പശ്ചാത്തലത്തിൽക്കൂടി ഉയരുന്ന വിചാരമാതൃകകളാണ് (Ferrando, 2013). ഇവക്കിടയിലുള്ള വ്യത്യാ സങ്ങൾ ഉൾക്കൊണ്ടുകൊണ്ടാവണം ഈ മേഖലയിലെ അന്വേഷണങ്ങൾ മുന്നോട്ടുകൊണ്ടുപോവേണ്ടത്. ഒപ്പംതന്നെ, ഇവയെ വിമർശനാത്മകമായി പരിശോധിക്കുക എന്ന ഉത്തരവാദിത്തവുമുണ്ട്. വിമർശനാത്മക പോസ്റ്റ്ഹ്യ മാനിറ്റീസ് (critical posthumanities) എന്ന സമീപനം ഇപ്പോൾ പ്രയോഗ ത്തിൽ വന്നിട്ടുണ്ട് (Braidotti, 2019). ഇത് സ്വാംശീകരണസമീപനങ്ങളിൽ താരതമ്യേന കൂടുതൽ സ്വീകാര്യമായ ഒന്നായിട്ടാണെനിക്കു തോന്നിയിട്ടുള്ളത്. “പോസ്റ്റ്ഹ്യൂമൻവിഷയി എന്ന സങ്കല്പത്തെ പുതിയ വിചാരമാതൃകകളിലൂടെ അന്വേഷിക്കേണ്ടതുണ്ടെന്ന സമീപനത്തിനാണിതിൽ ഊന്നൽ നല്കുന്നത്. എന്നാലിതു നിലവിലുള്ള പോസ്റ്റ്ഹ്യൂമൻ ചിന്താരീതികളെ അക്കാദമിക് ചട്ട ക്കൂടിനുള്ളിൽ മനസ്സിലാക്കാനും പുതിയ ദിശാമുഖങ്ങൾ എങ്ങനെ ഒക്കെ വിക സിപ്പിക്കാൻ കഴിയുമെന്ന് പരിചിന്തിക്കാനുമുള്ള പുതിയ അന്വേഷണമാണ്. പോസ്റ്റ്ഹ്യൂമനിസവുമായി ബന്ധപ്പെട്ട എൻ്റെ അന്വേഷണങ്ങൾക്കു രണ്ടു ദശാ ബ്ദക്കാലത്തെ പഴക്കമുണ്ട്. 2001-ൽ New Media and Society എന്ന പേരിൽ ഒരു വിഷയം ഞാൻ പഠിപ്പിക്കാൻ തുടങ്ങിയപ്പോഴാണ് ഈ ചർച്ചയുമായി ഞാൻ കൂടുതൽ പരിചയപ്പെടുന്നത്. എന്നാൽ 2016-ൽ “Asian Perspectives on Digital Culture: Emerging Phenomena, Enduring Concepts m nal Asian Modernities and the Posthuman Future: Some Reflections’ എന്ന പഠനം (Sreekumar, 2016) തയ്യാറാക്കിയപ്പോൾ മുതലാണ് ഇതിൽ എന്റേതായ കാഴ്ചപ്പാട് ഞാൻ പറഞ്ഞുതുടങ്ങുന്നത്. ‘പോസ്റ്റ്ഹ്യൂമൻ വിചാരലോകങ്ങൾ’ എന്ന എൻ്റെ പുസ്തകം (2021) ആ ചിന്തകളുടെ കൂടി ഭാഗമായിരുന്നു.

ഈ ചർച്ചകളുടെയും പരിമിതമായ അന്വേഷണങ്ങളുടെയും ഭാഗമായി എനിക്കു മനസ്സിലായ ഒരു കാര്യം പോസ്റ്റ്ഹ്യൂമൻ ചിന്താധാര ഇന്ന് എത്തിച്ചേർന്നിരി ക്കുന്ന പ്രതിസന്ധികൾ പലപ്പോഴും ചർച്ചചെയ്യപ്പെടാതെ പോകുന്നുണ്ടെന്ന താണ്. വർദ്ധിച്ചുവരുന്ന സ്വീകാര്യതയുടെ ഒഴുക്കിൽ അവ വിസ്മരിക്കപ്പെടുന്നതു സ്വാഭാവികമാണ്. എന്നാലതിൻ്റെ ചരിത്രപരമായ മാനങ്ങൾ അതിവ പ്രാധാന്യമുള്ളവയാണെന്നതിനാൽ വിമർശനാത്മകമായ സമീപനങ്ങൾ തുറന്നിടുക എന്നതുമാവശ്യമാണ്. ഇതിലെ പ്രാഥമികമായ ഒരു നിഗമനം, പോസ്റ്റ്ഹ്യൂമൻ ലോകത്തിൻ്റെ വിചാരവിഭ്രമങ്ങളിൽനിന്നുയർന്നുവരുന്ന സാമൂഹികസങ്കല്പനങ്ങളെ ഉത്കണ്ഠകളോടെ വീക്ഷിക്കുന്നവർക്കവ കേവലം ഭാവനാത്മകമായി മാത്രമല്ല മനസ്സിലാക്കാൻ കഴിയുന്നത് എന്നതാണ്. ഭാവനയുടെ നിരവധിതലങ്ങൾ തുടക്കംമുതൽതന്നെ മനുഷ്യാനന്തരതയുടെ ചർച്ചകളെ നിഗൂഢവല്ക്കരിക്കാൻ കാരണമായിട്ടുണ്ടെന്നതും യാഥാർത്ഥ്യമാണ്. പക്ഷെ അതോടൊപ്പംതന്നെ ഹാരാവേ (Harraway, 1991) ചൂണ്ടിക്കാണി ച്ചതുപോലെ സാമൂഹിക യാഥാർത്ഥ്യവും സയൻസ് ഫിക്ഷനും തമ്മിലു ള്ള അതിർവരമ്പുകൾ ക്രമേണ മാഞ്ഞുപോകുന്നുണ്ടായിരുന്നു. സങ്കല്പവും യാഥാർത്ഥ്യവും തമ്മിലുള്ള അകലം നേർത്തുകൊണ്ടിരുന്നു. മനുഷ്യൻ എന്നത് എക്കാലവും മനുഷ്യനിലും അധികമാവാനുള്ള നിതാന്തമായ ശ്രമത്തിന്റെകൂടി പര്യായമായിരുന്നു എന്നതിൽ ആർക്കും തർക്കമുണ്ടാവില്ല. അത്തരത്തിൽ മനുഷ്യനിലും അധികമാവുകയെന്നത് പരിണാമത്തിൻ്റെ അനിവാര്യതയായി കാണാവുന്നതാണ്. ഡാർവിനിയൻ അർത്ഥത്തിലുള്ള പരിണാമം നിലക്കു കയും അതിനു പകരമെന്നോണം ബോധപൂർവ്വമായ ശാരീരിക- ബൗദ്ധിക രൂപാന്തരീകരണം നിയതമായ യാഥാർത്ഥ്യവും സാധ്യതയുമാവുകയും ചെയ്യുന്ന സാങ്കേതികവിദ്യ രൂപംകൊള്ളുകയും ചെയ്തത് മനുഷ്യാനന്തരത എന്ന സങ്കല്പത്തെ കൂടുതൽ പ്രായോഗികതലത്തിൽനിന്നു വീക്ഷിക്കാൻ പലരെയും പ്രേരിപ്പിച്ചു. അതിനപ്പുറം, ഈ പ്രക്രിയകളുടെ അടിസ്ഥാനത്തിൽ ബോധപരമായ മുന്നേറ്റമായി മനുഷ്യപരിണാമത്തെ കാണുന്ന ദാർശനികധാ രകൾ ചിന്താലോകത്തു സജീവമാവാൻ തുടങ്ങുകയും ചെയ്തു.

എന്നാൽ ഈ സമീപകാലചരിത്രത്തിലേക്ക് മനുഷ്യാനന്തരചിന്തയെ ചുരുക്കാനാവില്ല. ദാർശനികമായ അർത്ഥത്തിൽ “മനുഷ്യൻ’ ആദ്യമായി വിമർശിക്കപ്പെടുന്നത് നീത്ചേയുടെ അവ്യവസ്ഥമായ ചിന്താവ്യൂഹത്തിലാണ്. നിലനിൽക്കുന്ന മനുഷ്യൻ (actually existing human/humanity) അബലവും ആത്മസൈര്യം കമ്മിയായതുമായ അധമസ്വത്വമാണെന്ന ക്രൂരമായൊരു വിമർശനം നീത്ചേയിലുണ്ട് എന്നു പറഞ്ഞാൽ തെറ്റാവില്ലെന്നതാണു എന്റെ വിശ്വാസം നിലനിൽക്കുന്ന മാനവികതയുടെ ബലക്ഷയങ്ങളെ യൂറോപ്പിന്റെ വിലക്ഷണസന്ദേഹങ്ങളുടെ പശ്ചാത്തലത്തിൽ നിശിതമായ വിമർശനത്തിനു നിത്ചേ വിധേയമാക്കി (Nietzsche, 1974). മനുഷ്യർ എന്ന ചരിത്രാവസ്ഥ നാഗരികതക്കു മറികടക്കേണ്ട ആപേക്ഷികതയായി, ബൗദ്ധിക സാധാര ണത്വമായി, നീത്ചേയിൽ വിമർശിക്കപ്പെട്ടു. പോസ്റ്റ്ഹ്യൂമൻ ചർച്ചകളിൽ നീത്ചേയൻ മാനവിക വിമർശനത്തിനു വലിയ പ്രാധാന്യമാണുള്ളത്. നീത്ചേയുടെ ‘അതിമനുഷ്യൻ’ (overman/superman), മനുഷ്യൻ എന്ന ബോധ പരമായ പരിമിതികളെ അതിലംഘിച്ചുകൊണ്ടു രൂപമെടുക്കുന്ന അതീതമാ നുഷ സങ്കല്പനമാണ്. “ദൈവം മരിച്ചു” എന്നാണ് നിത്ചേ പറഞ്ഞതെങ്കിലും ആത്യന്തികമായി “മനുഷ്യൻ, വെറും മനുഷ്യൻ” (Human, All Too Human) എന്നൊരു മനുഷ്യനിരാസമുണ്ട് നീത്‌ചേയിൽ (Nietzsche, 1878/1996). ദൈവം വെറുതെ മരിക്കുന്നതല്ല, ദൈവം മനുഷ്യൻ്റെ മാത്രം ദൗർബല്യമായിരുന്നു. അതിമനുഷ്യനു ദൈവത്തെ ആവശ്യമില്ല. പോസ്റ്റ്ഹ്യൂമൻ സങ്കല്പനങ്ങളുടെ നിരവധി വേരുകൾ ആഴ്ന്നുകിടക്കുന്ന രൂപകം കൂടിയാണ് അതിമനുഷ്യൻ. മാത്രമല്ല, ഈ പുതിയ കാലത്ത് അതിനു കൂടുതൽ സാങ്കേതികബദ്ധതകൂടി കൈവരുന്നുണ്ട്. മനുഷ്യനൈതികത അധമബോധത്തിലും അതിമനുഷ്യനൈ തികത സാമൂഹികമായിത്തന്നെ ഉയർന്ന നിലവാരത്തിലുള്ളതുമായി നീത്ചേ സങ്കല്പിക്കുന്നുണ്ട്. പോസ്റ്റ്ഹ്യൂമൻ ചർച്ചകളിലേക്ക് നേരിട്ടുനീളുന്ന വിചാരധാര പൊതുവിൽ നീത്ചേയുടെ ചിന്തകളിലുണ്ട്. “മനുഷ്യൻ, വെറും മനുഷ്യൻ” എന്നത് ഒരു വിമർശനമാണ്. മനുഷ്യൻ്റെ പരിമിതികളെ അതിജീവിക്കേണ്ടത ല്ലേ എന്ന ചോദ്യം അതിലുണ്ട്. വ്യക്തിജീവിതം പോലെ സാമൂഹികജീവിതവും നിരന്തരമായ അതിജീവനങ്ങളുടെ പ്രക്രിയയാണ്. ഡാർവിനിസത്തെ നിരാ കരിക്കുന്ന നിത്ചേയൻ സമീപനം യഥാർത്ഥത്തിൽ അമൂർത്തമായ ഒരു പോസ്റ്റ്ഹ്യൂമൻ സങ്കല്പത്തിൽ നിന്നുകൊണ്ട് മനുഷ്യൻ എന്ന സങ്കല്പത്തിൽ അടങ്ങിയിട്ടുള്ള അമിത വിശ്വാസങ്ങളെ നിരാകരിച്ചുകൊണ്ട് മനുഷ്യസ്വത്വ ത്തിന്റെ പരിമിതികളെ ഉയർത്തിക്കാട്ടുന്നതാണ്. ശൂന്യമായ വിമർശനമല്ല, അദൃശ്യമായ ഒരു പോസ്റ്റ്ഹ്യൂമൻവിചാരമാതൃകയുടെ മേല്ലൈ ആ വിമർശത്തെ വസ്തുനിഷ്ടമാകുന്നുണ്ട്. “Thus Spake Zarathurstra” –  യിൽ ഈ പോസ്റ്റ്ഹ്യൂമൻ അതിമനുഷ്യനായി കൂടുതൽ തെളിവോടെ കടന്നുവരികയും ചെയുന്നു (Nietzsche, 1883/2003). Human, All Too Human-m Thus Spake Zarathurstra-യിൽ എത്തുന്ന നീത്ചേ മനുഷ്യനെക്കുറിച്ചുള്ള അധിഭൗതിക വിമർശനം മറ്റൊരു സമൂർത്തരൂപത്തിലേക്കു കൊണ്ടുവരിക യാണു ചെയ്യുന്നത്.

“Thus Spake Zarathustra” എന്ന പുസ്തകത്തിലെ തുടക്കത്തിൽ തന്നെ മനുഷ്യനും അതിമനുഷ്യനുമായുള്ള ഒരു താരതമ്യത്തിനു നീത്ചേ മുതിരുന്നു ണ്ട് (ഭാഗം 3). പരിണാമത്തെ അംഗീകരിച്ചുകൊണ്ട് നിത്‌ചേ പറയുന്നത് പുഴുവിൽ നിന്നു മനുഷ്യനായി പരിണമിക്കുന്നതിനിടയിലാണ് മനുഷ്യൻ പ്രിമേറ്റ് ആയിരുന്നതെന്നും ഇനി മനുഷ്യനിൽനിന്ന് അതിമനുഷ്യനിലേക്കു പോകേണ്ടതുണ്ടന്നുമാണ് (Nietzsche, 1883/2003: p.8):

“You have made your way from worm to man, and much in you is still worm. Once you were apes, and even now man is still more of an ape than any ape.

But he who is wisest among you is likewise only a hotbed and hybrid of plant and phantom. But do I command you to become plants or phantoms?

Behold, I teach you the Superman!”

ആദ്യത്തെ പോസ്റ്റ്ഹ്യൂമൻസിനിമ എന്ന് വിളിക്കാവുന്ന സ്റ്റാൻലി ക്രൂബെ ക്കിന്റെ 2001- A Space Odyssey ഒരർത്ഥത്തിൽ നീത്ചേ സൂചിപ്പിക്കുന്ന ഈ രണ്ടു വിച്ഛേദങ്ങളെ കൂട്ടിയിണക്കുന്നതാണ്. സിനിമയുടെ തുടക്കത്തിൽ ആദിപ്രപഞ്ചത്തെ സൂചിപ്പിക്കുന്ന ഇരുണ്ട ഫ്രെയിമുകൾക്കുശേഷം നാം കാണുന്നത് മനുഷ്യവംശത്തിൻ്റെ പൊതുമുൻഗാമിയായ ഹോമിനിനി (hominini) വിഭാഗത്തിൽപെട്ട പ്രിമേറ്റുകളെയാണ്. അവർക്കിടയിലെ കിട മത്സരം ഒരു വലിയ എല്ലിൻകഷ്ണം ആയുധമാക്കാം എന്നു കണ്ടെത്തിയ വിഭാഗത്തിന്റെ രക്തപങ്കിലമായ വിജയത്തിൽ അവസാനിക്കുമ്പോൾ വളരെ പെട്ടെന്ന് ഗ് ഹോമോസാപിയൻ വംശം നിർമ്മിതബുദ്ധിയുടെ ഉപയോഗത്തിൽ എത്തിച്ചേർന്ന പോസ്റ്റ്ഹ്യൂമൻ യുഗത്തിലേക്ക്, അതിൻ്റെ നിർണ്ണായകമായ പരീക്ഷണംകൂടി നടക്കുന്ന ഒരു സ്പേസ്ഷിപ്പിലേക്ക് കഥാഗതി മാറുകയാണ്. സിനിമയുടെ പോസ്റ്റ്ഹ്യൂമൻ ഉത്തരം സങ്കീർണ്ണമാണ്. അതിപ്പോൾ ചർച്ചചെ യ്യുന്നില്ല. ഈ സിനിമയെ നാലു വ്യത്യസ്തഭാഗങ്ങളായി തിരിക്കുവാൻ കഴിയും. അവ തമ്മിൽ വിച്ഛേദമുണ്ട്. പക്ഷെ സിനിമ അതിന്റെ പ്രമേയപരമായ ഐക്യ ത്തിന് ഉപയോഗിക്കുന്നത് പ്രിമേറ്റിനെയും മനുഷ്യനെയും അതിമനുഷ്യനെയും ബന്ധിപ്പിക്കാൻ ശ്രമിക്കുന്ന നിത്ചേയൻ വിചാരമാതൃകയാണെന്നതാണു ശ്രദ്ധേയമായിട്ടുള്ളത്.

ഇതൊക്കെയാണെങ്കിലും അതിമനുഷ്യനിൽനിന്ന് പോസ്റ്റ്ഹ്യൂമൻ മാ തൃകകളിലേക്ക് രേഖീയപാതകളില്ല. അതുപോലെ ഇവ രണ്ടും ദാർശനി കമായോ ചരിത്രപരമായോ സമാനതകൾ പുലർത്തുന്നുമില്ല. പക്ഷെ നി ത്ചേയൻ ചിന്തകൾ എത്തിച്ചേർന്ന ചില നിഹിലിസ്റ്റ്-നാസിസ്റ്റ്തലങ്ങൾ പോസ്റ്റ്ഹ്യൂമൻവിചാരഭൂമികകളിലും തെളിയുന്നുണ്ടെന്നത് എടുത്തുപറയേണ്ടി യിരിക്കുന്നു. അതുമാത്രമാണു പോസ്റ്റ്ഹ്യൂമൻ എന്നു വിവക്ഷയില്ല. പക്ഷെ പ്ര ധാനപ്പെട്ട ഒരു പോസ്റ്റ്ഹ്യൂമൻ നൈതികധാര ഈ വിചാരമാതൃക പിന്തുടരു ന്നതാണ്. അതിമനുഷ്യനിൽനിന്നു നാം മനുഷ്യാനന്തരതയിൽ എത്തുമ്പോൾ തികച്ചും വ്യത്യസ്തമായ ആഗോള സന്ദർഭത്തെ സന്ധിക്കുന്നുണ്ട്. നിഹിലിസ്റ്റ്- നാസിസ്റ്റ് നിഴലുകൾ പുതിയ മനുഷ്യാനന്തര സമീപനത്തിൽ പതിയുന്നത് യാ ദൃശ്ചികമായിട്ടല്ല. മൂന്നു കാരണങ്ങൾ ഇതിനായി ചൂണ്ടിക്കാണിക്കാനുണ്ട്. ഒന്ന്, എൺപതുകളിൽ ആഗോളമുതലാളിത്തം സ്വീകരിച്ച നിയോലിബറൽ പ്രത്യ യശാസ്ത്രമാണ്. അത് ശാസ്ത്രസാങ്കേതികമേഖലയിലെ വികാസത്തെ കൂടുതൽ സ്വകാര്യവിപണിബദ്ധമാക്കി. ലോകവ്യാപാരസംഘടന അതിന്റെ ആഗോള നിയമങ്ങൾ കടുപ്പിച്ചതും ബൗദ്ധിക സ്വത്തവകാശനിബന്ധനകൾ കർക്കശ മാക്കിയതും ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു. ശാസ്ത്ര ഗവേഷണം കൂടു തൽ സ്വകാര്യവല്ക്കരിക്കപ്പെട്ടതോടെ ശാസ്ത്രലോകത്തിന്റെ പഴയ ഫ്രാങ്കൻ സ്റ്റീൻ മോഹങ്ങൾ കൂടി ചിറകുമുളച്ചു പറക്കുവാൻ തുടങ്ങി. നക്ഷത്രയുദ്ധത്തി ന്റെ ആകാശത്തുനിന്നു ശാസ്ത്രം ഭൂമിയിലെ മനുഷ്യൻ്റെ രൂപാന്തരീകരണമെ ന്ന പുതിയ അജണ്ടയിലേക്കു ശ്രദ്ധതിരിക്കാൻ തുടങ്ങി. ജെനറ്റിക് എഞ്ചിനീ യറിംഗ്, ഡിജിറ്റൽ സാങ്കേതികവിദ്യ എന്നിവ കൈകോർത്തു പുതിയ മനുഷ്യ നെ വാർത്തെടുക്കുന്നതിനെക്കുറിച്ച് കൂടുതൽ പ്രായോഗികതലത്തിൽ ആലോ ചിക്കാൻ തുടങ്ങി. ആഗോളമൂലധനം ഇതിൻ്റെ വിപണി സാദ്ധ്യതകളെ മുൻ കൂട്ടി കണ്ടുകൊണ്ടു അതിന്റെ ഒഴുക്കും അങ്ങോട്ടാക്കി. ലോകം വളരെവേഗം ജനിതകവിപ്ലവത്തിലേക്കു മൗനമായും ഡിജിറ്റൽ വിപ്ലവത്തിലേക്കു കൂടുതൽ ശബ്ദകോലഹലത്തോടെയും പ്രവേശിക്കുകയായിരുന്നു.

ഈ ശാസ്ത്ര-സാങ്കേതിക സന്ദർഭത്തെയും അതിന്റെ വിജയസാധ്യതകൾ നിർ ണ്ണയിക്കുന്നതിൽ ആഗോള മൂലധനത്തിനുള്ള പങ്കിനെയും മനസ്സിലാക്കാതെ മനുഷ്യാനന്തരതയുടെ രാഷ്ട്രീയവും സാമൂഹികതയും നൈതികമാതൃകയും. മനസ്സിലാക്കാൻ കഴിയില്ല. ഹേബർമാസ് പുതിയ ജനിതക സാങ്കേതികവിദ്യ നവവംശശുദ്ധിവാദത്തിലേക്ക് ലോകത്തെ നയിക്കുമെന്നും അത് അപകട കരമായ രാഷ്ട്രീയമായി മാറുമെന്നും വിഭാവന ചെയ്തിട്ടുണ്ട് (Habermas, 2002). ഡിജിറ്റൽ സാങ്കേതികവിദ്യ ജനിതക ഗവേഷണങ്ങൾക്കു പകർന്നുനല്കിയ ഊർജ്ജം ചെറുതല്ല. പുതിയ നവലിബറൽ സാമ്രാജ്യത്വതാല്പര്യങ്ങൾക്കനു സൃതമായ നവലോകം സൃഷ്ടിക്കുന്നതിനു ശാസ്ത്രസാങ്കേതികവിദ്യയെ മുത ലാളിത്തം ഉപയോഗിക്കുന്നതിൻ്റെ നൈതിക പ്രതിസന്ധികളെക്കുറിച്ചുള്ള ഹേബർമാസിന്റെ നിരീക്ഷണം യഥാർത്ഥത്തിൽ പോസ്റ്റ്ഹ്യൂമൻ നൈതി കതയെക്കുറിച്ചുള്ള, വ്യത്യസ്തമായ ഫ്യൂച്ചറിസ്റ്റ് ഉൾക്കാഴ്ച തന്നെയായിരുന്നു. ട്രാൻസ്ഹ്യൂമനിസം എന്ന സാദ്ധ്യതയിലേക്ക് മൂലധനത്തെ നയിച്ചത് നിയോ ലിബറൽ സാമ്പത്തികനയങ്ങളുടെ പശ്ചാത്തലത്തിൽ നടന്ന, ഹേബർമാസ് മുൻകൂട്ടികണ്ട, ശാസ്ത്രസാങ്കേതികവികാസമാണ്. പ്രോസ്മെറ്റിക്ക് ജീവിതത്തെ പോസ്റ്റ്ഹ്യൂമൻ ജീവിതമായി അടയാളപ്പെടുത്താതെ വേറിട്ടുകാണാൻ കഴിയുമെന്ന നിലപാട് സ്വീകാര്യമായി തോന്നാത്തത് ഇവ രണ്ടും പരസ്പരബ ന്ധിതമാവുന്ന അടിത്തറ നിയോലിബറൽ വ്യവസ്ഥയുടെതാണ് എന്നതു നിരാ കരിക്കുന്നതുകൊണ്ട് കൂടിയാണ്. ട്രാൻസ്ഹ്യൂമനിസം പോസ്റ്റ്ഹ്യൂമനിസമല്ല എന്ന വാദം ആഗോള ട്രാൻസ്ഹ്യൂമനിസത്തിന്റെ സന്ദർഭത്തെ പൂർണ്ണമായും മനസ്സിലാക്കുന്ന ഒന്നാണോ എന്നെനിക്കു സംശയമുണ്ട് (Rignani, 2020).

സാംസ്കാരികമായും ലാവണ്യവാദപരമായും ദാർശനികമായുമുള്ള പോസ്റ്റ്ഹ്യൂമനിസത്തിൻ്റെ ധൈഷണിക സ്വാംശീകരണം അക്കാദമിക് മേഖലയിലും കലാ-സാഹിത്യ മേഖലകളിലും വലിയ ചലനങ്ങൾ സൃഷ്ടിച്ചി ട്ടുണ്ട്. എന്നാൽ അതിനപ്പുറത്ത് ഈ പ്രതിഭാസത്തിനു രാഷ്ട്രീയസമ്പദ്ശാസ്ത്ര പരമായ പ്രാധാന്യംകൂടിയുണ്ടെന്നതു വിസ്മരിക്കാൻ കഴിയില്ല. പോസ്റ്റ്ഹ്യൂമൻ ലോകം നാലാം വ്യാവസായിക വിപ്ലവത്തിൻ്റെ കൂടി ലോകമാണ്. ഇപ്പോൾ അടിക്കടി ഉണ്ടാകുന്ന സാമ്പത്തികപ്രതിസന്ധികൾ എൺപതുകൾ മുതല്ക്കാരം ഭിച്ചെന്നു സാമാന്യമായി പറയാവുന്ന നാലാം വ്യാവസായിക വിപ്ലവത്തിന്റെ കൂടി സൃഷ്ടിയാണ്. അത് തൊഴിൽവിപണിയിൽ ഉണ്ടാക്കിയ ആഘാതങ്ങളുടെ പരിണിതഫലമാണ് ഈ ആഗോളസാമ്പത്തികക്കുഴപ്പങ്ങൾ. അതായത് ഇപ്പോഴത്തേത് പോസ്റ്റ്ഹ്യൂമൻ മൂലധനത്തിൻ്റെ കാർമ്മികത്വത്തിൽ നടക്കു ന്ന മുതലാളിത്ത വികാസത്തിൻ്റെ വൈരുധ്യങ്ങൾ കൂടിയായി മനസ്സിലാ ക്കപ്പെടേണ്ടതുണ്ട് എന്നർത്ഥം. നിർമ്മിതബുദ്ധിയുടെ അടിസ്ഥാനത്തിൽ ലോകക്രമം (world order) തിരുത്തി എഴുതപ്പെടുന്നു എന്നതു നിസ്സാരമായ കാര്യമല്ല. അങ്ങനെ ലോകക്രമം തിരുത്തി എഴുതപ്പെടുന്നുവെന്നതും അതു ചരിത്രത്തിലെ ഒരു സാങ്കേതികവിച്ഛേദം കൂടിയാകുന്നുവെന്നതും ആഗോള ഭരണസംവിധാനത്തെത്തന്നെ മാറ്റിത്തീർക്കുന്നുണ്ട്. മേൽ നിരീക്ഷണത്തി ന്റെ (surveillance) സാങ്കേതികവിദ്യകൾ പോസ്റ്റ്ഹ്യൂമൻ ഭരണയുക്തിയുടെ (Govermentality) അടിസ്ഥാനമാവുന്നുണ്ടെന്നതു പലപ്പോഴും കാണാതെ പോകുന്നുണ്ട് (Zuboff S., 2018). മാറുന്ന മുതലാളിത്ത പ്രത്യയശാസ്ത്രവുമായും അതിന്റെ രാഷ്ട്രീയസമ്പദ്ശാസ്ത്രവുമായും വളരെവേഗം പോസ്റ്റ്ഹ്യൂമനിസം ചേർന്നുപോവുന്നു എന്നതല്ല, പോസ്റ്റ്ഹ്യൂമനിസംതന്നെ യഥാർത്ഥത്തിൽ പുതിയ ലോകക്രമത്തിന്റെ പ്രത്യയശാസ്ത്രമാവുന്നു എന്നതാണ് നാം മനസ്സി ലാക്കേണ്ടത്. മേൽ നിരീക്ഷണം എന്നത് അനുദിനം മാറുന്ന സാങ്കേതികവി ദ്യയും ഭരണകൂടവും കോർപ്പറേറ്റുകളും കൈകോർക്കുന്ന മൃതരാഷ്ട്രീയവുമാ വുന്നു (Necropolitics) എന്നത് പുതിയകാലത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട അടയാളങ്ങളിലൊന്നാണ് (Mbembe 2019). മുമ്പൊരു ലേഖനത്തിൽ ഞാൻ ചൂണ്ടിക്കാണിക്കാൻ ശ്രമിച്ച ഒരു വസ്തുത, ഈ ചർച്ചയുടെ സന്ദർഭത്തിലും പ്രസക്തമാണ്: “കോർപ്പറേഷനുകളും ഭരണകൂടങ്ങളും പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചു വിവിധതലങ്ങളിൽ പരസ്പരബന്ധിതമായ രണ്ടു വ്യത്യസ്ത ലക്ഷ്യങ്ങളോടെ മനുഷ്യസ്വകാര്യതയിലേക്ക് നുഴഞ്ഞുകയറുന്നതു കേവലമായ നിരീക്ഷണകൗതുകത്തിൻ്റെയോ സുരക്ഷിതത്വ രാഷ്ട്രീയത്തിന്റെയോ പേരിൽ മാത്രമല്ല എന്നതാണ് ശ്രദ്ധേയമായിട്ടുള്ളത്. ഇതു മൂലധനത്തിന്റെ മൂല്യ നിർമ്മാണത്തിൻറെ അടിസ്ഥാനയുക്തിയായി മാറിയിരിക്കുന്നു എന്നതാണു പ്രധാനം” (ശ്രീകമാർ, 2021). പുതിയ മേൽനിരീക്ഷണസമ്പദ്‌വ്യവസ്ഥയാ യാലും,പോസ്റ്റ്ഹ്യൂമനിസമായാലും ആഗോളമുതലാളിത്തത്തിന്റെ നിഷ്കൃഷ്ടമായ ഏകീകൃതസമഗ്രതയുടെ ഭാഗമായി മാറുകയാണ് (Ibrahim 2021).

‘പോസ്റ്റ്ഹ്യൂമൻ വിചാരലോകങ്ങൾ’ എന്ന എൻ്റെ പുസ്തകത്തിൽ ഈ പുതിയ മാനങ്ങൾ പോസ്റ്റ്ഹ്യൂമൻ സിനിമയുടെയും കലയുടെയും നിർമ്മിതബുദ്ധി യുടെയും മേൽ നിരീക്ഷണത്തിൻ്റെയുമൊക്കെ മാറുന്ന സാഹചര്യങ്ങളിൽ വിശദീകരിക്കാൻ ശ്രമിച്ചിട്ടുണ്ട്. അതിന്റെ തുടർച്ചയെന്നോണമാണ് മാർക്സിന്റെ ‘മൂലധനം’ എന്ന കൃതിയിലെ ചില പ്രധാന സൈദ്ധാന്തിക പരികല്പനകൾ പോസ്റ്റ്ഹ്യൂമൻ കാഴ്ചപ്പാടുമായി ബന്ധപ്പെട്ടു വിശദീകരിക്കുന്നതെങ്ങനെയെ ന്ന് അന്വേഷിക്കുന്ന കമ്മോഡിറ്റി ഫെറ്റിഷിസത്തെക്കുറിച്ചുള്ള പഠനവും എഴുതിയത് (ശ്രീകുമാർ, 2022). “പുനർവായനകളിലെ മാർക്സിസം” എന്ന പുസ്തകത്തിലെ നിലപാടുകളുടെയും കൂടി അനുപൂരകമായാണ് ഈ ലേഖനം എഴുതിയത്. ഇവ ഞാൻ ഇവിടെ സൂചിപ്പിക്കുന്നത് ഈ വിഷയത്തിൻ്റെ, അല്ലെ ങ്കിൽ ഇവിടെ ഉയർത്താൻ ഉദ്ദേശിക്കുന്ന വിമർശനത്തിന്റെ എല്ലാതലങ്ങളും ഒരു ചെറിയ ആമുഖക്കുറിപ്പിൽ ഒതുക്കാനാവില്ല എന്നതിനാലാണ്. മനുഷ്യൻ എന്ന ആശയം ഇല്ലാതാവുകയും നിത്ചേയൻ അർത്ഥത്തിൽ അല്ലെങ്കിലും മറ്റൊരു അതിമനുഷ്യൻ വിഭാവന ചെയ്യപ്പെടുകയും, ഒരു വലിയപരിധിവരെ അതു യാഥാർത്ഥ്യംതന്നെയായി മാറുകയും ചെയ്യുന്ന ആഗോളസാഹചര്യം മൂലധനം സൃഷ്ടിച്ചുകഴിഞ്ഞിരിക്കുന്നു. കേവലമൊരു ധൈഷണികധാരയെന്ന നിലയിൽ, ഒരു പഠന രീതിവിദ്യയെന്നനിലയിൽ മാത്രമായി മൂല്യനിരപേക്ഷത യോടെ സ്വീകരിക്കാൻ കഴിയുന്നതല്ല പോസ്റ്റ്ഹ്യൂമൻവ്യവഹാരം എന്നതാണു മനസ്സിലാക്കപ്പെടേണ്ട ഒരു പ്രധാന വസ്തുത. പോസ്റ്റ്ഹ്യൂമനിസം അതിന്റെ ദാർശനികമായ അർത്ഥത്തിൽ സാപിയൻ വംശത്തിൻ്റെ ആരംഭം മുതലുള്ള അനുസ്യൂതമായ പരിവർത്തന പ്രക്രിയയായി കാണുന്നതിൽ തെറ്റുണ്ടെന്നു ഞാൻ പറയുന്നില്ല. മനുഷ്യർ എല്ലാക്കാലത്തും പോസ്റ്റ്ഹ്യൂമൻ ആയിരുന്നു എന്നൊരു ആത്മീയ പ്രഖ്യാപനം’ ഫ്രാൻസിസ്കോ ഫെരാണ്ടോ നടത്തുന്നുണ്ട് (Ferrando, 2016). പക്ഷേ അതിൻ്റെ നാലാം വ്യാവസായിക വിപ്ലവാവതാര ത്തെ ഒട്ടും വിമർശനാത്മകമായല്ലാതെ ഉൾക്കൊള്ളാമെന്നതു പൂർണ്ണമായും മാര്ക്സിസ്റ്റ്-ഇതരമായ ഒരു സമീപനമാണ്. മാർക്സിസ്റ്റ് ഇതരമാണ് എന്നത ല്ല അതിലെ കാതലായ പ്രശ്നം അതിലെ രാഷ്ട്രീയവ്യാമോഹം പോസ്റ്റ്ഹ്യൂമൻ ദർശനത്തെ മറ്റൊരു സാംസ്കാരിക-ലാവണ്യമാതൃക മാത്രമായി ചുരുക്കിക്കാ ണുന്നതിൽ നിന്നുണ്ടാവുന്നതാണെന്നതാണ്. പുതിയ പഠനങ്ങൾ തീർച്ചയായും മനുഷ്യാനന്തര വിചാരമാതൃകയിൽ നിലീനമായിട്ടുള്ള വൈരുദ്ധ്യങ്ങളുടെ ചരിത്രംകൂടി പരിശോധിക്കാനും വിമർശനാത്മകമായിക്കൂടി വിലയിരുത്താ നും ബാധ്യസ്ഥമാണെന്നു ഞാൻ കരുതുന്നു.

ആധാരസൂചി

1. Braidotti, R., & Hlavajova, M. (Eds.). (2018). Posthuman glossary. London, New York: Bloomsbury Academic.

2. Braidotti, R. (2019). A Theoretical Framework for the Critical Posthumanities. Theory, Culture & Society, 36(6), 31-61.

3. Ferrando, F. (2013). Posthumanism, transhumanisin, antihumanism, metahumanism, and new materialisms. Existenz: An International Journal in Philosophy. Religion, Politics, and the Arts, 8(2), 26-32.

4. Ferrando, F. (2016). ‘Humans Have Always Been Posthuman: A Spiritual Genealogy of the Posthuman’ In: Banerji, D., Paranjape, M.R. (eds.) Critical Posthumanism and Planetary Futures, Springer, pp. 243-256.

5. Ferrando, F. (2019). Philosophical posthumanism. London, New York: Bloomsbury Academic.

6. Habermas J. (2002). The future of human nature. Polity.

7. Haraway, D. (1991) ‘A Cyborg Manifesto: Science, Technology, and Socialist-Feminism in the Late Twentieth Century’. Simians, Cyborgs and Women: The Reinvention of Nature, Routledge, New York, 149-181

 8. Ibrahim Y. (2021). Posthuman capitalism: dancing with data in the digital economy. Routledge Taylor & Francis Group.

9. Mbembe A. (2019). Necropolitics. Duke University Press.

10. Nietzsche F. W. (1878/1996). Human all too human. Cambridge University Press.

11. Nietzsche F. W. (1883/2003). Thus spake zarathustra a book for all and none. Translated by Thomas Wane. Algora Publishing.

12. Nietzsche, F. W. (1882/1974). The gay science; with a prelude in rhymes and an appendix of songs. New York: Vintage Books

13. Rignani, O. (2020). “The relevance of Michel Serres’s idea of bodily hominescence for a convergence of posthumanism and transhumanism: A trans/posthuman body. Philosophy Study. 10(2), 119-126.

14. Rosendahl Thomsen, M., & Wamberg, J. (Eds.). (2020). The Bloomsbury handbook of posthumanism. London, New York: Bloomsbury Academ

15. Sreekumar, T.T. (2016). ‘Asian Modernities and the Posthuman Future: Some Reflections’ In Lim Sun Sun and Sorriano Cheryll (Eds.) Asian Perspectives on Digital Culture: Emerging Phenomena, Enduring Concepts. New York: Routledge

16. Zuboff S. (2018). The age of surveillance capitalism: the fight for the future at the new frontier of power. Profile Books.

17. ശ്രീകുമാർ, ടി.ടി. (2019) പുനർവായനകളിലെ മാർക്സിസം, കോട്ടയം, ഡി.സി ബുക്സ്.

18. ശ്രീകുമാർ, ടി.ടി (2022) ‘കമ്മോഡിറ്റി ഫെറ്റിഷിസവും പോസ്റ്റ്ഹ്യൂമൻ മാർക്സിസ്റ്റ് വിമർശ നവും’, അന്യോന്യം ത്രൈമാസിക, പുസ്തകം 2, ലക്കം 1. പേജ് 92-113

19. ശ്രീകുമാർ, ടി.ടി (2021). പോസ്റ്റ്ഹ്യൂമൻ വിചാരലോകങ്ങൾ: സൗന്ദര്യം, രാഷ്ട്രീയം, മൃത്യരാ ഷ്ട്രീയം, കോഴിക്കോട്, പുസ്തക പ്രസാധകസംഘം.

20. ശ്രീകുമാർ, ടി.ടി. (2001) ‘സർവയലൻസ് മുതലാളിത്തം’, ദേശാഭിമാനി വാരിക, നവംബർ 7